This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിയന്‍പഥം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആപ്പിയന്‍പഥം

Appian Way

ആപ്പിയന്‍പഥം

പ്രാചീനകാലംമുതല്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള റോമന്‍ പൊതുനിരത്ത്‌. ആപ്പിയസ്‌ ക്ലോഡിയസ്‌ സീക്കസ്‌ എന്ന റോമന്‍ രാജ്യതന്ത്രജ്ഞന്‍ ബി.സി. 312-ല്‍ ഇതിന്റെ നിര്‍മാണം തുടങ്ങി. അദ്ദേഹത്തിന്റെ നാമത്തോടു ഘടിപ്പിച്ചാണ്‌ ഈ നിരത്തിന്‌ ആപ്പിയന്‍പഥം എന്നു പറഞ്ഞുവരുന്നത്‌. റോമില്‍നിന്ന്‌ കാസിലിനംവരെ 212 കി.മീ. നീളമാണുണ്ടായിരുന്നത്‌. അടുത്ത എഴുപതുവര്‍ഷങ്ങള്‍ക്കിടയില്‍ റോഡിന്റെ നീളം 370 കി.മീ. കൂടി വര്‍ധിപ്പിച്ചു. തുടര്‍ന്ന്‌ ആപ്പിയന്‍ പഥം ഗ്രീസിലേക്കുള്ള പൊതുനിരത്തായിത്തീര്‍ന്നു.

റോമാക്കാരുടെ ശക്തി വ്യാപകമായിരുന്നകാലത്ത്‌ വികസിതമായ ഒരു റോഡുഗതാഗതവ്യവസ്ഥ അവിടെ നിലവിലുണ്ടായിരുന്നു. പ്രാചീന റോമിലെ എല്ലാ റോഡുകളുടെയും മൊത്തംനീളം 80,000 കി.മീ. ആയിരുന്നുതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഈജിപ്‌ത്‌, ഗ്രീസ്‌, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കും ആല്‍പ്‌സിനു മുകളിലൂടെ ജര്‍മനിയിലേക്കും അവ എത്തിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ ആപ്പിയന്‍പഥമാണ്‌. റോമില്‍ നിന്നാരംഭിച്ച്‌ ഇറ്റലിയുടെ തെക്കുകിഴക്കുതീരത്തുള്ള ബ്രണ്ടിസീയംവരെ എത്തുന്നതായിരുന്നു ആപ്പിയന്‍പഥം.

റോഡിന്‌ ശരാശരി ആറു മീറ്ററോളം വീതിയാണുണ്ടായിരുന്നത്‌. റോഡിന്റെ അടിഭാഗത്ത്‌ കനത്ത കരിങ്കല്ലുകള്‍ സിമന്റുചാന്തുപയോഗിച്ച്‌ പരസ്‌പരം യോജിപ്പിച്ചിരുന്നു. മഴവെള്ളം പെട്ടെന്ന്‌ ഒലിച്ചുപോകുന്നതിന്‌ റോഡിന്റെ നടുഭാഗം ഉയര്‍ന്ന്‌ ഇരുവശങ്ങളിലേക്കും ചരിവുള്ള വിധത്തിലാണ്‌ നിര്‍മിച്ചിരുന്നത്‌. ആദ്യകാലത്ത്‌ റോഡ്‌ ചരല്‍വിരിച്ചതായിരുന്നു. പിന്നീട്‌ റോഡിന്റെ മേല്‍ഭാഗത്ത്‌ ലാവയുടെ പിണ്ഡങ്ങള്‍ അസാധാരണമായ ഈടുണ്ടാകുംവിധം വിദഗ്‌ധമായി യോജിപ്പിച്ച്‌ നിരത്തി. പൂബ്ലിയസ്‌ പെപ്പിനിയസ്‌ സ്റ്റാഷിയസ്‌ എന്ന റോമന്‍ കവി എ.ഡി. ഒന്നാം ശതകത്തില്‍ ആപ്പിയന്‍ പഥത്തെ "റോഡുകളുടെ രാജ്ഞി' എന്നു വിശേഷിപ്പിക്കുകയുണ്ടായി. ചക്രവര്‍ത്തിമാരുടെ കാലത്ത്‌ കാലാകാലങ്ങളില്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്നു. ഈ രാജവീഥിയില്‍ അധികഭാഗവും എ.ഡി. ആറാം ശതകംവരെ ഉപയോഗയോഗ്യമായിത്തന്നെ നിലനിന്നു. കാപ്പുവായ്‌ക്കും ബെനവെന്‍ടോയ്‌ക്കും ഇടയ്‌ക്കുള്ള ആദ്യകാല ആപ്പിയന്‍പഥത്തിലെ മൂന്നുപാലങ്ങള്‍ ഇപ്പോഴും ഗതാഗതയോഗ്യമായി നിലനില്‌ക്കുന്നുണ്ട്‌.

ആല്‍ബന്‍കുന്നുകളുടെ തടസ്സമുണ്ടായിരുന്നിട്ടും റോം മുതല്‍ ആന്റക്‌സര്‍ വരെയുള്ള വടക്കന്‍ഭാഗത്ത്‌ ആപ്പിയന്‍ പഥം വളവുതിരിവില്ലാത്ത നേര്‍ രാജവീഥിയായിരുന്നു. ചുരുക്കം ചില സ്ഥാനങ്ങളില്‍ റോഡിനു കുത്തനെ ചരിവുണ്ടായിരുന്നു എന്നതുമാത്രമാണ്‌ ഒരു ന്യൂനത. റോമിനടുത്ത്‌ ആപ്പിയന്‍പഥത്തോട്‌ ചേര്‍ന്ന്‌ പല പ്രശസ്‌ത സ്‌മാരകങ്ങളും ആരാധനാലയങ്ങളും നിര്‍മിതമായി. കീസിലിയ മെറ്റല്ലായുടെ ശവകുടീരവും വി. സെബാസ്റ്റ്യന്റെ പള്ളിയും, "ബാക്കസിന്റെ ക്ഷേത്രം' എന്നു വിളിക്കപ്പെടുന്ന ആരാധനാലയവും ഇവയിലുള്‍പ്പെടുന്നു. ആധുനികമായ മറ്റൊരു ആപ്പിയന്‍പഥം കൂടി ഉണ്ട്‌. ഇത്‌ 23 കി.മീ. നീളത്തില്‍ പഴയ ആപ്പിയന്‍പഥത്തിനു സമാന്തരമായി റോം മുതല്‍ ആല്‍ബനോ തടാകംവരെ നീണ്ടുകിടക്കുന്നു. മാര്‍പാപ്പ പയസ്‌ VI (1717-99)ന്റെ നിര്‍ദേശപ്രകാരം 1780-ലാണ്‌ ആധുനിക ആപ്പിയന്‍പഥം നിര്‍മിതമായത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍