This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ദ്രിക്, ഐവോ (1892 - 1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്ദ്രിക്, ഐവോ (1892 - 1975)

Andrik,Aivo

1961-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ബോസ്നിയന്‍ സാഹിത്യകാരന്‍. ബോണ്‍ഷ്യയിലെ ട്രാവ്നിക്കില്‍പ്പെട്ട ഡൊലാക് എന്ന സ്ഥലത്ത് 1892 ഒ. 10-ന് ആന്ദ്രിക് ജനിച്ചു. സറായെവോയില്‍ വിദ്യാലയജീവിതമാരംഭിച്ച ആന്ദ്രിക് തങ്ങളുടെ പ്രവിശ്യയെ ആസ്റ്റ്രോ-ഹംഗേറിയന്‍ മേധാവിത്വത്തില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെടുന്ന ദേശീയയുവജനപ്രസ്ഥാനത്തില്‍ പങ്കെടുത്തു. പിന്നീട് സാഗ്രബ്, വിയന്ന, ക്രാക്കൌഗ്രാസ് എന്നീ സര്‍വകലാശാലകളില്‍ തത്ത്വദര്‍ശനം ഐച്ഛികമായെടുത്ത് വിദ്യാഭ്യാസം നടത്തി.

ഐവോ ആന്ദ്രിക്

യുഗോസ്ലാവിയയുടെ ദേശീയൈക്യപ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ആന്ദ്രിക്കിന്റെ മേല്‍ ആസ്റ്റ്രിയന്‍ ഭരണാധികാരികള്‍ രാഷ്ട്രീയക്കുറ്റം ചുമത്തി; ഒന്നാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. വിമോചിതനായ ആന്ദ്രിക് 1918-ല്‍ സാഗ്രബ് നാഷണല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി. ക്രോട്ട്, സെര്‍ബ് എന്നീ ജനവര്‍ഗങ്ങളുടെ ഐക്യം ഈ കൗണ്‍സില്‍ പ്രഖ്യാപിക്കുകയുണ്ടായി. ആധുനിക യുഗോസ്ലാവിയ രൂപകൊണ്ടതിനുശേഷം റോം, ബുക്കാറസ്റ്റ്, ട്രീസ്റ്റെ, ജനീവ, മാഡ്രിഡ്, ബല്‍ഗ്രേഡ്, ബര്‍ലിന്‍ എന്നിവിടങ്ങളില്‍ നയതന്ത്രപ്രതിനിധിയായി ആന്ദ്രിക് സേവനം അനുഷ്ഠിച്ചു.

രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള യുഗോസ്ലാവ് സാഹിത്യത്തിലെ അതികായന്മാരില്‍ ഒരാളായി ആന്ദ്രിക് അറിയപ്പെടുന്നു. ജയില്‍ ജീവിതത്തിനിടയിലാണ് ഇദ്ദേഹത്തിന്റെ കാവ്യപരമ്പരയിലെ ആദ്യകാല കൃതി (എക്സ് പോണ്‍ടോ, 1918) രചിക്കപ്പെട്ടത്. അടുത്ത സമാഹാരം (നെമിറി) 1921-ല്‍ പ്രകാശിതമായി. കാവ്യാത്മകഗദ്യത്തില്‍ നിബന്ധിക്കപ്പെട്ടിട്ടുള്ള ഇവ മനശ്ശാസ്ത്രപരമായ ആത്മാപഗ്രഥനം നടത്തുന്ന ദാര്‍ശനികഭാവഗീതങ്ങളാണ്. ആത്മാലാപനമല്ല, ഉദാത്തമായ സമഗ്രതയ്ക്കുവേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണമാണ് ഇവയുടെ പ്രമേയം. പില്ക്കാലത്ത് കഥാരചനയില്‍ ആന്ദ്രിക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. വിവിധ ജനവര്‍ഗങ്ങളും മതവിഭാഗങ്ങളും സംസ്കാരധാരകളും കെട്ടുപിണഞ്ഞുകിടക്കുന്ന തദ്ദേശീയസവിശേഷതകളുടെ സ്വാധീനം ഇദ്ദേഹത്തിന്റെ കഥകളിലും കഥാപാത്രങ്ങളിലും വേണ്ടുവോളമുണ്ട്. സാഹചര്യം, മതചിന്ത, ആത്മഭാവം തുടങ്ങിയ ശക്തികള്‍ക്കിടയില്‍ക്കിടന്ന് സാധാരണ മനുഷ്യന്‍ പിച്ചിച്ചീന്തപ്പെടുന്നു. അവരോടുള്ള സഹാനുഭൂതിനിറഞ്ഞുനില്ക്കുന്നവയാണ് ആന്ദ്രിക്കിന്റെ കഥകള്‍. പുട് അലിയെ ദ്യെര്‍സെലെസ, 1920; നാ ദ്രിമി കുപ്രിയാ, 1948, ട്രാവനിക്ക ക്വോനിക്കാ, 1945; പ്രിപോവെത്കെ, I,II. 1924-31 തുടങ്ങിയ കഥാസമാഹാരങ്ങള്‍ക്കു പുറമേ സെര്‍ബിയന്‍ സാഹിത്യമാസികകളിലും അനവധി കഥകള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1975 മാര്‍ച്ച് 13-ന് ബെല്‍ഗ്രെയ്ഡില്‍ ആന്ദ്രിക് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍