This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആതന്‍ നെടുഞ്ചേരലാതന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആതന്‍ നെടുഞ്ചേരലാതന്‍

ചേരരാജാവ്. പെരുഞ്ചോറ്റുതിയന്‍ ചേരലാതന് വെളിയന്‍ വെണ്‍മാന്റെ പുത്രിയായ നല്ലിനിയില്‍ ജനിച്ച പുത്രനാണ് 'ഇമയവരമ്പന്‍' എന്ന പേരിലും അറിയപ്പെടുന്ന നെടുഞ്ചേരലാതന്‍. ഹിമാലയം (ഇമയം) വരെ പടയെടുത്തുപോവുകയും അവിടെ ചേരന്റെ അടയാളമായ വില്ലുകൊത്തുകയും ചെയ്തതിന്റെ പേരില്‍ ഇമയവരമ്പന്‍ എന്ന് ഇദ്ദേഹത്തിനു പ്രശസ്തിയുണ്ടായി എന്ന് അകനാനുറിലെ ഒരു ഗാനത്തില്‍ മാമൂലനാര്‍ സൂചിപ്പിച്ചിട്ടുണ്ട്. കടമ്പരെ ജയിച്ചതും അതില്‍ പരാമര്‍ശിക്കപ്പെടുന്നു. കടമ്പരുടെ കാവല്‍മരമായ കടമ്പുവെട്ടിയെടുത്ത തടികൊണ്ടു പോര്‍മുരശുണ്ടാക്കിയതായി മാമൂലനാര്‍ പറയുന്നു. മറ്റൊരിടത്തു മാമൂലനാര്‍തന്നെ 'ചേരലാതന്‍ മാല്‍കടല്‍ ഓട്ടിക്കടമ്പറുത്തിയറ്റിയ പണ്ണമൈമുരശിന്‍' എന്നു പറഞ്ഞിട്ടുള്ളതില്‍നിന്നു പ്രകൃതത്തില്‍ പരാമൃഷ്ടരായ കടമ്പര്‍ കടല്‍ക്കള്ളന്‍മാരായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു. കന്യാകുമാരി മുതല്‍ ഹിമാലയം വരെയുള്ള ഭൂമി മുഴുവന്‍ ഈ രാജാവിന്റെ കീഴിലായിരുന്നതായി കുമട്ടൂര്‍ കണ്ണനാര്‍ പതിറ്റുപ്പത്തില്‍ പ്രസ്താവിക്കുന്നു. പതിറ്റുപ്പത്തിലെ ഒരു പ്രസ്താവനയില്‍ (പതികം) നിന്നു ഇമയവരമ്പന്‍ യുവരാജാവെന്നനിലയിലും രാജാവെന്നനിലയിലും 58 വര്‍ഷം നാടുവാണതായി വെളിപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ പത്നിയായ നര്‍ച്ചോണ, വെണ്ണിപ്പോര്‍വെന്ന ചോഴരാജാവായ കരികാര്‍ പെരുവളത്താന്റെ പുത്രിയായിരുന്നുവെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു; എന്നാല്‍ അടിയാര്‍ക്കുനല്ലാര്‍ നര്‍ച്ചോണയുടെ പേരെടുത്തു പറയുന്നില്ല. അരുമ്പതവുരൈയാശിരിയരും ഇക്കാര്യത്തില്‍ നിശ്ശബ്ദനാണ്. കൂടാതെ ചേരന്‍ ചെങ്കുട്ടുവന്‍ നെടുഞ്ചേരലാതന് ചോഴരാജകുമാരിയായ മണക്കിള്ളിയിലുണ്ടായ പുത്രനാണെന്നു പതിറ്റുപ്പത്തില്‍ പ്രസ്താവിച്ചിട്ടുമുണ്ട്. ഈ ചേരനു ചേരമാന്‍ കുടക്കോ ചേരലാതന്‍ എന്നും വിശേഷണമുണ്ടായിരുന്നു. ചേരലാതന്റെ അന്ത്യം ദയനീയമായിരുന്നു. ചോഴനുമായി പോര്‍ എന്ന സ്ഥലത്ത് (ഈ സ്ഥലം തിരുപ്പൂര്‍ ആയിരിക്കാമെന്ന് കരുതപ്പെടുന്നു) ഏറ്റുമുട്ടി. രണ്ടുപേര്‍ക്കും ഒരേ സമയത്തു വെട്ടേല്ക്കുകയും രണ്ടുപേരും ഒന്നിച്ചു മരിക്കുകയും ചെയ്തു. ഈ ഏറ്റുമുട്ടലിന്റെ വിവരം കളാത്തലാര്‍ പൂറനാനൂറില്‍ നല്കിയിട്ടുണ്ട്. പോര്‍പ്പുറത്തുപോരിനെപ്പറ്റി പരണരും പാടിയിട്ടുണ്ട്.

(കെ. മഹേശ്വരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍