This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിബോഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിബോഡി

Antibody

വിഷവസ്‌തുക്കളെ പ്രതിരോധിക്കാന്‍ രക്തത്തില്‍ സൃഷ്‌ടിക്കപ്പെടുന്ന വസ്‌തു. ശരീരത്തിന്‌ പ്രകൃതിദത്തമായി ലഭിച്ചിട്ടുള്ള പ്രതിരോധശക്തിയുടെ ഭാഗമാണ്‌ ആന്റിബോഡികള്‍. ഇവ വിനാശകാരികളായ ബാക്‌റ്റീരിയയെ നശിപ്പിക്കുന്നു എന്നു മാത്രമല്ല, രോഗാണുക്കള്‍ രക്തത്തില്‍ ഉണ്ടാക്കുന്ന വിഷാംശങ്ങള്‍ക്കെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ക്രമേണ ആ വിഷാംശങ്ങളും പ്രവർത്തന രഹിതമായിത്തീരുന്നു.

പുറത്തുനിന്ന്‌ ഒരു "പ്രോട്ടീന്‍' എങ്ങനെയെങ്കിലും ഉള്ളില്‍ കടന്നു കഴിയുമ്പോള്‍ അതിനോടുള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനഫലമായാണ്‌ സാധാരണനിലയില്‍ ഒരു ആന്റിബോഡി ഉണ്ടാകുന്നത്‌. ബാക്‌റ്റീരിയ, അലർജിഹേതുകങ്ങള്‍, മറ്റൊരാളില്‍നിന്നും മാറ്റിവയ്‌ക്കപ്പെട്ട അവയവം (transplanted organ) തുടങ്ങി പലതും ശരീരത്തിന്റെ ഇപ്രകാരമുള്ള പ്രതിപ്രവർത്തനങ്ങള്‍ക്കു കാരണമാകുന്നുണ്ട്‌. ചിലതരം ആന്റിബോഡികള്‍ ജീവിതകാലം മുഴുവന്‍ രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ ചില പ്രത്യേക രോഗങ്ങള്‍ക്കെതിരായി ആയുഷ്‌കാല പ്രതിരോധശക്തി കൈവരുന്നു. അഞ്ചാംപനി(measles) , മുണ്ടിനീര്‌ (mumps) എന്നീ രോഗങ്ങള്‍ ഒരിക്കല്‍ മാത്രമേ മിക്ക ആളുകള്‍ക്കും പിടിപെടാറുള്ളു എന്നത്‌ ഇക്കാരണം കൊണ്ടാണ്‌. ഒരു പ്രത്യേക രോഗത്തിനെതിരായുള്ള ആന്റിബോഡിയുടെ നിർമാണത്തെ കൃത്രിമമായി പ്രചോദിപ്പിക്കുകയാണ്‌ മിക്കവാറും വാക്‌സിനുകള്‍കൊണ്ട്‌ സാധിക്കുന്നത്‌. രക്തത്തിലുള്ള ലിംഫോസൈറ്റുകളും പ്ലാസ്‌മാകോശങ്ങളുമാണ്‌ ആന്റിബോഡികള്‍ നിർമിക്കുന്നത്‌.

യകൃത്ത്‌, പ്ലശ്ശീഹ, ലിംഫ്‌വ്യൂഹം എന്നിവയും ആന്റിബോഡികള്‍ നിർമിക്കുന്നുണ്ട്‌. ഒരിക്കല്‍ രോഗം വന്ന്‌ ഭേദമായിക്കഴിഞ്ഞാല്‍, ആന്റിബോഡികള്‍ വളരെ ചെറിയ അളവില്‍ രക്തത്തിലെ പ്ലശ്ശാസ്‌മയുടെ ഗാമാഗ്ലോബുലിന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്നു. എന്നാല്‍ ഒരിക്കല്‍ രോഗമുക്തി നേടിക്കഴിഞ്ഞ ഒരാള്‍ക്ക്‌ വീണ്ടും അതേ രോഗംതന്നെ പിടിപെടാവുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ മണിക്കൂറുകള്‍ക്കകം വന്‍തോതില്‍ ആന്റിബോഡി നിർമിക്കുവാന്‍ ശരീരത്തിനു കഴിയും.

രോഗങ്ങളെ തടയുന്നതിനും, വന്നുകഴിഞ്ഞാല്‍ ചികിത്സിക്കുന്നതിനും ആന്റിബോഡികളുടെ പ്രവർത്തനം ഭിഷഗ്വരന്മാർ ഉപയോഗപ്പെടുത്തിവരുന്നു. ശ്വേതരക്താണുവായ ലിംഫോസൈറ്റുകള്‍ കടന്നാക്രമണം നടത്തിയ ബാക്‌റ്റീരിയയുടെ ആന്റിജന്‍ തിരിച്ചറിയുകയും ദ്രുതഗതിയില്‍ പെരുകി ആവശ്യമായ അളവില്‍ ആന്റിബോഡി നിർമിക്കുകയും ചെയ്യുന്നു. ഈ ആന്റിബോഡികള്‍ ബാക്‌റ്റീരിയയെ തിരഞ്ഞുപിടിച്ച്‌ നശിപ്പിക്കുന്നു. അതീവ കൃത്യത ഇക്കാര്യത്തിലുണ്ട്‌. ഒരു പ്രത്യേക ആന്റിജന്‌ എതിരായിട്ടുള്ള ആന്റിബോഡി മറ്റൊരു ആന്റിജന്റെ കാര്യത്തില്‍ നിസ്സംഗമായിരിക്കും. നോ: ആന്റിജന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍