This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനി മസ്ക്റീന്‍ (1902 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനി മസ്ക്റീന്‍ (1902 - 63)

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഉത്തരവാദഭരണപ്രക്ഷോഭണത്തിന് നേതൃത്വം നല്കിയ വനിത. ആ സംഘടനയുടെ പ്രവര്‍ത്തകസമിതിയിലെ ആദ്യത്തെ വനിതാ അംഗവും, തിരു-കൊച്ചി സംസ്ഥാനത്തിലെ പ്രഥമ വനിതാമന്ത്രിയും ആനി മസ്ക്റീന്‍ ആയിരുന്നു.

1902-ല്‍ തിരുവനന്തപുരത്തെ ഒരു ലത്തീന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ആനി ജനിച്ചു. ആനിയുടെ പിതാവായ ഗബ്രിയേല്‍ മസ്ക്റീന്‍ തിരുവിതാംകൂര്‍ ദിവാന്റെ ഡഫേദാറും, മാതാവായ മറിയം പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാരിയും ആയിരുന്നു. ഹോളി ഏന്‍ജല്‍സ് കോണ്‍വെന്റ് ഹൈസ്കൂളിലും തിരുവനന്തപുരത്തെ മഹാരാജാസ് കോളജിലും വിദ്യാഭ്യാസം ചെയ്തശേഷം 1925-ല്‍ എം.എ. ബിരുദം നേടി. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ശ്രീലങ്കയിലെ ഒരു കോളജില്‍ അധ്യാപികയായി. മൂന്നു വര്‍ഷത്തെ അധ്യാപനത്തിനുശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്ന് നിമയപഠനം നടത്തി ബി.എല്‍. ബിരുദം നേടി. നാലഞ്ചുവര്‍ഷക്കാലം അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തതിനുശേഷം തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ സജീവപ്രവര്‍ത്തനം ആരംഭിച്ചു.

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന പുതിയ സംഘടന പട്ടം എ. താണുപിള്ള (1885-1970)യുടെ നേതൃത്വത്തില്‍ രൂപംകൊണ്ടു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ആനി മസ്ക്റീന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ രൂപീകരണത്തോടനുബന്ധിച്ചു നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുകയും സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1938 ആഗ. 26-ന് സിവില്‍ നിയമലംഘനപ്രസ്ഥാനം ആരംഭിക്കാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനിച്ചു. പട്ടം താണുപിള്ളയുമൊന്നിച്ച് തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും അവര്‍ പര്യടനം നടത്തി. ന. 12-ന് രാത്രി ചെങ്ങന്നൂര്‍വച്ച് ആനി അറസ്റ്റു ചെയ്യപ്പെട്ടു. ആനിയെ ജാമ്യത്തില്‍ വിട്ടെങ്കിലും ന. 16-ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അവരെ വീണ്ടും അറസ്റ്റു ചെയ്തു. 18 മാസത്തെ കഠിനതടവും 1,000 രൂപ പിഴയുമായിരുന്നു ശിക്ഷ.

ആനി മസ് ക് റീന്‍

1942 ആഗ.-ല്‍ വീണ്ടും അറസ്റ്റുചെയ്യപ്പെടുകയും രണ്ടു കൊല്ലത്തെ ജയില്‍ശിക്ഷയും 500 രൂപ പിഴയും ചുമത്തപ്പെടുകയും ചെയ്തു. 1944 ഡി. 3-ന് ആനിയെ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1945 മാ. 26-ന് ഇവര്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. രണ്ടുമാസം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. 1946-ല്‍ അവര്‍ അഖിലേന്ത്യാപര്യടനം നടത്തി. ന്യൂഡല്‍ഹിയില്‍വച്ച് ബ്രിട്ടീഷ് പാര്‍ലമെന്ററി ഡെലഗേഷനെ കാണുകയും തിരുവിതാംകൂറിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. 1946 സെപ്. 7-ന് തിരുവിതാംകൂറില്‍ മടങ്ങിയെത്തിയെങ്കിലും രണ്ടുമാസം പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നതിനെ ഗവണ്‍മെന്റ് ഉത്തരവുമൂലം നിരോധിച്ചു. ആ കൊല്ലം കോഴിക്കോട്ടു ചേര്‍ന്ന ഐക്യകേരള കമ്മിറ്റിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇവര്‍ അറസ്റ്റു ചെയ്യപ്പെടുകയും 6 മാസത്തെ തടവിനു വീണ്ടും ശിക്ഷിക്കപ്പെടുകയും ചെയ്തു.

1948-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ആനി മസ്ക്റീന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1948-52 കാലഘട്ടത്തില്‍ ഭരണഘടനാ നിര്‍മാണസമിതി അംഗമായും സേവനം അനുഷ്ഠിച്ചു. 1949-ല്‍ തിരു-കൊച്ചി മന്ത്രിസഭയിലെ ആരോഗ്യവകുപ്പു മന്ത്രിയായി. ഏതാനും മാസങ്ങള്‍ക്കുശേഷം ഇവര്‍ സ്വമേധയാ തത്സ്ഥാനം രാജിവച്ചു.

ആനി മസ്ക്റീന്‍ അവിവാഹിതയായിരുന്നു. 1950-ല്‍ ഇവര്‍ കോണ്‍ഗ്രസ്സില്‍നിന്നു രാജിവച്ചു. 1952-ല്‍ സ്വതന്ത്രയായി ലോക്സഭയിലേക്കു മത്സരിച്ച് വിജയിച്ചു. 1957 മുതല്‍ സജീവരാഷ്ട്രീയത്തില്‍നിന്നും പിന്‍മാറി. 1963 ജൂല. 19-ന് ഇവര്‍ നിര്യാതയായി. നോ: ഉത്തരവാദ ഭരണപ്രക്ഷോഭണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍