This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഥൊസയാനിനുകള്‍, ആന്‍ഥൊക്സാന്‍ഥിനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ഥൊസയാനിനുകള്‍, ആന്‍ഥൊക്സാന്‍ഥിനുകള്‍

Anthocyanins,Anthoxanthins

സസ്യവര്‍ണകങ്ങള്‍. ഇലകള്‍, പൂക്കള്‍, കായ്കനികള്‍ എന്നിവയുടെ സഹജമായ പലതരം നിറങ്ങള്‍ക്കു നിദാനം ഈ രണ്ടു വിഭാഗം രാസവസ്തുക്കളാണ്. ചുവപ്പ്, നീല എന്നീ നിറങ്ങളും അവയുടെ മറ്റനേകം വകഭേദങ്ങളും അടങ്ങിയ മനോഹരങ്ങളായ വര്‍ണങ്ങള്‍ക്ക് ആന്‍ഥൊസയാനിന്‍ വിഭാഗത്തില്‍പ്പെട്ട വര്‍ണകങ്ങള്‍ (pigments) കാരണമാകുന്നു. രാസപരമായി ഇവയോടു ബന്ധപ്പെട്ടതും താരതമ്യേന വര്‍ണകശക്തി കുറഞ്ഞതും മഞ്ഞനിറത്തിനു കാരണവുമായ രണ്ടാമത്തെ വിഭാഗം രാസപദാര്‍ഥങ്ങളാണ് ആന്‍ഥൊക്സാന്‍ഥിനുകള്‍. ഈ രണ്ടു വിഭാഗത്തില്‍പ്പെട്ട വര്‍ണകങ്ങളും ജലലേയങ്ങളാകയാല്‍ ഇവ സസ്യകോശങ്ങളിലെ രസങ്ങളില്‍ അലിഞ്ഞുചേര്‍ന്ന് ചെടികളില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നു. ജലത്തില്‍ അലേയവും എണ്ണ, കൊഴുപ്പ്, ഈഥര്‍ എന്നിവയില്‍ ലേയവുമായ സസ്യവര്‍ണകങ്ങളെ പ്ലാസ്റ്റിഡ് വര്‍ണകങ്ങള്‍ എന്നാണു പറയാറുള്ളത്.

ശൈത്യത്തില്‍ സസ്യടിഷ്യൂക്കളിലെ പച്ചനിറത്തിനു നിദാനമായ ക്ളോറൊഫില്‍ എന്ന പദാര്‍ഥം രാസപരമായി വിഘടിച്ചുതുടങ്ങുമ്പോള്‍ ആന്‍ഥൊസയാനിന്‍ വര്‍ണകങ്ങള്‍കൊണ്ടുള്ള ഭംഗി കൂടുതല്‍ പ്രകടമാകുന്നു. തീവ്രമായ വെളിച്ചവും അന്തരീക്ഷത്തിലെ താഴ്ന്ന ഊഷ്മാവും ആന്‍ഥൊസയാനിന്‍ വര്‍ണങ്ങളെ തെളിഞ്ഞുകാണുന്നതിനു സഹായിക്കുന്നു. ചില പൂക്കളിലും ഇലകളിലും പ്രായമാകുമ്പോള്‍ ആന്‍ഥൊസയാനിന്‍ നഷ്ടപ്പെടുന്നുണ്ടെങ്കിലും മറ്റു ചിലതില്‍ ഇതിന്റെ മാത്രകള്‍ കൂടിവരുന്നതായിക്കാണാം.

അമ്ല ലായനിയിലും ക്ഷാരലായനിയിലും ഒരേ ആന്‍ഥൊസയാനിന്‍ വ്യത്യസ്ത വര്‍ണങ്ങള്‍ കാണിക്കുന്നു എന്നത് ഇവയെ സംബന്ധിച്ചിടത്തോളം വളരെ രസകരമായ ഒരു ഗുണവിശേഷമാണ്. ഉദാഹരണമായി ഒരേ ആന്‍ഥൊസയാനിന്‍ ആണ് കോണ്‍ പുഷ്പത്തില്‍ നീലവര്‍ണവും ചുവന്ന റോസാപുഷ്പത്തില്‍ ചുവപ്പുനിറവും ഡാലിയാപുഷ്പത്തില്‍ കടും ചുവപ്പുനിറവും പ്രകടമാക്കുന്നത്. സസ്യകോശങ്ങളിലെ രസത്തിന്റെ(juice) pH-ന് അനുഗുണമായാണ് ഈ വര്‍ണഭേദങ്ങള്‍ രൂപംകൊള്ളുന്നത്. ഊഷ്മാവ്, പ്രകാശം എന്നിവയും സസ്യാവയവങ്ങളില്‍ ചില പ്രത്യേക ഖനിജങ്ങളുടെ കുറവും ഇത്തരം നിറവ്യത്യാസങ്ങള്‍ക്കു കാരണമാണ്. ചില പുഷ്പങ്ങളില്‍ ഒന്നിലധികം ആന്‍ഥൊസയാനിന്‍ ഉണ്ടാകാം. പല പുഷ്പങ്ങളുടെയും വര്‍ണങ്ങള്‍ സസ്യകലകളിലുള്ള ആന്‍ഥൊസയാനിനുകളുടെയും പ്ളാസ്റ്റിഡ് വര്‍ണകങ്ങളുടെയും കൂട്ടായ സാന്നിധ്യംകൊണ്ടാണ്.

പുഷ്പങ്ങളിലെ വര്‍ണങ്ങള്‍ ജനിതകമായി പകര്‍ന്നു കിട്ടിയിട്ടുള്ളവയാണ്. ആന്‍ഥൊസയാനിനുകളുടെയും ആന്‍ഥൊക്സാന്‍ഥിനുകളുടെയും സാന്നിധ്യത്തെയും രാസഘടനയെയും നിയന്ത്രിക്കുന്നത് ജീനുകളാണ്.

വിവിധ ധാതുക്കളുടെ അപര്യാപ്തതമൂലമാണ് സാധാരണയായി സസ്യഭാഗങ്ങളിലെ വര്‍ണങ്ങള്‍ ശരിയായ വിധത്തില്‍ സവിശേഷത പ്രകടമാകാതെ വരുന്നത്. സസ്യങ്ങളില്‍ ഫോസ്ഫറസ്, പൊട്ടാസിയം, മഗ്നീഷ്യം, ബോറോണ്‍ എന്നിവയുടെ കുറവ് ഇപ്രകാരം കണ്ടുപിടിക്കാനാവും. ഉദാഹരണമായി ചില ധാന്യങ്ങളുടെ ചെടികളിലെ തണ്ടിനും ഇലയ്ക്കും ധൂമ്രവര്‍ണമുണ്ടാകുന്നത് ഫോസ്ഫറസിന്റെ കുറവുമൂലമാണ്. ഉരുളക്കിഴങ്ങ്, പരുത്തി, ക്യാബേജ്, ആപ്പിള്‍, ഓറഞ്ച് എന്നീ ചെടികളുടെ ഇലയില്‍ ധൂമ്രവര്‍ണമോ ചുവപ്പോ തവിട്ടുനിറമോ ഉണ്ടാവുന്നത് അവയില്‍ പൊട്ടാസിയത്തിന്റെ കുറവുകൊണ്ടാണെന്നു മനസ്സിലായിട്ടുണ്ട്. വര്‍ണകങ്ങളുടെ ഉത്പാദനത്തിന് ആവശ്യമായ സവിശേഷത ജനിതക-ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സസ്യങ്ങളില്‍ ധാതുക്കളുടെ അപര്യാപ്തതകൊണ്ട് ആന്‍ഥൊസയാനിന്‍ വലിയ തോതില്‍ ഉണ്ടാവുകയും അത് ഇത്തരം വര്‍ണവികാരങ്ങള്‍ക്കു കാരണമാവുകയും ചെയ്യും.

ഹാന്‍സ് മോളീഷ് എന്ന ശാസ്ത്രജ്ഞന്‍ 1905-ല്‍, സജീവസസ്യങ്ങളില്‍ ആന്‍ഥൊസയാനിന്‍ പരലുകളുടെ സാന്നിധ്യം വ്യക്തമാക്കുകയും ഈ വര്‍ണപ്പരലുകളെ ചെറിയ തോതില്‍ ലഘുവായ രീതിയില്‍ തയ്യാറാക്കിയെടുക്കാന്‍ സാധിക്കുമെന്നു തെളിയിക്കുകയും ചെയ്തു. 1913-ല്‍ വില്‍സ്റ്റാറ്ററും എവറസ്റ്റുംകൂടി നീലനിറത്തിലുള്ള കോണ്‍പുഷ്പങ്ങളിലെ വര്‍ണകങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളിലൂടെ സയാനിന്‍ (cyanin) എന്ന ഒരു ആന്‍ഥൊസയാനിന്‍ നീലനിറത്തിലുള്ള പൊട്ടാസിയം ലവണമായി സസ്യങ്ങളില്‍ ഉപസ്ഥിതി ചെയ്യുന്നതായി കണ്ടെത്തി. പുഷ്പദളങ്ങളില്‍ സയാനിന്റെ അളവ് വളരെ കുറവാകയാല്‍ (0.75 ശ.മാ.). അവയില്‍ നിന്ന് ഈ രാസവസ്തു വേര്‍തിരിച്ചെടുക്കുവാന്‍ വിഷമമാണ്. കടുംചുവപ്പുനിറമുള്ള ഡാലിയാപുഷ്പദളങ്ങളില്‍ ഇതിന്റെ ശതമാനം താരതമ്യേന കൂടുതലാണ് (20 ശ.മാ.).

രാസപരമായി ആന്‍ഥൊസയാനിനുകള്‍ ഗ്ലൈക്കൊസൈഡുകള്‍ (ഷുഗര്‍ + ഒരു ഓര്‍ഗാനിക് റാഡിക്കല്‍) ആണ്. ഷുഗര്‍വിമുക്തമായ ഭാഗത്തിന് ആന്‍ഥൊസയാനിഡിന്‍ എന്നാണ് പറയുന്നത്.

ആന്‍ഥൊസയാനിനുകളില്‍ സാമാന്യേന കണ്ടുവരുന്ന ഷുഗറുകളാണ് ഗ്ളൂക്കോസ്, ഗാലക്ടോസ്, റാംനോസ് (rhamnose) എന്നിവ. അധികവും 2 ഗ്ലൂക്കോസ് തന്‍മാത്രങ്ങളടങ്ങിയ ഡൈഗ്ലൂക്കോസൈഡുകളായിരിക്കും. ഉദാഹരണമായി സയാനിന്‍ എന്ന ആന്‍ഥൊസയാനിന്റെ ക്ലോറൈഡ്‍ലവണം ജലീയവിശ്ലേഷണ ത്തിനു വിധേയമാക്കിയാല്‍ സയാനിഡിന്‍ എന്ന ആന്‍ഥൊസയാനിഡിന്റെ ക്ലോറൈഡും 2 ഗ്ലൂക്കോസ് തന്‍മാത്രങ്ങളും ലഭിക്കുന്നു.

C27H31O16C l +2H2O → C15H11O6Cl + 2C6H12O6

മറ്റു പല ആന്‍ഥൊസയാനിനുകളും സയനിഡിന്റെതന്നെ വിവിധ വ്യുത്പന്നങ്ങള്‍ ആണ്. അവയില്‍ അടങ്ങിയിരിക്കുന്ന ഷുഗറുകളുടെ എണ്ണം, സ്വഭാവം, സയനിഡിനുമായി ബന്ധിച്ചിരിക്കുന്ന രീതി എന്നിവയെ ആശ്രയിച്ചാണ് ആന്‍ഥൊസയാനിനുകള്‍ക്ക് ഗുണവ്യത്യാസങ്ങള്‍ ഉണ്ടാവുന്നത്. സസ്യങ്ങളില്‍ അനേകം വര്‍ണങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ആന്‍ഥൊസയാനിഡിന്‍പോലുള്ള, ഷുഗര്‍-വിമുക്തമായ (aglicons) അടിസ്ഥാനപദാര്‍ഥങ്ങളുടെ എണ്ണം വളരെ പരിമിതമാണ്. സയനിഡിന്‍ (i), പെലാര്‍ഗോനിഡിന്‍ (ii), ഡെല്‍ഫിനിഡിന്‍ (iii) എന്നിങ്ങനെ മൂന്ന് അടിസ്ഥാന ആന്‍ഥൊസയാനിഡുകള്‍ അറിയപ്പെടുന്നുണ്ട്. ഇവയുടെ തന്‍മാത്രീയ-സംരചന ഒരേ രീതിയിലാണെന്നു താഴെ കാണുന്ന ചിത്രങ്ങളില്‍ നിന്നു മനസ്സിലാക്കാം.

ഇവ കൂടാതെ പിയൊനിഡിന്‍ (Peonidin, C6H13O6Cl), മാല്‍വിഡിന്‍ (Malvidin, C17H15O7Cl), ഹിര്‍സുറ്റിഡിന്‍ (Hirsutidin, C16H17O7Cl) എന്നീ ആന്‍ഥൊസയാനിഡിനുകളും ഉണ്ട്. ഈ പ്രസ്താവിച്ച ആറെണ്ണത്തിന്റെയും കാര്‍ബണ്‍-സ്കെലിട്ടണ്‍ ഒന്നുതന്നെയാണ്: പ്രതിസ്ഥാപിത ഗ്രൂപ്പുകളിലാണ് വ്യത്യാസമുള്ളത്. കേവലം പരിമിതമായ ചില അടിസ്ഥാനപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് സസ്യപ്രപഞ്ചത്തില്‍ ഇത്രമാത്രം വര്‍ണശാബള്യം കൈവരുത്താന്‍ കഴിയുമെന്നത് അദ്ഭുതകരമാണ്.

ആന്‍ഥൊക്സാന്‍ഥിനുകള്‍. സസ്യങ്ങളില്‍ ഉപസ്ഥിതമായ മഞ്ഞ വര്‍ണകങ്ങളാണ് ആന്‍ഥൊക്സാന്‍ഥിനുകള്‍ എന്ന് മുന്‍പു പ്രസ്താവിച്ചിട്ടുണ്ട്. ഇവ സസ്യങ്ങള്‍ക്ക് സ്പഷ്ടമായ (തെളിമയുള്ള) വര്‍ണങ്ങള്‍ പ്രദാനം ചെയ്യുന്നില്ലെങ്കിലും ആന്‍ഥൊസയാനിനുകളെ അപേക്ഷിച്ച് ഇവയുടെ അളവ് ഇലകളിലും പൂക്കളിലും വളരെ കൂടുതലാണ്. ക്വയര്‍സിട്രിന്‍ (Quercitrin, C21H20O11), ക്രൈസിന്‍ (chrysin, C15H10O4 ), എപിജെനിന്‍ (C15H10O5), ഗലാല്‍ജിന്‍ (C15H10O5), ലൂട്ടിയോലിന്‍ (C15H10O6), കേംപ്ഫെറോള്‍ (C15H10O6), മിറിസെറ്റിന്‍ (C15H10O8) എന്നിവ കൂടുതലായി അറിയപ്പെടുന്ന ചില ആന്‍ഥൊക്സാന്‍ഥിനുകള്‍ ആണ്. ഇവയുടെയെല്ലാം തന്‍മാത്രീയഘടന ഒരേ മാതൃകയിലുള്ളതും ഫ്ളേവോണ്‍ (C15H10O2) എന്ന പദാര്‍ഥത്തിന്റെ ഘടനയില്‍നിന്നു രൂപമെടുത്തിട്ടുള്ളതും ആണ്. ഫ്ളേവോണ്‍ തന്‍മാത്രകളിലെ ഹൈഡ്രജനെ-OH ഗ്രൂപ്പുകള്‍ കൊണ്ടോ ചിലപ്പോള്‍-OCH3 ഗ്രൂപ്പുകള്‍കൊണ്ടോ പ്രതിസ്ഥാപിച്ച് ചില-ഛഒ ഗ്രൂപ്പുകള്‍വഴി ഷുഗര്‍തന്‍മാത്രകള്‍ ചേര്‍ക്കുമ്പോള്‍ ആന്‍ഥൊക്സാന്‍ഥിനുകളുടെ തന്‍മാത്രകള്‍ ഉണ്ടാകുന്നു. ഫ്ളേവോണ്‍ തന്‍മാത്രയുടെ സംവിധാനം താഴെ കാണും പ്രകാരമാണ്:

ഇതില്‍ 2 എണ്ണം ബെന്‍സീന്‍ വലയങ്ങളും, ഓക്സിജന്‍ ഉള്‍ക്കൊള്ളുന്ന മൂന്നാമത്തേത് പൈറോണ്‍ വലയവും ആകുന്നു. പ്ളേവോണ്‍ സംരചനയില്‍ വിവിധ സ്ഥാനങ്ങള്‍ അക്കമിട്ടു കാണിച്ചിട്ടുണ്ട്. ചില ആന്‍ഥൊക്സാന്‍ഥിനുകളില്‍ -OH ഗ്രൂപ്പിന്റെ സ്ഥാനം താഴെ പറയും പ്രകാരമാണ്: ക്രൈസിന്‍ = 8, 6; എപ്പിജെനിന്‍ = 4', 8, 6; ലൂട്ടിയോലിന്‍ = 3', 4', 8, 6; ഗലാല്‍ജിന്‍ = 3, 5, 7 എന്നിങ്ങനെ. ഇവയും മറ്റനേകം ആന്‍ഥൊക്സാന്‍ഥിനുകളും ഉദ്ഗ്രഥിതങ്ങളായിട്ടുണ്ട്, അവയുടെ തന്‍മാത്രീയ സംരചന സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. 3 എന്ന സ്ഥാനത്ത് കാര്‍ബണ്‍ അണുവില്‍ -OH ഗ്രൂപ്പ് ഘടിപ്പിക്കുകയാണെങ്കില്‍ അതിന് വര്‍ണകവസ്തുവിന്റെ സ്വഭാവത്തില്‍ വലിയ സ്വാധീനമുണ്ടായിരിക്കും. ഇത്തരം പദാര്‍ഥങ്ങളെ ഫ്ളേവനോള്‍ എന്നു വിളിക്കുന്നു. ഇവയ്ക്ക് താരതമ്യേന വര്‍ണകശക്തി കൂടുതലാണ്. 3 അല്ലെങ്കില്‍ 7 എന്നു കാണിച്ചിരിക്കുന്ന സ്ഥാനങ്ങളില്‍ ഓക്സിജന്‍ വഴിയായിരിക്കും ഷുഗര്‍ തന്‍മാത്രകളെ ഘടിപ്പിക്കുന്നത്. ഈ അടിസ്ഥാനത്തില്‍ ക്വയര്‍സെറ്റിന്‍ (quercetin) എന്ന ആന്‍ഥൊക്സാന്‍ഥിന്റെ സംരചന ചിത്രത്തില്‍ കൊടുത്തിരിക്കുന്നു.

ആന്‍ഥൊക്സാന്‍ഥിനുകളും ആന്‍ഥൊസയാനിനുകളെപ്പോലെ ഗ്ലൈക്കൊസൈഡുകള്‍ ആണ്. ഗ്ലൂക്കോസ്, റാംനോസ് എന്നിവയാണ് ആന്‍ഥൊക്സാന്‍ഥിനുകളില്‍ പ്രായേണ കാണപ്പെടുന്ന ഷുഗറുകള്‍.

ഫ്ളേവോണുകളുടെയും ഫ്ളേവനോളുകളുടെയും സംരചനയ്ക്ക് ആന്‍ഥൊസയാനിനുകളുടേതുമായി താരതമ്യപ്പെടുത്തിയാല്‍ വളരെ സാദൃശ്യം കാണാം. ഉദാ. സയാനിഡിന്‍ ക്ലോറൈഡില്‍ (C15H11O6Cl), ലൂട്ടിയോലിനില്‍ (C15H10O6) ഉള്ളതിനെക്കാള്‍ ഒരു ഹൈഡ്രജനും ഒരു ക്ലോറിനും കൂടുതലായുണ്ട്. ഇവയുടെ രാസപ്രവര്‍ത്തനങ്ങള്‍ സമാനങ്ങളാണ്. ചൂടായ നേര്‍ത്ത ക്ഷാരങ്ങളുമായി പ്രവര്‍ത്തിച്ച് ഇവ രണ്ടും ഒരേ ഉത്പന്നങ്ങള്‍ നല്കുന്നു. രാസപ്രവര്‍ത്തനങ്ങളില്‍ ബെന്‍സീന്‍ വലയത്തിനു കേടു പറ്റുന്നില്ല. ആകയാല്‍ രണ്ടും തമ്മിലുള്ള വ്യത്യാസം അവയിലെ പൈറോണ്‍ വലയങ്ങളിലുള്ള വ്യത്യാസമാണ്. ഏതായാലും ഈ രണ്ടിനം സസ്യവര്‍ണകങ്ങള്‍ക്കും തമ്മില്‍ നികടബന്ധം ഉള്ളതായിക്കാണുന്നതുകൊണ്ടും ആന്‍ഥൊക്സാഥിന്‍ ആന്‍ഥൊസയാനിനെ അപേക്ഷിച്ച് വളരെയധികം സസ്യപ്രപഞ്ചത്തില്‍ കാണുന്നതുകൊണ്ടും ഏതോ ഒരു ലളിത പ്രക്രിയയിലൂടെ ആന്‍ഥൊക്സാന്‍ഥിനുകളില്‍നിന്ന് ആന്‍ഥൊസയാനിനുകളെ പ്രകൃതി രൂപപ്പെടുത്തിവിടുന്നുണ്ടെന്ന് ഊഹിക്കാം.

സസ്യങ്ങളിലെ നിറമില്ലാത്ത ഒരു അവശ്യഘടകമാണ് കാറ്റിക്കിന്‍. ആന്‍ഥൊക്സാന്‍ഥിനുകള്‍ക്കും ആന്‍ഥൊസയാനിനുകള്‍ക്കും കാറ്റിക്കിനുകളോടു ബന്ധമുണ്ട്. ഉദാഹരണമായി സയാനിഡിന്‍ ഉത്പ്രേരക സാന്നിധ്യത്തില്‍ ഹൈഡ്രജനുമായി ചേരുമ്പോള്‍ പ്രകൃതിയില്‍ കാണാറുള്ള കാറ്റിക്കിനുകള്‍ ലഭിക്കുന്നു:

ഒരുപക്ഷേ ആന്‍ഥൊസയാനിനുകളുടെയും ആന്‍ഥൊക്സാന്‍ഥിനുകളുടെയും ഉത്പത്തിചരിത്രത്തില്‍ കാറ്റിക്കിനുകള്‍ക്ക് മര്‍മപ്രധാനമായ പങ്ക് ഉണ്ടായിക്കൂടെന്നില്ല. സസ്യവര്‍ണകങ്ങളുടെ ഉത്പത്തിയെക്കുറിച്ചും അവയ്ക്കു സസ്യലോകത്ത് നിഷ്കൃഷ്ടമായി അനുഷ്ഠിക്കേണ്ടുന്ന ധര്‍മങ്ങളെക്കുറിച്ചും ഇന്നും പഠനങ്ങള്‍ നടന്നുവരുന്നുണ്ട്.

(ഡോ. കെ. മാധവന്‍കുട്ടി മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍