This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപസ്‌തംബസൂത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആപസ്‌തംബസൂത്രം

ആപസ്‌തംബന്‍ എന്ന ഋഷിയാല്‍ വിരചിതമായ ധര്‍മശാസ്‌ത്രകൃതി. ഭാരതത്തില്‍ ധര്‍മശാസ്‌ത്രപ്രയോക്താക്കളായി അംഗീകരിക്കപ്പെട്ടിട്ടുള്ള ആചാര്യന്‍മാരില്‍ ഒരാളാണ്‌ ആപസ്‌തംബന്‍. (യാജ്ഞവല്‌ക്യമതമനുസരിച്ച്‌ മറ്റു ധര്‍മശാസ്‌ത്രപ്രവര്‍ത്തകന്‍മാര്‍ മനു, അത്രി, വിഷ്‌ണു, ഹാരീതന്‍, യാജ്ഞവല്‌ക്യന്‍, ഉശനസ്‌, അംഗിരസ്‌, യമന്‍, സംവര്‍ത്തന്‍, കാത്യായനന്‍, ബൃഹസ്‌പതി, പരാശരന്‍, വ്യാസന്‍, ശംഖന്‍, ലിഖിതന്‍, ദക്ഷന്‍, ഗൗതമന്‍, ശാതാതപന്‍, വസിഷ്‌ഠന്‍ എന്നിവരാണ്‌). ഈ കൃതി ആപസ്‌തംബകല്‌പസൂത്രം എന്നും അറിയപ്പെടുന്നു; ഇത്‌ 30 "പ്രശ്‌ന'ങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്‌. ഇവയില്‍ ആദ്യത്തെ 24 പ്രശ്‌നങ്ങള്‍ ചേര്‍ന്ന ഭാഗത്തിന്‌ ആപസ്‌തംബശ്രൗതസൂത്രം എന്നാണ്‌ പേര്‌. വൈദികങ്ങളായ യജ്ഞങ്ങളുടെ സംവിധാനങ്ങളാണ്‌ ഈ ഭാഗത്തിലെ പ്രതിപാദ്യം. 25-ാമത്തെ പ്രശ്‌നത്തില്‍ പരിഭാഷ, പ്രവരഖണ്ഡം, ഹൗത്രകഖണ്ഡം എന്നിവ അടങ്ങിയിരിക്കുന്നു; 26, 27 എന്നീ പ്രശ്‌നങ്ങളില്‍ ഗൃഹ്യങ്ങളായ സംസ്‌കാരങ്ങളും മതപരമായ ചടങ്ങുകളും നിര്‍ദേശിക്കുന്നു. ഈ ഭാഗത്തിന്‌ ആപസ്‌തംബഗൃഹ്യസൂത്രം എന്നാണ്‌ പേര്‌. ആപസ്‌തംബധര്‍മസൂത്രം എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളത്‌ 28-ം, 29-ം പ്രശ്‌നങ്ങള്‍ ചേര്‍ന്ന ഭാഗമാണ്‌. 30-ാമത്തേത്‌ സുല്‍വസൂത്രമാണ്‌. ഇതില്‍ യജ്ഞകുണ്ഡലത്തിന്റെയും വേദിയുടെയും മറ്റും അളവുകള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. രേഖാഗണിതത്തിന്റെയും വാസ്‌തുശില്‌പശാസ്‌ത്രത്തിന്റെയും പ്രാരംഭരൂപം ഇതില്‍ കാണാം.

സാമൂഹികവും രാഷ്‌ട്രീയവും നീതിശാസ്‌ത്രപരവുമായ വീക്ഷണത്തില്‍ 28-ം, 29-ം പ്രശ്‌നങ്ങള്‍ ചേര്‍ന്ന ആപസ്‌തംബധര്‍മസൂത്രത്തിനുള്ള മൂല്യം മഹത്താണെന്ന്‌ വ്യക്തമാകും. ഓരോ പ്രശ്‌നവും 11 പടലങ്ങളായി തിരിച്ചിട്ടുണ്ട്‌. നാലുവര്‍ണങ്ങള്‍, അവയുടെ ശ്രഷ്‌ഠതാക്രമങ്ങള്‍, ആചാര്യന്‍, ഉപനയനകാലം, ബ്രഹ്മചര്യാകാലം, ധര്‍മം, ജീവനചര്യ, തപം, ആചാര്യനെയും വിവിധ വര്‍ണികളെയും വന്ദിക്കേണ്ട രീതികള്‍, വേദാധ്യയനം, അനധ്യായം, ഗുരുദക്ഷിണ, പഞ്ചമഹായജ്ഞങ്ങള്‍, ബ്രാഹ്മണരുടെ ആപദ്‌ധര്‍മങ്ങള്‍, ഗുരുതല്‌പഗമനാദി മഹാപാതകങ്ങള്‍ക്കും ചെറിയ പാതകങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തങ്ങള്‍ മുതലായ ഒട്ടനേകം സംഗതികളും ഇരുപത്തിയെട്ടാമത്തെ പ്രശ്‌നത്തില്‍ കൈകാര്യം ചെയ്‌തിരിക്കുന്നു. ഗൃഹസ്ഥവ്രതം, ചതുര്‍വര്‍ണധര്‍മങ്ങള്‍, അതിഥിപൂജ, യുദ്ധനിയമങ്ങള്‍, പുരോഹിതധര്‍മങ്ങള്‍, പലതരം ദണ്ഡങ്ങള്‍, മാര്‍ഗനിയമങ്ങള്‍, വിവാഹങ്ങളുടെ പ്രകാരങ്ങളും നിയമങ്ങളും, ദായക്രമം, മരണാശൗചം, ചതുരാശ്രമങ്ങള്‍, രാജധര്‍മം, പരിവ്രാജകധര്‍മം, സന്ദേഹാവസ്ഥകളില്‍ സ്വീകരിക്കേണ്ട അനുമാനാദിപ്രമാണങ്ങള്‍ എന്നിങ്ങനെ വളരെയധികം വിഷയങ്ങള്‍ ഇരുപത്തിയൊമ്പതാമത്തെ പ്രശ്‌നത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌.

ആപസ്‌തംബസൂത്രത്തിന്റെ കാലം പി.വി. കാനേ എന്ന പണ്ഡിതന്റെ അഭിപ്രായപ്രകാരം ബി.സി. 600-നും 300-നും ഇടയ്‌ക്കാണ്‌. ഗൗതമധര്‍മസൂത്രം, ബൗധായനധര്‍മസൂത്രം എന്നിവയ്‌ക്കുശേഷവും വസിഷ്‌ഠധര്‍മസൂത്രത്തിനുമുമ്പും ആയിരിക്കണം ഇതിന്റെ രചന. ഔത്തരാഹരുടെ ആചാരവിശേഷങ്ങള്‍ക്ക്‌ ഇതില്‍ പ്രത്യേക പരാമര്‍ശങ്ങള്‍ നല്‌കിയിട്ടുണ്ട്‌. ഗ്രന്ഥകര്‍ത്താവായ ആപസ്‌തംബന്‍ ദാക്ഷിണാത്യന്‍ (ആന്ധ്രക്കാരന്‍) ആണെന്ന്‌ അഭ്യൂഹിക്കപ്പെടുന്നു. ഉജ്വലാവൃത്തി എന്ന പേരില്‍ ഹരിദത്തന്‍ ആപസ്‌തംബസൂത്രത്തിന്‌ ഒരു ഭാഷ്യം എഴുതിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍