This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിനൈന്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആപ്പിനൈന്‍സ്‌

Appennines

ആപ്പിനൈന്‍സ്‌

ഇറ്റലിയിലെ പ്രധാന പര്‍വതപംക്തി. 1,280 കി.മീ. നീളത്തിലും 40 മുതല്‍ 136 വരെ കി.മീ.വീതിയിലും ഏതാണ്ട്‌ വില്ലുപോലെ വളഞ്ഞാണ്‌ ഈ പര്‍വതനിരകളുടെ കിടപ്പ്‌. ആല്‍പ്‌സ്‌നിരകളുടെ ഒരു ശാഖയാണ്‌ ആപ്പിനൈന്‍സ്‌. സിസിലിയുടെ വടക്കരികിലും ആഫ്രിക്കയുടെ വടക്കന്‍ തീരത്തും കാണുന്ന പര്‍വതനിരകള്‍ ആപ്പിനൈന്‍സിന്റെ തുടര്‍ച്ചയാണെന്നു കരുതപ്പെടുന്നു.

ആപ്പിനൈന്‍നിരകളെ പൊതുവേ ഉത്തര, മധ്യ, ദക്ഷിണ ഭാഗങ്ങളായി വിഭജിക്കാം. ലൈഗൂരിയന്‍, ടസ്‌കന്‍, ആമ്പ്രിയന്‍ എന്നീ മലനിരകളാണ്‌ ഉത്തര ആപ്പിനൈനില്‍പ്പെടുന്നത്‌; റോമന്‍ മലകളും അബ്രുസി മലകളുമാണ്‌ മധ്യ ആപ്പിനൈനിന്റെ ഭാഗങ്ങള്‍; നിയോപൊളിറ്റന്‍, ലുക്കാനിയന്‍, കലാബ്രിയന്‍ എന്നീ നിരകള്‍ ദക്ഷിണ ആപ്പിനൈനില്‍പെടുന്നു.

തീക്ഷ്‌ണവും ദുസ്സഹവുമായ കാലാവസ്ഥയാണ്‌ ആപ്പിനൈന്‍ മേഖലയിലുള്ളത്‌. വേനല്‌ക്കാലത്ത്‌ അത്യുഗ്രമായ ചൂട്‌ ഇവിടെ അനുഭവപ്പെടുന്നു. താഴ്‌വാരങ്ങളില്‍ താങ്ങാനാകാത്ത താപനിലയാണുണ്ടായിരിക്കുക. ഉയര്‍ന്ന പ്രദേശങ്ങളില്‍ ശക്തമായ ഉഷ്‌ണക്കാറ്റു വീശുന്നു. സസ്യജാലങ്ങളുടെ അടിസ്ഥാനത്തില്‍ ആപ്പിനൈന്‍ മേഖലയെ നാലു വിഭാഗങ്ങളായി തിരിക്കാം; (i) സമുദ്രനിരപ്പില്‍നിന്നും 1,000 മീ. ഉയരംവരെ വ്യാപിച്ചുകിടക്കുന്ന മെഡിറ്ററേനിയന്‍ പ്രദേശം. ഇത്‌ ഫലവര്‍ഗങ്ങളും ഒലീവ്‌ മരങ്ങളും സമൃദ്ധമായി വളരുന്ന കൃഷിഭൂമികളായി മാറിയിരിക്കുന്നു; (ii) 1,000 മീ. മുതല്‍ 2,000 മീ. വരെയുള്ള പ്രദേശം; ഇവിടെ ചെസ്റ്റ്‌നട്ട്‌, ഓക്‌ എന്നിവ കൃഷിചെയ്യപ്പെടുന്നു; (iii) 2,000 മീറ്ററിലേറെ ഉയരമുള്ള സൂചികാഗ്രവനങ്ങള്‍. ബീച്ച്‌ തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങളുടെ പ്രദേശമാണിത്‌; (iv) നന്നേ ഉയരംകൂടിയ പ്രദേശങ്ങളില്‍ വേനല്‌ക്കാലത്തുമാത്രം പുല്‍വര്‍ഗങ്ങളും ഓഷധികളും വളരുന്നു; ശീതകാലത്ത്‌ ഈ ഭാഗങ്ങള്‍ മഞ്ഞുമൂടിക്കിടക്കുന്നു.

ആപ്പിനൈന്‍ നിരകളുടെ തെക്കും വടക്കും ഭാഗങ്ങളില്‍ വ്യത്യസ്‌ത കാലാവസ്ഥയാണുള്ളത്‌; ഇറ്റലിയിലെ വികസിതമേഖല വടക്കുഭാഗത്താണ്‌. ഈ പര്‍വതത്തിനു കുറുകേ തുരങ്കങ്ങള്‍ ഉണ്ടാക്കിയും അല്ലാതെയും ധാരാളം റെയില്‍പാതകളും റോഡുകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍