This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്‌സേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:11, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആപ്‌സേ

Apse

അർധവൃത്താകൃതിയിലോ ബഹുകോണാകൃതിയിലോ ഉള്ള എടുപ്പ്‌; ഇതിന്റെ മുകള്‍വശം സാധാരണ അർധകുംഭാകൃതിയിലായിരിക്കും. യൂറോപ്പിലെ പ്രാചീനക്രസ്‌തവദേവാലയങ്ങളിൽ ഈ എടുപ്പിനുള്ളിലാണ്‌ ഗായകസംഘം അണിനിരന്ന്‌ ആരാധനയിൽ പങ്കുകൊണ്ടിരുന്നത്‌. ദേവാലയത്തിലെ പ്രധാന പ്രതിമാശില്‌പം പ്രതിഷ്‌ഠിക്കാനുള്ള വേദിയായും ഈ സ്ഥാനം ഉപയോഗിച്ചിരുന്നു. ദേവാലയങ്ങളുടെ ചുമരിൽ ഉള്ളിലേക്ക്‌ അർധവൃത്താകൃതിയിൽ ഒരു ഉള്‍വളവ്‌ ഉണ്ടാക്കി അതിൽ പ്രതിമ സ്ഥാപിക്കുന്ന പതിവ്‌ ഇതേതുടർന്ന്‌ നിലവിൽ വന്നു. ഇതിനും ആപ്‌സേയുടെ ആകൃതിയാണുള്ളത്‌. ക്രസ്‌തവദേവാലയത്തിലെ ഏറ്റവും ഉയർന്ന ഭാഗം അർധവൃത്താകൃതിയിൽ വളച്ചുപണിത്‌ അതിനുള്ളിൽ അള്‍ത്താര ഉറപ്പിക്കാറുണ്ട്‌. ഇതിനും വാസ്‌തുവിജ്ഞാനീയപ്രകാരം ആപ്‌സേ എന്ന സംജ്ഞതന്നെ സാങ്കേതികമായി ഉപയോഗിച്ചുവരുന്നു. അള്‍ത്താരയ്‌ക്കു പിന്നിൽ വളഞ്ഞ ഭിത്തിയോടു ചേർത്ത്‌ അർധവൃത്താകൃതിയിൽ ഒരു ശിലാതല്‌പം പണിയിക്കപ്പെട്ടുവന്നു. പ്രാചീന ക്രസ്‌തവദേവാലയങ്ങളിൽ പുരോഹിതന്‍മാർക്കിരിക്കുവാന്‍ ഇവിടം ഉപയോഗിച്ചിരുന്നു. ഭദ്രാസനദേവാലയങ്ങളിൽ ഇത്തരം തല്‌പത്തിന്റെ നടുവിൽ ഏതാനും പടികള്‍ ഉയർത്തിക്കെട്ടി അതിൽ ഒരു സിംഹാസനം സ്ഥാപിച്ചിരിക്കും. ഈ സിംഹാസനം ഭദ്രാസന ഇടവകയുടെ അധിപനായ മെത്രാന്റെയോ മെത്രാപ്പൊലിത്തായുടെയോ ഔദ്യോഗിക ഇരിപ്പിടമായിരിക്കും. കോണ്‍സ്റ്റന്‍റ്റൈന്‍ ചക്രവർത്തിയുടെ കാലത്ത്‌ പശ്ചിമയൂറോപ്പിൽ നിർമിക്കപ്പെട്ട ദേവാലയങ്ങളിൽ ആപ്‌സേയുടെ ദർശനം പടിഞ്ഞാറഭിമുഖമായിട്ടായിരുന്നു; എന്നാൽ പില്‌ക്കാലത്ത്‌ പൗരസ്‌ത്യരെ അനുകരിച്ച്‌ കിഴക്കോട്ടഭിമുഖമായി ആപ്‌സേ നിർമിച്ചുവന്നു. ഇന്നും മിക്ക ദേവാലയങ്ങളിലും ഈ സമ്പ്രദായമാണ്‌ തുടർന്നുവരുന്നത്‌. കുരിശിന്റെ ആകൃതിയിൽ നിർമിക്കപ്പെട്ടിട്ടുള്ള പല ദേവാലയങ്ങളിലും വശങ്ങളിലേക്കുള്ള എടുപ്പുകള്‍ പ്രധാനശാലയുമായി സന്ധിക്കുന്ന സ്ഥാനത്ത്‌ കമാനാകൃതിയിലുള്ള തുറന്ന വാതായനങ്ങളോടുകൂടിയ ഒരു ശില്‌പശൈലി സ്വീകരിക്കപ്പെട്ടിരുന്നു. ഈ സന്ധിസ്ഥാനത്ത്‌ അള്‍ത്താരയോ പ്രതിമയോ സ്ഥാപിക്കാം. മുകള്‍വശം കുംഭാകൃതിയിലുമായിരിക്കും. ഈ കുംഭത്തിന്റെ മധ്യേനിന്നും അർധവൃത്താകൃതിയിലുള്ള ചുവരുകളിൽ ചെന്നവസാനിക്കത്തക്കവച്ചം ഉണ്ടാക്കുന്ന എടുപ്പിനും ആപ്‌സേ എന്നു പറയാം. ദേവാലയഗായകസംഘങ്ങളുടെ ആവിർഭാവത്തോടെ പുരോഹിതന്മാർക്ക്‌ ഇരിക്കാന്‍വേണ്ടി അർധവൃത്താകൃതിയിൽ പിന്‍ചുവരോടു ചേർത്ത്‌ പണിയപ്പെട്ടിരുന്ന ശിലാതല്‌പത്തിന്റെ സ്ഥാനം ഗായകർക്കായി ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. അതോടെ അള്‍ത്താര കുറേക്കൂടി പിന്നിലേക്ക്‌ മാറ്റി സ്ഥാപിക്കുകയും ദേവാലയസംവിധാനത്തിൽ ഏറ്റവും വിലപിടിപ്പുള്ള അലങ്കാരവസ്‌തുക്കള്‍ പ്രദർശിപ്പിക്കുവാനും സൂക്ഷിക്കുവാനുമുള്ള ഇടമായി ആപ്‌സേ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. ഈ ഭാഗം മിക്കപ്പോഴും വെച്ചക്കൽ പലകകള്‍ പടുത്തു മോടിപ്പിടിപ്പിച്ചിരിക്കും. കമാനാകൃതിയിൽ ഉള്‍വളവോടെ ഭിത്തിക്കുള്ളിലേക്ക്‌ പണിയപ്പെട്ടിട്ടുള്ള അറകളുടെ ഉപരിതലം വിവിധവർണങ്ങളിലുള്ള സ്‌ഫടികക്കഷണങ്ങള്‍ ചേർത്തുണ്ടാക്കുന്ന മൊസെയ്‌ക്കുകൊണ്ട്‌ അലങ്കരിച്ചിരിക്കും. 6-ാം ശ.-ത്തിൽ ആരാധനാക്രമങ്ങളിലുണ്ടായ മാറ്റത്തെത്തുടർന്ന്‌ ഗായകർക്കായുള്ള ആപ്‌സേ കൂടാതെ പുതുതായി ഒരു ആപ്‌സേ കൂടി നിർമിക്കേണ്ടിവന്നു. പുതിയ ആപ്‌സേക്ക്‌ ദേവാലയത്തിന്റെ പാർശ്വഭിത്തിയുടെ അഗ്രഭാഗത്തായി സ്ഥാനം നിർണയിക്കപ്പെട്ടു. ദേവാലയങ്ങളുടെ വശങ്ങളിൽ കുറുകേ മുറികള്‍ പണിയുന്ന സന്ദർഭങ്ങളിൽ അത്തരം മുറികളുടെ അഗ്രഭാഗത്ത്‌ ആപ്‌സേകള്‍ പണിയപ്പെട്ടുവന്നു. പ്രധാന ദേവാലയത്തോടുചേർന്ന്‌ ആപ്‌സേചാപ്പലുകള്‍ പണിയുന്ന പതിവ്‌ പശ്ചിമയൂറോപ്പിൽ നിലവിലുണ്ടായി. ഇറ്റലിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ കമാനപംക്തികള്‍കൊണ്ട്‌ കൂടുതൽ ആകർഷകമാക്കി ആപ്‌സേകള്‍ നിർമിച്ചുപോന്നു. ആകൃതിയും സ്ഥാനവും കണക്കിലെടുക്കുമ്പോള്‍ ഒരുവശം തുറസ്സായും മറുവശം അടപ്പായുമുള്ള ഇതിന്റെ ഘടന അവിടെ സ്ഥാപിക്കപ്പെടുന്ന അള്‍ത്താരയ്‌ക്കോ പ്രതിമയ്‌ക്കോ ആകെ ഒരു എടുപ്പും ചന്തവും ഉളവാക്കുന്നു. ആധുനികകാലത്ത്‌ ആപ്‌സേകള്‍ ദേവാലയങ്ങളിൽ മാത്രമല്ല മറ്റു പൊതുസ്ഥാപനങ്ങളിലും നിർമിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B8%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍