This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ യാങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ യാങ്‌

An Yang

പുരാവസ്‌തുഗവേഷണപ്രാധാന്യമുള്ള പ്രാചീന ചീന രാജധാനി. ഉത്തരഹോനാന്‍ പ്രവിശ്യയില്‍ ബീജിംഗ്‌-കാന്ററണ്‍റെയില്‍പാത ഹുവാന്‍നദി കടക്കുന്നത്‌ ഈ സ്ഥലത്തുവച്ചാണ്‌. പ്‌ആന്‍കെംഗ്‌ എന്ന ശക്തനായ ഒരു ഭരണാധിപന്‍ ഈ സ്ഥലത്ത്‌ ഷാംഗ്‌ എന്ന മഹാനഗരം പണികഴിപ്പിക്കുകയും ജനങ്ങളെ അങ്ങോട്ടു മാറ്റിത്താമസിപ്പിക്കുകയും ചെയ്‌തുവെന്നാണ്‌ ഐതിഹ്യം. 1928 മുതല്‍ 1937 വരെ ചൈനയിലെ പുരാവസ്‌തുഗവേഷകര്‍ ലിചിയുടെ നേതൃത്വത്തില്‍ ഇവിടെ നടത്തിയ ഭൂഖനന പര്യവേക്ഷണങ്ങളുടെ ഫലമായി ഈ ഐതിഹ്യത്തിന്‌ ചരിത്രപരമായ പിന്തുണ ഏറെക്കുറെ ലഭിക്കുവാന്‍ ഇടയായി. അതിനു വളരെക്കാലം മുന്‍പു മുതല്‍ തന്നെ ഈ സ്ഥലം "ഡ്രാഗണ്‍' അസ്ഥികള്‍ക്ക്‌ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ഡ്രാഗണ്‍ സര്‍പ്പത്തിന്റേതെന്നു കരുതപ്പെട്ടുവന്ന അസ്ഥിക്കഷണങ്ങള്‍ ഇവിടെനിന്നു ശേഖരിച്ച്‌ പൊടിയാക്കി ചില രോഗങ്ങള്‍ക്കുള്ള ഔഷധമായി ചൈനയിലെ ഭിഷക്കുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു. 1899-ല്‍ ഈ പ്രദേശത്തുനിന്നു കണ്ടെടുത്ത ചില അസ്ഥികളില്‍ പ്രാചീന ലിപിയിലുള്ള ആലേഖ്യങ്ങള്‍ ഉണ്ടായിരുന്നതായി ചില പണ്ഡിതന്മാര്‍ അവകാശപ്പെടുന്നുണ്ട്‌.

ഷാങ്‌ വംശത്തിന്റെ കൊട്ടാരം യഥാര്‍ഥത്തില്‍ സ്ഥിതിചെയ്‌തിരുന്നത്‌ ഇന്നത്തെ ആന്‍ യാങില്‍നിന്നും 16 കി.മീ. പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന ഹ്‌സിയോത്‌ ഉണ്‍ എന്ന സ്ഥലത്തായിരുന്നു. അതിനടുത്തുതന്നെ ഒരു രാജകീയ ശ്‌മശാനം കണ്ടെത്തിയിട്ടുണ്ട്‌. ശാസ്‌ത്രീയമായി ഇവിടെ നടത്തിയ ഭൂഖനന ഗവേഷണങ്ങളുടെ ഫലമായി ഷാങ്‌ കാലഘട്ടത്തിലെ വെങ്കല ഉപകരണങ്ങള്‍, രഥങ്ങള്‍, ആലേഖ്യങ്ങളുള്ള അസ്ഥികള്‍, കളിമണ്‍പാത്രങ്ങള്‍ എന്നിവയും നരമേധം, മൃഗബലി എന്നിവ നടത്തിയിട്ടുള്ളതിന്റെ ലക്ഷ്യങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. 1950-ല്‍ കൂടുതല്‍ വ്യാപകമായി ഇവിടെയും ഉത്തരചൈനയുടെ മറ്റുഭാഗങ്ങളിലും നടത്തപ്പെട്ട ഭൂഖനനങ്ങളുടെയും ഉപരിഗവേഷണങ്ങളുടെയും ഫലമായി ഷാങ്‌ വംശത്തിന്റെ സ്വാധീനതയുടെ വ്യാപ്‌തിയെയും ഷാങ്‌ വംശത്തിന്റെ ഉദ്‌ഭവവികാസങ്ങളെയും അവരുടെ പൂര്‍വികരും അവര്‍ക്കുമുമ്പുണ്ടായിരുന്ന വംശജരുമായി നിലനിന്നു പോന്നിരുന്ന ബന്ധങ്ങളെയുംകുറിച്ച്‌ വളരെയധികം വിവരങ്ങള്‍ ശേഖരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇവിടെ ഗവേഷണങ്ങളിലേര്‍പ്പെട്ടിട്ടുള്ള ചൈനക്കാരായ പുരാവസ്‌തു ശാസ്‌ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഷാങ്‌ കാലഘട്ടം നാഗരികതയുടെ ഒരു വികാസകാലമായിരുന്നു. "തൊഴില്‍ പരമായി ഓരോരോ തുറയില്‍ അങ്ങേയറ്റം വൈദഗ്‌ധ്യം' എന്ന ലക്ഷ്യത്തോടെ പ്രത്യേകപരിശീലനങ്ങള്‍ കൊടുത്തുവന്നിരുന്നുവെന്നതിന്റെ അടയാളമായിക്കാണാവുന്ന വന്‍കിടപണിപ്പുരകളും ദന്തം, ഈയം തുടങ്ങിയ ഇറക്കുമതി വിഭവങ്ങളുടെ ഉപയോഗത്തെ സൂചിപ്പിക്കുന്ന ലക്ഷ്യങ്ങളും മാത്രമല്ല, തൊഴിലുടമകളും അവരുടെ പണിയാളുകളും എന്ന വര്‍ഗവ്യത്യാസത്തെ കാണിക്കുന്ന ഒരുതരം അടിമത്തവും നിലവിലിരുന്നുവെന്നതിന്റെ തെളിവുകളും ഈ ഗവേഷകര്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്‌. ഷാങ്‌ വംശം ക്ഷയിച്ചതിനെ തുടര്‍ന്ന്‌ ചൗ കാലഘട്ടത്തിന്റെ രാജകീയ തലസ്ഥാനമായി ലോയാങ്‌ ഉയര്‍ന്നതോടെ ആന്‍ യാങിന്റെ പതനം ആരംഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍