This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആപ്പിള്‍

Apple

ആപ്പിള്‍ മരം

ലോകമെങ്ങും സുവിദിതമായ ഒരു ഫലവൃക്ഷം; ഇതിന്റെ ഫലത്തിനും ആപ്പിള്‍ എന്നുതന്നെയാണ്‌ പറയുന്നത്‌. റോസിന്റെ കുടുംബമായ റോസേസി(Rosaceae)യിലെ അംഗമായ ഇത്‌ മാലസ്‌ (Malus) ജീനസില്‍ പെടുന്നു. മാലസ്‌ പ്യൂമില (Malus pumila), മാലസ്‌ ബക്കേറ്റ (Malus buccata) എന്നിവയാണ്‌ സാധാരണയായി കൃഷിചെയ്യപ്പെടുന്ന രണ്ടിനങ്ങള്‍. ഇവയില്‍ മാലസ്‌ പ്യൂമിലയാണ്‌ സാധാരണ ആപ്പിള്‍. മിതോഷ്‌ണമേഖലയില്‍ കൃഷി ചെയ്യപ്പെടുന്ന ഏറ്റവും പ്രധാന ഫലവൃക്ഷമാണിത്‌.

പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍ എന്നിവയിലെല്ലാം ആപ്പിളിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. ആപ്പിളിന്റെ ജന്‍മദേശം കിഴക്കന്‍ യൂറോപ്പാണെന്നും ഏഷ്യയാണെന്നും രണ്ട്‌ അഭിപ്രായങ്ങള്‍ നിലവിലിരിക്കുന്നു. ബി.സി. നാലാം ശ. മുതല്‌ക്കേ ഗ്രീസില്‍ ആപ്പിള്‍ വളര്‍ത്തിയിരുന്നതായി തെളിവുകളുണ്ട്‌. ആദ്യകാലസഞ്ചാരികളും കുടിയേറിപ്പാര്‍പ്പുകാരുമാണ്‌ ആപ്പിളിനെ യൂറോപ്പില്‍നിന്നും വ. അമേരിക്കയിലെത്തിച്ചത്‌. അവിടെനിന്ന്‌ അത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക്‌ കൊണ്ടുവരപ്പെട്ടു. ആദ്യമാദ്യം വിത്തുകളില്‍ നിന്നായിരുന്നു ഇതിന്റെ വംശവര്‍ധനവ്‌ നടത്തിയിരുന്നതെങ്കിലും 17-ാം ശ.-ത്തിന്റെ മധ്യത്തോടെ ഗ്രാഫ്‌റ്റു ചെയ്‌ത തൈകള്‍ ഉത്‌പാദിപ്പിച്ചു തുടങ്ങി. എന്നാല്‍ 1920-തോടുകൂടിയാണ്‌ ശാസ്‌ത്രീയമായി വാണിജ്യപ്രാധാന്യമുള്ള തൈകള്‍ തിരഞ്ഞെടുത്തു കൃഷിയാരംഭിച്ചത്‌.

ആപ്പിള്‍ പുഷ്പം

പിയര്‍ പഴങ്ങളോടും ഒരിനം കയ്‌പന്‍ വന്യഫലങ്ങളോടും (Crab apple) വളരെയധികം സാദൃശ്യം വഹിക്കുന്ന ഫല(വൃക്ഷ)മാണിത്‌. ഇവയ്‌ക്കെല്ലാറ്റിനും ചെറുതും കട്ടിയുള്ളതുമായ വിത്തുകളുണ്ട്‌. വിത്തുകള്‍ ഫലത്തിന്റെ മാംസളമായ ഭാഗത്തിനുള്ളില്‍ കാണപ്പെടുന്നു.

മാംസള (fleshy) ഫലങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ്‌ ആപ്പിള്‍. പക്വമാകുമ്പോള്‍ അണ്ഡാശയത്തോടൊപ്പം അതിന്റെ ചുറ്റുമുള്ള ഭാഗങ്ങളും ഭക്ഷണയോഗ്യമായിത്തീരുന്നു. മാലസ്‌ ഡൊമസ്റ്റിക്ക, പൈറസ്‌ മാലസ്‌, മാലസ്‌ സില്‍വെസ്‌ട്രിസ്‌, മാലസ്‌ മാലസ്‌ എന്നിങ്ങനെയും ആപ്പിളിന്‌ പേരുകളുണ്ട്‌.

ആപ്പിള്‍ വിത്തുകളില്‍നിന്നും ഉത്‌പാദിപ്പിച്ചെടുക്കുക വിഷമകരമാണ്‌. മുളച്ചുവരുന്ന തൈകള്‍ക്ക്‌ മാതൃവൃക്ഷത്തിന്റെ സ്വഭാവങ്ങള്‍ പലപ്പോഴും കാണാറില്ല. അതിനാല്‍ ഗ്രാഫ്‌റ്റിംഗ്‌, ബഡ്ഡിംഗ്‌ തുടങ്ങിയ അംഗപ്രജനനമാര്‍ഗങ്ങളിലൂടെ പുതിയ തൈകള്‍ ഉണ്ടാക്കുകയാണ്‌ പതിവ്‌. ദീര്‍ഘകാലത്തെ കൃഷിയുടെ ഫലമായി തരം, നിറം, ഗന്ധം എന്നിവയിലൊക്കെ വ്യത്യസ്‌തങ്ങളായ പലയിനം ആപ്പിളുകള്‍ രൂപമെടുത്തിട്ടുണ്ട്‌. കഴിഞ്ഞ 2,000 വര്‍ഷങ്ങളിലായി ആപ്പിള്‍ കൃഷി ചെയ്യപ്പെടുന്ന രാജ്യങ്ങളിലെല്ലാം കൂടി പതിനായിരത്തിലധികം പുതിയ ഇനം ആപ്പിള്‍തൈകള്‍ ഉത്‌പാദിപ്പിച്ചിട്ടുണ്ട്‌. യു.എസ്സില്‍ മാത്രം ഏഴായിരത്തിലേറെ ഇനങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഇവയില്‍ ഏതാനും ചിലവ മാത്രമേ ഇന്ന്‌ കൂടുതലായി ഉപയോഗിക്കപ്പെടുന്നുള്ളു. യു.എസ്‌., യു.കെ., ജര്‍മനി, സ്വീഡന്‍, യു.എസ്‌.എസ്‌.ആര്‍. എന്നീ രാജ്യങ്ങളാണ്‌ ഗുണങ്ങളില്‍ മെച്ചമായ ആപ്പിളിനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടത്തിയത്‌. പരസ്‌പരബന്ധമുള്ള മൂന്നു ഗ്രൂപ്പുകളായി വിവിധയിനം ആപ്പിളുകളെ തരംതിരിക്കാം; (i) സിഡര്‍ ഇനങ്ങള്‍: ആപ്പിള്‍-മദ്യം ഉണ്ടാക്കുന്നത്‌ ഇവയില്‍നിന്നാണ്‌; (ii) പാചകത്തിനുപയോഗിക്കുന്നവ; (iii) ഭക്ഷണത്തിന്റെ അവസാനപടിയായ "മധുരം' (dessert) ആയി ഭക്ഷിക്കാനുപയോഗിക്കുന്നവ. ഈ ഇനത്തിന്റെ നിറം, ഗന്ധം, മൃദുത്വം എന്നിവ മെച്ചമാക്കാന്‍ ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്‌.

മിക്കവാറും എല്ലായിനം ആപ്പിളിലും പഞ്ചസാരയുടെ അളവ്‌ കൂടുതലായിരിക്കും; അമ്ലാംശം താരതമ്യേന കുറയുകയും ചെയ്യും. ടാനിന്റെ അളവും വളരെ താഴ്‌ന്നതാണ്‌.

ഭൂമധ്യരേഖയ്‌ക്കു തെക്കും വടക്കും 30°-60° അക്ഷാംശങ്ങള്‍ക്കിടയ്‌ക്കുള്ള മേഖലകളിലാണ്‌ ആപ്പിള്‍ സമൃദ്ധമായി വളരുന്നത്‌. എന്നാല്‍ വളരെയധികം ഉയരമുള്ള പ്രദേശങ്ങളില്‍ ഇത്‌ അത്ര സമൃദ്ധമായുണ്ടാകുന്നില്ല. ആപ്പിള്‍ ധാരാളമായി കായ്‌ക്കുന്നതിന്‌ ശീതകാലം കൂടിയേ കഴിയൂ. ഫലങ്ങള്‍ക്ക്‌ നല്ല നിറമുണ്ടാകുന്നതിന്‌ നല്ല സൂര്യപ്രകാശവും ആവശ്യമാണ്‌. വെള്ളവും സമൃദ്ധിയായി കിട്ടണം.

ആപ്പിള്‍

ആപ്പിള്‍കൃഷിയില്‍ മണ്ണിനെക്കാള്‍ പ്രാധാന്യം ഭൂമിയുടെ കിടപ്പിനും (topography) മറ്റു പ്രത്യേകതകള്‍ക്കും ആണ്‌. വെള്ളം കെട്ടിനില്‌ക്കാത്ത പ്രദേശങ്ങള്‍ മാത്രമേ കൃഷിക്കായി തിരഞ്ഞെടുക്കാവൂ. കാറ്റ്‌ ധാരാളംകിട്ടുന്ന സ്ഥലങ്ങള്‍ ഈ കൃഷിക്ക്‌ താരതമ്യേന യോജിച്ചതാണ്‌. കുന്നിന്‍ചരിവുകള്‍, മലഞ്ചരിവുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതേ കാരണത്താല്‍ ആപ്പിള്‍കൃഷിയില്‍ നിന്നും നല്ലവിളവു ലഭിക്കുന്നു. എന്നാല്‍ കഠിനമായ ശീതക്കാറ്റ്‌ ആപ്പിള്‍പ്പൂക്കള്‍ക്ക്‌ പറ്റിയതല്ല.

വേരുകളില്‍നിന്നും ഗ്രാഫ്‌റ്റു ചെയ്‌ത്‌ 18 മാസത്തോളം പ്രായമായ തൈകളെ നഴ്‌സറികളില്‍ നിന്നുമാറ്റി തോട്ടങ്ങളില്‍ നടാനുപയോഗിക്കുന്നു. ഏതിനം തൈയ്‌ ആണ്‌ നടുന്നത്‌ എന്നതിനെ ആശ്രയിച്ച്‌ തൈകള്‍ തമ്മിലുള്ള അകലം വ്യത്യസ്‌തമായിരിക്കും. 6 മുതല്‍ 10 വരെ മീ. ആണ്‌ സാമാന്യം വേണ്ട അകലം. എന്നാല്‍ ചിലപ്പോള്‍ ഈ അകലം 15 മീ. വരെയും ആകാറുണ്ട്‌. ഒരു വരിയില്‍ ഒരിനത്തില്‍പ്പെട്ട തൈകള്‍ മാത്രമേ നടാറുള്ളൂ. വിവിധയിനം തൈകളുടെ വരികള്‍ ഇടകലര്‍ത്തി നടുന്നത്‌ പരപരാഗണത്തിന്‌ സഹായകമായതിനാല്‍ തോട്ടങ്ങളില്‍ ഈ മാര്‍ഗം സ്വീകരിച്ചുവരുന്നുണ്ട്‌.

6-14 വരെ മീ. ഉയരത്തില്‍ വളരുന്ന ആപ്പിള്‍വൃക്ഷത്തിന്റെ തടിക്ക്‌ 30-45 സെ.മീ. വണ്ണമുണ്ടാകും. തടിയുടെ പുറന്തൊലി (bark) ശല്‌കങ്ങള്‍പോലെ ഉരിഞ്ഞുപോകുന്നത്‌ ആപ്പിളിന്റെ പ്രത്യേകതയാണ്‌. ധാരാളം ശാഖകളും ഉപശാഖകളുമുള്ള ആപ്പിളിനെ വൃത്താകാരത്തില്‍ ഭംഗിയില്‍ വളരുന്ന ഒരു തണല്‍വൃക്ഷമെന്നുകൂടി വിശേഷിപ്പിക്കാവുന്നതാണ്‌.

ആദ്യത്തെ ഏതാനും വര്‍ഷങ്ങള്‍ കാര്യമായ ശുശ്രൂഷയൊന്നും ചെടികള്‍ക്കാവശ്യമില്ല. മറ്റു ചെടികളുടെയും കളകളുടെയും കീടങ്ങളുടെയും ഉപദ്രവത്തില്‍നിന്നും രക്ഷിക്കുകമാത്രമേ വേണ്ടൂ. "അവകര്‍ത്തനം' (pruning - ഒരു പ്രത്യേകതരത്തില്‍ കമ്പുകള്‍ കോതുന്നത്‌) നടത്തേണ്ടത്‌ ഈ സമയത്താണ്‌. ആദ്യത്തെ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ അവകര്‍ത്തനം നടത്തുകയാണ്‌ ഉത്തമം. ശാഖകള്‍ തായ്‌ത്തടിയെ ചുറ്റിവരാന്‍ തക്കവണ്ണമാകണം കമ്പുകള്‍ കോതേണ്ടത്‌. അവകര്‍ത്തനഫലമായി സൂര്യപ്രകാശം ചെടിയുടെ എല്ലാഭാഗങ്ങളിലും പൂക്കളിലും ഫലങ്ങളിലും ശരിയായി പതിക്കുവാന്‍ സാധിക്കുന്നു.

8 മുതല്‍ 13 വരെ സെ.മീ. നീളമുള്ള ഇലകള്‍ ഏകാന്തരന്യാസ (alternate) ക്രമത്തിലാണ്‌ വൃക്ഷത്തില്‍ കാണപ്പെടുന്നത്‌. ഇലയ്‌ക്ക്‌ പൊതുവേ അണ്ഡാകാരമാണ്‌. വക്കുകള്‍ ദന്തുരമായിരിക്കും. ഇലയുടെ അടിഭാഗത്തും മുകുളങ്ങളിലും ചെറുകമ്പുകളിലും ധാരാളം രോമം കാണപ്പെടുന്നു. ഈ രോമങ്ങള്‍ക്ക്‌ നരച്ച വെള്ളനിറമായിരിക്കും.

മേയ്‌-ജൂണ്‍ മാസങ്ങളിലാണ്‌ ആപ്പിള്‍ പൂക്കുകയും കായ്‌ക്കുകയും ചെയ്യുന്നത്‌. പൂക്കളും ഫലങ്ങളും ഏതാണ്ട്‌ ഒരേ കാലത്തുതന്നെ ഒരു വൃക്ഷത്തില്‍ കാണാം. ഓരോ പൂവിലും വൃത്താകൃതിയിലുള്ള അഞ്ചു ദളങ്ങളുണ്ട്‌. ഇളംചുവപ്പുകലര്‍ന്ന വെള്ളയാണ്‌ ഇതിന്റെ നിറം. ഒരു പൂവിന്‌ 3-5 സെ.മീ. വരെ വലുപ്പമുണ്ടാകും. തണ്ടിനോടും ചെറുശാഖകളോടും ചേര്‍ന്ന്‌ ക്രമമില്ലാത്ത കൂട്ടങ്ങളായാണ്‌ പൂക്കളുണ്ടാവുക. മിക്കവാറും എല്ലായിനം ആപ്പിളിലും പൂക്കളില്‍ ബീജസങ്കലനത്തിന്‌ പരപരാഗണം (cross pollination) കൂടിയേ കഴിയൂ. ബീജസങ്കലനത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.

ശരത്‌കാലത്താണ്‌ ഫലങ്ങള്‍ പാകമാകുന്നത്‌. വിസ്‌തൃതവും മാംസളവുമായ പുഷ്‌പാധാരം അണ്ഡപര്‍ണങ്ങളെ ആവരണംചെയ്യുന്ന തരത്തിലുള്ളതാണ്‌ (ഇത്‌ "പോം'-pome എന്നറിയപ്പെടുന്നു) ആപ്പിള്‍പഴങ്ങള്‍. ഒരു പോമിന്‌ 2½- 13 സെ.മീ. വരെ വ്യാസമുണ്ടാകും. അഞ്ചുഭാഗങ്ങളുള്ള ഫലത്തിന്റെ ഓരോഭാഗത്തും രണ്ടു വിത്തുകള്‍വീതം വികാസം പ്രാപിക്കുന്നു.

"കോഡ്‌ലിംഗ്‌മോത്ത്‌' എന്നു പേരുള്ള ഒരു നിശാശലഭത്തിന്റെ (Carpocapsa pomonella) പുഴുക്കള്‍ ആപ്പിള്‍പഴങ്ങള്‍ക്കുള്ളിലാണ്‌ വളരുന്നത്‌. ആപ്പിളിനെ ആക്രമിക്കുന്ന കീടങ്ങളില്‍ പ്രധാനം ഇതാണ്‌. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ആഴ്‌സെനിക്‌ലായനികള്‍ തളിക്കുകയാണ്‌ നിയന്ത്രണമാര്‍ഗം. "വൂളി എഫിസ്‌'(woolly aphis) , റോസി ഏഫിസ്‌ (rosy aphis) തുടങ്ങിയ സ്‌കേലി ഇന്‍സെക്‌ടുകളുടെ (ഒരു പ്രത്യേകയിനം ഷഡ്‌പദങ്ങള്‍) ആക്രമണമാണ്‌ മറ്റൊന്ന്‌. ചുവന്ന ചിലന്തികള്‍ (red spider)എന്ന്‌ അറിയപ്പെടുന്ന മൈറ്റുകളും ഉപദ്രവകാരികള്‍ തന്നെ. ഫംഗസ്‌മൂലമുണ്ടാകുന്ന "ആപ്പിള്‍ സ്‌കാബ്‌' മറ്റൊരു ഗുരുതരമായ രോഗമാണ്‌. സള്‍ഫര്‍ ചേര്‍ന്ന മരുന്നുകള്‍ തളിക്കുകയാണ്‌ നിരോധനമാര്‍ഗം.

ഫലങ്ങള്‍ പാകമാകുന്നത്‌ ഏതുസമയത്താണെന്നു മുന്‍കൂട്ടിപറയാന്‍ പ്രയാസമാണ്‌. പാകമായ ആപ്പിള്‍ഫലങ്ങള്‍ ഓരോന്നായി കൈകൊണ്ട്‌ പറിച്ചെടുക്കുന്നു. ആ സമയത്ത്‌ പഴത്തിനടുത്തുനില്‌ക്കുന്ന മുകുളങ്ങള്‍ക്ക്‌ കേടുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പറിച്ചെടുത്ത ഫലങ്ങള്‍ കഴുകി, തരംതിരിച്ച്‌ (grading) പെട്ടികളിലും കുട്ടകളിലുമായി സൂക്ഷിക്കുന്നു. ആപ്പിള്‍പഴം ഭക്ഷണത്തിന്‌ ഉത്തമമാണ്‌. പാകം ചെയ്‌തും അല്ലാതെയും ഇത്‌ ഭക്ഷിക്കാവുന്നതാണ്‌. ആപ്പിള്‍രസം "വിനിഗര്‍' ആയി മാറ്റുവാന്‍ സാധിക്കും. ആപ്പിള്‍കൊണ്ട്‌ "ജാം' ഉണ്ടാക്കുന്നതും സാധാരണമാണ്‌. ആപ്പിളിന്റെ രസത്തില്‍നിന്ന്‌ യീസ്റ്റിന്റെ സഹായത്തോടെ ആപ്പിള്‍മദ്യം (Cider) എടുക്കാറുണ്ട്‌.

ഇന്ത്യയില്‍ ഹിമാചല്‍പ്രദേശ്‌, കാശ്‌മീര്‍, കുളു, കുമായോണ്‍, അസ്സം, നീലഗിരി എന്നിവിടങ്ങളിലാണ്‌ ആപ്പിള്‍ കൃഷിചെയ്യുന്നത്‌. നൂറു വര്‍ഷത്തോളം ഒരു ആപ്പിള്‍മരം നിലനില്‌ക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍