This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്‌തേ, ദത്താത്രേയ വിഷ്‌ണു (1881 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആപ്‌തേ, ദത്താത്രേയ വിഷ്‌ണു (1881 - 1943)

ആപ്‌തേ, ദത്താത്രേയ വിഷ്‌ണു

മറാഠി ചരിത്രഗവേഷകനും ദേശീയവാദിയും. മഹാരാഷ്‌ട്രസംസ്ഥാനത്തിലുള്‍പ്പെട്ട സാംഗ്ലി എന്ന നാട്ടുരാജ്യത്തില്‍ ഹനഗണ്ഡി ഗ്രാമത്തിലെ ഒരു "ചിത്‌പാവന' (ബ്രാഹ്മണ) കുടുംബത്തില്‍ ഒരു ഗവ. ജീവനക്കാരന്റെ പുത്രനായി 1881 മാ. 13-നു ഇദ്ദേഹം ജനിച്ചു. പൂനയില്‍നിന്ന്‌ ബി.എ. പാസായതിനുശേഷം ഇദ്ദേഹം ബാലഗംഗാധരതിലകന്‍, ഡോ. ഭണ്ഡാര്‍ക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‌കിയിരുന്ന ദേശീയ-സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു. ജ്യോതിഷം, അങ്കഗണിതം, ചരിത്രം തുടങ്ങിയവ ഇദ്ദേഹത്തെ വളരെ ആകര്‍ഷിച്ചിരുന്നു. മുധോളിലും (1902-03) ഇയോത്‌മാളിലും (1905-07) കുറേക്കാലം അധ്യാപകനായി കഴിഞ്ഞതിനുശേഷം 1910 മുതല്‍ ഇദ്ദേഹം ഗോവയിലെ അല്‍മെയ്‌ഡാ കോളജില്‍ ലക്‌ചററായി ജോലി നോക്കി. അവിടെ നിന്നു പിരിഞ്ഞതിനു ശേഷം സാംസ്‌കാരികപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1943-ല്‍ അന്തരിച്ചു.

മറാഠിവാരികയായ ഹരികിശോര്‍ (1907-09), ദിനപത്രമായ രാഷ്‌ട്രമാതാ (1909-10), മാസികകളായ ചിത്രമയജഗത്‌, ശാലാപത്രക്‌ (1915-24) എന്നിവയുടെ പത്രാധിപസമിതികളില്‍ ഇദ്ദേഹം ജോലിനോക്കിയിട്ടുണ്ട്‌. ഗോവയില്‍ താമസിച്ചിരുന്നകാലത്ത്‌ ആപ്‌തേ മദ്രാസിലെത്തി ബംഗാള്‍ ഉള്‍ക്കടലില്‍ നിഗൂഢപ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന ജര്‍മന്‍ അന്തര്‍വാഹിനിയായ "എംഡ'നിലെ ജോലിക്കാരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നതായും അത്‌ പരാജയമടഞ്ഞതിന്റെ ഫലമായി ദേശീയപ്രവര്‍ത്തനങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ നിര്‍ബന്ധിതനായതായും പറയപ്പെടുന്നു. ദേസ്‌താഞ്ചി ശ്രീരംഗപട്ടം വാര്‍മോഹിംഅഥ്വ സവേശന്‍ വര്‍ഷാന്‍ പൂര്‍വിഞ്ച ദക്ഷിണഹിന്ദുസ്ഥാന്‍ (1921), സംശോധകഞ്ചിച്ഛോഠിജന്ത്രി (1921), മഹാരാഷ്‌ട്ര ഇതിഹാസ മഞ്‌ജരി അഥ്വനിവേദക്‌ ഐതിഹാസിക ഉതരോ (1923), ഐതിഹാസിക ദാന്തകഥാവശോഷ്‌ഠി (രണ്ടു ഭാഗങ്ങള്‍-1936, 1942) തുടങ്ങിയവയാണ്‌ ആപ്‌തേയുടെ എണ്ണപ്പെട്ട കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍