This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിഗ്രന്ഥ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദിഗ്രന്ഥ്

സിക്കുകാരുടെ വിശുദ്ധഗ്രന്ഥം. ഗുരു ഗ്രന്ഥസാഹബ് എന്നും ഇതിന് പേരുണ്ട്. മതാനുയായികളുടെ ഇടയില്‍ മാത്രമല്ല പഞ്ചാബി സാഹിത്യത്തിലും ഇതിനുള്ള പദവി അനന്യലബ്ധമാണ്.

സിക്കുഗുരുക്കളില്‍ അഞ്ചാമനായ അര്‍ജുന്‍ഗുരു ആണ് നേരത്തേ ഉണ്ടായിരുന്ന നാല് ഗുരുക്കന്‍മാരുടെയും ഹിന്ദു-മുസ്ലിം ദൈവശാസ്ത്രജ്ഞന്‍മാരുടെയും കൃതികളില്‍നിന്ന് ആവശ്യമുള്ളവയെ ക്രോഡീകരിച്ച്, സ്വന്തമായി ചിലത് എഴുതിച്ചേര്‍ത്ത്, ഇങ്ങനെയൊരു ഗ്രന്ഥം പ്രസാധനം ചെയ്ത് ആദ്യമായി പ്രകാശിപ്പിച്ചത്. അദ്ദേഹത്തിന്റെ പിന്‍ഗാമികളും ഈ കൃതിയോട് പുതിയ സിദ്ധാന്തങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നുവെങ്കിലും, പത്താമത്തെ ഗുരുവായ ഗോവിന്ദസിങ് ആണ് ഇതിന് ഇന്നു കാണുന്ന രൂപം നല്കിയത്. ഇതിലെ പദ്യസങ്കീര്‍ത്തനാദികള്‍ രചിച്ചവരില്‍ താഴെപറയുന്ന പ്രമുഖര്‍ ഉള്‍പ്പെടുന്നു: ഗുരുനാനാക് (1469-1539), ഗുരു അംഗദ് (1504-52), ഗുരു അമര്‍ദാസ് (1479-1574), ഗുരു രാമ്ദാസ് (1537-81), ഗുരു അര്‍ജുന്‍ (1563-1606), ഗുരു ഹര്‍ഗോവിന്ദ് (1595-1644), ഗുരു ഹര്‍റായി (1630-61), ഗുരു ഹരികിഷന്‍ (1656), ഗുരു തേജ് ബഹാദൂര്‍ (1621-75), ഗുരു ഗോവിന്ദ്സിങ് (1666-1708), ഫരീദ് (12-ാം നൂ.), ജെയ്ദാര്‍ (12-ാം നൂ.), സാധ്നാ (13-ാം നൂ.), ബേനി (12-ാം നൂ.), നാമ്ദേവ് (13-ാം നൂ.), രാമാനന്ദ് (1360-1450), സൂരിന്‍ (1390-1440), പീവ (15-ാം നൂ.), കബീര്‍ (1440-1518), രവിദാസ് (15-ാം നൂ.), ഫന്ന (16-ാം നൂ.), ഭീകന്‍ (?-1573), സൂര്‍ദാസ് (16-ാം നൂ.) തുടങ്ങിയവര്‍.

ആദിഗ്രന്ഥിലെ പ്രധാന അധ്യായങ്ങളെ ഇങ്ങനെ വിഭജിക്കാം: (1) ജപുനീസാണു; (2) സോദറുമഹലാ; (3) സുണിബഡാമഹലാ; (4) സോപുരഷുമഹലാ; (5) സോഹിലാമഹലാ. ഇതിലെ അധ്യായങ്ങളെ മഹലാ എന്നുപറയുന്നു: ഓരോ അധ്യായത്തിലും ഉള്‍ക്കൊള്ളിച്ചിട്ടുളള വചനങ്ങള്‍ ഗാനാത്മകങ്ങളാണ്. 'സിരീരാഗം' തുടങ്ങിയ 31 രാഗങ്ങള്‍ ആദിഗ്രന്ഥില്‍ കാണാനുണ്ട്. ഈ രാഗങ്ങള്‍ അനുസരിച്ചാണ് വചനങ്ങളും വാണികളും ഗുരുദ്വാരകളില്‍ ഇന്നും ആലപിക്കപ്പെടുന്നത്. പ്രധാനപ്പെട്ട ആദ്യത്തെ അഞ്ചു മഹലാകള്‍ കൂടാതെ ഗാഥാരീതിയിലുള്ള ഗാഥാമഹലാ, ഫുനഹേമഹലാ, ചഉബോലേംമഹലാ, സവൈഏ സീമുഖ്വാക്മഹലാ, മുദാവണീംമഹലാ എന്നീ പേരുകളുള്ള കീര്‍ത്തനങ്ങളും ആദിഗ്രന്ഥില്‍ അടങ്ങിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് കബീര്‍ദാസിന്റെയും ഷേക് ഫരീദിന്റെയും വാണികളും കടന്നുകൂടിയിരിക്കുന്നതായി കാണാം.

പല ഘട്ടങ്ങളിലായി എഴുതപ്പെട്ട ഗാഥകളാകയാല്‍ ഭാഷാപരമായ വൈഭിന്ന്യം ചില ഭാഗങ്ങളില്‍ ദൃശ്യമാണ്. എങ്കിലും മതസിദ്ധാന്തങ്ങള്‍ക്കും ഭക്തിഭാവത്തിനും മുന്‍തൂക്കം നല്കുന്നതു നിമിത്തം ഇതാരും ശ്രദ്ധിക്കാറില്ല.

ആദിഗ്രന്ഥത്തെ സിക്കുകാര്‍ ഗുരുബാനി (ഗുരുവാണി) എന്നും പറയാറുണ്ട്. ഏതെങ്കിലും ഗുരുവിന്റെ സാക്ഷാത്കാരമായാണ് സിക്കുമതാനുയായികള്‍ ആദിഗ്രന്ഥത്തെ വീക്ഷിക്കുന്നത്; അതുകൊണ്ട് അവര്‍ ഗുരുഗ്രന്ഥസാഹബ് എന്നുകൂടി വിളിക്കുന്നു. ഗ്രന്ഥസാഹബിനെ പട്ടില്‍പൊതിഞ്ഞു പുഷ്പാര്‍ച്ചന നടത്തുകയും സുഗന്ധദ്രവ്യങ്ങള്‍ പുരട്ടുകയും ചെയ്യുക പതിവാണ്. ഗുരുവിന്റെ മുന്‍പിലെന്നതുപോലെ ഈ ഗ്രന്ഥത്തിന്റെ മുന്നിലും സിക്കുകാര്‍ ദണ്ഡനമസ്കാരം നടത്തുന്നു; അത്യധികമായ ഭക്തിയും ആദരവും പ്രകടിപ്പിക്കുന്നു. ശുഭദിനങ്ങളില്‍ 'അഖണ്ഡപാരായണം' ആരംഭിക്കുകയും രണ്ടോ മൂന്നോ ആഴ്ച നീണ്ടുനില്ക്കുന്ന 'പുണ്യവായന' നടത്തുകയും ചെയ്യുക പതിവാണ്. വായനയുടെ സമാപനദിനത്തില്‍ കുട്ടികള്‍ക്കു നാമകരണം നടത്തുക, വിദ്യാരംഭം ചെയ്യിക്കുക, വിവാഹങ്ങള്‍ നടത്തുക തുടങ്ങിയ പുണ്യകര്‍മങ്ങളും അനുഷ്ഠിക്കാറുണ്ട്.

ഭക്തിപ്രധാനം. സിക്കുഗുരുക്കന്‍മാര്‍ അതതു ഘട്ടങ്ങളില്‍ തങ്ങളുടെ അനുയായികള്‍ക്കു നല്കിയ ധര്‍മോപദേശങ്ങളുടെയും മതസിദ്ധാന്തങ്ങളുടെയും ഗാഥാരൂപത്തിലുള്ള ഈ ഗ്രന്ഥം സിക്കുമതത്തിന്റെ ദാര്‍ശനികപദ്ധതികളുടെയും സാധനാമാര്‍ഗത്തിന്റെയും ആധികാരികഗ്രന്ഥമാണെന്നു തീര്‍ത്തു പറയുന്നതു ശരിയാകയില്ല. ഇതില്‍ ഭക്തിക്കും മറ്റു സാമൂഹികാംശങ്ങള്‍ക്കുമാണ് പ്രാധാന്യം. തികച്ചും തത്ത്വദര്‍ശനപരമായ കാര്യങ്ങള്‍ ഗുരു ഗോവിന്ദ് സിങ്ങിന്റെ ദസ്വാംഗ്രന്ഥ് തുടങ്ങിയ മതഗ്രന്ഥങ്ങളിലാണുള്ളത്; എങ്കിലും മതപരവും സാമൂഹികവും ദാര്‍ശനികവുമായ നിലകളില്‍ ആദിഗ്രന്ഥിനുള്ള പ്രാധാന്യം അല്പമല്ല.

തികച്ചും ഗേയമായ ശൈലിയിലാണ് കീര്‍ത്തനങ്ങളുടെ നിബന്ധനം. പൂര്‍വസൂരികളുടെയും സിദ്ധന്‍മാരുടെയും സിദ്ധാന്തങ്ങളെ വാഴ്ത്തിക്കൊണ്ടാണ് ഗുരുനാനാക്കിന്റെ രചന; അത് ജപ് സാഹബ് എന്നും ജപ്ജി എന്നും അറിയപ്പെടുന്നു - പ്രഭാതത്തില്‍ പാടാനുള്ളവയാണ് നാനാക്കിന്റെ കീര്‍ത്തനങ്ങള്‍. സുഖ്മണി എന്ന പേരിലാണ് അര്‍ജുന്‍ഗുരുവിന്റെ സ്തോത്രങ്ങള്‍ക്ക് പ്രസിദ്ധി. കേവലവും അവികലവും ശാശ്വതവുമായ നിര്‍ഗുണസത്യമാണ് മിക്ക കീര്‍ത്തനങ്ങളുടെയും ആധാരശില. പ്രപഞ്ചസ്രഷ്ടാവും സ്നേഹരൂപിയും നീതിമാനുമായ ഏകദൈവത്തെ ആരാധിക്കുന്ന ഇക്കൂട്ടര്‍ വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്നില്ല.

മനുഷ്യന്‍ ദൈവത്തിന്റെ മുന്നില്‍ ശിശുപ്രായനാണ്; ആത്മപരിത്യാഗംകൊണ്ടു മാത്രമേ ഈശ്വരനിലേക്കുള്ള വഴി തുറന്നുകിട്ടുന്നുള്ളു; ശാശ്വതപ്രകാശമായ ഈശ്വരനില്‍നിന്നു പൊട്ടിവീണ ഒരു നൈമിഷികസ്ഫുലിംഗമോ, അപാരമായ സാഗരത്തിലെ ഒരു ചെറുതരംഗമോ മാത്രമാണ് മനുഷ്യന്‍ എന്ന് ഈ കവിതകള്‍ ചൂണ്ടിക്കാണിക്കുന്നു. ഹിന്ദു-ഇസ്ലാമിക ഈശ്വരസങ്കല്പങ്ങളെ നാനാക് തന്റെ പദ്യങ്ങളില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ജന്‍മാധിഷ്ഠിതമായ ജാതിവ്യത്യാസങ്ങളെ ആദിഗ്രന്ഥ് തീര്‍ത്തും തിരസ്കരിക്കുന്നു.

ആദിഗ്രന്ഥത്തെ ആര്‍.എസ്. രാധാകൃഷ്ണനും (Sacred Writings of the Sikhs,Guru Granth Sahab) മക്ലിഫും ആര്‍. ഗോപാലസിങ് ദാര്‍ദിയും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നോ: സിക്കുമതം

(ഡോ. പി. മാച്വെ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍