This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ജിയോപ്ലാസ്റ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ജിയോപ്ലാസ്റ്റി

ആന്‍ജിയോപ്ലാസ്റ്റി

Angioplasty

രക്തധമനി വാര്‍​ത്തെടുക്കല്‍. (ആന്‍ജിയോ-രക്തധമനി; പ്ലാസ്റ്റി = വാര്‍ത്തെടുക്കല്‍) ശരീരത്തിന്റെ എല്ലാഭാഗങ്ങളിലെയും രക്തക്കുഴലുകളുടെ ചിത്രം എടുക്കുന്ന പരിശോധനയാണ് ആന്‍ജിയോ ഗ്രാം. ഈ പരിശോധന വഴി രക്തക്കുഴലുകളുടെ ഘടനയെപ്പറ്റിയും രക്തചംക്രമണത്തെപറ്റിയും പഠിക്കുവാന്‍ സാധിക്കും. പല അസുഖങ്ങള്‍കൊണ്ടും രക്തക്കുഴലുകള്‍ക്ക് അടവുണ്ടാവുകയും രക്ത ഓട്ടത്തിനു തടസ്സമുണ്ടാവുകയും ചെയ്യാം. രക്തക്കുഴലുകള്‍ക്കു നീര്‍വീഴ്ച ഉണ്ടാവുക, രക്തക്കുഴലുകളുടെ ഉള്ളില്‍ കൊഴുപ്പു വന്നടിയുക; രക്തം കട്ടിപിടിച്ച് കുഴലുകള്‍ അടഞ്ഞു പോവുക; ഹൃദയത്തില്‍നിന്നോ, മറ്റുഭാഗങ്ങളില്‍ നിന്നോ കട്ടിയായ രക്തം ഇളകി വന്ന് കുഴലുകള്‍ അടഞ്ഞുപോവുക തുടങ്ങിയ പല അസുഖങ്ങളും കണ്ടുവരാറുണ്ട്. പലപ്പോഴും ഇത് പെട്ടെന്നുള്ള അപകടവും ഉണ്ടാക്കാം. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ ഇങ്ങനെയാണ് ഉണ്ടാകുന്നത്. 1964-ല്‍ അമേരിക്കന്‍ ഡോക്ടര്‍മാരായ ഡോട്ടര്‍, ജഡ്കിന്‍സ് എന്നിവര്‍ പലതരത്തിലുള്ള കുഴലുകള്‍ രക്തധമനിയില്‍ കടത്തി അതിലെ അടവുകള്‍ നീക്കാന്‍ ശ്രമിച്ചു. പക്ഷേ സ്വിറ്റ്സര്‍ലന്‍ഡുകാരനായ ഗ്രണ്‍ട്സിഗ് എന്ന റേഡിയോളജിസ്റ്റാണ് 1947-ല്‍ സൂറിച്ചിലെ അദ്ദേഹത്തിന്റെ പരീക്ഷണശാലയില്‍ വച്ച് അറ്റത്ത് ബലൂണ്‍ ഘടിപ്പിച്ച കുഴല്‍ കടത്തി രക്തക്കുഴലിലെ അടവ് മാറ്റിയത്. കാലിലെ രക്തക്കുഴല്‍ വഴി ശരീരത്തിന്റെ നാനാഭാഗങ്ങളിലും കടത്താവുന്ന നീണ്ട പ്ലാസ്റ്റിക് കുഴലുകളാണ് കത്തീറ്ററുകള്‍. ഈ പ്ലാസ്റ്റിക്ക് കുഴലിലെ ദ്വാരം വഴി രക്തക്കുഴലില്‍നിന്ന് രക്തം വലിച്ചെടുക്കുകയോ, രക്തത്തിലേക്ക് മരുന്നുകള്‍ കടത്തിവിടുകയോ ചെയ്യാം. പ്ലാസ്റ്റിക് കുഴലിന്റെ അറ്റത്ത് ഒരു ചെറിയ ബലൂണ്‍ ഘടിപ്പിച്ചാല്‍ അത് ആവശ്യമുള്ളപ്പോള്‍ വികസിപ്പിക്കുകയും വീണ്ടും ചെറുതാക്കുകയും ചെയ്യാം. ഇതാണ് ആന്‍ജിയോ പ്ലാസ്റ്റി കത്തീറ്ററുകള്‍.

ആന്‍ജിയോഗ്രാം ചെയ്ത് രക്ത ധമനിയില്‍ എവിടെയാണ് അടവ് എന്ന് ആദ്യം കണ്ടുപിടിക്കുന്നു. ഇത് പക്ഷാഘാതം ഉള്ളവര്‍ക്കു തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന കഴുത്തിലെ കരോട്ടിഡ് ധമനികളിലാകാം; ഹൃദയഘാതമുള്ളവര്‍ക്ക് ഹൃദയപേശികള്‍ക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിലാകാം; വൃക്കസംബന്ധമായ അസുഖവും അതിയായ രക്തസമ്മര്‍ദവുമുള്ളവര്‍ക്ക് ഇത് വൃക്കധമനികളിലാകാം; അതുപോലെതന്നെ കാലുകളിലേക്കോ, കുടലിലേക്കോ, മറ്റേതു അവയവത്തിലേക്കോ പോകുന്ന ധമനികളിലായിരിക്കാം. ഇവിടങ്ങളിലെല്ലാം കത്തീറ്റര്‍ കടത്തി അന്‍ജിയോഗ്രാം എടുക്കാമെന്നുള്ളതുപോലെതന്നെ ആന്‍ജിയോപ്ലാസ്റ്റി കത്തീറ്ററുകളും എത്തിയ്ക്കാം. അറ്റത്തു ചുരുക്കിയ ബലൂണ്‍ ഘടിപ്പിച്ച ആന്‍ജിയോ പ്ലാസ്റ്റി കത്തീറ്റര്‍ സാവധാനം, വളരെ സൂക്ഷിച്ച് രക്തക്കുഴലിലെ അടവില്‍ കൂടി കടത്തിവിടുന്നു, ഈ പ്രക്രിയ അങ്ങേയറ്റം സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു കാര്യമാണ്. ഇന്നത്തെ പ്രത്യേക എക്സ്റേ യന്ത്രങ്ങള്‍ ഉപയോഗിച്ച് പരിശീലനം ലഭിച്ച ഒരു ഡോക്ടര്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. അടവുള്ള ഭാഗത്ത് ബലൂണ്‍ കടത്തിവച്ചിട്ട് കത്തീറ്റര്‍ വഴി ഈ ബലൂണിനെ അതിസമ്മര്‍ദം ഉപയോഗിച്ച് വികസിപ്പിക്കുക. അതീവ സമ്മര്‍ദത്തില്‍ ബലൂണ്‍ വികസിപ്പിക്കുമ്പോള്‍ ധമനി അടയാന്‍ ഇടയാക്കിയ കൊഴുപ്പോ, മറ്റു മറുകുകളോ മാത്രമല്ല ചുരുങ്ങിപ്പോയ ധമനിയുടെ ഭാഗങ്ങള്‍ തന്നെയും വികസിക്കുന്നു. ഇതാണ് ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി. അതീവ സമ്മര്‍ദത്തില്‍ ബലൂണ്‍ വികസിപ്പിച്ച് ധമനി തുറക്കുന്നതുകൊണ്ട് അതിന്റെ ആന്തരികവലയം ചിലപ്പോള്‍ കുറച്ചൊക്കെ പൊട്ടി എന്നു വരാം. ഈ അപകടം തരണം ചെയ്യുന്നതിനാണ് ഇന്ന് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് അതേ കത്തീറ്റര്‍ വഴി ലോഹം കൊണ്ടുണ്ടാക്കിയ സ്റ്റെന്റ് (stent) അഥവാ സ്പ്രിങ് പോലെയുള്ള ഒരു ഉപകരണം വികസിപ്പിച്ച് ധമനിക്കുള്ളില്‍ സ്ഥാപിക്കുന്നത്. വികസിപ്പിച്ച ധമനി വീണ്ടും അടയാതിരിക്കാന്‍ ഇതു സഹായിക്കുന്നു. ആധുനിക സ്റ്റെന്റുകള്‍ നിക്ഷേപിച്ചാല്‍ അതില്‍ അടങ്ങിയിരിക്കുന്ന ചില മരുന്നുകള്‍ ധമനിയുടെ ഭിത്തിയില്‍ നിന്നും കോശങ്ങള്‍ വളര്‍ന്ന് ധമനി വീണ്ടും അടഞ്ഞുപോകാതെ സൂക്ഷിക്കും.

പരിശീലനം ലഭിച്ച ഒരു ഡോക്ടര്‍ക്ക് ഈ ചികിത്സ ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് ചെയ്തുതീര്‍ക്കാന്‍ സാധിക്കും. രക്തചംക്രമണം ഉടന്‍തന്നെ പുനഃസ്ഥാപിക്കുന്നതിനാല്‍ ധമനിയില്‍ നിന്നും രക്തം സ്വീകരിക്കുന്ന അവയവം, ഹൃദയമോ, തലച്ചോറോ, വൃക്കകളോ എന്തുതന്നെയായാലും ഉടന്‍തന്നെ സാധാരണ നിലയിലേക്കു തിരിച്ചു വരുകയും ചെയ്യും.

കാലിലെ ധമനികള്‍ വഴിയാണ് മിക്കവരിലും ഈ കത്തീറ്ററുകള്‍ കടത്തുന്നത്. പക്ഷേ പലരിലും കൈയിലെ ധമനികള്‍ വഴിയും ഈ ചികിത്സ നടത്താവുന്നതാണ്. വളരെ ഫലപ്രദമായ ചികിത്സാരീതിയാണെങ്കിലും പത്തുശതമാനത്തില്‍ താഴെ ആളുകള്‍ക്ക് ഇത് ഫലപ്രദമാകാറില്ല. ഇത്തരം രോഗികള്‍ക്കു ഇതരചികിത്സാരീതികള്‍ അവലംബിക്കേണ്ടിവരും. രക്തസ്രാവം, വികസിപ്പിച്ച ധമനിയും സ്റ്റെന്റും അടഞ്ഞു പോകല്‍ തുടങ്ങി പല അപകടങ്ങളും ചുരുക്കമായിട്ടെങ്കിലും ഉണ്ടാകാം. ഇങ്ങിനെയുണ്ടാകുന്ന പക്ഷം വീണ്ടും ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടതായി വന്നേക്കാം. ശരിയായ മുന്‍കരുതലുകള്‍ പ്രധാനമാണ്. ഈ ചികിത്സയ്ക്കുവേണ്ടി രോഗിയെ തിരഞ്ഞെടുക്കല്‍, ചികിത്സ കഴിഞ്ഞ് അടുത്ത ഒന്നുരണ്ടു ദിവസം രോഗിയെ നിരീക്ഷിക്കല്‍, ധമനികളില്‍ വീണ്ടും രക്തം കട്ടിപിടിക്കാതെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക മരുന്നുകള്‍ ശരിയായ അളവില്‍ കൃത്യമായി രോഗിക്ക് കൊടുക്കല്‍ എന്നീ മാര്‍ഗങ്ങള്‍കൊണ്ട് ആന്‍ജിയോപ്ലാസ്റ്റി ഇന്ന് മറ്റേതു ശസ്ത്രക്രിയയെക്കാളും രോഗികള്‍ക്കു സ്വീകാര്യമായ ഒരു ചികിത്സാ മാര്‍ഗമായിത്തീര്‍ന്നിരിക്കുന്നു.

(ഡോ. വിജയരാഘവന്‍; ഡോ. സി. രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍