This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിത്യചോളന്‍ (ഭ.കാ. 870/71-907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദിത്യചോളന്‍ (ഭ.കാ. 870/71-907)

വിജയാലയചോളന്റെ അനന്തരഗാമിയും പരാന്തകചോളന്റെ മുന്‍ഗാമിയുമായ ചോള രാജാവ്; രാജകേസരി എന്ന ബിരുദവും ഇദ്ദേഹം വഹിച്ചിരുന്നു.

പരാന്തകചോളന്റെ ഭരണം ആരംഭിച്ചത് എ.ഡി. 907-ല്‍ ആണ് എന്ന് അദ്ദേഹത്തിന്റെ ചില ശാസനങ്ങളില്‍ കാണുന്ന ജ്യോതിഷസൂചനകളുടെ അടിസ്ഥാനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആദിത്യചോളന്റെ ഭരണം 907-ല്‍ അവസാനിച്ചതായി മനസ്സിലാക്കാം. അതിനു മുന്‍പ് ഉണ്ടായതായി കരുതപ്പെടുന്ന ചോളശാസനങ്ങളിലെ 'രാജകേസരി' എന്ന പരാമര്‍ശം ആദിത്യചോളനെ കുറിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നു; കാരണം മറ്റൊരു രാജകേസരി പരാന്തകനു മുന്‍പ് ഉണ്ടായിട്ടില്ല. രാജകേസരി എന്ന പേരില്‍ ഉണ്ടായിട്ടുള്ള ലിഖിതങ്ങളില്‍ 24-ാം ഭരണവര്‍ഷത്തിലേത് ചരിത്രപരമായി പ്രത്യേകം പ്രയോജനപ്രദമാണ്. അതില്‍ ഒരു സൂര്യഗ്രഹണത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഈ സൂര്യഗ്രഹണം 894-ലോ 895-ലോ ഉണ്ടായതായി ഗണിക്കപ്പെടുന്നു. അതു രാജാവിന്റെ 24-ാം ഭരണവര്‍ഷമായതുകൊണ്ട് ആദിത്യന്‍ 870-71 കാലത്തു രാജാവായി എന്നു സിദ്ധിക്കുന്നു.

ആദിത്യചോളന്‍ പല്ലവരാജാവായ അപരാജിതപല്ലവനെ തോല്പിച്ചതായി തിരുവാലങ്ങാടു പട്ടയത്തില്‍നിന്നും മനസ്സിലാക്കാം. തില്ലൈസ്ഥാനത്തുള്ള ഒരു ശാസനം ആദിത്യനെ 'തൊണ്ടൈനാടുപാപിന രാജകേസരി' എന്നു വിശേഷിപ്പിക്കുന്നു. (തൊണ്ടൈനാട്-പല്ലവനാട്) കന്യാകുമാരിയിലുള്ള വീരരാജേന്ദ്രലിഖിതത്തിലും ഇക്കാര്യം അനുസ്മരിച്ചിരിക്കുന്നു. കാവേരിയുടെ ഇരുകരകളിലും ഒട്ടേറെ ശിവക്ഷേത്രങ്ങള്‍ പണിയിച്ചത് ആദിത്യചോളനാണെന്ന് അമ്പില്‍ പട്ടയത്തില്‍ വിവരിച്ചിരിക്കുന്നു.

സമകാലിക ഗംഗരാജാവ് ആദിത്യന്റെ സാമന്തപദം സ്വീകരിച്ചു. പശ്ചിമഗംഗാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ താല്‍കഡ് ആദിത്യവര്‍മ കീഴടക്കിയതായി ചില രേഖകളില്‍ കാണുന്നു. ചോളനാടിനും ചേരനാടിനും ഇടയ്ക്കുള്ള കൊങ്കുനാട് പിടിച്ചടക്കിയത് ആദിത്യന്റെ മറ്റൊരു വിജയമായിരുന്നു. കൊങ്കുദേശരാജാക്കള്‍ എന്ന പ്രാചീന കൃതിയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ചേരരാജാവായ സ്ഥാണുരവിയുമായി ആദിത്യന്‍ സൗഹൃദത്തിലായിരുന്നു.

ആദിത്യചോളന്റെ മരണം കാളഹസ്തിക്കടുത്തുവച്ചായിരുന്നു. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ക്കു മുകളില്‍ പുത്രനായ പരാന്തകന്‍ ഒരു സ്മാരകക്ഷേത്രം നിര്‍മിച്ചു. പരേതന്റെ സ്മരണയുമായി ബന്ധപ്പെടുത്തി അതിന് ആദിത്യേശ്വരം എന്നു നാമകരണവും ചെയ്തു.

(കെ. മഹേശ്വരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍