This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റണി, എ.കെ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റണി, എ.കെ. (ജ. 1940 - )

എ.കെ.ആന്റണി

കേന്ദ്രപ്രതിരോധവകുപ്പ്‌ മന്ത്രിയും മുന്‍കേരള മുഖ്യമന്ത്രിയും. 1940 ഡി. 28-ന്‌ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ജനിച്ചു. അറയ്‌ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി എന്നാണ്‌ പൂര്‍ണമായ പേര്‌. പിതാവ്‌ അറയ്‌ക്കപ്പറമ്പില്‍ കുര്യന്‍പിള്ളയും മാതാവ്‌ ഏലിയാമ്മയും. സ്‌കൂള്‍പഠനം ചേര്‍ത്തല ഗവ. ഹൈസ്‌കൂളിലും കലാശാലാ വിദ്യാഭ്യാസം എറണാകുളം മഹാരാജാസ്‌ കോളജിലും ആയിരുന്നു. 1961-ല്‍ ബാച്ചിലര്‍ ബിരുദവും 1965-ല്‍ ബി.എല്‍. ബിരുദവും (എറണാകുളം ലോ കോളജില്‍നിന്ന്‌) നേടി.

1957-ല്‍ കേരളത്തില്‍ അധികാരമേറ്റ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയ്‌ക്ക്‌ എതിരെ വിദ്യാര്‍ഥിസമരം നയിച്ചുകൊണ്ടാണ്‌ രാഷ്‌ട്രീയരംഗത്ത്‌ പ്രതിഷ്‌ഠ നേടിയത്‌. അന്ന്‌ 16 വയസ്സുകാരനായിരുന്ന ആന്റണി ആദര്‍ശനിഷ്‌ഠയോടെ കടുത്ത പ്രതിസന്ധികളില്‍പ്പോലും നിശ്ചയദാര്‍ഢ്യം വിടാതെ വിദ്യാര്‍ഥി പ്രക്ഷോഭത്തിലും തുടര്‍ന്ന്‌ കോണ്‍ഗ്രസ്സിന്റെ ശക്തിയും കെട്ടുറപ്പും വര്‍ധിപ്പിക്കുന്നതിനുള്ള വെളുത്തുള്ളിക്കായല്‍ സമരം തുടങ്ങിയുള്ള സമരങ്ങളിലും പങ്കെടുത്തു. 1967-ല്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ പട്ടിണിയാത്ര സംഘടിപ്പിച്ചു. 1970-ല്‍ 29-ാമത്തെ വയസ്സില്‍ ഇദ്ദേഹം പ്രദേശ്‌ കോണ്‍ഗ്രസ്‌ നേതാവായി. 1970-ല്‍ ചേര്‍ത്തല നിന്നും നിയമസഭാ സാമാജികനായും 1973-ല്‍ കെ.പി.സി.സി. പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

1977 ഏ. 27-ന്‌ കേരള മുഖ്യമന്ത്രിയായി അവരോധിതനായി. എന്നാല്‍ 1978 ഒ. 26-ന്‌ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വ തീരുമാനത്തിലുള്ള പ്രതിഷേധ സൂചകമായി ആ സ്ഥാനം രാജിവച്ചു. തുടര്‍ന്ന്‌ 1985 മുതല്‍ 1991 വരെയും 1991 മുതല്‍ 95 വരെയും ഇദ്ദേഹം എം.പി ആയി സേവനം അനുഷ്‌ഠിച്ചു. 1995 മാ. 22-ന്‌ വീണ്ടും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ ആന്റണി 1996 മേയ്‌ 19 വരെ അധികാരത്തില്‍ തുടര്‍ന്നു. സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍ സേവനമനുഷ്‌ഠിച്ചിരുന്ന കാലയളവില്‍ ഒട്ടേറെ ജനഹിതകരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്‌. ചെങ്കല്‍ചൂള കോളനി നവീകരണം, തൊഴിലില്ലായ്‌മ വേതനം നടപ്പിലാക്കല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഫെസ്റ്റിവല്‍ അലവന്‍സ്‌ നല്‌കല്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ നടപ്പിലാക്കിയവയാണ്‌. 1996 മുതല്‍ 2001 മേയ്‌ വരെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നു. 2001 ഏപ്രിലിലെ പൊതു തെരഞ്ഞെടുപ്പില്‍ ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്‌ അധികാരത്തില്‍ വീണ്ടും വരികയും 2004 ജൂല. വരെ ഇദ്ദേഹം മുഖ്യമന്ത്രിയായി തുടരുകയും ചെയ്‌തു. 2004-ല്‍ കേന്ദ്രസഹമന്ത്രിയായ ഇദ്ദേഹം ഇപ്പോള്‍ (2010) കേന്ദ്ര പ്രതിരോധവകുപ്പുമന്ത്രിയായി സേവനമനുഷ്‌ഠിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍