This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡേഴ്സന്‍, ഷെര്‍വുഡ് (1876 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ഡേഴ്സന്‍, ഷെര്‍വുഡ് (1876 - 1941)

Anderson,Sherwood

അമേരിക്കന്‍ സാഹിത്യകാരന്‍. ഒഹയോയിലെ കാംഡെനില്‍ 1876 സെപ്. 13-നു ജനിച്ചു. തന്റെ മൂന്നാമത്തെ കൃതിയായ വിന്‍സ്ബര്‍ഗ് ഒഹയോ (Winesburg Ohio, 1919) യിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നത്. വസ്തുനിഷ്ഠമായ പ്രമേയങ്ങളെ ആന്‍ഡേഴ്സന്‍ വിഗണിച്ചു. ചെറിയ പട്ടണത്തില്‍ ജീവിക്കുന്ന മനുഷ്യരെ, അവരുടെ അന്തരാത്മാവിലേക്കു കടന്ന് അപഗ്രഥിച്ച് ആവിഷ്കരിച്ചിട്ടുള്ള ചെറുകഥകളുടെ സമാഹാരമാണ് പ്രസ്തുത കൃതി.

ഷെര്‍വുഡ് ആന്‍ഡേഴ് സന്‍

ഭാര്യയായ ടെനിസി മിച്ചലിനെ 1924-ല്‍ ആന്‍ഡേഴ്സന്‍ ഉപേക്ഷിച്ചു; അതേ വര്‍ഷംതന്നെ എലിസബത്ത് പ്രാലിനെ വിവാഹം ചെയ്തു. ഒഹയോയിലെ ഒരു പെയിന്റ് ഫാക്ടറിയുടെ മാനേജരായിരുന്ന ആന്‍ഡേഴ്സന്‍ ജോലിയും വീടും വിട്ട് ഷിക്കോഗോയില്‍ കുടിയേറിപ്പാര്‍ക്കുകയും നിരന്തരമായ സാഹിത്യരചനയില്‍ ഏര്‍​പ്പെടുകയും ചെയ്തു. തുടര്‍ന്ന് മൂന്നു കഥാസമാഹാരങ്ങള്‍കൂടി (ദ് ട്രയംഫ് ഒഫ് ദി എഗ്, 1921; ഹോഴ്സസ് ആന്‍ഡ് മെന്‍, 1923; ഡെത് ഇന്‍ ദ് വുഡ്സ്, 1933) ഇദ്ദേഹം പ്രസിദ്ധീകരിച്ചു. സമകാലികജീവിതത്തിന്റെ ഉത്കണ്ഠയും അസ്വാസ്ഥ്യവുമാണ് ഈ കൃതികളിലെ മുഖ്യപ്രമേയം. ഇതേ വിഷയത്തെ ആധാരമാക്കി ഏതാനും നോവലുകളും (വിന്‍ഡി മക് പേഴ്സന്‍സ് സണ്‍, 1916; മാര്‍ച്ചിങ് മെന്‍, 1917; മെനി മാര്യേജസ്, 1923; ബിയോണ്‍ഡ് ഡിസയര്‍, 1923) ഇദ്ദേഹം രചിച്ചിട്ടുണ്ട്. വ്യവസായവത്കരണം ചെറിയ പട്ടണത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഒരു നോവലിലൂടെ പുവര്‍ വൈറ്റ് (Poor White, 1920) ആന്‍ഡേഴ്സന്‍ ചിത്രീകരിച്ചു. ആഫ്രോ അമേരിക്കക്കാരുടെ സ്ഥൈര്യത്തെയും വെള്ളക്കാരുടെ അന്തസ്സാരവിഹീനതയെയും താരതമ്യപ്പെടുത്താന്‍ നോവല്‍ ശില്പം (ഡാര്‍ക് ലാഫ്റ്റര്‍, 1925) ഇദ്ദേഹം ഉപയോഗിച്ചു. 1924-ല്‍ പ്രസിദ്ധീകൃതമായ ആത്മകഥ (എ സ്റ്റോറി റ്റെല്ലേഴ്സ് സ്റ്റോറി) വസ്തുതയും കല്പനയും കൂട്ടിക്കലര്‍ത്തി രചിച്ചിട്ടുള്ളതാണ്. കുറിപ്പുകളും മറ്റുമായി ചില ഗ്രന്ഥങ്ങള്‍കൂടി (ദ് മോഡേണ്‍ റൈറ്റര്‍, 1925; എസ്.ഏസ് നോട്ട് ബുക്ക്, 1926; ടാര്‍: എ മിഡ്വെസ്റ്റ് ചൈല്‍ഡ്ഹുഡ്, 1926; നിയറര്‍ ദ് ഗ്രാസ് റൂട്ട്സ്, 1929; ഹോം ടൗണ്‍, 1940; എസ്.ഏസ് മെമ്വാര്‍സ്, 1940) ഇദ്ദേഹം രചിച്ചിട്ടുണ്ട്. അവസാനകാലം റിപ്പബ്ലിക്കന്‍ കക്ഷിയുടെയും ഡെമോക്രാറ്റിക്കക്ഷിയുടെയും ഓരോ വാരിക പ്രസാധനം ചെയ്തുകൊണ്ട് ഇദ്ദേഹം വെര്‍ജീനിയയില്‍ താമസമുറപ്പിച്ചു.

പനാമയിലെ കോളനിയില്‍ 1941 മാ. 8-ന് ആന്‍ഡേഴ്സന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍