This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്മകഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആത്മകഥ

Autobiography

ഒരു വ്യക്തി രചിച്ച സ്വന്തം ജീവിതകഥ. ഒരാളുടെ ജീവിതകഥ മറ്റൊരാള്‍ രേഖപ്പെടുത്തുന്നതിനെ ജീവചരിത്രം എന്നു പറയുന്നു.

ആമുഖം

വിശ്വപ്രസിദ്ധരായ പല എഴുത്തുകാരും ആത്മകഥയെ നിര്‍വചിക്കാന്‍, ശ്രമിച്ചിട്ടുണ്ട്. എച്ച്.എ. ഹെഡ്ജസിന്റെ അഭിപ്രായത്തില്‍ 'ജീവിതാവബോധം' നമ്മുടെ മുന്നില്‍ മഹത്തരവും വിജ്ഞേയവുമായ വിധത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ് ആത്മകഥ. എന്നാല്‍ തന്റെ ചിന്തകളുടെയും പ്രവൃത്തികളുടെയും വ്യാപ്തി വിവരിക്കാന്‍ തന്നെക്കാള്‍ മറ്റാരും പ്രാപ്തരല്ലെന്നു ബോധമുള്ളവനാണ് ആത്മകഥാകാരന്‍ എന്ന് എഡ്വേര്‍ഡ് ഗിബ്ബണ്‍ വിലയിരുത്തുന്നു. ഒരു പൂര്‍ണജീവിതത്തിന്റെ താളലയങ്ങള്‍ സന്ദര്‍ഭോചിതമായി പ്രകടിപ്പിക്കാന്‍ ജീവചരിത്രകാരനു കഴിയുമ്പോള്‍ ആത്മകഥാകാരന് സ്വന്തം ജീവിതകഥ പൂര്‍ണമായവതരിപ്പിക്കുവാന്‍ കഴിയുന്നില്ല. അതേ സമയം സ്വന്തം അഭിരുചികളെയും ദൗര്‍ബല്യങ്ങളെയും കുറിച്ചു ബോധ്യമുള്ളതുകൊണ്ട് ആത്മകഥാകൃത്തിനു തന്റെ വ്യക്തിത്വത്തെ പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ കഴിയുന്നു. സാഹിത്യം, സംസ്കാരം, കല, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികജീവിതത്തിന്റെ ഏതെങ്കിലും മണ്ഡലത്തില്‍ പ്രശസ്തി നേടിയ ഒരു വ്യക്തി തന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സമൂഹത്തിനു മാര്‍ഗദര്‍ശകമാകണമെന്ന ഉദ്ദേശ്യത്തോടെ രചിച്ചിട്ടുള്ള ആത്മകഥകളാണ് കൂടുതല്‍ പ്രശസ്തങ്ങളായിട്ടുള്ളത്. ഗ്രന്ഥരചനയിലെ ശില്പവൈദഗ്ധ്യവും കഥാവതരണത്തിന്റെ സത്യസന്ധതയും ആത്മകഥകളെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു. മാതൃകാപരമായ ഒരു ആത്മകഥയില്‍ രചയിതാവിന്റെ ജീവിതത്തിന്റെ ചിത്രീകരണത്തോടൊപ്പം രാഷ്ട്രം, സമൂഹം, കാലഘട്ടം തുടങ്ങിയവയുടെ പ്രതിഫലനവുമുണ്ടായിരിക്കും.

ആത്മകഥ വിശ്വസാഹിത്യത്തില്‍

2200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനയില്‍ ജീവിച്ചിരുന്ന സുമാചിന്‍ എന്നു പേരുള്ള എഴുത്തുകാരന്‍ ആത്മകഥ എഴുതിയതായി രേഖകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ക്രി.മു. 401-ല്‍ സെനൊഫൊന്‍സ് രചിച്ച അനബസിസ് എന്ന കൃതിയും, ക്രി.മു. 1-ാം ശ.-ത്തില്‍ പ്രസിദ്ധീകൃതമായ സിസറോയുടെ കത്തുകളും ജൂലിയസ് സീസറിന്റെ കമന്ററീസ് എന്ന കൃതിയും ഏറെക്കുറെ ആത്മകഥാ സാഹിത്യശാഖയില്‍പ്പെടുത്താവുന്ന ആദ്യകാല കൃതികളാണ്. തൊട്ടുപിന്നാലെയുള്ള ശതകങ്ങളില്‍ ഗ്രീസിലും റോമിലും ജിവിച്ചിരുന്ന ആത്മകഥാകൃത്തുകളാണ് സള്ളാ, സെനെക്ക, ഹോറസ്, ഒവിഡ്, ഗാലന്‍, ലൂസിയന്‍, റോലിയസ്, ഡമാസനസ് എന്നിവര്‍.

സെന്റ് അഗസ്റ്റിന്‍ ലത്തീന്‍ ഭാഷയില്‍ രചിച്ച ആത്മകഥയാണ് കണ്‍ഫഷന്‍സ്. അന്നത്തെ സാമൂഹികവും സാംസ്കാരികവുമായ പരിതഃസ്ഥിതികളുടെ പശ്ചാത്തലത്തില്‍ സ്വന്തം വ്യക്തിത്വത്തെ അഥവാ ആത്മാവിനെക്കുറിച്ചു വിശകലനം ചെയ്യാന്‍ ഇദ്ദേഹം ഈ ആത്മകഥയിലൂടെ ശ്രമിക്കുന്നു. വേദാന്തപരമായ സത്യാന്വേഷണംകൂടി ആത്മകഥാരചനയിലൂടെ ഇദ്ദേഹം ലക്ഷ്യമിട്ടിരുന്നതായി കരുതാം.

15-ാം ശ.-ത്തില്‍ മാര്‍ജറി കെമ്പെ രചിച്ച ആത്മകഥയായ ദ് ബുക്ക് ഒഫ് മാര്‍ജറി കെമ്പെയാണ് ഇംഗ്ളീഷ് സാഹിത്യത്തിലെ പ്രധാന ആത്മകഥകളില്‍ ആദ്യത്തേതായി കരുതപ്പെടുന്നത്. എന്നാല്‍ അഞ്ഞൂറുവര്‍ഷത്തെ അജ്ഞാതവാസത്തിനുശേഷം 1934-ല്‍ മാത്രമാണ് ലങ്കാഷെയറിലെ ഒരു ലൈബ്രറിയില്‍നിന്നും ഈ കൃതി കണ്ടുകിട്ടിയത്. ദൈവിക ചിന്തകളിലും ആരാധനകളിലും മുഴുകിയ ഒരു സ്ത്രീയുടെ ആത്മീയസംഘട്ടനങ്ങളുടെയും സാഹസികതകളുടെയും നല്ലൊരു വിവരണമാണ് ഈ ഗ്രന്ഥം.

നവോത്ഥാന കാലഘട്ടത്തിലെ (16-ാം ശ.) പ്രധാനപ്പെട്ട രണ്ട് ആത്മകഥകളാണ് ഇറ്റലിക്കാരായ ബെന്‍വെനുറ്റോ സെല്ലിനി, ജറാനിമോ കാര്‍ഡാനോ എന്നിവരുടേത്. ശില്പശാസ്ത്രജ്ഞനായ സെല്ലിനിയും ഭിഷഗ്വരനായ കാര്‍ഡാനോവും ജീവിതാപഗ്രഥനാത്മകമായ രചനാശൈലിയാണു സ്വീകരിച്ചത്. 17-ാം ശ.-ത്തില്‍ ലോഡ് ഹെര്‍ബര്‍ട്, ജോണ്‍ ബന്യന്‍, റിച്ചാഡ് ബാക്സ്റ്റര്‍ എന്നിവര്‍ രചിച്ച ആത്മകഥകള്‍ ആന്തരികമായ മാനസിക സംഘട്ടനത്തിന്റെ അതിശക്തവും വികാരാത്മകവുമായ പ്രകാശകങ്ങളെന്ന നിലയില്‍ ശ്രദ്ധേയങ്ങളായി. ഈ ശതകത്തില്‍ത്തന്നെ മാര്‍ഗരറ്റ് കാവന്‍ഡിഷ്, ലൂസി ഹച്ചിന്‍സന്‍, ലേഡി ഫാര്‍ഷ, മേരി റിച്ചു തുടങ്ങിയ സാഹിത്യകാരികള്‍ രചിച്ച ആത്മകഥകളും പ്രശസ്തങ്ങളാണ്.

18-ാം ശ.-ത്തില്‍ രചിക്കപ്പെട്ട ആത്മകഥകളില്‍ റൂസ്സോയുടെ കണ്‍ഫഷന്‍സ് വളരെ പ്രശസ്തി നേടി. നിന്ദ്യമായ ജീവിതരീതി സ്വീകരിച്ചിരുന്ന ഗ്രന്ഥകാരന്‍ തന്റെ ജീവിതകഥ ഒരു സങ്കോചവും കൂടാതെ ഈ ഗ്രന്ഥത്തിലവതരിപ്പിക്കുന്നു. ഒരു ആത്മകഥയെന്ന നിലയില്‍ ഇതിന്റെ രചനാശൈലി പ്രശംസാര്‍ഹമാണ്. എഡ്വേര്‍ഡ് ഗിബണ്‍, എലിസബത്ത് കെയിന്‍സ്, ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, ഡേവിഡ് ഹ്യൂം എന്നിവരും ഈ ശതകത്തിലെ പ്രശസ്തരായ ആത്മകഥാകൃത്തുക്കളാണ്.

19-ഉം 20-ഉം ശതകങ്ങളില്‍ മാതൃകാപരങ്ങളും പ്രശസ്തങ്ങളുമായ അനേകം ആത്മകഥകള്‍ രചിക്കപ്പെട്ടു. തള്‍സ്തായ്, മാക്സിം ഗോര്‍ക്കി, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ഹിറ്റ്ലര്‍, വെര്‍ജിനിയ വുള്‍ഫ്, സോമര്‍സെറ്റ് മോം, എച്.ജി. വെല്‍സ്, ഴാങ് പോള്‍ സാര്‍ത്ര്, രബീന്ദ്രനാഥ ടാഗൂര്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ ആത്മകഥകള്‍ ഉദാഹരണങ്ങളാണ്. തള്‍സ്തായിയുടെ ആത്മകഥ (ശൈശവം-ബാല്യം-യൗവനം) 19-ാം ശ.-ത്തിലെ ഈ സാഹിത്യവിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രന്ഥമായി കണക്കാക്കാം. 20-ാം ശ.-ത്തിലെ മികച്ച മാതൃകാആത്മകഥയാണ് ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. ഈ കൃതിയില്‍ തന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള സംഭവങ്ങളെ ഒളിവോ മറവോ കൂടാതെ വെളിപ്പെടുത്തുന്ന ഗാന്ധിജി സ്വന്തം ജീവിതാനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു പാഠമായിത്തീരാന്‍ ആഗ്രഹിച്ചിരുന്നതായി കാണാം.

ആത്മകഥ ഭാരതീയ സാഹിത്യത്തില്‍

ഗ്രന്ഥത്തിന്റെ ആരംഭത്തിലോ അവസാനഭാഗത്തോ ഗ്രന്ഥകര്‍ത്താക്കള്‍ തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ സംക്ഷിപ്തമായോ വിശദമായോ നല്കുന്ന രീതി സംസ്കൃതം, പ്രാകൃതം, പാലി തുടങ്ങിയ ഭാരതീയ ഭാഷകളിലെ സാഹിത്യത്തില്‍ നിലവിലിരുന്നു. ഇതിഹാസരചയിതാക്കളായ വാല്മീകിയും വ്യാസനും യഥാക്രമം ഉത്തരരാമായണത്തിലും മഹാഭാരതത്തിലും അപ്രധാനമല്ലാത്ത കഥാപാത്രങ്ങള്‍ കൂടിയാണ്. എന്നാല്‍ ആത്മകഥ എന്ന രീതിയില്‍ എഴുതപ്പെട്ട കൃതികള്‍ പ്രാചീന ഭാരതീയ സാഹിത്യത്തില്‍ വിരളമാണ്. ഗദ്യത്തിലും പദ്യത്തിലുമുള്ള ജീവചരിത്രഗ്രന്ഥങ്ങള്‍ സംസ്കൃതസാഹിത്യത്തിലും പ്രാകൃതം, പാലി തുടങ്ങിയ ഭാഷകളിലും വിരളമല്ല. പാശ്ചാത്യ സാഹിത്യത്തിലെ ആത്മകഥകളുടെ തര്‍ജുമയും അനുകരണവും വഴി 19-ാം ശ.-ത്തിലാണ് ആത്മകഥാശാഖ ഭാരതീയ സാഹിത്യത്തില്‍ വളര്‍ച്ച നേടിയത്. വളരെപ്പെട്ടെന്നുതന്നെ എല്ലാ ഭാരതീയ ഭാഷകളിലും ഇന്ത്യന്‍-ഇംഗ്ളീഷ് സാഹിത്യത്തിലും പ്രധാന സാഹിത്യവിഭാഗങ്ങളിലൊന്നായി ആത്മകഥാസാഹിത്യം വളര്‍ച്ച നേടി.

ഹിന്ദി

ഹിന്ദിയിലെ ആദ്യത്തെ ആത്മകഥയായറിയപ്പെടുന്നത് ബനാറസീദാസിന്റെ അര്‍ധകഥാനക് (1641) ആണ്. ഇത് പദ്യത്തിലാണു രചിച്ചിട്ടുള്ളത്. എന്നാല്‍ ആധുനികാര്‍ഥത്തിലുള്ള ആത്മകഥ ഹിന്ദി സാഹിത്യത്തില്‍ വളര്‍ച്ച നേടിയത് 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ്. ഇതിലാദ്യത്തേതായി കണക്കാക്കാവുന്നത് സ്വാമി ദയാനന്ദ സരസ്വതിയുടെ ആത്മകഥയാണ്. 1879 ഒ. മുതല്‍ 1880 ന. വരെ തിയോസഫിസ്റ്റ് മാസികയില്‍ ഇതു പ്രസിദ്ധീകരിച്ചു.

20-ാം ശ.-ത്തിന്റെ ആദ്യപാദത്തില്‍ത്തന്നെ ഹിന്ദിയില്‍ ലക്ഷണയുക്തങ്ങളായ അനേകം ആത്മകഥകള്‍ രചിക്കപ്പെട്ടു. ഭായി പരമാനന്ദന്റെ കാലേ പാനീ കീ കര്‍വാസ് കഹാനി എന്ന ആത്മകഥയില്‍ ബ്രിട്ടീഷ് ജയിലുകളില്‍ ഇന്ത്യന്‍ തടവുകാര്‍ക്ക് അനുഭവിക്കേണ്ടിവന്ന കൊടുംയാതനയുടെ കരളലിയിക്കുന്ന കഥകള്‍ ചിത്രീകരിച്ചിട്ടുണ്ട്. സ്വാമി ശ്രദ്ധാനന്ദയുടെ കല്യാണ്‍ മാര്‍ഗ് കാ പഥിക് എന്ന ആത്മകഥയില്‍ പ്രബോധനത്തിനാണ് പ്രാധാന്യം നല്കിയിരിക്കുന്നത്.

പ്രേംചന്ദ് പ്രസിദ്ധീകരിച്ചിരുന്ന ഹംസ് മാസികയുടെ 1931 സെപ്.-ലെ പതിപ്പ് ആത്മകഥാപതിപ്പായാണ് പ്രസിദ്ധീകൃതമായത്. ഇതില്‍ പ്രേംചന്ദ്, ലക്ഷ്മീധര്‍ വാജ്പേയി, ജയശങ്കര്‍ പ്രസാദ്, രാമചന്ദ്രശുക്ള, വിനോദ് ശങ്കര്‍വ്യാസ്, ഭായി പരമാനന്ദ്, ശ്രീനാഥ് സിന്‍ഹ, ജൈനേന്ദ്ര കുമാര്‍ തുടങ്ങി മുപ്പത്തിരണ്ടുപേരുടെ ആത്മകഥാകുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് ഹിന്ദിയില്‍ ആത്മകഥാസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കു മാര്‍ഗദര്‍ശകവും പ്രചോദകവുമായി. ഈ കാലഘട്ടത്തില്‍ത്തന്നെ രചിക്കപ്പെട്ട സ്വാമി സത്യാനന്ദന്റെ സ്വതന്ത്രതാ കീ ഖോജ് എന്ന ആത്മകഥയും രാമപ്രസാദ് ബിസ്മില്‍, ലാലാ ലജ്പത്റായ് എന്നിവരുടെ ആത്മകഥകളും ഹിന്ദിയിലെ ലക്ഷണയുക്തമായ ആത്മകഥകള്‍ക്കുദാഹരണങ്ങളാണ്.

നിരൂപകനും ഗവേഷകനും മഹാനിഘണ്ടുകാരനുമായിരുന്ന ശ്യാം സുന്ദര്‍ ദാസിന്റെ മേരീ ആത്മകഹാനീ (1941) ഹിന്ദിയിലെ ഏറ്റവും പ്രശസ്തമായ ആത്മകഥകളിലൊന്നാണ്. നാഗരി ഹിന്ദി പ്രചാരിണിസഭ (കാശി)യുടെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്ന ഇദ്ദേഹം സഭയുടെ ഉദ്ഭവവികാസങ്ങളെക്കുറിച്ചും അന്നത്തെ ഹിന്ദി സാഹിത്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചും ഈ കൃതിയില്‍ വിശദമായി വിവരിക്കുന്നുണ്ട്. വിയോഗിഹരിയുടെ മേരാ ജീവന്‍ പ്രവാഹ് (1948) എന്ന ആത്മകഥയില്‍ ഹിന്ദി സാഹിത്യസമ്മേളന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ദളിതോദ്ധാരണ പരിപാടികളെക്കുറിച്ചും പ്രത്യേകമായി വിവരിക്കുന്നു. രാഹുല്‍ സാംകൃത്യായന്റെ മേരീ ജീവന്‍ യാത്രാ എന്ന ആത്മകഥ നാലു ഭാഗങ്ങളുള്ള ഒരു ബൃഹദ്ഗ്രന്ഥമാണ്. ശാന്തിപ്രിയ ദ്വിവേദിയുടെ പരിവ്രാജ് കി പ്രജാ (1952), ദേവേന്ദ്ര സത്യാര്‍ഥിയുടെ ചാന്ദ് സൂരജ് കെ ബീരന്‍ (ചന്ദ്രന്‍ സൂര്യന്റെ സഹോദരന്‍) എന്നീ ആത്മകഥകള്‍ ഇവയുടെ രചനാശൈലിയുടെ പ്രത്യേകതകൊണ്ട് ശ്രദ്ധേയങ്ങളാണ്. സേഠ് ഗോവിന്ദദാസിന്റെ ആത്മനിവേദന്‍ (മൂന്നു ഭാഗങ്ങള്‍), ഡോ. രാജേന്ദ്രപ്രസാദിന്റെ ആത്മകഥ ഇവയില്‍ സ്വാതന്ത്ര്യസമരചരിത്രത്തിനും ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്കിയിട്ടുണ്ട്. മന്മഥനാഥ് ഗുപ്ത രചിച്ച ദെ ലിവ്ഡ് ഡെയ്ഞ്ചറസ്ലി എന്ന ആത്മകഥ സ്വാതന്ത്ര്യസമരത്തില്‍ വിപ്ളവകാരികള്‍ വഹിച്ച പങ്ക് തുറന്നുകാട്ടുന്നു.

ഉപേന്ദ്രനാഥ് അശ്ക് രചിച്ച സ്യാദാ അപ്നീ കം പരായി (മുന്തിയ പങ്ക് സ്വന്തം, കുറച്ചു മറ്റുള്ളവരുടെയും), പദുമലാല്‍ പുന്നാലാല്‍ ബക്ഷി രചിച്ച മേരീ അപ്നീ കഥാ (എന്റെ സ്വന്തം കഥ) എന്നീ ആത്മകഥകളില്‍ തങ്ങളുടെ സാഹിത്യജീവിതത്തിനും സമകാലികസാഹിത്യസംഭവങ്ങളുടെ വിവരണത്തിനും പ്രത്യേകം പ്രാധാന്യം നല്കിയിട്ടുണ്ട്. ശൈലീവല്ലഭനായിരുന്ന പണ്ഡിത് ബേച്ചന്‍ ശര്‍മാ 'ഉഗ്ര്' അപ്നീ ഖബര്‍ (സ്വന്തം വര്‍ത്തമാനം) എന്ന കൃതിയില്‍ തന്റെ ഇരുപത്തിഒന്നു വയസ്സുവരെയുള്ള ജീവിതകഥയേ പറയുന്നുള്ളു. ഡോ. ദേവരാജ് ആകട്ടെ മനോവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിലാണ് ആത്മകഥയായ യൗവന്‍ കെ ദ്വാര്‍ പര്‍ (യൗവനത്തിന്റെ തിരുമുറ്റത്ത്) എഴുതിയിരിക്കുന്നത്. അംബികാ പ്രസാദ് വാജ്പേയി, ബാലകൃഷ്ണശര്‍മാ 'നവീന്‍', ഗുലാബ് റായി, ഹരിഭാവു ഉപാധ്യായ്, സുധാകര്‍ ദ്വിവേദി, രാംവിലാസ് ശുക്ള, ഇന്ദ്രവിദ്യാ വാചസ്പതി, വിനോദ് ശങ്കര്‍ വ്യാസ്, ചതുര്‍സേന ശാസ്ത്രി എന്നിവരുടെ ആത്മകഥകളും ഹിന്ദിസാഹിത്യത്തിലെ അറിയപ്പെടുന്ന കൃതികളാണ്.

ആധുനിക ഹിന്ദി സാഹിത്യത്തിലെ പ്രശസ്തങ്ങളായ രണ്ടു കൃതികളാണ് നോവലിസ്റ്റായ യശ്പാലിന്റെയും കവിയായ ഹരിവംശ്റായ് ബച്ചന്റെയും ആത്മകഥകള്‍. യശ്പാല്‍ മൂന്നു ഭാഗങ്ങളിലായാണ് തന്റെ ആത്മകഥയായ സിംഹാവലോകന്‍ (1951-55) പ്രസിദ്ധീകരിച്ചത്. തന്റെ സാഹസികമായ വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്കും ചിന്താഗതിക്കും യശ്പാല്‍ ഇതില്‍ പ്രാധാന്യം നല്കിയിട്ടുണ്ട്. ഹിന്ദിയില്‍ ഇത്തരത്തില്‍ രചിക്കപ്പെട്ട മറ്റൊരു കൃതി മന്മഥ്നാഥ് ഗുപ്തയുടെ ജീവിച്ചിടുന്നു മൃതിയിലാണ്. ആധുനിക ഹിന്ദികവികളില്‍ പ്രമുഖനായ ഹരിവംശറായ് ബച്ചനും നാലു ഭാഗങ്ങളിലായാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. ക്യാ ഭൂലൂം ക്യാ യാദ് കരൂം (എന്തുമറക്കും എന്ത് ഓര്‍ക്കും, 1969), നീഡ് കാ നിര്‍മാണ്‍ ഫിര്‍ (വീണ്ടും കൂടുകൂട്ടല്‍, 1970), ബസേരേ സേ ദൂര്‍ (വീട്ടില്‍ നിന്നകലെ, 1982), ദശദ്വാര്‍ സേ സോപാന്‍ തക് എന്നീ പേരുകളിലാണ് ഈ ഭാഗങ്ങള്‍ പ്രസിദ്ധീകൃതമായത്.

ബംഗാളി

19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ് ആധുനികാര്‍ഥത്തിലുള്ള ആത്മകഥ ബംഗാളി സാഹിത്യത്തില്‍ രചിക്കപ്പെട്ടു തുടങ്ങിയത്. ബംഗാളിക്കു പുറമേ സംസ്കൃതം, പേര്‍ഷ്യന്‍ ഭാഷകളിലും സാഹിത്യത്തിലും നിഷ്ണാതനായിരുന്ന കൃഷ്ണചന്ദ്രമജുംദാറിന്റെ രാസെര്‍ ഇതിവൃത്ത (1868) ബംഗാളിയിലെ ആദ്യത്തെ ആത്മകഥയായറിയപ്പെടുന്നു. എന്നാല്‍ ലക്ഷണയുക്തമായ ആദ്യത്തെ ആത്മകഥയായി പ്രശസ്തമായത് കിഴക്കന്‍ ബംഗാളില്‍ ജീവിച്ചിരുന്ന രാസസുന്ദരി ദാസി എന്ന വീട്ടമ്മ രചിച്ച ആമാര്‍ ജീവന്‍ (എന്റെ ജീവിതം, 1876) ആണ്. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ ആത്മകഥ (1891), ദേവേന്ദ്രനാഥ ടാഗൂറിന്റെ ആത്മജീവനി (1898), രാജ് നാരായണ്‍ ബസുവിന്റെ ആത്മചരിത (1909), പണ്ഡിറ്റ് ശിവനാഥശാസ്ത്രിയുടെ ആത്മചരിത്, ശ്രീനാഥ് ചന്ദ്രന്റെ ബ്രഹ്മസമാജെ ചാലീസ് ബത്സര്‍ (1912) എന്നീ ആദ്യകാല ആത്മകഥകള്‍ ഋഷിതുല്യരായിരുന്ന ഈ മഹാന്മാരുടെ ജീവചരിത്രത്തെയും അക്കാലത്തെ ബംഗാളിലെ സാമൂഹിക പ്രവര്‍ത്തനങ്ങളെയും വിശദീകരിക്കുന്നു. മീര്‍മുസാറഫ് ഹുസൈന്‍ രചിച്ച ആമാര്‍ ജീവന്‍ (1908-10) എന്ന ആത്മകഥ ബംഗാളിലെ മുസ്ലിം കുടുംബങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെ അടുത്തറിയാന്‍കൂടി സഹായിക്കുന്നു.

നോബല്‍ സമ്മാനം ലഭിച്ച ഏക ഭാരതീയ സാഹിത്യകാരനായ രബീന്ദ്രനാഥ ടാഗൂറിന്റെ ജീവന്‍ സ്മൃതി എന്ന ആത്മകഥ (1912) ഭാരതീയ സാഹിത്യത്തിലെ തന്നെ പ്രമുഖ കൃതികളിലൊന്നാണ്. ഇദ്ദേഹത്തിന്റെ തന്നെ സ്മരണ്‍, ബാരീന്ദ്രകുമാര്‍ ഘോഷിന്റെ ആമാര്‍ ആത്മകഥ, സുരേഷ് ചന്ദ്രചക്രവര്‍ത്തിയുടെ ആത്മജീവനി, പ്രമദാചൗധരിയുടെ ആത്മകഥ, ഉല്ലാസ് കര്‍ദത്തയുടെ ആമാര്‍ കരാ ജീവന്‍, കേദാരനാഥ് ബന്ദ്യോപാധ്യായയുടെ ആമാര്‍ സാഹിത്യജീവന്‍, ചാരുചന്ദ്രദത്തയുടെ സ്മൃതികഥ, പ്രസന്നമയീ ദേവിയുടെ പൂര്‍വകഥ, പ്രതിമാദേവിയുടെ സ്മൃതിചിത്ര എന്നിവയും സാഹിത്യകാരന്മാരുടെ ആത്മകഥകള്‍ എന്ന നിലയില്‍ സാഹിത്യലോകത്തെക്കുറിച്ചു പ്രത്യേക പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഉപേന്ദ്രനാഥ ബന്ദ്യോപാധ്യായ രചിച്ച നിര്‍വാസിതേര്‍ ആത്മകഥ (പ്രവാസിയുടെ ആത്മകഥ, 1921), ഹേമചന്ദ്രകനുംഗോയുടെ ആമാര്‍ വിപ്ളവചേഷ്ട (എന്റെ വിപ്ളവ പ്രവര്‍ത്തനങ്ങള്‍), ബരീന്ദ്രകുമാര്‍ ഘോഷിന്റെ ദീപാന്തരേര്‍ ബാന്‍സി (നാടുകടത്താനുള്ള ആഹ്വാനം, 1917) എന്നീ ആത്മകഥാഗ്രന്ഥങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടത്തിയിരുന്ന വിപ്ളവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്കിക്കൊണ്ടു രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

ബംഗാളിലെ കലാരംഗവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തികള്‍ രചിച്ച ആത്മകഥകളില്‍ പ്രമുഖങ്ങളാണ് നാടകഗായികയായിരുന്ന ബിനോദിനിദാസി രചിച്ച ആമാര്‍ കഥ (എന്റെ കഥ 1913), സിനിമാനടനും സംവിധായകനുമായിരുന്ന മധുബാസു രചിച്ച ആമാര്‍ ജീവന്‍ (1967), നാടോടി ഗാനരചയിതാവായിരുന്ന അബ്ബാസ് ഉദിന്‍ അഹമ്മദ് രചിച്ച ആമാര്‍ ശില്പിജീവനേര്‍കഥ (കലാകാരനെന്ന നിലയിലുള്ള എന്റെ ജീവിതകഥ), നടനായിരുന്ന ധീരജ് ഭട്ടാചാര്യ രചിച്ച യഖന്‍ നായക് ചിലാം (ഞാന്‍ നായകനായി അഭിനയിച്ചപ്പോള്‍), അഹീന്ദ്ര ചൗധരി രചിച്ച നിജേരെ ഹരായെ ഖുന്‍ജി (നഷ്ടപ്പെട്ട എന്റെ സ്വത്വത്തിനു വേണ്ടിയുള്ള അന്വേഷണം), നടിയായ കാനന്‍ ദേവി രചിച്ച സബാരെ ആമിനാമി (ഞാന്‍ എല്ലാവരെയും നമസ്കരിക്കുന്നു), പൗരസ്ത്യ കലാലോകത്തെ അഭിവന്ദ്യഗുരുഭൂതനായ അബനീന്ദ്രനാഥ ടാഗോറിന്റെ കൃതികളായ ഘരോയ (ഹൃദയംഗമമായ സംഭാഷണം), ജൊറാസങ്കോര്‍ധാരെ (ജൊറാസങ്കോവിനു സമീപം) എന്നിവ.

സ്ത്രീകള്‍ രചിച്ച ആത്മകഥകളില്‍ ഇന്ദിരാദേവിയുടെ ആമാര്‍ഖാട്ടാ (എന്റെ സ്കെച്ച് ബുക്ക്), ജ്ഞാനദാന്ദിനീ ദേവിയുടെ പുരാതനി (കഴിഞ്ഞകാലത്തെപ്പറ്റി), സരളാ ബാലസര്‍ക്കാറിന്റെ ഹാരാനൊ അതീത് (നഷ്ടപ്പെട്ട കഴിഞ്ഞകാലം), സുദക്ഷിണാസെന്നിന്റെ ജീവനസ്മൃതി (ജീവിതസ്മരണകള്‍), പ്രതിമാ ടാഗൂറിന്റെ സ്മൃതിചിത്ര (സ്മരണകള്‍), മൈത്രേയീദേവിയുടെ നഹന്യതേ (ഇതു നശിപ്പിക്കപ്പെടുന്നില്ല) എന്നിവയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നവയാണ്.

കൃഷ്ണകുമാര്‍ മിത്രയുടെ ആത്മചരിതം (1930), രജനീകാന്തയുടെ ആത്മചരിത് (1949), പവിത്ര ഗംഗോപാധ്യായയുടെ ചലമാന്‍ ജീവന്‍, ഇബ്രാഹിം ഖാന്റെ വാതായന്‍ (ജനല്‍, 1967), അബ്ദുല്‍ കലാം ഷംസുദിന്റെ അതീത് ദിനേര്‍സ്മൃതി (ഭൂതകാലസ്മരണകള്‍, 1968), ബുദ്ധദേവബസുവിന്റെ ആമാര്‍ശൈശവ് (എന്റെ ശൈശവം), ആമാര്‍ യൗവനം എന്നീ കൃതികള്‍, സൗമ്യേന്ദ്രനാഥ ടാഗൂറിന്റെ യാത്രി (സഞ്ചാരി), ബാലെചന്ദ്മുഖോപാധ്യായയുടെ പശ്ചാത്പട് (പശ്ചാത്തലം, 1979), ബിനോദ് ബിഹാരി മുഖോപാധ്യായയുടെ ചിത്രകാര്‍ (ചിത്രകാരന്‍, 1979) എന്നിവ ആധുനിക കാലത്തു രചിക്കപ്പെട്ട ആത്മകഥകളില്‍ പ്രമുഖങ്ങളാണ്.

ഗുജറാത്തി

ഗുജറാത്തിയിലെ ജീവചരിത്രസാഹിത്യത്തിന്റെയും ആത്മകഥാപ്രസ്ഥാനത്തിന്റെയും പുരസ്കര്‍ത്താവും മാര്‍ഗദര്‍ശിയും 'നര്‍മദ്' (1833-86) ആണ്. 1934-ല്‍ മാത്രം പ്രസാധിതമായ മേരിഹക്കിക്കത് (എന്നെ സംബന്ധിച്ച വിവരങ്ങള്‍) ആണ് ഇദ്ദേഹത്തിന്റെ ആത്മകഥ. മണിലാല്‍ നഭുഭായി ദ്വിവേദി (1858-98) തന്റെ ആദ്യത്തെ 27 വര്‍ഷത്തെ ജീവിതകഥ വിവരിച്ചു കൊണ്ടു രചിച്ച ആത്മവൃത്താന്ത് എന്ന കൃതി മണിലാല്‍ നുണ്‍ജീവന്‍ വൃത്താന്ത് (മണിലാലിന്റെ ജീവിതകഥ) എന്ന പേരില്‍ 1979-ല്‍ ധീരുഭായി ഠാക്കര്‍ പ്രസാധനം ചെയ്തു പ്രസിദ്ധീകരിച്ചു. ഗുജറാത്തില്‍ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പാഴ്സി സ്ത്രീ രചിച്ച ആത്മകഥയാണ് ഷിറീന്‍ മാഡം (1890). നാരായണ്‍ ഹേമചന്ദ്ര (1855-1911) രചിച്ച ആത്മകഥയാണ് ഹുന്‍ പോതെ (ഞാന്‍ ഞാന്‍ തന്നെ, 1900).

ലോകസാഹിത്യത്തില്‍ത്തന്നെ 20-ാം ശ.-ത്തില്‍ രചിക്കപ്പെട്ട ആത്മകഥകളില്‍ ഏറ്റവും പ്രശസ്തമായവയുടെ കൂട്ടത്തിലുള്‍പ്പെടുന്നതാണ് മഹാത്മാഗാന്ധിയുടെ സത്യാനാ പ്രയോഗോ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, 1927). ഗുജറാത്തി ഭാഷയിലെ പ്രശസ്തമായ മറ്റൊരു ആത്മകഥയാണ് കാകാ കാലേല്‍ക്കറുടെ സ്മരണ്‍യാത്ര (ഓര്‍മകളില്‍ കൂടിയുള്ള സഞ്ചാരം, 1934). നോവലിസ്റ്റും ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ.എം. മുന്‍ഷി തന്റെ ജീവിതത്തെ മൂന്നുകാലഘട്ടമായി തിരിച്ച് അഡഥേരസ്തെ (പകുതിവഴിയില്‍, 1942), സീധാങ് ചഢാണ്‍ (കുത്തനെയുള്ള കയറ്റം, 1943), സ്വപ്നസിദ്ധിനി സോധമാം (സ്വപ്നസാക്ഷാത്കരണത്തിന്റെ കണ്ടെത്തല്‍, 1953) എന്നീ പേരുകളില്‍ മൂന്നു ഗ്രന്ഥങ്ങളിലായി ആത്മകഥ വിവരിക്കുന്നു.

കവിയായിരുന്ന നാനാലാല്‍ ദല്‍പത്റാം തന്റെ ആദ്യത്തെ 35 വര്‍ഷത്തെ ജീവചരിത്രം അര്‍ധശതാബ്ദീന അനുഭവ്ബോല്‍ (അര ശതാബ്ദ കാലത്തെ അനുഭവങ്ങളുടെ വാക്കുകള്‍, 1927) എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു. സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തകയായിരുന്ന ശാരദാബെന്‍ സുമന്ത്മേത്താ രചിച്ച ആത്മകഥയാണ് ജീവനസംഭരണാന്‍ (ജീവിതസ്മരണകള്‍, 1938), കനുബഹന്‍ദാവെ രചിച്ച ജീവന്‍സ്മൃതി തഥാ നോന്ധ്പോതി (ജീവിതസ്മരണകളും നോട്ട് ബുക്കും, 1938) എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകര്‍ത്രി തന്റെ ജീവിതചരിത്രത്തോടൊപ്പം കുടുംബം, വിവാഹം, പ്രേമം തുടങ്ങിവയെപ്പറ്റിയുള്ള സുചിന്തിതമായ വിലയിരുത്തലുകളും അവതരിപ്പിക്കുന്നു.

ഗുജറാത്തിഭാഷയില്‍ ആധുനികകാലത്തു രചിച്ച ആത്മകഥകളില്‍ ധന്‍സുഖ്ലാല്‍ മേത്ത രചിച്ച അഥമ്തെ അജവാലെ (അസ്തമയ പ്രകാശത്തില്‍, 1944), കവിയായിരുന്ന ബല്‍വന്ത്റായ് ടാഗോര്‍ രചിച്ച പഞ്ചോത്തര്‍മേ (എഴുപത്തിയഞ്ചാം വയസ്സില്‍, 1946), മഹാത്മാഗാന്ധിയുടെ ഭാഗിനേയനായ പ്രഭുദാസ് ഗാന്ധി രചിച്ച ജീവന്നുംപരോഡ് (ജീവിത പ്രഭാതം, 1948), ഹരിപ്രസാദ് വ്രജലാല്‍ ദേശായി രചിച്ച നാനാ ഹതാത്യാരെ (ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍, 1946), ചെറുകഥാകൃത്തായ 'ധൂമകേതു'വിന്റെ ജീവന്‍ പന്ഥ് (ജീവിതപ്പാത, 1949), ജീവന്‍ രംഗ് (1956) എന്നീ രണ്ടു ഭാഗങ്ങളിലുള്ള കൃതി, നോവലിസ്റ്റായ രമണ്‍ലാല്‍ വസന്ത്ലാല്‍ ദേശായി രചിച്ച ഗയ്കാല് (കഴിഞ്ഞകാലം, 1950), മധ്യാഹ്നനാന്‍ മൃഗ്ജല്‍ (മധ്യാഹ്ന സമയത്തെ മൃഗതൃഷ്ണ, 1956) എന്നീ കൃതികള്‍, നാടകകൃത്തായ ചന്ദ്രവദന്‍ ചിമന്‍ലാല്‍ മേത്ത രചിച്ച ബന്ധ്ഗഠരിയാണ്‍ (സഞ്ചികെട്ടിയപ്പോള്‍, 1954), ഛോഡ് ഗഠരിയാണ്‍ (സഞ്ചി അഴിച്ചപ്പോള്‍, 1955) എന്നീ രണ്ടു ഭാഗങ്ങളിലുള്ള കൃതി, സഫര്‍ ഗഠരിയാണ്‍ (യാത്രാസഞ്ചി, 1956) എന്ന ശീര്‍ഷകത്തില്‍ മറ്റൊരു കൃതി, വിദ്യാഭ്യാസ വിചക്ഷണനായിരുന്ന നാനാഭായി ഭട്ട് രചിച്ച ഘഡാതാര്‍ അനെചണ്ടാതര്‍ (രൂപപ്പെടുത്തലും പണിയും, 1959), സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഇന്ദുലാല്‍ യാജ്ഞിക് രചിച്ച അഞ്ചുവാല്യങ്ങളുള്ള ആത്മകഥാഗ്രന്ഥം, കലാകാരനായിരുന്ന രവിശങ്കര്‍ രചിച്ച ആത്മകഥാനക് (1967) എന്നിവ പ്രസിദ്ധങ്ങളാണ്.

മറാഠി

സിദ്ധകവികളുടെ കവിതകളില്‍ ആത്മകഥാപരമായ പരാമര്‍ശങ്ങള്‍ കാണാമെങ്കിലും ആത്മകഥാസാഹിത്യശാഖ മറാഠിയില്‍ വളര്‍ച്ച നേടുന്നത് കുറേക്കൂടി സമീപകാലത്തുമാത്രമാണ്. സിദ്ധകവികളിലൊരാളായ തുക്കാറാമിന്റെ സമകാലികയായ ബഹിനാഭായി (17-ാം ശ.) തുക്കാറാമിന്റെ ശിഷ്യയാകുന്നതു വരെയുള്ള തന്റെയും തന്റെ കുടുംബത്തിന്റെയും കദനകഥ പദ്യരൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗദ്യരൂപത്തിലുള്ള ആദ്യത്തെ മറാഠി ആത്മകഥ നാനാഫഡ്ണീസ് (18-ാം ശ.) രചിച്ചതാണ്. എന്നാല്‍ ഗ്രന്ഥകര്‍ത്താവ് തന്റെ ജീവിതത്തിലെ തിരഞ്ഞെടുത്ത ചില സംഭവങ്ങള്‍ മാത്രമേ ഇതില്‍ വിശദീകരിക്കുന്നുള്ളു.

മറാഠി ഭാഷയിലെ ലക്ഷണയുക്തമായ ആദ്യത്തെ ആത്മകഥ വിദ്യാഭ്യാസവിചക്ഷണനും വൈയാകരണനുമായിരുന്ന ദാദോബാ പാണ്ഡുരംഗ് രചിച്ചതാണ് (1874-നു മുന്‍പ്). ബാബാപദംജിയുടെ അരുണോദയം (1888) എന്ന പേരിലുള്ള ആത്മകഥ അദ്ദേഹം ഹിന്ദുമതത്തിലെ ജാതിചിന്ത ഇഷ്ടപ്പെടാതെ ക്രിസ്തുമതം സ്വീകരിച്ചതിനെ ന്യായീകരിക്കാന്‍കൂടി വേണ്ടി രചിച്ചതാണ്. ബുദ്ധമത പണ്ഡിതനായ ധര്‍മാനന്ദ കൊസംബി നിവേദന്‍ (പ്രസ്താവന, 1924) എന്ന പേരില്‍ രചിച്ച ആത്മകഥയില്‍ ബുദ്ധമതഗുരുക്കളെ തേടി, കൈയില്‍ പണമൊന്നുമില്ലാതെ, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മാര്‍, സിക്കിം തുടങ്ങിയ ദേശങ്ങളില്‍ ഇടതൂര്‍ന്ന വനത്തിലൂടെ നീണ്ടദൂരം നടന്ന് ഇദ്ദേഹം നടത്തിയ യാത്രകള്‍ വിവരിച്ചിരിക്കുന്നത് ആവേശജനകമാണ്. സാമൂഹിക പ്രവര്‍ത്തകനായിരുന്ന വി.ആര്‍.ഷിന്‍ഡെയുടെ മാസ്യാ ആഠാവാണീ ആണി അനുഭവ (എന്റെ സ്മരണകളും അനുഭവങ്ങളും, 1958) എന്ന ആത്മകഥയില്‍ തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ വിവരണത്തിനദ്ദേഹം മുന്‍തൂക്കം നല്കിയിരിക്കുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഡി.കെ. കാര്‍വെയുടെ ആത്മവൃത്ത (എന്റെ കഥ, 1915) എന്ന ആത്മകഥയിലും സാമൂഹിക പ്രവര്‍ത്തനത്തിന്റെ വിശദമായ വിവരണം കാണാം.

രാഷ്ട്രീയപ്രാധാന്യമുള്ള ആത്മകഥകളില്‍ എന്‍.വി. ഗാഡ്ഗില്‍ മൂന്നു വാല്യമായി രചിച്ച പഥിക് (തീര്‍ഥയാത്രക്കാരന്‍, 1964), ഗംഗാധരറാവു ദേശ്പാണ്ഡെ രചിച്ച മാസി ജീവന്‍ കഹാനി (എന്റെ ജീവിതകഥ, 1960) എന്നിവ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചു വിശദമായി പ്രതിപാദനം നടത്തുന്ന ഗ്രന്ഥങ്ങള്‍ കൂടിയാണ്. വി.ഡി. സവര്‍ക്കറുടെ മാസി ജനം ടീപ് (എന്റെ ജീവപര്യന്തശിക്ഷ, 1927) നിസ്തുലമായ ഒരാത്മകഥയാണ്. ബ്രിട്ടീഷ് ഭരണാധികാരികള്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനാല്‍ ആന്‍ഡമാനിലും ഇന്ത്യന്‍ ജയിലുകളിലും തടവില്‍ കഴിയുമ്പോള്‍ സവര്‍ക്കര്‍ക്കും കൂട്ടു തടവുകാര്‍ക്കും അനുഭവിക്കേണ്ടിവന്ന യാതനകളും ഈ യാനതകള്‍ക്കിടയിലും ഇവര്‍ പുലര്‍ത്തിയ ധീരതയും ദേശഭക്തിയും ഇതില്‍ വര്‍ണിച്ചിരിക്കുന്നത് ദേശസ്നേഹികള്‍ക്ക് ആവേശവും പ്രചോദനവും നല്കുന്നതിനു പര്യാപ്തമാണ്.

സാഹിത്യകാരന്മാര്‍ രചിച്ച ആത്മകഥകളില്‍ മറാഠി ഹാസ്യസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എസ്.കെ. കോല്‍ഹട്കര്‍ രചിച്ച ആത്മവൃത്തം (1935), എന്‍.സി. കൊല്‍ക്കര്‍ രചിച്ച ഗന്തഗോഷ്ടി (കഴിഞ്ഞകാല കാര്യങ്ങള്‍, 1939), എല്‍.ആര്‍. പാംഗാര്‍കര്‍ രചിച്ച ചരിത്രചന്ദ്ര (ജീവചരിത്രങ്ങളുടെ ചന്ദ്രന്‍, 1934), എസ്.എം. മാതേയുടെ ചിത്രപട് നാടകീസന്‍സാര്‍ (എന്റെ നാടകജീവിതം), പി.കെ. അത്രെയുടെ രണ്ടു വാല്യങ്ങളിലുള്ള കര്‍ഹാ ചേ പാനി (കര്‍ഹാ നദിയിലെ വെള്ളം, 1963), മീ കാസാ സാലോ (ഞാന്‍ എങ്ങനെ ഞാനായി, 1953) എന്നീ കൃതികള്‍, നോവലിസ്റ്റായ എന്‍.എസ്. ഫഡ്കെയുടെ മാസെ ജീവ് ഏക് കാദംബരി (എന്റെ ജീവിതം ഒരു നോവല്‍, 1969), വി.ഡി. ഘാട്ടെയുടെ ദിവസ് അസെ ഹോതെ (അങ്ങനെയുള്ള ദിവസങ്ങളായിരുന്നു, 1961) എന്നീ ഗ്രന്ഥങ്ങള്‍ പ്രശസ്തങ്ങളാണ്.

ചില നാടകനടന്മാര്‍ തങ്ങളുടെ കലാജീവിതം വിവരിച്ചു കൊണ്ടു രചിച്ച ഏതാനും ആത്മകഥകള്‍ പ്രശസ്തങ്ങളാണ്. എസ്.എന്‍. ചാപേക്കറുടെ (1896-1969) സ്മൃതിധന (ഓര്‍മകളുടെ നിധി), ഗോവിന്ദറാവു ടെംബേ(1881-1953)യുടെ മാസാ ജീവന്‍ വിഹാര്‍ (എന്റെ ജീവിതവിഹാരം, 1948) എന്നിവയാണ് ഈ വിഭാഗത്തില്‍പ്പെടുന്ന ആത്മകഥകളില്‍ പ്രധാനപ്പെട്ടവ.

പഞ്ചാബി

ഗുരുഗോവിന്ദസിംഹ് 17-ാം ശ.-ത്തില്‍ അപ്നീ കഥ അഥവാ ബചിതര്‍ നാടക് (എന്റെ കഥ അഥവാ വിചിത്ര നാടകം) എന്ന ഗ്രന്ഥം രചിച്ചെങ്കിലും ആധുനികാര്‍ഥത്തിലുള്ള ആത്മകഥ പഞ്ചാബിഭാഷയില്‍ രചിക്കപ്പെടുന്നത് ഇരുപതാം ശ.-ത്തിലാണ്. 1954-ല്‍ സന്ത് സംപൂരണ്‍ സിംഹ് രചിച്ച ജീവന്‍ഗാഥ എന്ന കൃതിയാണ് ആദ്യത്തെ ആത്മകഥയായി അറിയപ്പെടുന്നത്. ആദ്യത്തെ ലക്ഷണയുക്തമായ ആത്മകഥയെന്നറിയപ്പെടുന്നത് 1958-ല്‍ തേജാസിംഹ് രചിച്ച അര്‍സി (കണ്ണാടി)യാണ്.

നാനക് സിംഹ് രചിച്ച മേരിദുനിയാ (എന്റെ ലോകം, അഞ്ച് വാല്യം, 1959), ഗുര്‍ബക്ഷ്സിംഹ് രചിച്ച ആത്മകഥ (മൂന്നു വാല്യം), അര്‍ജന്‍ സിംഹ് ഗര്‍ഗജ് രചിച്ച മേരാ ആപ്നാ ആപ് (എന്റെ സ്വന്തം, 1968), നിരഞ്ജന്‍ സിംഹ് രചിച്ച ജീവന്‍ വികാസ് (ജീവിത പരിണാമം, 1970), ബല്‍രാജ് സാഹ്നിയുടെ മേരി ഫില്‍മി ആത്മകഥ (എന്റെ സിനിമാ ജീവിതത്തിന്റെ കഥ, 1974), കവയിത്രിയായ അമൃതാപ്രീതം രചിച്ച രസീദി ടിക്കറ്റ് (റവന്യൂ സ്റ്റാമ്പ്, 1976), സാഹിബ് സിംഹ് രചിച്ച മേരി ജീവന്‍ കഹാനി (എന്റെ ജീവിത കഥ) എന്നിവയും ആധുനിക കാലത്തു രചിക്കപ്പെട്ട ആത്മകഥകളില്‍ ശ്രദ്ധേയങ്ങളാണ്.

മഹാത്മാഗാന്ധിയുടെ ആത്മകഥ (സത്യാനാ പ്രയോഗോ), സത് ദീ പ്രാപ്തി ദജെ യതന്‍ (സത്യം കണ്ടെത്തുന്നതിനുള്ള യത്നങ്ങള്‍, 1928) എന്ന പേരില്‍ പഞ്ചാബിയില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദിവാന്‍ സിംഹ് മഫ്തൂനിന്റെ ആത്മകഥ അദ്ദേഹം തന്നെയാണ് പഞ്ചാബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. ഡോക്ടര്‍ രാജേന്ദ്രപ്രസാദിന്റെ ആത്മകഥ അമൃതാപ്രീതമാണ് പരിഭാഷപ്പെടുത്തിയത് (1958). ആപ്ബീതിന്‍ (1960) എന്ന പേരില്‍ റൂസ്സോയുടെ കണ്‍ഫഷന്‍സ് പിയാരാ സിംഹ് ഭോഗല്‍ പരിഭാഷപ്പെടുത്തി. മാക്സിം ഗോര്‍ക്കിയുടെ ആത്മകഥയുടെ ആദ്യഭാഗം മേരാ ബച്പന്‍ (എന്റെ കുട്ടിക്കാലം, 1961) എന്ന പേരില്‍ ഗുര്‍ദയാല്‍സിംഹും രണ്ടാംഭാഗം മേരെ ഷാഗിര്‍ദിദെ ദിന്‍ (എന്റെ വിദ്യാര്‍ഥി ജീവിതകാലം, 1961) എന്ന പേരില്‍ ദര്‍ശന്‍ സിംഹും മൂന്നാംഭാഗം മേരെ വിശ്വവിദ്യാലയ (എന്റെ സര്‍വകലാശാലകള്‍, 1961) എന്ന പേരില്‍ ഹര്‍ഭജന്‍സിംഹും പരിഭാഷപ്പെടുത്തി. രവീന്ദ്രനാഥടാഗൂറിന്റെ ആത്മകഥയുടെ ആദ്യഭാഗം മേരി ബച്പന്‍(എന്റെ കുട്ടിക്കാലം) എന്ന പേരില്‍ കുല്‍ദീപ് സിംഹും ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ 1965-ല്‍ പ്യാരാസിംഹ് ദത്തയും പരിഭാഷപ്പെടുത്തി. പൂരണ്‍സിംഹിന്റെ ഇംഗ്ളീഷിലുള്ള ആത്മകഥ സിന്‍ദഗി ദെ രാഹാന്‍ തെ എന്ന പേരില്‍ ഗുര്‍ബക്ഷ്സിംഹ് വിവര്‍ത്തനം ചെയ്തു. മേജര്‍ ഹരിപാല്‍ സിംഹിന്റെ ആകാശാന്‍ ആകാശ് (ആകാശങ്ങളും ആകാശങ്ങളും, 1974) എന്ന കൃതി അദ്ദേഹത്തിന്റെ തന്നെ ഇംഗ്ളീഷിലുള്ള ആത്മകഥയുടെ വിവര്‍ത്തനമാണ്. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ ആത്മകഥ 1978-ല്‍ മുബാരക് സിംഹ് തര്‍ജുമ ചെയ്തു.

ഉര്‍ദു

മീര്‍ തകീമീറിന്റെ സിക്ക് ര്‍ ഇ മീര്‍ എന്ന പേര്‍ഷ്യന്‍ ആത്മകഥയാണ് ഉര്‍ദുവിലെ ആത്മകഥകള്‍ക്കു മാതൃകയായത്. സര്‍ സയ്യിദ് റേസാ അലിയുടെ അമല്‍നോമാ ആണ് ഉര്‍ദുവിലെ ശ്രദ്ധേയമായ ആദ്യത്തെ ആത്മകഥ. ഈ കൃതിയില്‍ ആത്മകഥാകഥനത്തോടൊപ്പം പ്രേമം, വാത്സല്യം, രാജ്യസ്നേഹം തുടങ്ങിയ വിഷയങ്ങളെപ്പറ്റി സന്ദര്‍ഭത്തിനനുയോജ്യമായി ഗ്രന്ഥകാരന്‍ ഗഹനമായി ചിന്തിക്കുക കൂടി ചെയ്യുന്നു. ഹക്കിം അഹമ്മദ് സൂജയുടെ ഖുന്‍ബഹാ ഹ്രസ്വവും രസകരവുമായ ആത്മകഥയാണ്. എന്നാല്‍ ഷാദ് അസിമാബാദിയയുടെ ഷാദ് കീ കഹാനി ഷാദ് കീ സബാനി ഗ്രന്ഥകര്‍ത്താവിന് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പരാമര്‍ശിക്കാതെയുള്ള ആത്മകഥയ്ക്കുദാഹരണമാണ്. ജോഷിന്റെ യാദോം കി ബാരാത് ജവഹര്‍ലാല്‍ നെഹ്റു, അബ്ദുള്‍ കലാം ആസാദ് തുടങ്ങിയ നേതാക്കന്മാരുമായി ഗ്രന്ഥകര്‍ത്താവിനുണ്ടായിരുന്ന സുഹൃദ്ബന്ധത്തിലേക്കു വെളിച്ചം വീശുന്ന അനേകം സംഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആത്മകഥയാണ്. കാലി മുദിന്‍ അഹമ്മദ് രചിച്ച അപ്നീ തലാശ് മേ (എന്നെത്തന്നെ അന്വേഷിച്ച്, 1975) എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകാരന്‍ തന്റെ കൗമാരകാലം ചിത്രീകരിക്കുന്നു, മൗലാനാ അബ്ദുള്‍ മജീദ് ദരിയാബാദി രചിച്ച ആപ്ബീതി(1978)യിലാകട്ടെ ഗ്രന്ഥകര്‍ത്താവ് തന്റെ കൗമാരം മുതലുള്ള ജീവചരിത്രമാണ് വിവരിച്ചിരിക്കുന്നത്. ഖ്വാജാ ഗൊലാമസ് സെയ്യദെയ് രചിച്ച മുഝെ കഹ്നാ ഹൈ കുഛ് അപ്നീ സബാന്‍ മെം (1974) വിശ്വസനീയവും വിനീതവുമായ അവതരണശൈലിയോടു കൂടിയ ആത്മകഥയാണ്. മുഷ്താഖ് അഹമ്മദ് യൂസുഫിയുടെ സാര്‍ഗുസാഷെത് (1976) എന്ന ആത്മകഥയില്‍ തന്റെ ജീവിതത്തെപ്പറ്റി കൗതുകകരമായും ലാഘവത്തോടെയും നടത്തുന്ന വിവരണങ്ങള്‍ ഈ ഗ്രന്ഥത്തെ ഉര്‍ദുവിലെ ശ്രദ്ധേയമായ ആത്മകഥയാക്കിത്തീര്‍ത്തു. കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുള്ളയുടെ ആതിശ്-എ-ചിനാര്‍ എന്ന ആത്മകഥ രാഷ്ട്രീയ വിശകലനത്താലും സാഹിത്യഭംഗിയാലും ശ്രദ്ധേയമായി. ഖുശ്വന്ത് സിംഹ് ഈ ആത്മകഥ ഫ്ളേംസ് ഒഫ് ദ് ചിനാര്‍ എന്ന പേരില്‍ ഇംഗ്ളീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഒറിയ

ഫക്കീര്‍ മോഹന്‍ സേനാപതി (1843-1918) രചിച്ച ആത്മജീവന്‍ ചരിത (1928) ഒറിയഭാഷയില്‍ ആദ്യം പ്രസിദ്ധീകൃതമായ ആത്മകഥ എന്ന നിലയിലും ഏറ്റവും മികച്ച ആത്മകഥ എന്ന നിലയിലും അറിയപ്പെടുന്നു. ഗോദാവരീഷ് മിശ്ര (1886-1956)യുടെ അര്‍ധശതാബ്ദീര ഒഡീസ ഓ താന്‍ ഹൈര്‍ മോ സ്ഥാന (ഒറീസയുടെ അര ശതാബ്ദവും അതില്‍ എന്റെ സ്ഥാനവും, 1958) എന്ന ഗ്രന്ഥത്തില്‍ സ്വന്തം ജീവിതത്തിന്റെ വിശകലനത്തോടൊപ്പം ഒറീസയിലെ ദാരിദ്ര്യം, പുരോഗതിയിലേക്കുള്ള പ്രയാണങ്ങള്‍, മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ക്രമങ്ങള്‍ തുടങ്ങിയവയുടെ ചിത്രീകണവുമുണ്ട്. എച്ച്.കെ. മഹ്താബ് രചിച്ച സാധനാര പാഥെ (ദീര്‍ഘപ്രയ്തനത്തിന്റെ പാതയില്‍, 1949) എന്ന ഗ്രന്ഥത്തില്‍ സ്വാതന്ത്ര്യസമരത്തിലേര്‍പ്പെട്ടിരുന്ന തന്റെ ജീവചരിത്രത്തോടൊപ്പം അന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും വിശകലനം ചെയ്യുന്നു. ഒറീസയിലെ നാടക-നൃത്ത-സംഗീതങ്ങളുടെ പിതാവെന്നു വിളിക്കുന്ന കാളീചരണ്‍ പട്നായക് (1898-1977) രചിച്ച കുംഭാരചക്ര (കുശവന്റെ ചക്രം, 1975) എന്ന ഗ്രന്ഥത്തില്‍ ഗായകനും നാടകനടനും സംവിധായകനും പത്രാധിപരും സംഘാടകനുമായിരുന്ന ഗ്രന്ഥകാരന്‍ തന്റെ ജീവചരിചത്രത്തോടൊപ്പം 1975 വരെയുള്ള ഒറിയ നാടകത്തിന്റെയും സംഗീതത്തിന്റെയും ചരിത്രം വിവരിക്കുന്നു.

ബൈഷ്ണബ് പാണിയുടെ പാണി കബിന്‍ കര ആത്മകഹാനി (കവി പാണിയുടെ ആത്മകഥ, 1955), രാമകൃഷ്ണ നന്ദയുടെ ജീവന്‍തരംഗ (ജീവിതത്തിന്റെ ഓളങ്ങള്‍, 1962), അനന്ത പ്രസാദ് പാണ്ഡയുടെ മേ ജീവന്‍ സ്മൃതി (എന്റെ ജീവിത സ്മരണകള്‍, 1958), ലക്ഷ്മീ നാരായണ സാഹു രചിച്ച മോ ബാരാബുല ജീവന്‍ (എന്റെ നാടോടി ജീവിതം, 1968), കുഞ്ജബിഹാരി ദാസിന്റെ മോ നിജ കഹാനി (എന്റെ സ്വന്തം കഥ, 1976), ഉദയനാഥരഥിന്റെ സന്‍സാര പാഥെ (ലോകത്തിന്റെ മാര്‍ഗത്തില്‍, 1949), കാളിന്ദീ ചരണ്‍ പാണിഗ്രാഹിയുടെ അംഗെ ജാഹാ നിവായീച്ചി (ഞാന്‍ സ്വയം അനുഭവിച്ചറിഞ്ഞത്, 1973) ഇവയും ഒറിയയിലെ ആത്മകഥകളില്‍ പ്രസിദ്ധങ്ങളാണ്.

തെലുഗു

നന്നയ്യായുടെ ആന്ധ്രമഹാഭാരതത്തില്‍ അനുബന്ധമായി ഗ്രന്ഥകര്‍ത്താവ് പദ്യത്തില്‍ത്തന്നെ സ്വയം പരിചയപ്പെടുത്തുകയും തന്റെ ജീവചരിത്രം ഹ്രസ്വമായി വിവരിക്കുകയും ചെയ്യുന്നു. പിന്നീട് ഈ പതിവ് തെലുഗു സാഹിത്യത്തില്‍ അനുവര്‍ത്തിച്ചുവന്നെങ്കിലും ഇത്തരം ഹ്രസ്വമായ ആത്മകഥാവിവരണം ആത്മകഥയായി പരിഗണിക്കപ്പെടുന്നില്ല.

ആത്മകഥയ്ക്കു സ്വീയചരിത്ര എന്നു തെലുഗുവില്‍ പേരു പറയുന്നു. കന്ദുകൂരി വീരേശലിംഗം പന്തുലുവിന്റെ ആത്മകഥയാണ് (1910) തെലുഗുവിലെ ആദ്യത്തെ ആത്മകഥയായറിയപ്പെടുന്നത്. സാമൂഹിക സേവനരംഗത്ത് ഇദ്ദേഹത്തിന്റെ അനുയായിയായിരുന്ന ചിലകമര്‍ത്തി ലക്ഷ്മി നരസിംഹന്‍ രചിച്ച ആത്മകഥയും (1944) ശ്രദ്ധേയമാണ്. വല്ലൂരി സത്യനാരായണ റാവുവിന്റെയും രായസം വെങ്കടശിവുഡുവിന്റെയും ആത്മകഥാപരമായ രചനകളും, ദേശഭക്തകൊണ്ട വെങ്കിടപ്പയ്യാ പന്തുലു, തെംഗുതുരി പ്രകാശം പന്തുലു, പ്രശസ്ത ആയുര്‍വേദ ഭിഷഗ്വരനായിരുന്ന ആചണ്ട ലക്ഷ്മീപതി എന്നിവരുടെ ആത്മകഥകളും ആദ്യകാലത്തു രചിക്കപ്പെട്ട ആത്മകഥാഗ്രന്ഥങ്ങളില്‍ പ്രസിദ്ധങ്ങളാണ്. ആന്ധ്രകേസരി ടി. പ്രകാശം രചിച്ച നാ ജീവിതയാത്ര (എന്റെ ജീവിത തീര്‍ഥയാത്ര, 1946), ദര്‍സി ചെഞ്ചയ്യാ രചിച്ച നാ ദിവ്യസ്മൃതുലു (എന്റെ ദൈവിക സ്മരണകള്‍, 1951), ചിന്നയ്യാ സൂരിയുടെ സ്വീയചരിത്രമു (എന്റെ ആത്മകഥ), ശ്രീപാദ സുബ്രഹ്മണ്യശാസ്ത്രിയുടെ ജ്ഞാപകലു (ഓര്‍മകള്‍), എ. കാലേശ്വരറാവുവിന്റെ ന ജീവിതമു നവ്യാന്ധ്രമു (എന്റെ ജീവിതവും ആധുനിക ആന്ധ്രയും, 1959), ആചണ്ട ജാനകീറാമിന്റെ നാ സ്മൃതിപഥമുലോ സാഗുതുണ്ണയാത്ര (സ്മൃഥിപഥത്തില്‍ക്കൂടി ഒരു തീര്‍ഥയാത്ര, 1960) ഇവയും ഈ സാഹിത്യശാഖയിലെ പ്രധാന കൃതികളാണ്.

ഭാഷാശൈലിയുടെയും രചനാശൈലിയുടെയും പ്രത്യേകതകള്‍കൊണ്ടു ശ്രദ്ധേയമായ കൃതികളാണ് നാദിംപിള്ളി വെങ്കട ലക്ഷ്മീ നരസിംഹരറാവു, ദുവ്വുരി വെങ്കട രമണശാസ്ത്രി, നോവലിസ്റ്റായ തെന്നേലി ഹേമലത (ആത്മകഥാപരമായ ഊഹഗാനത്തിന്റെ രചയിതാവ്) എന്നിവരുടെ ആത്മകഥകള്‍. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍നെഹ്റു തുടങ്ങിയ ദേശീയ നേതാക്കളുടെ ആത്മകഥകള്‍ തുമ്മല സീതാരാമമൂര്‍ത്തി ചൌധുരി പദ്യരൂപത്തില്‍ തെലുഗുവിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കന്നഡ

കെ. ശിവരാമകാരന്ത് (കോട്ട ശിവരാമ കാരന്ത്) രചിച്ച ഹച്ചുമനസ്സിന ഹത്തു മുഖഗളു (ഭ്രാന്തമനസ്സിന്റെ പത്തു മുഖങ്ങള്‍, 1948), ജി.പി. രാജരത്നം രചിച്ച ഹത്തു വര്‍ഷെ (പത്തു വര്‍ഷം), മാസ്തി വെങ്കിടേശ അയ്യങ്കാരുടെ ഭാവ (മൂന്നുഭാഗം 1968-69) എന്നിവ കന്നഡ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥങ്ങളിലുള്‍പ്പെടുന്നു. ഭാവയില്‍ ഗ്രന്ഥകര്‍ത്താവ് തന്റെ സാഹിത്യജീവിതത്തെപ്പറ്റി മനഃപൂര്‍വം മൗനം പാലിച്ചത് ആ കൃതിയുടെ ഒരു ന്യൂനതയായി വിമര്‍ശിക്കപ്പെടുന്നു. ഇതു പരിഹരിക്കുന്നതിനു വേണ്ടി ഭാവയുടെ ഒരു അനുബന്ധമെന്നവണ്ണം ഇദ്ദേഹം സാഹിത്യ ദ പ്രേരണഗളു (1972) രചിച്ചു. ഹച്ചു മനസ്സിന ഹത്തു മുഖഗളുവില്‍ ഗ്രന്ഥകാരന്‍ സ്വന്തം കഥയവതരിപ്പിക്കുന്നതോടൊപ്പം മനുഷ്യജീവിതത്തെക്കുറിച്ചു ഗാഢമായി വിചിന്തനം ചെയ്യുന്നുമുണ്ട്. ചന്നപ്പാ ഉത്തംഗി, ഡി. ജവരോഗൗഡ, ഹാരാശങ്കര്‍ ചെന്നലപ്പ, ഡി.ആര്‍. ബേന്ദ്രേ എന്നിവരുടെ ആത്മകഥകളും പ്രശസ്തങ്ങളാണ്.

തമിഴ്

തമിഴ് ഭാഷയിലും ധാരാളം ആത്മകഥകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. സുബ്രഹ്മണ്യഭാരതി തന്റെ ഒരു കവിതയെ സൂയചരിതൈ (ആത്മകഥ) എന്നു വിളിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ തന്നെ ഭാരതി 66 എന്ന കാവ്യത്തില്‍ തന്റെ വ്യക്തിജീവിതത്തിലെ സവിശേഷ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. ചിദംബരം പിള്ളയുടെ ചൂയചരിതൈ, രാജഗോപാലാചാരിയുടെ ചിറയില്‍തവം, തിരു. വി.കാ. എന്നറിയപ്പെടുന്ന തിരു.വി. കല്യാണസുന്ദരമുതലിയാരുടെ വാഴ്കൈക്കുറിപ്പുകള്‍, നാമക്കല്‍ രാമലിംഗം പിള്ളയുടെ എന്‍കതൈ, സുന്ദരരാജന്റെ നിനൈവ് അലൈകള്‍, ജയകാന്തന്റെ ഒരു ഇലക്കിയ വാതിയിന്‍ അരചിയല്‍ അനുഭവങ്കള്‍ എന്നിവ രാഷ്ട്രീയ പ്രാധാന്യമുള്ള ആത്മകഥകളില്‍ പ്രമുഖങ്ങളാണ്. സ്വാതന്ത്ര്യ സമരസേനാനിയും ദക്ഷിണേന്ത്യയിലെ ഖാദി വ്യവസായത്തിന് അടിത്തറപാകിയ ആളുമായ കോ.വൈ. അയ്യാമുത്തു രചിച്ച എനദു നിനൈവുകള്‍ (എന്റെ സ്മരണകള്‍, 1973) തികഞ്ഞ ദേശസ്നേഹിയായിരുന്ന ഗ്രന്ഥകര്‍ത്താവിന്റെ ജീവിത വിജയവും ആദര്‍ശനിഷ്ഠയും വെളിപ്പെടുത്തുന്നു. ടി.കെ. ഷണ്‍മുഖത്തിന്റെ എനതു നാടകവാഴ്കൈ, യു.വി. സ്വാമിനാഥയ്യരുടെ എന്‍ചരിതം (1950) എന്നിവ സാഹിത്യപ്രാധാന്യമുള്ള ആത്മകഥകളില്‍ പ്രധാനപ്പെട്ടവയാണ്.

ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യം

ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രശസ്തരായ അനേകംപേര്‍ ഇംഗ്ലീഷില്‍ ആത്മകഥ രചിച്ചിട്ടുണ്ട്. ഭാരതീയ ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ആത്മകഥകളില്‍ മികച്ചവ പലതും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈ രണ്ടു വിഭാഗത്തിലുമായുള്ള ആത്മകഥാ ഗ്രന്ഥങ്ങള്‍ ഇന്ത്യന്‍-ഇംഗ്ളീഷ് സാഹിത്യത്തിനു കൂടുതല്‍ മിഴിവേകുന്നു.

മഹാത്മാഗാന്ധി ഗുജറാത്തിയില്‍ രചിച്ച സത്യാനാപ്രയോഗോ എന്ന ആത്മകഥ ദ സ്റ്റോറി ഒഫ് മൈ എക്സ്പെരിമെന്റ്സ് വിത് ട്രൂത് എന്ന പേരില്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രബീന്ദ്രനാഥ ടാഗൂറിന്റെ റെമിനിസെന്‍സ്, ജവാഹര്‍ലാല്‍ നെഹ്റു, രാജേന്ദ്ര പ്രസാദ്, മൗലാന അബുല്‍കലാം ആസാദ് എന്നിവരുടെ ഓട്ടോബയോഗ്രഫികള്‍, ഡോ. അംബേദ്ക്കറുടെ വെയ്റ്റിങ് ഫോര്‍ എ വിസ, എസ്. രാധാകൃഷ്ണന്റെ മൈ റിസര്‍ച് ഫോര്‍ ട്രൂത്, വി.വി. ഗിരിയുടെ ലൈഫ് ആന്‍ഡ് ദ് ടൈംസ്, കെ.എ അബ്ബാസ്സിന്റെ ഐ ആം നോട്ട് ആന്‍ ഐലന്‍ഡ്, എന്‍.സി. ഗുപ്തയുടെ കണ്‍ഫഷന്‍സ് ഒഫ് ആന്‍ എഡിറ്റര്‍, ജയപ്രകാശ് നാരായണന്റെ മൈ ജയില്‍ ഡയറി, രവിശങ്കറിന്റെ മൈ മ്യൂസിക് മൈ ലൈഫ്, ഹരീന്ദ്രനാഥ ചതോപാധ്യായയുടെ ലൈഫ് ആന്‍ഡ് മൈസെല്‍ഫ്, കൃഷ്ണാഹതീസിംഹിന്റെ വിത് നൊ റിഗ്രറ്റ്സ്, സുഭാഷ് ചന്ദ്രബോസിന്റെ ആന്‍ ഇന്ത്യന്‍ പില്‍ഗ്രിം, നിരാദ് സി. ചൗധരിയുടെ ഓട്ടോബയോഗ്രഫി ഒഫ് ആന്‍ അണ്‍നോണ്‍ ഇന്ത്യന്‍, സുരേന്ദ്രനാഥ ബാനര്‍ജിയുടെ റെമിനിസന്‍സ് ഒഫ് ഫിഫ്റ്റി ഇയേഴ്സ്, കാകാ കലേല്‍ക്കറുടെ ബിഹൈന്‍ഡ് ദ് ബാര്‍സ്, വിജയലക്ഷ്മി പണ്ഡിറ്റിന്റെ മൈ ജയില്‍ ലൈഫ്, കമലാദാസിന്റെ മൈ സ്റ്റോറി എന്നീ ആത്മകഥകള്‍ ഭാരതീയ സാഹിത്യത്തിലെ തന്നെ എണ്ണപ്പെട്ട കൃതികളാണ്. ഇവയില്‍ മിക്ക കൃതികളും മലയാളത്തിലേക്കും ഭാരതത്തിലെ ഇതര ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ആത്മകഥ മലയാളത്തില്‍

19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ് മലയാളത്തില്‍ ആത്മകഥാപ്രസ്ഥാനം ആരംഭിക്കുന്നത്. പാശ്ചാത്യസാഹിത്യവുമായുള്ള സമ്പര്‍ക്കമാണ് ഇതിനു കാരണമായത്. ആദ്യത്തെ ആത്മകഥ വൈക്കത്തുപാച്ചുമൂത്തതിന്റെ ആത്മകഥാസംക്ഷേപവും (1878) രണ്ടാമത്തേത് കോവുണ്ണി നെടുങ്ങാടിയുടേതും (അപൂര്‍ണം, 1880) അടുത്തത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ എന്റെ നാടുകടത്തല്‍ (1911) എന്ന ഗ്രന്ഥവുമാണ്.

സാമൂഹിക പ്രാധാന്യമുള്ളവ, രാഷ്ട്രീയ പ്രാധാന്യമുള്ളവ, സാഹിത്യപ്രാധാന്യമുള്ളവ, കലാലോകവുമായി ബന്ധപ്പെട്ടവ, ദാര്‍ശനിക സ്വഭാവമുള്ളവ എന്നിങ്ങനെ ആത്മകഥകളെ വര്‍ഗീകരിക്കാറുള്ളതില്‍ മലയാളത്തില്‍ സാമൂഹിക പ്രാധാന്യമുള്ളവയുടെ വിഭാഗമാണ് ഇതരവിഭാഗങ്ങളെ അപേക്ഷിച്ച് സമ്പന്നം. സി.കേശവന്‍ രചിച്ച ജീവിതസമരം, വി.ടി. ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥ, മന്നത്തു പദ്മനാഭന്റെ എന്റെ ജീവിതസ്മരണകള്‍ എന്നിവ ഈ വിഭാഗത്തിലെ പ്രധാന ഗ്രന്ഥങ്ങളാണ്. സി. കേശവനും ഇ.എം.എസും തങ്ങള്‍ രാഷ്ട്രീയരംഗത്തേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചതു വരെയുള്ള കഥയാണു പ്രതിപാദിക്കുന്നത്.

സമുദായപ്രവര്‍ത്തകന്‍, വിപ്ലവകാരിയായ കോണ്‍ഗ്രസ് നേതാവ്, ഉത്പതിഷ്ണുവായ മുഖ്യമന്ത്രി ഈ നിലകളില്‍ പ്രശസ്തനായ സി. കേശവന്റെ വ്യക്തിത്വ രൂപവത്കരണത്തിലെ പ്രേരകശക്തികള്‍ എന്തെല്ലാമെന്ന് ജീവിതസമരം അനാവരണം ചെയ്യുന്നു. ഈഴവസമുദായം അനുഭവിച്ചിരുന്ന സാമൂഹികമായ അവശതകള്‍ പരിഹരിക്കുന്നതിനുവേണ്ടി താന്‍ നടത്തിയ സമരങ്ങള്‍ ചെറിയ വാക്യങ്ങളില്‍ ലളിതമായ ശൈലിയില്‍ അദ്ദേഹം വിശദീകരിക്കുന്നു. 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ കേരളത്തിലെ നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കും യഥാസ്ഥിതിക ചിന്താഗതിക്കുമെതിരെ പ്രവര്‍ത്തിച്ച വി.ടി. താന്‍ ഏറ്റെടുത്തതും വിജയം നേടിയതുമായ കര്‍മപരിപാടികള്‍ കണ്ണീരും കിനാവും എന്ന ആത്മകഥയില്‍ വിശദീകരിക്കുന്നു. മാര്‍ക്സിസ്റ്റ് ചിന്തകനായ ഇ.എം.എസ്. സംഭവബഹുലമായ തന്റെ ജീവിതത്തിന്റെ ആദ്യത്തെ ഘട്ടം മാത്രം ആവിഷ്കരിച്ചിട്ടുള്ള ആത്മകഥയില്‍ സ്വന്തം രാഷ്ട്രീയ പ്രവര്‍ത്തനത്തെപ്പറ്റിയൊ രാഷ്ട്രീയ സിദ്ധാന്തങ്ങളെപ്പറ്റിയൊ വിശദീകരിക്കുന്നില്ല. മുപ്പതു വയസ്സുവരെയുള്ള തന്റെ ജീവചരിത്രവും ആ കാലഘട്ടത്തിന്റെ സാമൂഹിക ചരിത്രവുമാണ് ആത്മകഥയിലുള്ളത്.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്തു പദ്മനാഭന്‍ സമുദായത്തിന്റെ കെട്ടുറപ്പിനും പുരോഗതിക്കും വേണ്ടി അരനൂറ്റാണ്ടിലേറെക്കാലം നടത്തിയ ഐതിഹാസികമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നു. സാമൂഹിക പ്രാധാന്യമുള്ള ആത്മകഥകളുടെ വിഭാഗത്തില്‍പ്പെടുന്ന മറ്റു പ്രധാനകൃതികളാണ് ബി. കല്യാണിയമ്മയുടെ വ്യാഴവട്ടസ്മരണകള്‍, ഓര്‍മയില്‍ നിന്ന് എന്നീ കൃതികള്‍, പി.കെ. നാരായണപിള്ളയുടെ സ്മരണമണ്ഡലം, ആര്‍. ഈശ്വരപിള്ളയുടെ സ്മരണകള്‍, സി.വി. കുഞ്ഞുരാമന്റെ ഞാന്‍, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ തുടിക്കുന്ന താളുകള്‍, ഐ.സി. ചാക്കോയുടെ ജീവിതസ്മരണകള്‍, സി.എച്ച്. കുഞ്ഞപ്പയുടെ സ്മരണകള്‍ മാത്രം, സി.എ. കിട്ടുണ്ണിയുടെ നെടുവീര്‍പ്പ്, എസ്.പി. പിള്ളയുടെ എന്റെ ജീവിതകഥ, തകഴിയുടെ ഓര്‍മയുടെ തീരങ്ങളില്‍, എന്റെ ബാല്യകാലകഥ, എന്റെ വക്കീല്‍ ജീവിതം, കാണിപ്പയ്യൂരിന്റെ എന്റെ സ്മരണകള്‍, ജോസഫ് ചാഴിക്കാടന്റെ ആത്മകഥ, അന്നാചാണ്ടിയുടെ ആത്മകഥ, വി.ആര്‍. പരമേശ്വരന്‍ പിള്ളയുടെ ആ എഴുപതുവര്‍ഷങ്ങള്‍, കെ.സി. മാമ്മന്‍ മാപ്പിളയുടെ ജീവിതസ്മരണകള്‍, രേവതി അമ്മയുടെ സഹസ്രപൂര്‍ണിമ, സി. അച്യുതമേനോന്റെ എന്റെ ബാല്യകാല സ്മരണകള്‍, ഡോ. ജി. രാമചന്ദ്രന്റെ പിന്നിട്ട ജീവിതപ്പാത, കളത്തില്‍ വേലായുധന്‍ നായരുടെ എന്റെ സഞ്ചാരപഥങ്ങള്‍, പുത്തന്‍കാവു മാത്തന്‍തരകന്റെ ഓര്‍മകളുടെ നാട്ടില്‍, എം.കെ.കെ. നായരുടെ ആരോടും പരിഭവമില്ലാതെ, മലയാറ്റൂര്‍ രാമകൃഷ്ണന്റെ സര്‍വീസ് സ്റ്റോറി, തോട്ടം രാജശേഖരന്റെ ഉദ്യോഗപര്‍വം, ഡോ. പി.കെ.ആര്‍. വാര്യരുടെ ഒരു സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍ എന്നിവ.

ആദര്‍ശനിഷ്ഠനായ കോണ്‍ഗ്രസ് നേതാവ്, സ്വാതന്ത്ര്യസമരസേനാനി, മാതൃഭൂമിയുടെ പത്രാധിപര്‍, ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍, കേരളസാഹിത്യ അക്കാദമി പ്രസിഡന്റ്, സാഹിത്യകാരന്‍ എന്നീ നിലകളിലെല്ലാം മാതൃകാപരമായ കര്‍മകുശലത പ്രകടിപ്പിച്ചിട്ടുള്ള കേശവമേനോന്‍ തന്റെ അറുപതില്‍പ്പരം വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ ഒഴുക്കും ഓജസ്സും തുളുമ്പുന്ന ശൈലിയില്‍ കഴിഞ്ഞകാലത്തില്‍ അവതരിപ്പിക്കുന്നു.

ദേശീയപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും, വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച രാഷ്ട്രീയനേതാവായ എ.കെ. ഗോപാലന്‍ തന്റെ ത്യാഗോജ്ജ്വലവും ഐതിഹാസികവുമായ ജീവിതകഥ വര്‍ണിക്കുന്ന കൃതിയാണ് എന്റെ ജീവിതകഥ. ആദ്യം ഇംഗ്ളീഷില്‍ എഴുതിയ ആത്മകഥ പിന്നീട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഇ.കെ. നായനാര്‍ തന്റെ ആത്മകഥ മൈ സ്ട്രഗിള്‍സ് എന്ന പേരില്‍ ഇംഗ്ളീഷിലെഴുതി. പിന്നീട് അതു മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയുണ്ടായി. രാഷ്ട്രീയപ്രാധാന്യമുള്ള ആത്മകഥകളുടെ വിഭാഗത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ എന്റെ നാടുകടത്തല്‍, സര്‍ദാര്‍ കെ.എം. പണിക്കരുടെ ആത്മകഥ (മൂന്നു ഭാഗങ്ങള്‍), ചെറുകാടു ഗോവിന്ദപ്പിഷാരടി (ചെറുകാട്)യുടെ ജീവിതപ്പാത, പി. നാരായണന്‍ നായരുടെ അരനൂറ്റാണ്ടിലൂടെ, വി.എ. കേശവന്‍ നായരുടെ ഇരുമ്പഴിക്കുള്ളില്‍, തോപ്പില്‍ഭാസിയുടെ ഒളിവിലെ ഓര്‍മകള്‍, ഇ. മൊയ്തു മൗലവിയുടെ മൗലവിയുടെ ആത്മകഥ, എ.പി. ഉദയഭാനുവിന്റെ എന്റെ കഥയില്ലായ്മകള്‍, ഭാരതീ ഉദയഭാനുവിന്റെ അടുക്കളയില്‍നിന്നു പാര്‍ലമെന്റിലേക്ക്, ബി. വെല്ലിങ്ടന്റെ എന്റെ ഉപവാസസ്മരണകള്‍, ഫാദര്‍ ജോസഫ് വടക്കന്റെ എന്റെ കുതിപ്പും കിതപ്പും, എന്‍.ശ്രീകണ്ഠന്‍ നായരുടെ കഴിഞ്ഞകാല ചിത്രങ്ങള്‍, അജിതയുടെ ഓര്‍മക്കുറിപ്പുകള്‍, പുതുപ്പള്ളി രാഘവന്റെ വിപ്ളവസ്മരണകള്‍ എന്നിവയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ സമരം ജീവിതം തന്നെ എന്ന ആത്മകഥാപരമായ ഗ്രന്ഥവും പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.

സാഹിത്യപ്രാധാന്യമുള്ള ആത്മകഥകളില്‍ ഇ.വി. കൃഷ്ണപിള്ളയുടെ ജീവിതസ്മരണകള്‍, ജോസഫ് മുണ്ടശ്ശേരിയുടെ കൊഴിഞ്ഞ ഇലകള്‍, ജി. യുടെ ഓര്‍മയുടെ ഓളങ്ങളില്‍, പി. കുഞ്ഞുരാമന്‍ നായരുടെ കവിയുടെ കാല്പാടുകള്‍ എന്നിവ പ്രത്യേകം ശ്രദ്ധേയങ്ങളാണ്. ഹാസ്യചിന്തകളിലൂടെ സ്വന്തം ജീവിതം അപഗ്രഥിക്കുവാന്‍ ഇ.വി. ക്കു സാധിച്ചിരിക്കുന്നു. ഫലിതസാഹിത്യകാരന്‍, സാമൂഹിക ചിന്തകന്‍, നിയമസഭാ സാമാജികന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിത്വം നേടിയിരുന്ന ഇ.വി. തന്റെ കൃതികളിലാവിഷ്കരിച്ച പരിഹാസങ്ങളില്‍ക്കൂടി സാമൂഹികജീവിതത്തെ ശുദ്ധീകരിക്കുന്നതിനു ശ്രമിച്ചു.

അധ്യാപകന്‍, സാഹിത്യനിരൂപകന്‍, നിയമസഭാ സാമാജികന്‍, വിദ്യാഭ്യാസ മന്ത്രി, വാഗ്മി, വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ വിഖ്യാതനായ ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍. മഹാകവിയായ പി. കുഞ്ഞിരാമന്‍ നായര്‍ തന്റെ അറുപതില്‍പ്പരം വര്‍ഷത്തെ സംഭവബഹുലമായ വ്യക്ത്യനുഭവങ്ങളാണ് കവിയുടെ കാല്പാടുകളില്‍ വിവരിക്കുന്നത്. വിവരണത്തില്‍ അടുക്കും ചിട്ടയും കുറവാണെങ്കിലും മലനാടിന്റെ പ്രകൃതിസൗന്ദര്യം പ്രതിഫലിക്കുന്ന ഈ ആത്മകഥ കാവ്യഭംഗിയാലും ശൈലീവിലാസത്താലും ആകര്‍ഷകമായിട്ടുണ്ട്.

കെ.കെ. രാജായുടെ സ്മൃതിമാധുര്യം, പുത്തേഴത്തു രാമന്‍മേനോന്റെ കാഴ്ചപ്പാടുകള്‍, കേശവദേവിന്റെ ഓര്‍മകളുടെ ലോകത്തില്‍, പൊന്‍കുന്നം വര്‍ക്കിയുടെ എന്റെ വഴിത്തിരിവ്, എസ്.കെ. പൊറ്റക്കാടിന്റെ എന്റെ വഴിയമ്പലങ്ങള്‍, കെ.വി.എം. ന്റെ ആത്മകഥ, എസ്.കെ. നായരുടെ മറക്കാത്തകഥകള്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മയുടെ അറകള്‍, വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ആത്മരേഖ, ജി. ശങ്കരക്കുറുപ്പിന്റെ ഓര്‍മയുടെ ഓളങ്ങളില്‍, ലളിതാംബിക അന്തര്‍ജനത്തിന്റെ ആത്മകഥയ്ക്ക് ഒരു ആമുഖം, എന്‍.എന്‍. പിള്ളയുടെ ഞാന്‍, എന്‍. കൃഷ്ണപിള്ളയുടെ അനുഭവങ്ങള്‍ അഭിമതങ്ങള്‍, കെ. സുരേന്ദ്രന്റെ ജീവിതവും ഞാനും, പവനന്റെ ആദ്യകാലകഥകള്‍, അനുഭവങ്ങളുടെ സംഗീതം എന്നിവയും സാഹിത്യപ്രധാനമായ ആത്മകഥയുടെ വിഭാഗത്തിലെ ശ്രദ്ധേയങ്ങളായ കൃതികളാണ്. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ്, നീര്‍മാതളം പൂത്തകാലം എന്നീ ആത്മചരിത്രപ്രധാനമായ സ്മരണകള്‍ക്കു ഗൃഹാതുരത്വത്തിന്റെ ചാരുതയുണ്ട്. പ്രൊഫ. ഗുപ്തന്‍ നായരുടെ മനസാസ്മരാമിയാണ് ശ്രദ്ധേയമായ മറ്റൊരു ആത്മകഥ.

നാടകം, ചിത്രകല തുടങ്ങിയ കലകളുടെ പ്രോത്സാഹനത്തിനുവേണ്ടി ത്യാഗോജ്ജ്വലവും സാഹസികവുമായ പ്രവര്‍ത്തനം നടത്തി സ്ഥിരപ്രതിഷ്ഠ നേടിയ കലാകാരന്മാരില്‍ ചിലര്‍ തങ്ങളുടെ കലാലോകം പശ്ചാത്തലമാക്കി ആത്മകഥകള്‍ രചിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ഒരു നടന്റെ ആത്മകഥ, പി.ജെ. ആന്റണിയുടെ എന്റെ നാടക സ്മരണകള്‍, പി.ജെ. ചെറിയാന്റെ എന്റെ കലാജീവിതം, കാമ്പിശ്ശേരി കരുണാകരന്റെ അഭിനയചിന്തകള്‍, എന്‍. ഗോവിന്ദന്‍കുട്ടിയുടെ ഓര്‍മകളുടെ കഥ, കലാമണ്ഡലം കൃഷ്ണന്‍ നായരുടെ അരങ്ങും അണിയറയും, കലാമണ്ഡലം രാമന്‍കുട്ടി നായരുടെ തിരനോട്ടം, തിക്കോടിയന്റെ എടുത്തു പറയേണ്ട അരങ്ങുകാണാത്ത നടന്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്ന കൃതികളില്‍ പ്രധാനപ്പെട്ടവയാണ്.

ആദ്യകാല മലയാള നാടകവേദിയിലെ പ്രശസ്ത നടനായിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ കലാകാരനാവുക ഈശ്വരന്റെ പ്രത്യേകമായ ഒരു അനുഗ്രഹമാണെന്ന വിശ്വാസക്കാരനായിരുന്നു. നാടകരംഗത്തു കാലാനുസൃതമായ പരിഷ്കരണങ്ങള്‍ പരീക്ഷിച്ച് ചിലപ്പോഴെല്ലാം വിജയവും ചിലപ്പോള്‍ പരാജയവും നേടിയ പി.ജെ. ആന്റണി തന്റെ പതിനേഴു വര്‍ഷത്തെ നാടകാനുഭവങ്ങളാണ് എന്റെ നാടകസ്മരണകളില്‍ വിവരിക്കുന്നത്. തോപ്പില്‍ഭാസിയുടെ ഒളിവിലെ ഓര്‍മകളും ശ്രദ്ധേയമാണ്. ചിത്രകലയിലും നാടകകലയിലും പാടവം പ്രദര്‍ശിപ്പിച്ച കലാകാരനായിരുന്ന പി.ജെ. ചെറിയാന്‍, തന്റെ കലാലോകത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ശുഭപ്രതീക്ഷയുടെയും കഥയാണ് എന്റെ കലാജീവിതത്തില്‍ വിവരിക്കുന്നത്.

സങ്കീര്‍ണങ്ങളും ദാര്‍ശനികങ്ങളുമായ ആത്മകഥകളെ ഒരു വിഭാഗമാക്കി കണക്കായിയാല്‍ അതിലുള്‍പ്പെടുത്താവുന്ന ആത്മകഥകളും മലയാളത്തില്‍ വിരളമല്ല. സി.എ. ബാലന്‍ രചിച്ച തൂക്കുമരത്തിന്റെ നിഴലില്‍ എന്ന ആത്മകഥയില്‍ നിരപരാധിയായ അദ്ദേഹം കുറ്റാരോപണവിധേയനായി തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാനസിക വിക്ഷോഭങ്ങളെയും ആ സന്ദര്‍ഭത്തിലുള്ള ജീവിതവീക്ഷണത്തെയും പ്രധാനമായി ചിത്രീകരിക്കുന്നു. പി.ജെ. അബ്രഹാം രചിച്ച തീപിടിച്ച കപ്പല്‍ എന്ന കൃതിയില്‍ അദ്ദേഹത്തിനു ഒരു കപ്പല്‍യാത്രാവേളയില്‍ മരണത്തെ മുഖാമുഖം കാണേണ്ടിവന്ന കഥയാണ് പ്രധാനമായി ചിത്രീകരിച്ചിട്ടുള്ളത്. ഒരു നോവലിന്റെ ശില്പമാതൃകയില്‍ കേശവദേവ് തന്റെ ജീവചരിത്രം വിവരിച്ചിരിക്കുന്ന കൃതിയാണ് എതിര്‍പ്പ് (മൂന്നു ഭാഗങ്ങള്‍). ദാര്‍ശനികപ്രാധാന്യമുള്ള ആത്മകഥകളുടെ വിഭാഗത്തില്‍പ്പെടുന്ന കൃതിയാണ് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവിന്റെ ആത്മകഥ. ഗുരുവിന്റെ അനുഗ്രഹത്തോടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ശ്രീനാരായണഗുരുകുലങ്ങള്‍ സ്ഥാപിച്ചതുള്‍പ്പെടെയുള്ള തന്റെ സാമൂഹികപ്രവര്‍ത്തനങ്ങളും ദാര്‍ശനിക കാഴ്ചപ്പാടുകളും അദ്ദേഹം തന്റെ ആത്മകഥയില്‍ വിവരിക്കുന്നു. ഈ വിഭാഗത്തില്‍പ്പെടുന്നതും അടുത്ത കാലത്തു പ്രസിദ്ധീകൃതങ്ങളുമായ ആത്മകഥകളാണ് മേലൂര്‍ ദാമോദരന്റെ നാദബ്രഹ്മം തേടി, സ്വാമി അമര്‍ത്യാനന്ദയുടെ അര്‍ധവിരാമം എന്നിവ.

ആത്മകഥാകൃത്തുകളില്‍ ദേശീയമോ അന്തര്‍ദേശീയമോ ആയി പ്രശസ്തരായ രാഷ്ട്രീയനേതാക്കളുടെയും സാഹിത്യകാരന്മാരുടെയും മറ്റും കൃതികള്‍ക്കു ലോകത്തിലെ പ്രധാനഭാഷകളിലെല്ലാം വിവര്‍ത്തനങ്ങളുണ്ടാകാറുണ്ട്. തകാഷിനാഗായിയുടെയും (അണുബോംബു വീണപ്പോള്‍) വിചികോ ഹാചിയയുടെയും (ഹിരോഷിമാ ഡയറി), അഡോള്‍ഫ് ഹിറ്റ്ലറുടെയും (മൈന്‍ കാംഫ്) ആത്മകഥകള്‍ ഇതിനുദാഹരണങ്ങളാണ്. മക്സിം ഗോര്‍ക്കി (പരിശീലനം, ലെനിന്റെ കൂടെ, എന്റെ സര്‍വകലാശാലകള്‍), ആല്‍ബര്‍ട് ഷ്വയ്റ്റ്സര്‍ (എന്റെ ജീവിതവും ചിന്തയും), ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ (ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ ആത്മകഥ), ചെഗവേര (ബൊളിവിയന്‍ ഡയറി), ദലൈ ലാമ (എന്റെ നാടും ജനങ്ങളും) ആന്‍ ഫ്രാങ്ക് (ഒരു പെണ്‍കിടാവിന്റെ ഡയറിക്കുറിപ്പുകള്‍) തുടങ്ങിയ പ്രശസ്തവ്യക്തികളുടെ ആത്മകഥകള്‍ മലയാളത്തില്‍ ലഭ്യമാണ്. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, മൗലാനാ അബുല്‍ കലാം ആസാദ്, രാജേന്ദ്രപ്രസാദ്, കെ.പി.എസ്. മേനോന്‍ എന്നിവര്‍ ഇംഗ്ളീഷില്‍ രചിച്ച ആത്മകഥകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചമന്‍ലാല്‍ ആസാദ് (എന്റെ കഥ), തരുണ്‍ കുമാര്‍ ഭാദുഡി (ശപിക്കപ്പെട്ട ചംബല്‍), സിദ്ധിനാഥാനന്ദസ്വാമി (ഒരു സാധകന്റെ സഞ്ചാരം), ജെ.എച്ച്. വില്യംസ് (ആനവില്യം), എം. ശിവറാം (ചലോ ദല്‍ഹി) എന്നിവരുടെ ആത്മകഥകളും പ്രശസ്തങ്ങളാണ്.

(ഡോ. വിജയാലയം ജയകുമാര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%95%E0%B4%A5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍