This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദരാമായണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദരാമായണം

അജ്ഞാതകര്‍ത്തൃകമായ ഒരു രാമകഥാഗ്രന്ഥം. വാല്മീകീയമാണെന്നു ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശൈലിയിലും മറ്റു പല കാര്യങ്ങളിലും ഇത് അവാല്മീകീയമായിട്ടാണ് ബോധ്യമാകുന്നത്. പ്രസ്തുത ഗ്രന്ഥത്തെ ആനന്ദരാമായണം എന്നു വിളിക്കുന്നത് രാമകഥാശ്രവണകുതുകികള്‍ക്ക് അതിമാത്രം ആനന്ദപ്രദങ്ങളായ കഥകള്‍ ഇതില്‍ ഉള്ളതുകൊണ്ടാണ് എന്ന് അഭിപ്രായമുണ്ട്. പാര്‍വതീപരമേശ്വരസംവാദരൂപമാണ് ഈ ഗ്രന്ഥം. ഇതില്‍ വാല്മീകിരാമായണത്തിലേതുപോലെ 6 കാണ്ഡങ്ങളല്ലാ ഉള്ളത്; സാരകാണ്ഡം, യാത്രാകാണ്ഡം, യാഗകാണ്ഡം, വിലാസകാണ്ഡം, ജന്‍മകാണ്ഡം, വിവാഹകാണ്ഡം, രാജ്യകാണ്ഡം, മനോഹരകാണ്ഡം, പൂര്‍വകാണ്ഡം എന്നിങ്ങനെ ഒന്‍പതു കാണ്ഡങ്ങള്‍ ഇതിലുണ്ട്. ആദികാവ്യത്തിന്റെ പകുതിയില്‍ അല്പമധികം മാത്രം വലുപ്പമുള്ള ഈ ഗ്രന്ഥത്തില്‍ അനേകം വ്യതിയാനങ്ങള്‍ ബോധപൂര്‍വം തത്കര്‍ത്താവ് കൊണ്ടുവന്നിട്ടുണ്ട്. വാല്മീകിരാമായണത്തില്‍ കഥയാരംഭിക്കുന്നത് ദശരഥന്റെ പുത്രകാമേഷ്ടിയോടുകൂടിയാണ്; ആനന്ദരാമായണത്തിലാകട്ടെ ദശരഥന്റെ കൗസല്യാവിവാഹാലോചനമുതല്ക്കും. ആനന്ദരാമായായണത്തില്‍ കൈകേയി ദശരഥന്റെ മൂന്നാമത്തെ അതായത് (ഏറ്റവും ഇളയ) ഭാര്യയും, തന്‍മൂലം ഭരതന്‍ ലക്ഷ്മണന്റെ അനുജനുമാണ്. പായസത്തിന്റെ രണ്ടു ഭാഗം ലഭിക്കുന്നത് സുമിത്രയ്ക്കല്ല കൈകേയിക്കാണ്. ഇത്തരം സാരമായ ചില വ്യതിയാനങ്ങള്‍ക്കു പുറമേ ആദികാവ്യത്തില്‍ കേവലം സൂചിതങ്ങളായ കഥാംശങ്ങളെ ഇവയില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കൈകേയിക്കു ദശരഥന്‍ നല്കിയ രണ്ടു വരങ്ങളുടെ പിന്നിലുള്ള സംഭവം, ദശരഥനു വൈശ്യമുനിയില്‍നിന്നു കിട്ടിയ ശാപം എന്നിവ ആനന്ദരാമായണത്തില്‍ വിസ്തരിച്ചിരിക്കുന്നു. രാവണനെ ഒരസാധാരണപുരുഷനായിട്ടാണ് ഇതില്‍ ചിത്രീകരിച്ചിട്ടുള്ളത്. ദശരഥനും കൗസല്യയുമായുള്ള വിവാഹം മുടക്കുവാന്‍പോലും രാവണന്‍ പരിശ്രമിച്ചതായും സീതാവിവാഹത്തിനു ധനുരാരോപണമത്സരത്തില്‍ പങ്കുചേര്‍ന്നതായും ഇതില്‍ പരാമര്‍ശമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍