This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്മോപദേശശതകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആത്മോപദേശശതകം

നാരായണഗുരു രചിച്ച ഒരു അദ്വൈതവേദാന്തകൃതി. ആത്മതത്ത്വം വിവരിക്കുന്ന നൂറ് ഭാഷാപദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു ഇതില്‍.

ബാല്യകാലത്തുതന്നെ വീടുവിട്ടിറങ്ങി ആത്മാന്വേഷണ തത്പരനായി പ്രവ്രജനം നടത്തിക്കൊണ്ടിരുന്ന കാലത്താണ് നാരായണഗുരു ഇത് രചിച്ചതെന്നു കരുതപ്പെടുന്നു. ഇതില്‍ സൃഷ്ടിവിവരമുള്‍പ്പെടെയുള്ള ഉപനിഷദ് സത്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ സംവിധാനത്തില്‍ താഴെപ്പറയുന്ന വിഷയങ്ങള്‍ ആവിഷ്കൃതമായിരിക്കുന്നു: (1) സത്വബുദ്ധി; (2) സാധനാനുഷ്ഠാനങ്ങളും അനുഭൂതി ദശകളും; (3) ശക്തിസ്വരൂപം; (4) ഏകമതപ്രഖ്യാപനം; (5) സംശയനിവൃത്തി; (6) അജാതവാദം; (7) സച്ചിദാനന്ദം ബ്രഹ്മഃ; (8) അനന്തം ബ്രഹ്മഃ; (9) പ്രജ്ഞാനം ബ്രഹ്മഃ; (10) അഹം ബ്രഹ്മാസ്മി; (11) ആത്മസാക്ഷാത്കാരത്തിനുള്ള രാജപാതകള്‍.

ആദ്യത്തെ ആറു ശ്ലോകങ്ങളില്‍ നിര്‍വികല്പമായ പരമാത്മസത്തയുടെ സ്വരൂപം വെളിപ്പെടുത്തിയശേഷം പിന്നീട് 35 വരെയുള്ള ശ്ലോകങ്ങളില്‍ സത്യാന്വേഷണത്തെ ത്വരിപ്പിക്കുന്ന മനനനിദിധ്യാസനവിധികള്‍ അനുഭൂതിയുടെ വിവിധ ഘട്ടങ്ങളെ തരണംചെയ്ത് പൂര്‍ണസാക്ഷാത്കാരത്തിലെത്തുന്നവിധം ചര്‍ച്ച ചെയ്യുന്നു. പിന്നീട് (36-43) ശക്തി സ്വരൂപമെന്തെന്നുള്ള അന്വേഷണമാണ്. വിദ്യയ്ക്കും അവിദ്യയ്ക്കും ഇദ്ദേഹം ഇവിടെ 'സമ'യെന്നും 'അന്യ'യെന്നും നാമകരണം ചെയ്തിരിക്കുന്നു. ആറു പദ്യങ്ങള്‍ (44-49) സകല മതസാരവും ഒന്നാണെന്നു സമര്‍ഥിക്കാനാണ് വിനിയോഗിച്ചിരിക്കുന്നത്.

അജാതവാദം. ബ്രഹ്മസ്വരൂപം, സാധനാമാര്‍ഗങ്ങള്‍, അനുഭൂതിദശകള്‍, മായാസ്വരൂപം, ഏകമതപ്രഖ്യാപനം എന്നീ വേദാന്തതത്ത്വവിചാരം കഴിഞ്ഞിട്ട് പരമസാക്ഷാത്കാരദശയില്‍ വെളിപ്പെടുന്ന സത്യസ്വരൂപത്തെ പദ്യങ്ങളില്‍ 50 മുതല്‍ 77 വരെ ഇദ്ദേഹം ചര്‍ച്ചചെയ്യുന്നു. ഗൗഡപാദാചാര്യരുടെ മാണ്ഡുക്യകാരികയിലും ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിലും ആവിഷ്കൃതമായിട്ടുള്ള 'അജാതവാദ'ത്തെ നാരായണഗുരു ഈ ഭാഗത്ത് സമര്‍ഥമായി സംക്ഷേപിച്ചിട്ടുണ്ട്. അദ്വൈതസത്യത്തെ പൂര്‍ണമായി സാക്ഷാത്കരിച്ചനുഭവിക്കുന്ന ഒരു ബ്രഹ്മനിഷ്ഠനെയും മായാശക്തികൊണ്ട് ഉണ്ടെന്നു തോന്നിക്കുന്ന മിഥ്യാദര്‍ശനങ്ങളെ തുറന്നുകാണിക്കുന്ന ഒരു ഏകാഗ്രാന്വേഷകനെയും ഈ ഭാഗത്തു കാണാം.

സത്യസ്വരൂപം. ജിജ്ഞാസുവിന്റെ സംശയനിവൃത്തിക്കുവേണ്ടിയുള്ള സത്യസ്വരൂപവിവരണം 18 ശ്ളോകങ്ങളില്‍ സംഗ്രഹിച്ചിരിക്കുന്നു. ഒരു വസ്തുവില്‍ വിവിധ ദര്‍ശനങ്ങളും വിവിധ ദര്‍ശനങ്ങളില്‍ ഒരു വസ്തുവും കണ്ടെത്താന്‍ കഴിയുമെന്നുള്ള തത്ത്വം ദൃഷ്ടാന്തസഹിതം ഇവിടെ പ്രതിപാദിതമായിട്ടുണ്ട്.

78 മുതല്‍ 88 വരെയുള്ള പദ്യങ്ങളില്‍ ഒരേ പരമാത്മസത്തയില്‍ അപ്പപ്പോള്‍ പൊന്തിമറയുന്ന നാമരൂപങ്ങള്‍ മാത്രമാണ് പ്രപഞ്ചഘടകങ്ങളെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പൂര്‍ണസത്യം ദര്‍ശിച്ച് സര്‍വത്ര അദ്വയബ്രഹ്മരൂപം അനുഭവിക്കാന്‍ തുടങ്ങുന്നതോടെ ജനനമരണചിന്ത അനുഭൂതിമണ്ഡലത്തില്‍നിന്നും പൂര്‍ണമായും തിരോഭവിക്കുന്നുവെന്നും ഈ ബോധമാണ് വേദാന്തസിദ്ധാന്തങ്ങളുടെ പരമകാഷ്ഠയെന്നുമാണ് ഈ ഭാഗത്തിന്റെ മുഖ്യസന്ദേശം. അടുത്ത അഞ്ചു ശ്ലോകങ്ങള്‍ (89-93) സച്ചിദാനന്ദസ്വരൂപം തന്നെയാണ് പരമസത്യമെന്ന് വിവരിക്കുന്നു. അതിന്റെ അനന്തതയെക്കുറിച്ചാണ് അടുത്ത മൂന്നു പദ്യങ്ങള്‍ (94-96).

അഹം ബ്രഹ്മാസ്മി. നിര്‍വികല്പദശയെ സാക്ഷാത്കരിച്ച് വസ്തുതത്ത്വം ഗ്രഹിച്ചവര്‍ക്ക് ലോകകാര്യങ്ങളിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പോലും അനുഭവിക്കാന്‍ കഴിയുന്ന വസ്തുബോധത്തെ 97, 98, 99 എന്നീ പദ്യങ്ങളില്‍ വര്‍ണിച്ചിരിക്കുന്നു. നൂറാമത്തെ ശ്ലോകം 'അഹം ബ്രഹ്മാസ്മി' എന്ന തത്ത്വത്തെ വിശദീകരിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വിചാരപൂര്‍വകമായ ബ്രഹ്മാഭ്യാസം, പ്രണവോപാസന എന്നിവയാണ് സത്യസാക്ഷാത്കാരത്തിനുള്ള രാജപാതകളെന്ന് അവസാനപദ്യത്തില്‍ കാട്ടിത്തന്നുകൊണ്ട് ഈ കൃതി ഉപസംഹരിച്ചിരിക്കുന്നു.

പുതുമ ഉളവാക്കുന്ന രൂപകല്പനകളും പ്രതീകഭാവനകളും അലങ്കാരപ്രയോഗങ്ങളും നിറഞ്ഞ ഈ കൃതി നാരായണ ഗുരുവിന്റെ കവിത്വത്തിനും തമിഴ്-സംസ്കൃതഭാഷാപാണ്ഡിത്യത്തിനും ഒരു വിലപ്പെട്ട നിദര്‍ശനമാണ്. കുമാരനാശാന്‍ ഒരു ആമുഖത്തോടും വ്യാഖ്യാനത്തോടുംകൂടി 1904-ല്‍ ആത്മോപദേശശതകം പ്രസിദ്ധീകരിക്കുകയുണ്ടായി. 'ഭാഷ ശുദ്ധമലയാളവും രചന അതിമനോഹരവും ആയിരുന്നാലും സ്വാമിയുടെ കവിതകള്‍ക്ക് അര്‍ഥകല്പനയില്‍ പലപ്പോഴും കാണാറുള്ള ഒരു ദുരവഗാഹതയില്‍നിന്ന് ഈ ശതകവും തീരെ മുക്തമല്ല' എന്നും, അതുകൊണ്ടാണ് ഇതിന് ഒരു വിവരണമെഴുതുന്നതെന്നും ആശാന്‍ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

'അറിവിലുമേറിയറിഞ്ഞിടുന്നവര്‍ത-

ന്നുരുവിലുമൊത്ത്, പുറത്തുമുജ്ജ്വലിക്കും

കരുവിന് കണ്ണുകളഞ്ചുമുള്ളടക്കി-

ത്തെരുതെരെ വീണുവണങ്ങിയോതിടേണം.'

എന്ന പ്രഥമപദ്യം ഉപനിഷത്തുകളില്‍നിന്നും ധാരാളം ഉദ്ധരണികളോടുകൂടി തലനാരിഴകീറി വ്യാഖ്യാനിച്ചതിനു ശേഷം ആശാന്‍ അതിനെ ഇങ്ങനെ പരാവര്‍ത്തനം ചെയ്തിരിക്കുന്നു: 'ഇന്ദ്രിയജ്ഞാനം, ആത്മാവ്, ബാഹ്യപ്രപഞ്ചം ഇവയെല്ലാം വ്യാപിച്ചും, പരമാര്‍ഥത്തില്‍ ഇവയോട് അഭേദവും ഏകവും ആയും പ്രകാശിക്കുന്ന ശുദ്ധചൈതന്യം അവാങ്മനസഗോചരമാകയാല്‍ ഇന്ദ്രിയങ്ങളെ അന്തര്‍മുഖങ്ങളാക്കി സമാധിയില്‍ ആ ചൈതന്യത്തെ അനുസന്ധാനം ചെയ്ത് അഭേദനിഷ്ഠയോടുകൂടിയിരിക്കുന്ന മഹാത്മാവ് വേണം ആ ദിവ്യമംഗലസ്വരൂപത്തെ ഉപദേശിപ്പാന്‍ എന്നാണ് ഈ ആദ്യപദ്യത്തിന്റെ താത്പര്യം.' നോ: നാരായണഗുരു

(ജി. ബാലകൃഷ്ണന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍