This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഥന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഥന്‍സ്

Athens

ഗ്രീസിന്റെ തലസ്ഥാനവും നഗരം ഉള്‍ക്കൊള്ളുന്ന അറ്റിക്കാ പ്രവിശ്യയുടെ തലസ്ഥാനവും. ഗ്രീക്കു ഭാഷയില്‍ അഥീന എന്നും വിളിക്കപ്പെടുന്നു. അറ്റിക്കയിലെ ഫലഭൂയിഷ്ഠവും ജനനിബിഡവുമായ മധ്യസമതലത്തിന്റെ തെക്കരികിലായി സ്ഥിതിചെയ്യുന്ന ആഥന്‍സ്, പുരാതനകാലം മുതല്‍ക്കേ ഗ്രീസിലെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരികകേന്ദ്രമായി തുടര്‍ന്നുപോരുന്നു.

നഗരത്തിന്റെ ഭൂപ്രകൃതി പൊതുവേ നിമ്നോന്നതമാണ്. തെ. പടിഞ്ഞാറേക്കു ക്രമേണ ചരിഞ്ഞ് സാരോണിക് ഉള്‍ക്കടലില്‍ ലയിക്കുന്ന അറ്റിക്കാ സമതലത്തെ ചൂഴ്ന്ന്, കി. ഹൈമറ്റസ് (1028 മീ.), വ. കി. പെന്റെലിക്കസ് (1110 മീ.), വ. പ. പാര്‍നസസ് (1415 മീ.), പ. ഈഗാലിയോസ് (468 മീ.) എന്നിങ്ങനെ മലനിരകള്‍ കാണുന്നു. സമതലത്തിനു മധ്യഭാഗത്തുകൂടി വ. കി.-തെ. പ. ദിശയില്‍ നീളുന്ന ടര്‍കോവ്നി കുന്നുകള്‍ ആഥന്‍സിന്റെ പ്രാന്തത്തിലുള്ള ലൈക്കബെറ്റസ് മല (340 മീ.)യായി പരിണമിക്കുന്നു. ടര്‍കോവ്നിയുടെ ഇരുപുറവുമായുള്ള സെഫീസസ്, ഇലീസസ് എന്നീ നദികള്‍ ആഥന്‍സ് നഗരത്തെ തഴുകിയൊഴുകുന്ന നീര്‍ച്ചാലുകളായി പരിണമിക്കുന്നു. പഴയ നഗരത്തിലെ കോട്ടകൊത്തളങ്ങളും പ്രധാന വാസ്തുശില്പങ്ങളുമൊക്കെത്തന്നെ ഉയര്‍ന്ന ഭാഗങ്ങളിലാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

പുരാതന ആഥന്‍സ് നഗരാവശിഷ് ടങ്ങള്‍

കാലാവസ്ഥ സമീകൃതവും ആരോഗ്യകരവുമാണ്; ശ.ശ. ചൂട് 17.3°C ആണ്. പ്രകൃതിദത്തമായിത്തന്നെ സംരക്ഷിതമായ സ്ഥാനവും ഫലഭൂയിഷ്ഠമായ പശ്ചപ്രദേശവും (Hinterland) ആഥന്‍സിന്റെ വളര്‍ച്ചയ്ക്കു സഹായകമായി. അറ്റിക്കാസമതലത്തില്‍ ധാന്യങ്ങള്‍, ഒലിവ്, മുന്തിരി തുടങ്ങിയവ സമൃദ്ധമായി വളരുന്നു. ആടുമാടുവളര്‍ത്തലിനുപറ്റിയ മേച്ചില്‍പ്പുറങ്ങളും ധാരാളമായുണ്ട്. നാലു പുറവുമുള്ള മലകള്‍ ഒന്നാംതരം വാസ്തുശിലകളുടെ കലവറകളാണ്; വെണ്ണക്കല്ലും, നീലച്ഛവി കലര്‍ന്ന പ്രത്യേകയിനം മാര്‍ബിളും, ചാരനിറത്തിലുള്ള മനോഹരവും ബലവത്തുമായ ചുണ്ണാമ്പുകല്ലും മറ്റിനം ശിലകളും ഇക്കൂട്ടത്തില്‍ പ്പെടുന്നു. പാത്രങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്നതിനുള്ള ഒന്നാംതരം കളിമണ്ണും ഈ പ്രദേശത്ത് സുലഭമാണ്. സമതലത്തിനു ചുറ്റുമുള്ള മലകള്‍ക്കിടയില്‍ ധാരാളം പാതകളുണ്ടെങ്കിലും, അപ്രതീക്ഷിതമായ ആക്രമണത്തെ നേരിടേണ്ട പരിതഃസ്ഥിതിയല്ല നഗരത്തിനുള്ളത്. സമുദ്രതീരത്തുനിന്നും ഉള്ളിലേക്കു മാറി സ്ഥിതിചെയ്തിരുന്നതിനാല്‍ കടലാക്രമണത്തിനുള്ള സാധ്യതകളും കുറവായിരുന്നു. അതോടൊപ്പംതന്നെ പിറീയസ്, സിസിയ, മ്യൂണിക്ക എന്നീ പ്രകൃതിദത്തമായ തുറമുഖങ്ങളുടെ സാമീപ്യം കടല്‍ മാര്‍ഗമുളള വാണിജ്യങ്ങള്‍ക്കും, നാവികബലം വര്‍ധിപ്പിക്കുന്നതിനും സൗകര്യം നല്കിയിരുന്നുതാനും. ഇക്കാരണങ്ങളാല്‍ പ്രാചീന ഗ്രീസിലെ ശക്തികേന്ദ്രമായി വളരുവാന്‍ ആഥന്‍സിനു കഴിഞ്ഞു. ജലദൌര്‍ലഭ്യം മാത്രമാണ് നഗരത്തിന്റെ പുരോഗതിക്കു തടസ്സമായിരുന്നത്. പുരാതനകാലത്ത് കിണറുകള്‍ കുഴിച്ചും, മഴവെള്ളം ചിറകെട്ടി നിര്‍ത്തിയും ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുപോന്നു. റോമന്‍ അധിനിവേശക്കാലത്ത് അക്വിഡക്റ്റുകള്‍ നിര്‍മിച്ച് ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. ആധുനിക ആഥന്‍സിലെ ആവശ്യത്തിന് മാരത്തോണ്‍ ജലസംഭരണിയില്‍ നിന്നാണ് വെള്ളം കൊണ്ടുവരുന്നത്.

പുരാവസ്തുവിജ്ഞാനീയം. ബി.സി. 4-ാം ശ.-ത്തില്‍ ദിയോദോറസ് ആണ് ആഥന്‍സിനെപ്പറ്റി ആദ്യമായി രേഖപ്പെടുത്തിയത്. എ.ഡി. 150-ല്‍ ഈ നഗരം അതിന്റെ എല്ലാ മേന്‍മകളോടും കൂടി നിലവിലിരുന്നപ്പോള്‍ പോസേനിയസ് (Pausanius) ഇവിടം സന്ദര്‍ശിച്ച് അതേപ്പറ്റിയുള്ള വിവരണങ്ങള്‍ എഴുതി; അദ്ദേഹത്തിന്റെ ഡിസ്ക്രിപ്ഷന്‍ ഒഫ് ഗ്രീസ് എന്ന കൃതിയിലെ ആദ്യത്തെ 30 അധ്യായങ്ങള്‍ ആഥന്‍സ് നഗരവര്‍ണനയാണ്. 20-ാം ശ.-ത്തിലെ ഉത്ഖനനം പോസേനിയസിന്റെ നഗരവിവരണങ്ങള്‍ ശരിയാണെന്നു തെളിയിച്ചു. 1395-ല്‍ നിക്കോളോ ദാ മാര്‍ടോണി ആഥന്‍സ് സന്ദര്‍ശിച്ച് ഈ നഗരത്തെപ്പറ്റി വിവരണമെഴുതി. ജോഹാനസ് മ്യൂര്‍സിയസും (1579-1639) ചില വിവരണങ്ങള്‍ നല്കിയിട്ടുണ്ട്.

17-ാം ശ. മുതല്‍ ആഥന്‍സ് നഗരത്തെപ്പറ്റിയുള്ള പഠനങ്ങള്‍ ആരംഭിച്ചു. കപ്പൂച്ചിയന്‍ സന്ന്യാസിമാരും ഫ്രഞ്ചുകാരും, ജോര്‍ജ് വീലര്‍, ജെയിംസ് സ്റ്റുവര്‍ട്ട്, നിക്കൊളാസ് റിവറ്റ്, റിച്ചാര്‍ഡ് പോകോക്ക്, റിച്ചാര്‍ഡ് ഡാള്‍റ്റന്‍, റിച്ചാര്‍ഡ് ചാന്‍ഡ്‍ലര്‍, ഇ.ഡി. ക്ളാര്‍ക്ക്, എഡ്വേര്‍ഡ് ഡോഡ്വെല്‍ തുടങ്ങിയ പുരാവസ്തുശാസ്ത്രജ്ഞന്‍മാരും ഈ നഗരത്തെപ്പറ്റി വിവിധകാലങ്ങളില്‍ പല വിവരണങ്ങളും നല്കിയിട്ടുണ്ട്.

19-ാം ശ.-ത്തിന്റെ മധ്യകാലത്തിനുശേഷം ഈ പ്രദേശങ്ങളില്‍ നടത്തിയിട്ടുള്ള ഉത്ഖനനങ്ങള്‍ ആഥന്‍സിന്റെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. ഗ്രീക്കുകാരെ കൂടാതെ ജര്‍മനി, യു.എസ്. എന്നീ രാഷ്ട്രങ്ങളില്‍നിന്നുള്ള ഗവേഷകരുടെ ഉത്ഖനനങ്ങളും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. റോക്ഫെലര്‍ ഫൌണ്ടേഷന്‍, മാര്‍ഷല്‍ എയിഡ് ഫണ്ട്സ്, ഗ്രീക്കു ഗവണ്‍മെന്റ് എന്നിവയുടെ സാമ്പത്തിക സഹായങ്ങള്‍ ഈ ഉത്ഖനനങ്ങള്‍ക്കു സഹായകമായി.

ചരിത്രാതീതകാലം മുതല്ക്കുതന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു. അക്രോപോലിസിനു വ. ഭാഗത്തുള്ള ചരിവില്‍ ധാരാളം പ്രാചീനഗൃഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി; വളരെയധികം ശവകുടീരങ്ങളും ഈ ഭാഗത്തിനു സമീപമായി കണ്ടുപിടിക്കപ്പെട്ടു. വെങ്കലയുഗത്തിന്റെ (Bronze age) അന്ത്യത്തില്‍ ആഥന്‍സ് സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചിരുന്ന ജനവാസകേന്ദ്രമായിരുന്നുവെന്നതിനു മതിയായ തെളിവുകള്‍ ഉണ്ട്. ഡോറിയന്‍ ആക്രമണത്തെ അതിജീവിച്ച ആഥന്‍സില്‍ അതിന്റെ പ്രാചീനസംസ്കാരം അഭംഗുരം നിലനിന്നു. ബി.സി. 560 നോടുകൂടി പ്രാചീന ആഥന്‍സ് നഗരം രൂപംകൊണ്ടു കഴിഞ്ഞിരുന്നു. പൈസിസ്റ്റ്രറ്റസിന്റെയും പിന്‍ഗാമികളുടെയും ഭരണം (ബി.സി. 560-510) ആഥന്‍സ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. പല നവീനഹര്‍മ്യങ്ങളും ആഥന്‍സില്‍ നിര്‍മിക്കപ്പെട്ടു. ശുദ്ധജലവിതരണത്തിനുള്ള ഏര്‍പ്പാടുകളും നടപ്പിലാക്കി. വിവിധദേവന്‍മാര്‍ക്കായി ദേവാലയങ്ങളും പണികഴിപ്പിക്കപ്പെട്ടു. പേര്‍ഷ്യന്‍ ആക്രമണകാലത്തു നശിപ്പിക്കപ്പെട്ട പല ദേവാലയങ്ങളും മന്ദിരങ്ങളും പില്ക്കാലത്തു പുനരുദ്ധരിക്കപ്പെട്ടു. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലശേഷം ആഥന്‍സില്‍ വളരെയധികം പുതിയ എടുപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ടോളമി II, ഫിലാഡല്‍ഫസ്, അത്താലസ് I, യുമിനസ് II, അത്താലസ് II എന്നീ ഭരണകര്‍ത്താക്കള്‍ ആഥന്‍സിനെ മോടിപിടിപ്പിച്ചു. ഗ്രീക് കാലഘട്ടത്തിലെ ഏറ്റവും മഹത്തായ സ്മാരകം സിയൂസ് ദേവന്റെ ക്ഷേത്രമാണ്. ബി.സി. 174-164 കാലഘട്ടത്തിലാണ് ഇതിന്റെ നിര്‍മാണം. അഗസ്റ്റസ് ചക്രവര്‍ത്തിയുടെ കാലത്ത് (ബി.സി. 63-എ.ഡി. 14) ഇതിന്റെ പണി പൂര്‍ത്തിയായി. റോമന്‍ ആധിപത്യത്തിന്‍കീഴിലും ആഥന്‍സ് നഗരത്തില്‍ അനവധി മനോഹര ഹര്‍മ്യങ്ങള്‍ പണികഴിപ്പിക്കപ്പെട്ടു. വിപ്സേനിയസ് അഗ്രിപ്പയും, ഹാഡ്രിയന്‍, അന്റോണിനസ് പയസ്, ഹെറോദസ് ആറ്റിക്കസ് തുടങ്ങിയവരും ആഥന്‍സ് നഗരത്തെ കൂടുതല്‍ സൗധങ്ങളും മറ്റും നിര്‍മിച്ച് മനോഹരമാക്കി. എ.ഡി. 267-ലെ ആക്രമണങ്ങളില്‍ ആഥന്‍സ് നഗരത്തിനു വലിയ നാശം സംഭവിച്ചു.

രാഷ്ട്രീയചരിത്രം. അറ്റിക്കയില്‍ സ്വതന്ത്രമായി ജീവിച്ചിരുന്ന വിവിധജനസമൂഹങ്ങള്‍ ആഥന്‍സ് ആസ്ഥാനമാക്കി രാജവാഴ്ചയോടുകൂടിയ ഒരു പ്രത്യേക ജനപദമായിത്തീര്‍ന്നതോടെയാണ് ആഥന്‍സ് എന്ന രാഷ്ട്രം ജന്‍മമെടുത്തത്. ഈ രാഷ്ട്രസംവിധാനത്തില്‍ സമുദായത്തിന്റെ ഉപരിതലത്തിലുള്ള പ്രഭുക്കന്‍മാര്‍ക്കു മാത്രമേ രാഷ്ട്രീയാവകാശങ്ങള്‍ ഉണ്ടായിരുന്നുള്ളു; ഭൂരിപക്ഷമായ സാമാന്യജനങ്ങള്‍ക്കു ഭരണത്തില്‍ യാതൊരു പങ്കുമില്ലായിരുന്നു. ഭൂമിയുടെ ഉടമാവകാശവും പ്രഭുവര്‍ഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമായിരുന്നു. അവിടെ നിലവിലിരുന്ന ഈ അഭിജാതാധിപത്യത്തിനെതിരായി സൈലോന്റെ നേതൃത്വത്തില്‍ ഒരു കലാപം ഉണ്ടായെങ്കിലും അത് അടിച്ചമര്‍ത്തപ്പെട്ടു.

പാര്‍ഥിനോണ്‍: അക്രോപോലിസിലെ അഥീനാ ദേവാലയം

കാര്‍ഷികപ്രധാനമായ ആഥന്‍സ് ക്രമേണ വാണിജ്യത്തില്‍ ഏര്‍പ്പെടുകയും സാമ്പത്തികമായ ഉയര്‍ച്ച നേടുകയും ചെയ്തു. ആഥന്‍സില്‍ നിലവിലിരുന്ന പ്രഭുഭരണം അവസാനിക്കുകയും അതിന്റെ സ്ഥാനത്ത് ഏകാധിപത്യഭരണം സ്ഥാപിതമാവുകയും ചെയ്തു. ഏകാധിപത്യകാലത്ത് ആഥന്‍സ് വീണ്ടും അഭിവൃദ്ധിപ്പെട്ടു. വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളും വികസിക്കുകയുണ്ടായി. ക്ളീസ്തനിസിന്റെ കാലത്ത് സാധാരണക്കാര്‍ കൂടുതലായി ഭരണത്തില്‍ പങ്കാളികളായി. ഇദ്ദേഹമാണ് അഥീനിയന്‍ ഡെമോക്രസിയുടെ യഥാര്‍ഥസ്ഥാപകന്‍. സ്പാര്‍ട്ട, തീബ്സ്, ചാല്‍ഡിസ്, പേര്‍ഷ്യ എന്നീ രാജ്യങ്ങളുമായി ആഥന്‍സിനു പല യുദ്ധങ്ങളിലും ഏര്‍പ്പെടേണ്ടിവന്നു. പേര്‍ഷ്യന്‍ യുദ്ധഭീഷണിയും പിന്നീടുണ്ടായ ആക്രമണവും ആഥന്‍സിന് ഒരു നല്ല നാവികസേനയെ സജ്ജീകരിക്കാനുള്ള അവസരം സൃഷ്ടിച്ചു. ബി.സി. 480-479 കാലഘട്ടത്തിലെ യുദ്ധങ്ങളില്‍ ആഥന്‍സ് നഗരത്തിനു വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. എങ്കിലും അന്തിമവിജയം നാവികസേനയുടെ സഹായം മൂലം ആഥന്‍സ് നേടി. പേര്‍ഷ്യന്‍ ആക്രമണശേഷം ആഥന്‍സിനു മറ്റു ഗ്രീക്കുരാഷ്ട്രങ്ങളുടെയും പുതിയതായി രൂപവത്കരിക്കപ്പെട്ട ഡീലിയന്‍ ലീഗിന്റെയും നേതൃത്വം ലഭിച്ചു. ആഥന്‍സില്‍ പല ഭരണമാറ്റങ്ങള്‍ ഉണ്ടാകുകയും ജനങ്ങളുടെ പരമാധികാരം ശക്തിപ്പെടുകയും ചെയ്തു.

പെരിക്ലിസ് (ബി.സി. 490-429). പെരിക്ലിസിന്റെ ഭരണകാലത്ത് പ്രയോഗത്തിലും തത്ത്വത്തിലും ജനകീയഭരണം വേരുറയ്ക്കാനാരംഭിച്ചു. പെരിക്ലിസ് സാമ്രാജ്യവികസനനയമാണ് സ്വീകരിച്ചത്. സമീപനഗരരാഷ്ട്രങ്ങളെ പരാജയപ്പെടുത്തുകയും അവിടത്തെ വാണിജ്യക്കുത്തകകള്‍ പലതും ആഥന്‍സിന് അന്നു ലഭിക്കുകയും ചെയ്തു. ഗ്രീസില്‍ ആഥന്‍സിന്റെ അധികാരപരിധി വികസിച്ചതോടെ സ്പാര്‍ട്ടയുടെ സൈനികശക്തി നിഷ്പ്രഭമാകാനിടയായി. എന്നാല്‍ തുടര്‍ന്നുണ്ടായ യുദ്ധങ്ങളിലെ പരാജയം ആഥന്‍സിന്റെ കരസേനയുടെ ദൗര്‍ബല്യം വെളിപ്പെടുത്തി. വിസ്തൃതമായ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ആഥന്‍സിന്റെ കരസേനയെക്കൊണ്ട് സാധ്യമല്ലെന്നു തെളിഞ്ഞു. പെരിക്ളിസിന്റെ നേതൃത്വകാലത്ത് ആഥന്‍സ്, സ്പാര്‍ട്ടയും പേര്‍ഷ്യയുമായുള്ള മത്സരനയം ഉപേക്ഷിക്കുകയും ആഥന്‍സിന്റെ ശക്തിവര്‍ധനവിനുവേണ്ടി നാവികസേനയുടെ വികസനത്തിനു ശ്രമിക്കുകയും ചെയ്തു.

ആഥന്‍സിന്റെ ചരിത്രത്തിലെ സുവര്‍ണകാലമാണ് പെരിക്ലിസിന്റെ ഭരണകാലം (443-29). ആഭ്യന്തരമായി ശക്തി ആര്‍ജിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ആഥന്‍സ് അന്ന്. ഡീലിയന്‍ ലീഗിന്റെ നേതൃത്വവും ആഥന്‍സിനായിരുന്നു. സുസജ്ജമായ നാവികസേനയും ആഥന്‍സിനുണ്ടായിരുന്നു. വിദേശീയാക്രമണത്തെ ചെറുക്കത്തക്ക ശക്തിയുള്ള കോട്ടകളാല്‍ അന്നു നഗരം സുരക്ഷിതമായിരുന്നു. വിദേശവാണിജ്യവും വളരെ അഭിവൃദ്ധിപ്പെട്ടു. മെഡിറ്ററേനിയന്‍ തീരങ്ങളിലെ പ്രദേശങ്ങളുമായി ആഥന്‍സ് നിരന്തര വ്യാപാരത്തില്‍ ഏര്‍പ്പെട്ടു. ചുങ്കം, നികുതി ആദിയായ ഇനങ്ങളില്‍ ആഥന്‍സിനു നല്ല വരുമാനമുണ്ടായി. സാംസ്കാരികരംഗങ്ങളില്‍ ഉണ്ടായ അഭിവൃദ്ധി, രാജ്യത്തിനു പൊതുവേയുണ്ടായ ഭൌതികാഭിവൃദ്ധിയെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു. ക്ഷേത്രങ്ങള്‍, രമ്യഹര്‍മ്യങ്ങള്‍, പൊതുമന്ദിരങ്ങള്‍ ആദിയായവകൊണ്ട് നഗരം അലങ്കരിക്കപ്പെട്ടു. സാഹിത്യരംഗത്തും ആഥന്‍സിന് അഭിവൃദ്ധിയുണ്ടായി. നാടകം, ശാസ്ത്രീയചിന്ത, തത്ത്വശാസ്ത്രം, ധര്‍മശാസ്ത്രം, പ്രസംഗകല, ചരിത്രരചന തുടങ്ങിയ രംഗങ്ങളിലെ വളര്‍ച്ചയ്ക്കു പെരിക്ളിസ് വ്യക്തിപരമായി ഉത്തരവാദിയായിരുന്നു. ആഥന്‍സിലെ ബുദ്ധിജീവികളെ പ്രോത്സാഹിപ്പിച്ചതോടൊപ്പം ഗ്രീസിലെ എല്ലാ രാഷ്ട്രങ്ങളില്‍നിന്നും പണ്ഡിതന്‍മാര്‍ ആഥന്‍സില്‍ എത്തിയിരുന്നു. ആഥന്‍സിന്റെ അഭിവൃദ്ധിയുടെ നിദാനം ആശ്രിതരാജ്യങ്ങളുടെ ചൂഷണമായിരുന്നു. ആഥന്‍സ് ഏകാധിപത്യ നഗരരാഷ്ട്രമായിത്തീര്‍ന്നത് പ്രതിഷേധങ്ങള്‍ക്കു കാരണമായി. തുടര്‍ന്ന് ആഥന്‍സും സ്പാര്‍ട്ടയും തമ്മിലുണ്ടായ പെലെപെനിഷ്യന്‍ യുദ്ധങ്ങള്‍ (ബി.സി. 431-404) ആഥന്‍സിന്റെ നാശത്തിനു കാരണമായി. ഒരു ശരിയായ വിദേശനയം നടപ്പിലാക്കാന്‍ കഴിയാതിരുന്നതും ദീര്‍ഘവീക്ഷണമില്ലാത്തവരും സ്വാര്‍ഥമതികളുമായ നേതാക്കന്‍മാരുടെ സാമര്‍ഥ്യക്കുറവുംമൂലം ഉണ്ടായ നയവൈകല്യമാണ് ആഥന്‍സിന്റെ പരാജയഹേതു. വിദേശീയാക്രമണങ്ങളും ആഭ്യന്തരക്കുഴപ്പങ്ങളും ആഥന്‍സിന്റെ ബലഹീനതയ്ക്കു കാരണമായി.

പൂര്‍ണമായും പരാജയപ്പെട്ടെങ്കിലും ആഥന്‍സ് നഗരം നശിച്ചില്ല. 403-ല്‍ ജനാധിപത്യഭരണം അവിടെ പുനരുദ്ധരിക്കപ്പെട്ടു. അതിനുമുന്‍പ് ഒരു ന്യൂനപക്ഷഭരണം (Oligarchy) നിലവിലിരുന്നു. കലയ്ക്കും സാഹിത്യത്തിനും ഉടവുതട്ടിയെങ്കിലും തത്ത്വശാസ്ത്രം, പ്രസംഗകല എന്നിവ വളരെ അഭിവൃദ്ധിപ്പെട്ടു. ശക്തിസന്തുലനത്തിനുവേണ്ടി ആഥന്‍സ് കൊരിന്തിയന്‍ ലീഗില്‍ അംഗമാകുകയും സ്പാര്‍ട്ടയും തീബ്സും തമ്മിലുള്ള മത്സരങ്ങളില്‍ മാറി മാറി കക്ഷിചേര്‍ന്നു സഹായിക്കുകയും ചെയ്തു. ഇതുമൂലം ഈജിയന്‍ പ്രദേശത്ത് വീണ്ടും ആഥന്‍സിനു സ്വാധീനം വര്‍ധിപ്പിക്കുവാന്‍ സാധിച്ചു. മാസിഡോണിയയിലെ ഫിലിപ്പ് ശക്തനാവുകയും ആഥന്‍സിനു ഭീഷണിയായിത്തീരുകയും ചെയ്തപ്പോള്‍ ഡെമോസ്തനിസിന്റെയും മറ്റും പ്രസംഗങ്ങളാല്‍ പ്രചോദിതരായി ആഥന്‍സ് ജനത പൂര്‍വമഹത്ത്വം വീണ്ടെടുക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഫിലിപ്പ് ആഥന്‍സിനെ ചെറോണി യുദ്ധത്തില്‍ തോല്പിച്ചു (ബി.സി. 338). ഫിലിപ്പും അലക്സാണ്ടറും ആഥന്‍സിന്റെ സാംസ്കാരിക മേന്‍മയില്‍ ആകൃഷ്ടരാവുകയും അതിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഥീനിയന്‍ജനത അവര്‍ക്കെതിരായി വിപ്ലവങ്ങള്‍ നടത്തുകയാണുണ്ടായത്. അലക്സാണ്ടറുടെ നിര്യാണാനന്തരം (ബി.സി. 323) ആഥന്‍സിലുണ്ടായ വിപ്ലവത്തെ റീജന്റായ ആന്റിപേറ്റര്‍ അടിച്ചമര്‍ത്തി. തുടര്‍ന്ന് നഗരം പല ഭരണമാറ്റങ്ങള്‍ക്കും വിധേയമായി. ബി.സി. 262-ല്‍ ആഥന്‍സ് മാസിഡോണിയന്‍ പട്ടാളത്തിന്റെ ഭരണത്തിന്‍കീഴിലായി. സിഷിയോണിലെ അരത്തൂസിന്റെ ശ്രമഫലമായി 229-ല്‍ മാസിഡോണിയന്‍സേനയെ ആഥന്‍സില്‍നിന്നു ബഹിഷ്കരിക്കാന്‍ കഴിഞ്ഞു.

റോമുമായുള്ള ബന്ധങ്ങള്‍. ബി.സി. 228-ല്‍ ആഥന്‍സ് റോമന്‍ റിപ്പബ്ലിക്കുമായി സൗഹാര്‍ദബന്ധത്തില്‍ ഏര്‍പ്പെട്ടു. ഈ കാലഘട്ടത്തില്‍ മാസിഡോണിയയിലെ ഫിലിപ്പ് V-ന്റെ ആക്രമണങ്ങള്‍ക്ക് ആഥന്‍സ് വിധേയമായി. അക്കീയന്‍ലീഗും റോമും തമ്മിലുണ്ടായ യുദ്ധത്തിനുശേഷം ഗ്രീസിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടെങ്കിലും തുടര്‍ന്നുണ്ടായ സന്ധിവ്യവസ്ഥയനുസരിച്ച് ആഥന്‍സ് സ്വതന്ത്രമായി. എങ്കിലും മിത്രഡേറ്റസ് റോമാക്കാര്‍ക്കെതിരായ വികാരം ഇളക്കിവിടുകയും അദ്ദേഹത്തിന്റെ ദൂതന്‍ അരിസ്റ്റിയോന്‍ റോമാക്കാര്‍ക്കെതിരായി യുദ്ധം ചെയ്യുവാന്‍ ആഹ്വാനം നല്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ആഥന്‍സ് പരാജയപ്പെടുകയും ജനങ്ങള്‍ കൊടുംദാരിദ്ര്യത്തില്‍പ്പെടുകയും ചെയ്തു. ആഥന്‍സിന്റെ വിദേശവാണിജ്യാവകാശങ്ങള്‍ നഷ്ടപ്പെടുകയും അതൊരു ഗ്രീക്കു തത്ത്വചിന്താപഠനകേന്ദ്രം മാത്രമായിത്തീരുകയും ചെയ്തു. സിസറൊ, അറ്റിക്കസ്, ഹൊറേസ് തുടങ്ങിയ പ്രശസ്ത റോമാക്കാര്‍ ആഥന്‍സില്‍ വിജ്ഞാനസമ്പാദനത്തിനായി പോയിരുന്നു. വാണിജ്യകേന്ദ്രവുംകൂടിയായിരുന്ന ആഥന്‍സ് ഒരു സര്‍വകലാശാലാകേന്ദ്രമായി. റോമിലെ ആഭ്യന്തരയുദ്ധത്തില്‍ ആഥന്‍സ് പോംപിയുടെ ഭാഗത്തുചേര്‍ന്നു. മാര്‍ക്ക് ആന്റണിയും ആഥന്‍സിനെയാണ് തന്റെ പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റിയത്. മാര്‍ക്ക് ആന്റണി ആഥന്‍സിനു നല്കിയ സൗജന്യങ്ങള്‍ അഗസ്റ്റസ് (ബി.സി. 63- എ.ഡി. 14) പിന്‍വലിച്ചു.

റോമാസാമ്രാജ്യം. റോമാസാമ്രാജ്യഭരണകാലത്ത് ആഥന്‍സ് സ്വതന്ത്രരാഷ്ട്രമായി. ഹാഡ്രിയന്‍ ചക്രവര്‍ത്തി ആഥന്‍സിനെ മോടിപിടിപ്പിച്ചു. അന്റൊനൈന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് ആഥന്‍സ് ഒരു വിദ്യാഭ്യാസകേന്ദ്രമെന്ന നിലയില്‍ പ്രശസ്തി നേടി. എ.ഡി. 267-ല്‍ ഗോത്തുകളുടെ ആക്രമണവും അലാറിക്കിന്റെ ആക്രമണവും (395) ഒഴിച്ചാല്‍ ആഥന്‍സിനു വലിയ ആക്രമണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നില്ല. ആഥന്‍സിന്റെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് തിയഡോഷ്യസ് I-ഉം ജസ്റ്റീനിയനുമാണ്. ഇത് ആഥന്‍സിന്റെ പ്രാചീന മഹിമയ്ക്ക് ഹാനികരമായിത്തീര്‍ന്നു.

ബൈസാന്തിയന്‍ ഭരണം. ആഥന്‍സ് പിന്നീട് ബൈസാന്തിയന്‍ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യാനഗരമായി തരംതാഴ്ത്തപ്പെട്ടു. ആഥന്‍സിലെ പല മനോഹരഹര്‍മ്യങ്ങളും കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു പൊളിച്ചുകൊണ്ടുപോയി. പല ഗ്രീക്കുക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളായി രൂപാന്തരപ്പെട്ടു. കോണ്‍സ്റ്റാന്‍സ് II ആഥന്‍സില്‍ കുറച്ചുകാലം ചെലവഴിച്ചു (662-63). 869-ല്‍ ആഥന്‍സിനെ ഒരു ആര്‍ച് ബിഷപ്പിന്റെ അധികാരപരിധിയില്‍പ്പെടുത്തി. 995-ല്‍ ആറ്റിക്ക ആക്രമിക്കപ്പെട്ടെങ്കിലും ആഥന്‍സ് ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. ബൈസാന്തിയന്‍ ചക്രവര്‍ത്തിയായ ബാസല്‍ II 1018-ല്‍ ആഥന്‍സ് സന്ദര്‍ശിച്ചു. ഗ്രീസിന്റെ മറ്റു ഭാഗങ്ങള്‍ പോലെതന്നെ ആഥന്‍സും ബൈസാന്തിയന്‍ ഭരണകാലത്തു വളരെ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചു. 12-ാം ശ.-ത്തിലെ ആഥന്‍സിന്റെ ശോച്യാവസ്ഥയെ അന്നത്തെ ആര്‍ച് ബിഷപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ലത്തീന്‍ ഭരണം. തെസലോനിക്കയിലെ രാജാവായിരുന്ന ബോണിഫെസ്, കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമണശേഷം (1204) ഓട്ടോ ദെ ല റോഷെയ്ക്ക് ആഥന്‍സ് ഭരണം വിട്ടു കൊടുത്തു; മെഗാസ്കിര്‍ (Megaskyr) എന്ന പദവിയും അദ്ദേഹത്തിനു നല്കി. അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരനായ ഗൈ I-ന് ഫ്രാന്‍സിലെ ലൂയി IX ഡ്യൂക് ഒഫ് ആഥന്‍സ് എന്ന പദവി നല്കി (1258). ഗൈ II-ന്റെ മരണാനന്തരം ആഥന്‍സ് ബ്രയനിലെ വാള്‍ട്ടറുടെ അധീനതയിലായി. ഗ്രാന്‍ഡ് കറ്റലന്‍ കമ്പനി എന്ന സേനാവിഭാഗം (നോ: അല്‍മൊഗാവറുകള്‍) വാള്‍ട്ടറെ അധികാരഭ്രഷ്ടനാക്കി. 1312-ല്‍ സിസിലിയിലെ രാജാവായ ഫ്രഡറിക്കിന്റെ അധീശാധികാരം അംഗീകരിക്കുകയും ഫ്രഡറിക്ക് അദ്ദേഹത്തിന്റെ പുത്രനായ മാന്‍ഫ്രഡിനെ ആഥന്‍സിലെ ഡ്യൂക്ക് ആയി നിയമിക്കുകയും ചെയ്തു. കറ്റലന്‍ഭരണത്തെത്തുടര്‍ന്ന് മറ്റൊരു കൂലിപ്പട്ടാളമായ (mercenaries) നവാറിസ് കമ്പനി (Navarrese company) 1379-ല്‍ ആഥന്‍സ് പിടിച്ചെടുക്കുകയും 1388-ല്‍ കൊരിന്ത് ഭരണാധികാരി അവരില്‍നിന്ന് ആഥന്‍സ് തിരികെ കൈവശപ്പെടുത്തുകയും ചെയ്തു. 1458 വരെ ആ വംശത്തിന്റെ ഭരണം നിലനിന്നു. 1458-ല്‍ ആഥന്‍സ് തുര്‍ക്കി സേനാധിപനായ ഉമര്‍ കീഴടക്കി. ആഥന്‍സ് സന്ദര്‍ശിച്ച തുര്‍ക്കി സുല്‍ത്താന്‍ (മുഹമ്മദ് II) ആഥന്‍സിലെ പുരാവസ്തുക്കള്‍കണ്ട് ആകൃഷ്ടനാകുകയും ആഥന്‍സിലെ ജനതയോടു സൗമ്യമായി പെരുമാറുകയും ചെയ്തു.

തുര്‍ക്കികള്‍. തുര്‍ക്കികള്‍ പാര്‍ഥിനോണിനെ, മുസ്ലിം പള്ളിയാക്കി മാറ്റി. പല ഗ്രീക്കു ഹര്‍മ്യങ്ങളിലും തുര്‍ക്കികള്‍ താമസമുറപ്പിച്ചു. 1466-ലും 1687-ലും വെനീഷ്യര്‍ ആഥന്‍സ് ആക്രമിച്ചു. ഈ ആക്രമണങ്ങള്‍ ആഥന്‍സിലെ പ്രാചീന മന്ദിരങ്ങള്‍ക്കു കേടുവരുത്തി. 1778-ല്‍ തുര്‍ക്കികള്‍ നഗരത്തിനു ചുറ്റും കോട്ട പണികഴിപ്പിച്ചപ്പോള്‍ പഴയ പല സ്മാരകങ്ങളും നശിപ്പിച്ചു.

1821-ല്‍ ഗ്രീക്ക് ഒളിപ്പോരുകാര്‍ ആഥന്‍സ് ആക്രമിക്കുകയും 1822-ല്‍ അക്രോപോലിസ് പിടിച്ചെടുക്കുകയും ചെയ്തു. 1826-ല്‍ തുര്‍ക്കികള്‍ അത് വീണ്ടെടുത്തു. 1833 വരെ അത് തുര്‍ക്കികള്‍ കൈവശത്തില്‍വച്ചു. പിന്നീട് ഗ്രീസിന്റെ തലസ്ഥാനമായി ആഥന്‍സ് അംഗീകരിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്ത് ആഥന്‍സ് ബോംബു ചെയ്യപ്പെട്ടില്ല. ജര്‍മന്‍കാര്‍ 1941 ഏ. 27 മുതല്‍ 1944 ഒ. 12 വരെ ഈ നഗരം കൈവശം വച്ചു.

ആധുനികനഗരം. പുരാതന നഗരഭാഗങ്ങളായ അക്രോ പോലിസിനും, ലൈക്കബെറ്റസ് മലയ്ക്കും ചുറ്റുമായി, സാരോണിക് ഉള്‍ക്കടല്‍ തീരത്തേക്കു വ്യാപിച്ചുകാണുന്ന നഗരാധിവാസമാണ് ഇപ്പോഴുള്ളത്; ആഥന്‍സിനെ അഭിമുഖീകരിച്ച് സലാമിസ്, ഈജീന എന്നീ ചെറുദ്വീപുകളും സ്ഥിതി ചെയ്യുന്നു. രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നുണ്ടായ അമിതമായ ജനബാഹുല്യം മൂലം നഗരാധിവാസം അറ്റിക്കാ സമതലത്തെ അതിക്രമിച്ച് മലഞ്ചരിവുകളോളം വ്യാപിച്ചിരിക്കുന്നു. പിറീയസ് തുറമുഖവും നഗരത്തിന്റെ ഒരു ഭാഗമായിരിക്കുന്നു. മൊത്തം 57 കമ്യൂണുകള്‍ ഉള്‍ക്കൊള്ളുന്ന ആഥന്‍സിന്റെ വിസ്തീര്‍ണം 402 ച.കി.മീ. ആണ്. ജനസംഖ്യ: 2005514 (2001).

ആഥന്‍സിലെ തീസിയം; അഗ്നിദേവന്റെ ( ഹിഫെസ്റ്റസ് ) ആലയം

1981-ല്‍ ഗ്രീസ് യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയില്‍ ചേര്‍ന്നതോടെ ആഥന്‍സില്‍ വിദേശനിക്ഷേപം ക്രമാതീതമായി വര്‍ധിച്ചു. 1990-കളില്‍ അന്തരീക്ഷമലിനീകരണത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവന്നു. മുഖ്യപാതയായ കിഫിസോസ് അവന്യൂ എട്ടുവരിപ്പാതയാക്കിയതോടെ ഗതാഗതം ഏറെ സുഗമമാക്കപ്പെട്ടു. ആഥന്‍സിന് 35 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്ന എലിഫ്നിരിയോസ് വെനിസെലോസ് അന്താരാഷ്ട്ര വിമാനത്താവളം 2001 മാ.-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ലണ്ടന്‍, പാരിസ്, ന്യൂയോര്‍ക്ക് തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നും വിനോദസഞ്ചാരികളുടെയും മറ്റും അനുസ്യൂതമായ പ്രവാഹം ആഥന്‍സിലേക്ക് ദിനംപ്രതി എത്തിച്ചേരുന്നു. ആധുനികരീതിയിലുളള ഹര്‍മ്യങ്ങളും നിരത്തുകളും കവലകളും ഉദ്യാനങ്ങളും ഇവിടെയുണ്ട്. പാര്‍ലിമെന്റ് മന്ദിരമായി ഉപയോഗിക്കപ്പെടുന്ന കൊട്ടാരം, അതോടനുബന്ധിച്ചുള്ള ഉദ്യാനം, ഒളിമ്പിക് സ്റ്റേഡിയം എന്നിവ പ്രമുഖ വാസ്തുവിദ്യാ നിര്‍മിതികളാണ്. ലോകോത്തരങ്ങളായ ഷോപ്പിങ് മാളുകളും ഇവിടെ കാണാം. ആഥന്‍സ് മെട്രോ ലോകത്തിലെ ഏറ്റവും മികച്ച ഭൂഗര്‍ഭ റെയില്‍പ്പാതകളിലൊന്നാണ്.

അക്കാദമി, ദേശീയ ഗ്രന്ഥശാല, ദേശീയ സാങ്കേതിക സര്‍വകലാശാല, നാഷണല്‍ തിയെറ്റര്‍, അമേരിക്കന്‍ സ്കൂള്‍ ഒഫ് ക്ലാസ്സിക്കല്‍ സ്റ്റഡീസ് തുടങ്ങിയവയുടെ കെട്ടിടങ്ങള്‍ ആധുനിക വാസ്തുവിദ്യയുടെ മനോഹരപ്രതീകങ്ങളാണ്. ഇവ കൂടാതെ ധാരാളം പൊതുസ്ഥാപനങ്ങളും, ദേവാലയങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

ആഥന്‍സില്‍നിന്നും ലണ്ടന്‍, പാരിസ് തുടങ്ങി യൂറോപ്പിലെ ഇതര നഗരങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസുകളുണ്ട്. നഗരത്തിനുള്ളില്‍ തന്നെ പിറീയസ് തുറമുഖത്തേക്കും, നഗരപ്രാന്തത്തിലെ സുഖവാസകേന്ദ്രമായ കിഫീസിയയിലേക്കും റെയില്‍പ്പാതകളുണ്ട്; ഇവയില്‍ വൈദ്യുത ട്രെയിനുകളാണ് ഓടുന്നത്. പിറീയസ് തുറമുഖത്തുനിന്നും ഈജിപ്ത്, തുര്‍ക്കി, ഇറ്റലി എന്നീ രാജ്യങ്ങളിലെ പ്രധാന തുറമുഖങ്ങളിലേക്ക് കപ്പല്‍ സര്‍വീസുണ്ട്; മാഴ്സെയ് ന്യൂയോര്‍ക്ക് തുടങ്ങിയ വിദൂര തുറമുഖങ്ങളുമായിപ്പോലും ബന്ധം പുലര്‍ത്തുന്നു. ഗ്രീസിലെ ഇതര തുറമുഖങ്ങളിലേക്ക് സ്റ്റീമര്‍ സര്‍വീസുമുണ്ട്.

വാണിജ്യം. ഗ്രീസിന്റെ വിദേശവാണിജ്യം മുഖ്യമായും പിറീയസിലൂടെയാണ് നടക്കുന്നത്. സ്വാഭാവികമായും ആഥന്‍സ് ഒരു വ്യവസായകേന്ദ്രമായിത്തീര്‍ന്നിരിക്കുന്നു; പരുത്തിത്തുണി, വീഞ്ഞ്, മദ്യം, കളിമണ്‍ ഉപകരണങ്ങള്‍, തുകല്‍, സോപ്പ് തുടങ്ങിയ നിത്യോപയോഗവസ്തുക്കള്‍, പരവതാനി, രാസദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനം വന്‍തോതില്‍ നടക്കുന്നു. പുകയില, വീഞ്ഞ്, സസ്യ എണ്ണ, മാര്‍ബിള്‍, ബോക്സൈറ്റ്, മാഗ്നസൈറ്റ് എന്നിവയാണ് പ്രധാന കയറ്റുമതികള്‍. കല്‍ക്കരി, വന്‍കിടയന്ത്രങ്ങള്‍, വ്യവസായങ്ങള്‍ക്കാവശ്യമുള്ള അസംസ്കൃതവസ്തുക്കള്‍ എന്നിവയും ഭക്ഷ്യധാന്യങ്ങളും ഇറക്കുമതികളില്‍പ്പെടുന്നു. 2004-ലെ ഒളിമ്പിക് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത് ആഥന്‍സ് നഗരമായിരുന്നു. 76000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മിക്കപ്പെട്ടത്.

സിന്‍റ്റാഗ്മ സ് ക്വയര്‍ : ആഥന്‍സ്

പുരാവസ്തുശേഖരങ്ങള്‍. ആഥന്‍സിലെ ഏറ്റവും വലിയ ആകര്‍ഷണം പുരാവസ്തുശേഖരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാഴ്ചബംഗ്ളാവുകളാണ്. 1866-ല്‍ സ്ഥാപിതമായ ദേശീയ പുരാവസ്തുപ്രദര്‍ശനശാല (National Archaeological Museum) അമൂല്യശേഖരങ്ങളുടെ ഒരു കലവറയാണ്. മാരത്തോണ്‍, സെറിഗറ്റോ എന്നിവിടങ്ങളില്‍നിന്നുള്ള ചെമ്പു വിഗ്രഹങ്ങള്‍ കായികശക്തിയുടെ ജൈവചൈതന്യം തുളുമ്പുന്ന നിദര്‍ശനങ്ങളാണ്. ആര്‍ട്ടിമീസിയത്തില്‍നിന്നു കണ്ടെടുക്കപ്പെട്ട സിയൂസ് വിഗ്രഹം, സുനിയത്തിലെ ഭീമാകാരമായ അപ്പോളോ പ്രതിമ, റ്റീജിയയിലെ സ്കൊപേയ്ഡ് (Scopaid) ശിരോരൂപങ്ങള്‍ തുടങ്ങിയവയും പുരാതന നഗരമായ മൈസീനിയിലെ ഉത്ഖനനത്തിലൂടെ വീണ്ടെടുക്കപ്പെട്ട അമൂല്യവസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. തനാഗ്ര, ഏഷ്യാമൈനര്‍ എന്നിവിടങ്ങളിലെ നിരവധി കളിമണ്‍ (Terracotta) ശില്പങ്ങളും, ചിത്രാങ്കിതങ്ങളായ പാത്രങ്ങളും ഈ മ്യൂസിയത്തിലുണ്ട്. ആഥന്‍സിലെ ചരിത്രരേഖാസംഭരണശാല ചിരപുരാതനങ്ങളും അതിപ്രധാനങ്ങളുമായ അനേകം രേഖകള്‍ ഉള്‍ക്കൊള്ളുന്നു. അക്രോപോലിസിലെ മ്യൂസിയത്തില്‍ ചരിത്രാതീതകാലം മുതല്ക്കുള്ള ശില്പങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയോടനുബന്ധിച്ചും ചരിത്രരേഖകള്‍ സൂക്ഷിക്കുന്ന ഒരു മ്യൂസിയമുണ്ട്. അക്കാദമിയുടെ ഭാഗമായ മ്യൂസിയം വിപുലമായ ഒരു നാണയശേഖരം ഉള്‍ക്കൊള്ളുന്നു. ബൈസാന്തിയന്‍ മ്യൂസിയത്തില്‍ പ്രസക്തകാലഘട്ടത്തിലെ ചിത്രകല, തുന്നല്‍പ്പണി, ശില്പകല എന്നിവയുടെ സവിശേഷമാതൃകകള്‍ സംഭരിക്കപ്പെട്ടിരിക്കുന്നു. ബൈസാന്തിയന്‍, കോപ്റ്റിക്, മുസ്ലിം, ചൈനീസ് എന്നീ മാതൃകകളിലുള്ള അമൂല്യകലാശേഖരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മറ്റൊരു സ്ഥാപനമാണ് ബെനാകി മ്യൂസിയം. പുരാവസ്തുസംബന്ധമായ പഠനത്തില്‍ അദ്വിതീയസ്ഥാനം വഹിക്കുന്ന ഗ്രീക് ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റിയുടെ ആസ്ഥാനവും ആഥന്‍സ് ആണ്.

ആഥന്‍സ് എന്ന പേരില്‍ യു.എസ്സിലെ ജോര്‍ജിയ സ്റ്റേറ്റില്‍ ഒരു നഗരം ഉണ്ട്. ഇത് ജോര്‍ജിയ സര്‍വകലാശാലയുടെ ആസ്ഥാനമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍