This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപസ്‌തംബസൂത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആപസ്‌തംബസൂത്രം== ആപസ്‌തംബന്‍ എന്ന ഋഷിയാൽ വിരചിതമായ ധർമശാസ്‌...)
അടുത്ത വ്യത്യാസം →

03:27, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആപസ്‌തംബസൂത്രം

ആപസ്‌തംബന്‍ എന്ന ഋഷിയാൽ വിരചിതമായ ധർമശാസ്‌ത്രകൃതി. ഭാരതത്തിൽ ധർമശാസ്‌ത്രപ്രയോക്താക്കളായി അംഗീകരിക്കപ്പെട്ടിട്ടുള്ള ആചാര്യന്‍മാരിൽ ഒരാളാണ്‌ ആപസ്‌തംബന്‍. (യാജ്ഞവല്‌ക്യമതമനുസരിച്ച്‌ മറ്റു ധർമശാസ്‌ത്രപ്രവർത്തകന്‍മാർ മനു, അത്രി, വിഷ്‌ണു, ഹാരീതന്‍, യാജ്ഞവല്‌ക്യന്‍, ഉശനസ്‌, അംഗിരസ്‌, യമന്‍, സംവർത്തന്‍, കാത്യായനന്‍, ബൃഹസ്‌പതി, പരാശരന്‍, വ്യാസന്‍, ശംഖന്‍, ലിഖിതന്‍, ദക്ഷന്‍, ഗൗതമന്‍, ശാതാതപന്‍, വസിഷ്‌ഠന്‍ എന്നിവരാണ്‌). ഈ കൃതി ആപസ്‌തംബകല്‌പസൂത്രം എന്നും അറിയപ്പെടുന്നു; ഇത്‌ 30 "പ്രശ്‌ന'ങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്‌. ഇവയിൽ ആദ്യത്തെ 24 പ്രശ്‌നങ്ങള്‍ ചേർന്ന ഭാഗത്തിന്‌ ആപസ്‌തംബശ്രൗതസൂത്രം എന്നാണ്‌ പേര്‌. വൈദികങ്ങളായ യജ്ഞങ്ങളുടെ സംവിധാനങ്ങളാണ്‌ ഈ ഭാഗത്തിലെ പ്രതിപാദ്യം. 25-ാമത്തെ പ്രശ്‌നത്തിൽ പരിഭാഷ, പ്രവരഖണ്ഡം, ഹൗത്രകഖണ്ഡം എന്നിവ അടങ്ങിയിരിക്കുന്നു; 26, 27 എന്നീ പ്രശ്‌നങ്ങളിൽ ഗൃഹ്യങ്ങളായ സംസ്‌കാരങ്ങളും മതപരമായ ചടങ്ങുകളും നിർദേശിക്കുന്നു. ഈ ഭാഗത്തിന്‌ ആപസ്‌തംബഗൃഹ്യസൂത്രം എന്നാണ്‌ പേര്‌. ആപസ്‌തംബധർമസൂത്രം എന്ന പേരിൽ പ്രസിദ്ധിയാർജിച്ചിട്ടുള്ളത്‌ 28-ം, 29-ം പ്രശ്‌നങ്ങള്‍ ചേർന്ന ഭാഗമാണ്‌. 30-ാമത്തേത്‌ സുൽവസൂത്രമാണ്‌. ഇതിൽ യജ്ഞകുണ്ഡലത്തിന്റെയും വേദിയുടെയും മറ്റും അളവുകള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. രേഖാഗണിതത്തിന്റെയും വാസ്‌തുശില്‌പശാസ്‌ത്രത്തിന്റെയും പ്രാരംഭരൂപം ഇതിൽ കാണാം.

സാമൂഹികവും രാഷ്‌ട്രീയവും നീതിശാസ്‌ത്രപരവുമായ വീക്ഷണത്തിൽ 28-ം, 29-ം പ്രശ്‌നങ്ങള്‍ ചേർന്ന ആപസ്‌തംബധർമസൂത്രത്തിനുള്ള മൂല്യം മഹത്താണെന്ന്‌ വ്യക്തമാകും. ഓരോ പ്രശ്‌നവും 11 പടലങ്ങളായി തിരിച്ചിട്ടുണ്ട്‌. നാലുവർണങ്ങള്‍, അവയുടെ ശ്രഷ്‌ഠതാക്രമങ്ങള്‍, ആചാര്യന്‍, ഉപനയനകാലം, ബ്രഹ്മചര്യാകാലം, ധർമം, ജീവനചര്യ, തപം, ആചാര്യനെയും വിവിധ വർണികളെയും വന്ദിക്കേണ്ട രീതികള്‍, വേദാധ്യയനം, അനധ്യായം, ഗുരുദക്ഷിണ, പഞ്ചമഹായജ്ഞങ്ങള്‍, ബ്രാഹ്മണരുടെ ആപദ്‌ധർമങ്ങള്‍, ഗുരുതല്‌പഗമനാദി മഹാപാതകങ്ങള്‍ക്കും ചെറിയ പാതകങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തങ്ങള്‍ മുതലായ ഒട്ടനേകം സംഗതികളും ഇരുപത്തിയെട്ടാമത്തെ പ്രശ്‌നത്തിൽ കൈകാര്യം ചെയ്‌തിരിക്കുന്നു. ഗൃഹസ്ഥവ്രതം, ചതുർവർണധർമങ്ങള്‍, അതിഥിപൂജ, യുദ്ധനിയമങ്ങള്‍, പുരോഹിതധർമങ്ങള്‍, പലതരം ദണ്ഡങ്ങള്‍, മാർഗനിയമങ്ങള്‍, വിവാഹങ്ങളുടെ പ്രകാരങ്ങളും നിയമങ്ങളും, ദായക്രമം, മരണാശൗചം, ചതുരാശ്രമങ്ങള്‍, രാജധർമം, പരിവ്രാജകധർമം, സന്ദേഹാവസ്ഥകളിൽ സ്വീകരിക്കേണ്ട അനുമാനാദിപ്രമാണങ്ങള്‍ എന്നിങ്ങനെ വളരെയധികം വിഷയങ്ങള്‍ ഇരുപത്തിയൊമ്പതാമത്തെ പ്രശ്‌നത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌.

ആപസ്‌തംബസൂത്രത്തിന്റെ കാലം പി.വി. കാനേ എന്ന പണ്ഡിതന്റെ അഭിപ്രായപ്രകാരം ബി.സി. 600-നും 300-നും ഇടയ്‌ക്കാണ്‌. ഗൗതമധർമസൂത്രം, ബൗധായനധർമസൂത്രം എന്നിവയ്‌ക്കുശേഷവും വസിഷ്‌ഠധർമസൂത്രത്തിനുമുമ്പും ആയിരിക്കണം ഇതിന്റെ രചന. ഔത്തരാഹരുടെ ആചാരവിശേഷങ്ങള്‍ക്ക്‌ ഇതിൽ പ്രത്യേക പരാമർശങ്ങള്‍ നല്‌കിയിട്ടുണ്ട്‌. ഗ്രന്ഥകർത്താവായ ആപസ്‌തംബന്‍ ദാക്ഷിണാത്യന്‍ (ആന്ധ്രക്കാരന്‍) ആണെന്ന്‌ അഭ്യൂഹിക്കപ്പെടുന്നു. ഉജ്വലാവൃത്തി എന്ന പേരിൽ ഹരിദത്തന്‍ ആപസ്‌തംബസൂത്രത്തിന്‌ ഒരു ഭാഷ്യം എഴുതിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍