This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിഹിസ്റ്റമീനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിഹിസ്റ്റമീനുകള്‍

Antihistamines

ശരീരത്തില്‍ ഹിസ്റ്റമീന്‍ എന്ന രാസവസ്‌തുവിന്റെ പ്രഭാവത്തെ തടയുന്നതിനോ കുറയ്‌ക്കുന്നതിനോ പ്രയോഗിക്കപ്പെടുന്ന ഔഷധങ്ങള്‍. ഹിസ്റ്റിഡിന്‍ എന്ന അവശ്യ അമിനൊ അമ്ലത്തില്‍നിന്ന്‌ ഡീകാര്‍ബോക്‌സിലേസ്‌ എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനംമൂലം കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ നഷ്‌ടപ്പെട്ടതിനുശേഷം ഉണ്ടാകുന്ന ഒരു യൗഗികമാണ്‌ ഹിസ്റ്റമീന്‍. ഇത്‌ ശരീരത്തിലെ (മൃഗങ്ങളുടെയും സസ്യങ്ങളുടെയും) എല്ലാ കലകളിലും കാണപ്പെടുന്നുണ്ട്‌. സാധാരണനിലയില്‍ ഇതുകൊണ്ട്‌ ദോഷമൊന്നുമില്ലെങ്കിലും ഏതെങ്കിലും രീതിയില്‍ ഇതിന്റെ അളവ്‌ ശരീരത്തില്‍ വര്‍ധിക്കുന്ന പക്ഷം അലര്‍ജിയോ ഒറ്റച്ചെന്നികുത്ത്‌ എന്ന പേരിലറിയപ്പെടുന്ന തലവേദനയോ അനുഭവപ്പെടും. ഹിസ്റ്റമിനേസ്‌ എന്ന ഒരു എന്‍സൈം പ്രവര്‍ത്തിച്ച്‌ ഹിസ്റ്റമീനെ നശിപ്പിക്കുമെങ്കിലും ചിലപ്പോള്‍ അതുകൊണ്ടുമാത്രം വൈഷമ്യം പരിഹരിക്കപ്പെടുകയില്ല. ആ സന്ദര്‍ഭങ്ങളിലാണ്‌ ആന്റിഹിസ്റ്റമീന്‍-മരുന്നുകള്‍ പ്രയോഗിക്കേണ്ടിവരുന്നത്‌. അര്‍ട്ടിക്കേരിയ (കൊടുത്തൂവയുടെ ഇലകള്‍ ശരീരത്തില്‍ മുട്ടിയാല്‍ ഉണ്ടാകുന്ന തിണര്‍പ്പ്‌), ഹേഫീവര്‍ (കച്ചിപ്പനി), ആസ്‌ത്‌മാ, സ്റ്റ്രെപ്‌ടൊമൈസിന്‍, പെനിസിലിന്‍, ആസ്‌പിരിന്‍, സള്‍ഫാ മരുന്നുകള്‍ മുതലായവ സേവിച്ചതുമൂലം തൊലിയിലും ശ്ലേഷ്‌മസ്‌തരങ്ങളിലും പ്രത്യക്ഷപ്പെടുന്ന അലര്‍ജികാവസ്ഥ-ഇവയെല്ലാം ആന്റിഹിസ്റ്റമീന്‍ ഔഷധങ്ങള്‍ പ്രയോഗിക്കേണ്ട അവസരങ്ങളാണ്‌.

അലര്‍ജിയുടെ ചികിത്സാചരിത്രത്തില്‍ ഹിസ്റ്റമീന്‍ ഉദാസീനീകരിക്കുന്നതിനുള്ള യത്‌നമാണ്‌ ആദ്യമായി നടന്നിട്ടുള്ളത്‌. ശരീരത്തിലെ ഹിസ്റ്റമീന്‍ വിരോധിയായ ഹിസ്റ്റമിനേസ്‌ തുടങ്ങിയ പദാര്‍ഥങ്ങളാണ്‌ അന്ന്‌ പ്രയോഗിക്കപ്പെട്ടിരുന്നത്‌. പിന്നീട്‌ ഹിസ്റ്റമിനേസിനോട്‌ സാദൃശ്യമുള്ള "ടോറാന്റില്‍' (Torantil) കണ്ടുപിടിച്ച്‌ ചികിത്സാരംഗത്ത്‌ അവതരിപ്പിച്ചു. അതു ഫലപ്രദമല്ലെന്നു കണ്ടപ്പോള്‍ ശരീരത്തില്‍ ഹിസ്റ്റമീന്‍ തന്നെ (പ്രോട്ടീനോടു ചേര്‍ത്ത്‌) കുത്തിവച്ച്‌ അതിനെതിരായ ആന്റിബോഡികള്‍ ഉത്‌പാദിപ്പിക്കുവാന്‍ ശ്രമിച്ചു. അതും നിഷ്‌ഫലമെന്നു കണ്ടപ്പോള്‍ ശരീരകോശങ്ങളുടെ ഹിസ്റ്റമീന്‍-പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ചില പരിപാടികള്‍ ശാസ്‌ത്രജ്ഞന്മാര്‍ ആവിഷ്‌കരിച്ചു. അങ്ങനെ പരാജയങ്ങള്‍ പലതും സംഭവിച്ചതിനുശേഷം 1933-ല്‍ ആണ്‌ അലര്‍ജി-ചികിത്സയില്‍ ആന്റിഹിസ്റ്റമീനുകള്‍ രംഗപ്രവേശം ചെയ്‌തത്‌. ഇന്നു വിപണിയില്‍ നൂറിലധികം ഔഷധങ്ങള്‍ പ്രചാരത്തിലുണ്ട്‌. ഓരോ പുതിയ മരുന്നും പുറത്തുവരുമ്പോള്‍ മുമ്പുവന്നവയെക്കാള്‍ മേന്മ അവകാശപ്പെടാറുണ്ടെങ്കിലും ആന്റിഹിസ്റ്റമീനുകളില്‍ ഒന്നു മറ്റൊന്നിനു മീതെയാണെന്ന്‌ അനുഭവംകൊണ്ടു തെളിയിക്കപ്പെട്ടിട്ടില്ല. ബേസിക്‌ അമീനുകളുടെ അമ്ല ലവണങ്ങളാണ്‌ ഈ ഔഷധങ്ങള്‍ എല്ലാം. ജലലേയങ്ങളായ ഇവ വായിലൂടെ കഴിക്കാം. പക്ഷേ, ഫലം താമസിയാതെ ഉണ്ടാകുവാന്‍ ഇന്‍ജക്ഷനാണു ഭേദം.

മിക്ക ആന്റിഹിസ്റ്റമീന്‍ പദാര്‍ഥങ്ങളും അഡ്രിനലിന്‍ (ഹോര്‍മോണ്‍), അസെറ്റെല്‍ കൊളീന്‍ എന്നിവയ്‌ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ്‌. മിക്കതിനും സ്ഥാനീയനിശ്ചേതകമായി (local anaesthetic) പെരുമാറുവാന്‍ കഴിവുണ്ട്‌; കേന്ദ്രനാഡീവ്യൂഹപ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നതിനും കഴിവുണ്ട്‌. ചിലതിന്‌ മൂക്കൊലിപ്പ്‌ ശോഷിപ്പിക്കുവാന്‍ ശേഷിയുള്ളതുകൊണ്ട്‌ അവ ജലദോഷശമനത്തിനും ഉപയോഗിക്കപ്പെടുന്നു. ആന്റിഹിസ്റ്റമീന്‍ മരുന്നുകള്‍ അധിക ഡോസില്‍ കഴിച്ചാല്‍ ബോധക്ഷയം, വിരസത, ചെറുതരം മനോവൈഷമ്യങ്ങള്‍ എന്നിവ അനുഭവിക്കുവാനും ശ്വാസോച്ഛ്വാസം സ്‌തംഭിക്കുവാനും മരിക്കുവാനും ഇടയാകും. ആകയാല്‍ വിഷാലുത്വം ഉള്ള ഈ പദാര്‍ഥങ്ങള്‍ ജാഗ്രതയോടെ മാത്രമേ കഴിക്കാവൂ. ചില ആന്റിഹിസ്റ്റമീനുകള്‍ അലര്‍ജിക്കുപോലും കാരണമായിത്തീരാറുണ്ട്‌ എന്ന വസ്‌തുതയും ഇവിടെ സ്‌മരണീയമാണ്‌.

പ്രധാനപ്പെട്ട ചില ആന്റിഹിസ്റ്റമീനുകളുടെ പേരും സംരചനയും, അവ ഏതമ്ലത്തിന്റെ ലവണമായിട്ടാണ്‌ കൊടുക്കുന്നത്‌ എന്ന വിവരവും അടങ്ങിയ ഒരു പട്ടിക താഴെകൊടുക്കുന്നുണ്ട്‌. ആന്റിഹിസ്റ്റമീനുകള്‍ ശരീരത്തില്‍ അലര്‍ജികാവസ്ഥകളില്‍ ഹിസ്റ്റമീന്‍യൗഗികത്തെ രാസപരമായി ഉദാസീനീകരിക്കുകയോ അതിന്റെ ഉത്‌പാദനത്തെ തടയുകയോ ചെയ്യുന്നതായി കാണുന്നില്ല. ഹിസ്റ്റമിനേസ്‌ എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതുമില്ല. ഹിസ്റ്റമീന്റെ ആക്രമണത്തില്‍നിന്ന്‌ കോശങ്ങളെ തടഞ്ഞുകൊണ്ടാണ്‌ ഈ ഔഷധങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ രാസവസ്‌തുക്കള്‍ ശരീരത്തിനകത്ത്‌ മൂന്നു നാലു മണിക്കൂറിലധികം നില്‌ക്കുകയില്ല; കരള്‍, ശ്വാസകോശം എന്നീ സ്ഥാനങ്ങളില്‍ വിഘടിച്ച്‌ യഥാവിധി വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍