This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ത്രവീക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്ത്രവീക്കം

Hernia


ഉദരഭിത്തിയും ഊരു(thigh)ക്കളും സന്ധിക്കുന്നിടത്ത് ഉണ്ടാകുന്നതും പുറത്തേക്കു തള്ളിവരുന്നതുമായ വീക്കം. ഒരു അവയവത്തിന്റെയോ ശരീരകലയുടെയോ ബഹിഃസരണ(protrusion)ത്തെയാണ് ഹെര്‍നിയ (ആന്ത്രവീക്കം) എന്ന ഇംഗ്ലീഷ്പദം കൊണ്ടു വിവക്ഷിക്കുന്നത്. മസ്തിഷ്കം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലും ഇത് കണ്ടുവരുന്നുണ്ട്.

ഉദരഭിത്തിയുടെ ബലക്കുറവുള്ള ഏതുഭാഗത്തും ആന്ത്രവീക്കം ഉണ്ടാകാം. കൂടുതലായും ഇടുപ്പിലും (Inguinal) ഊരുസന്ധിയുടെ മുകളറ്റത്തും, പൊക്കിളിനു സമീപവുമാണ് ഇത് കണ്ടുവരുന്നത്. ഈ സ്ഥിതിയില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ രോഗനിര്‍ണയം നടത്താവുന്നതാണ്. എന്നാല്‍ ചിലപ്പോള്‍ ഉദരത്തിനുള്ളിലെയും നെഞ്ചിനുള്ളിലെയും അവയവങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയിലൂടെ ഈ വീക്കം നെഞ്ചിനുള്ളിലേക്ക് തള്ളാറുണ്ട്. ഈ സ്ഥിതിയില്‍ കഠിനമായ ശ്വാസവിമ്മിട്ടം അനുഭവപ്പെടാം. ഇടുപ്പിലെ വംക്ഷണനാളി(Inguinal canal)യിലൂടെ വീക്കം ഇറങ്ങിച്ചെല്ലാറുണ്ട്. ഊരുഭാഗത്തുണ്ടാകുന്ന ആന്ത്രവീക്കം ഊരു-ധമനി(femoral artery)യുടെ ഉള്‍ഭാഗത്തോടു ചേര്‍ന്നാണ് കാണപ്പെടുക. പൊക്കിളിനു സമീപം ഉണ്ടാകുന്ന വീക്കം പൊക്കിളിലൂടെയാണ് പുറത്തേക്കു തള്ളിവരുന്നത്.

ജനനാവസരത്തില്‍ത്തന്നെ ആന്ത്രവീക്കം കണ്ടുവെന്നു വരാം. ഉദരഭിത്തിയുടെ അപസാമാന്യവിന്യാസം മൂലമാണിത് സംഭവിക്കുന്നത്. എന്നാല്‍ ഇടവിടാതെയുള്ള ചുമ, തുടര്‍ച്ചയായി വലിയ ഭാരം ചുമക്കുക, ഉദരഭാഗത്ത് ക്ഷതമേല്ക്കുക എന്നിവകൊണ്ടും ഈ രോഗം ഉണ്ടാകാം. കഠിനാധ്വാനം ആവശ്യമായ പണികളില്‍ ഏര്‍പ്പെടുമ്പോള്‍ ഉദരത്തിനുള്ളിലെ സമ്മര്‍ദം കൂടുന്നതുകൊണ്ടും ഇത് സംഭവിക്കാറുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഈ അസുഖം കാണാറുണ്ടെങ്കിലും പുരുഷന്മാരെയാണ് ഇത് അധികമായും ബാധിക്കുന്നത്. ഇതിന് രണ്ടു കാരണങ്ങളുണ്ട്, കഠിനാധ്വാനം ആവശ്യമുള്ള ജോലികള്‍ കൂടുതലും പുരുഷന്മാരാണ് ചെയ്യുന്നത്; അതുപോലെതന്നെ പുരുഷന്റെ വംക്ഷണനാളി വിസ്തൃതമാണുതാനും.

തുടക്കത്തില്‍ ഒരു ചെറിയ മുഴപോലെ ആരംഭിക്കുന്ന ആന്ത്രവീക്കം പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഒരു ശിശുവിന്റെ തലയോളം വലുപ്പം വയ്ക്കും. വീക്കത്തിന് ഒരു ബാഹ്യാവരണവും ഉള്ളിലൊരു സഞ്ചിയും സഞ്ചിക്കുള്ളില്‍ ഉദരാന്തരഭാഗങ്ങളും കാണപ്പെടുന്നു. വീക്കം സംഭവിക്കുന്ന ഉദരഭാഗത്തെ ഉദരഭിത്തിയുടെ ഭാഗങ്ങള്‍ തന്നെയാണ് ബാഹ്യാവരണത്തില്‍ കാണപ്പെടുന്നത്. സഞ്ചി ഉദരകോടരത്തെ ആവരണം ചെയ്യുന്ന പെരിടോണിയം എന്ന ചര്‍മംകൊണ്ടുള്ളതായിരിക്കും. സഞ്ചിയുടെ കഴുത്ത് ഇടുങ്ങിയതാണ്. സഞ്ചിക്കുള്ളില്‍ കുടലിന്റെയും ഒമന്റത്തിന്റെയും ഭാഗങ്ങള്‍ കടന്നുകൂടിയിരിക്കും.

വര്‍ഗീകരണം. ആന്ത്രവീക്കങ്ങളെ ചുരുങ്ങുന്നവ (reducible), ചുരുങ്ങാത്തവ (irreducible), ഇറുകിയവ (strangulated) എന്നിങ്ങനെ മൂന്നിനങ്ങളായി തരംതിരിക്കാം.

ചുരുങ്ങുന്നവ. നിവര്‍ന്നു നില്ക്കുമ്പോള്‍ തള്ളിവരുന്നതും കിടക്കുമ്പോള്‍ ഉള്ളിലേക്കു വലിയുന്നതുമായ ഇനമാണിത്. രാത്രികാലങ്ങളില്‍ ഇത് അധികം ശല്യം ചെയ്യാറില്ല. ചുമയ്ക്കുമ്പോള്‍ വേദന അനുഭവപ്പെടാം. വംക്ഷണനാളികളില്‍ കണ്ടുവരുന്നതും പുരുഷന്മാരില്‍ അധികമായി കാണപ്പെടുന്നതുമായ ആന്ത്രവീക്കം ഇക്കൂട്ടത്തില്‍പ്പെട്ടതാണ്. ഈ വീക്കം അധികമാവുന്നതോടെ പുരുഷന്മാരില്‍ വൃഷണസഞ്ചിക്കുള്ളിലേക്ക് ഇത് കടക്കുന്നു. സ്ത്രീകളില്‍ ജനനേന്ദ്രിയഭാഗത്തിലുള്ള ലേബിയ(labium)ത്തിലേക്കും ഈ വീക്കം തള്ളിവരാം.

തള്ളിവരുന്ന ഭാഗങ്ങളെ ഉദരത്തിനുള്ളിലേക്ക് അമര്‍ത്തിക്കയറ്റുകയും വീണ്ടും പുറത്തേക്കു തള്ളാതിരിക്കാനായി പ്രത്യേകതരം ബെല്‍റ്റുകള്‍ ഉപയോഗിക്കുകയും ചെയ്യാം. പ്രായം കുറഞ്ഞ രോഗികളില്‍ ഇതു ഫലപ്രദമായി കണ്ടുവരുന്നുണ്ട്. ഇപ്രകാരം അമര്‍ത്തിക്കയറ്റാന്‍ പറ്റാത്തതരം ആന്ത്രവീക്കത്തിനു ശസ്ത്രക്രിയ നടത്തേണ്ടതായിവരും.

ചുരുങ്ങാത്തവ. വലുപ്പം കൂടിയതും ദീര്‍ഘകാലം നീണ്ടുനില്ക്കുന്നതുമായ വീക്കങ്ങളാണിവ. ഇവയെ ശരീരത്തിനുള്ളിലേക്കു തള്ളിക്കയറ്റാന്‍ പറ്റില്ല. അപകടകരങ്ങളായ വീക്കങ്ങളായിട്ടാണ് ഇവയെ കണക്കാക്കുന്നത്. വേദന, മലബന്ധം എന്നിവയും അനുഭവപ്പെടാം. ഇതിനു ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി.

ഇറുകിയവ. വീക്കസഞ്ചിയുടെ കഴുത്തുഭാഗത്ത് രക്തവാഹികള്‍ ചുരുങ്ങുന്നതുമൂലം വീക്കത്തിനുള്ളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നു. അതിയായ വേദന, മന്ദത, ഛര്‍ദി, കുടലില്‍ തടസ്സം എന്നിവ പ്രധാനരോഗലക്ഷണങ്ങളാണ്. വേദന ഉണ്ടാകാത്ത തരം വീക്കങ്ങളും കാണപ്പെടുന്നുണ്ട്. പ്രായംകൂടിയ രോഗികളില്‍ രോഗലക്ഷണങ്ങള്‍ അധികമായി കാണാറില്ല. മാരകമായ ഈയിനം ആന്ത്രവീക്കങ്ങള്‍ക്ക് പെട്ടെന്നുള്ള ശസ്ത്രക്രിയ ആവശ്യമായി വരും.

(ഡോ. എസ്. ചിദംബരം പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍