This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആണ്ടാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആണ്ടാള്‍

തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന വിഷ്ണുഭക്തയായ തമിഴ് കവയിത്രി. തെക്കേ ഇന്ത്യയില്‍ വൈഷ്ണവമതം പ്രചരിപ്പിച്ച ശ്രേഷ്ഠരായ 12 ആഴ്വാര്‍മാരില്‍ ആണ്ടാളും ഉള്‍പ്പെടുന്നു. ആണ്ടാളുടെ ജീവിതത്തെക്കുറിച്ച് ഐതിഹ്യങ്ങളല്ലാതെ ശരിയായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ എ.ഡി. ഏട്ടാം ശ.-ത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. തമിഴ്നാട്ടില്‍ പ്രചാരമുള്ള ഐതിഹ്യപ്രകാരം രാമനാഥപുരം ജില്ലയിലുള്ള ശ്രീവില്ലിപുത്തൂരിലാണ് ആണ്ടാള്‍ ജനിച്ചത്. ശ്രീവില്ലിപുത്തൂരിലെ വിഷ്ണുക്ഷേത്രത്തില്‍ മാലകെട്ടുജോലി ഉണ്ടായിരുന്ന വിഷ്ണുസിദ്ധന്‍ അല്ലെങ്കില്‍ പെരിയാഴ്വാര്‍ പൂക്കള്‍ ശേഖരിക്കാനായി പൂങ്കാവിലേക്കു ചെന്നപ്പോള്‍ അവിടെ തുളസിച്ചെടിയുടെ ചുവട്ടില്‍ ഒരു പെണ്‍കുഞ്ഞ് കിടക്കുന്നതുകണ്ടു. സന്തതി ഇല്ലാതെ സങ്കടപ്പെട്ടിരുന്ന പെരിയാഴ്വാര്‍, പൂങ്കുലപോലെ മനോഹരി എന്നര്‍ഥമുള്ള 'കോതൈ' എന്ന് പേരിട്ട് ഈ കുട്ടിയെ സ്വന്തം മകളായി വളര്‍ത്തി. വളര്‍ന്നുവന്ന കോതയ്ക്ക് ശ്രീകൃഷ്ണസ്മരണ ഒന്നുമാത്രമായിരുന്നു എല്ലാനേരവുമുണ്ടായിരുന്നത്; ശ്രീരംഗനാഥനെ രാപ്പകല്‍ അവള്‍ ആരാധിച്ചു.

വിഷ്ണുക്ഷേത്രത്തിലെ ദേവന് ചാര്‍ത്താന്‍ കോര്‍ത്തുവച്ച മാല ഒരിക്കല്‍ ആണ്ടാള്‍ എടുത്ത് കഴുത്തിലണിഞ്ഞിട്ട് 'ശ്രീരംഗനാഥന്‍ എന്നെ മാലയിട്ടാല്‍ ഞാന്‍ ഇങ്ങനെ ഇരിക്കില്ലേ? ദേവന്റെ സ്നേഹത്തിന് ഞാന്‍ പാത്രമാവില്ലേ? ആ വിശ്വവശ്യന്‍ എന്നെ ഇഷ്ടപ്പെടില്ലേ?, എന്നെല്ലാം സ്വയം ചോദിച്ചു. അമ്പലത്തിലേക്കുള്ള മാല സ്വയം ചൂടിയതിനുശേഷമാണ് കോതൈ ദേവന് ചാര്‍ത്താന്‍ കൊടുത്തയച്ചിരുന്നത്. ഒരിക്കല്‍ പൂജാരി ദേവനു ചാര്‍ത്താനുള്ള മാലയില്‍ ഒരു തലമുടി ഇരിക്കുന്നതു കണ്ട് മാല അശുദ്ധമായ വിവരം പെരിയാഴ്വാരെ അറിയിച്ചു. മാല താന്‍ അണിഞ്ഞതാണെന്ന് കോതൈ ആഴ്വാരോടു പറഞ്ഞു. എന്നിട്ട് മനസ്സുനൊന്ത് അവള്‍ ദേവനോട് മാപ്പപേക്ഷിച്ചു പ്രാര്‍ഥിച്ചു. 'ദേവ, അങ്ങയുടെ മാല്യത്തെ ഞാന്‍ കളങ്കപ്പെടുത്തിയല്ലോ!' അന്നു രാത്രി പെരിയാഴ്വാരും ക്ഷേത്രത്തിലെ പൂജാരിയും ഓരോ സ്വപ്നം കണ്ടു. ശ്രീകൃഷ്ണന്‍ അവരോട് പറഞ്ഞുവത്രെ: 'ആണ്ടാള്‍ അണിയുമ്പോള്‍ ആ മാലയ്ക്ക് ഒരു സവിശേഷസൌരഭ്യമുണ്ട്; അത് അവളുടെ സ്നേഹത്തിന്റെ സൗരഭ്യമാണ്. ആണ്ടാള്‍ അണിഞ്ഞ മാലയാണ് എനിക്കിഷ്ടം.' ഇതിന്റെ ഫലമായി ആണ്ടാള്‍ക്ക് ചൂടിക്കൊടുത്ത ചുടര്‍ക്കൊടി എന്ന ബിരുദവും ലഭിച്ചിട്ടുണ്ട്.

ഭക്തികൊണ്ട് ഈശ്വരനെ കീഴ്പ്പെടുത്തിയവള്‍ എന്ന അര്‍ഥത്തിലാണ് ആണ്ടാള്‍ എന്ന പേര് കോതൈക്കുണ്ടായത്; ഭക്തിഗീതങ്ങള്‍കൊണ്ട് ജനഹൃദയങ്ങളെ കീഴ്പ്പെടുത്തിയവള്‍ എന്ന അര്‍ഥത്തിലും ഈ പേരിനെ വ്യാഖ്യാനിക്കാറുണ്ട്. പെരിയാഴ്വാര്‍ വളര്‍ത്തിയതുകൊണ്ട് 'ആഴ്വാര്‍ തിരുമകളാര്‍' എന്നും, താന്‍ ചാര്‍ത്തിയ പൂമാല ദേവന് ചാര്‍ത്തിയതുകൊണ്ട് 'ചൂടിക്കൊടുത്ത നാച്ചിയാര്‍', 'ചൂടിക്കൊടുത്ത ചൂടര്‍ക്കൊടിയാള്‍' എന്നും ഭക്തന്മാര്‍ ആദരപൂര്‍വം ആണ്ടാളെ സ്മരിച്ചുവരുന്നു. വിഷ്ണുഭക്തന്മാര്‍ വിശ്വസിക്കുന്നത് ആണ്ടാള്‍ ഭൂമിദേവിയുടെ അവതാരമാണെന്നാണ്. ആണ്ടാളുടെ ഹൃദയം വൃന്ദാവനവും ആത്മാവ് ശ്രീകൃഷ്ണനും ശരീരം രാധയും അംഗങ്ങള്‍ ഗോപികമാരുമാണെന്ന് അവര്‍ വിശ്വസിക്കുന്നു.

ആണ്ടാള്‍ ശ്രീരംഗനാഥനെ സദാകാലവും ധ്യാനിച്ചുകഴിച്ചുകൂട്ടിയെന്നും, ഒടുവില്‍ ഒരു സ്വപ്നദര്‍ശനമുണ്ടായതനുസരിച്ച് പെരിയാഴ്വാര്‍ ആണ്ടാളെ ശ്രീരംഗത്തുള്ള രംഗനാഥക്ഷേത്രസന്നിധിയിലേക്ക് കൊണ്ടുപോയെന്നും ആണ്ടാള്‍ ശ്രീരംഗനാഥവിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നുവെന്നുമാണ് ഐതിഹ്യം.

കൃതികള്‍. ആണ്ടാള്‍ തമിഴില്‍ രണ്ടു ഭക്തികാവ്യങ്ങള്‍ രചിച്ചു; നാച്ചിയാര്‍ തിരുമൊഴി, തിരുപ്പാവൈ. ഈ രണ്ടു കൃതികളിലും കൃഷ്ണഭക്തി നിറഞ്ഞുനില്ക്കുന്നു. നാച്ചിയാര്‍ തിരുമൊഴിയില്‍ 143 'വാസുരങ്ങള്‍' അല്ലെങ്കില്‍ ഗീതങ്ങള്‍ അടങ്ങിയിരിക്കുന്നു. 10 പാട്ടുകള്‍ വീതമുള്ള 14 ഭാഗമായി എഴുതിയിട്ടുള്ള ഈ കൃതിയില്‍ ശ്രീവില്ലിപുത്തൂരിനെ അമ്പാടിയായും, ആ പ്രദേശത്തുള്ള സ്ത്രീകളെ ഗോപികമാരായും, വടപെരുങ്കോവില്‍ ക്ഷേത്രത്തെ നന്ദഗോപരുടെ വാസസ്ഥലമായും, ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ശ്രീകൃഷ്ണനായും സങ്കല്പിച്ചു പാടിയശേഷം 14 ക്ഷേത്രങ്ങളെപ്പറ്റിയും പ്രകീര്‍ത്തിച്ചിട്ടുണ്ട്. തിരുപ്പാവൈയില്‍ 8 വരികളുള്ള 30 പാട്ടുകള്‍ അടങ്ങുന്നു. ഭാഗവതത്തെ അവലംബമാക്കി എഴുതിയതാണ് ഈ കൃതി. ദേവനാണ് ആത്മാക്കളുടെ നാഥനെന്ന് ആണ്ടാള്‍ ഈ കൃതിയില്‍ പാടിയിരിക്കുന്നു. തമിഴ്നാട്ടിലെ വിഷ്ണു ക്ഷേത്രങ്ങളില്‍ ധനുമാസപ്പുലരിയില്‍ തിരുപ്പാവൈയില്‍ നിന്നു പാട്ടുകള്‍ ഗായകര്‍ ഇന്നും പാടാറുണ്ട്. വര്‍ഷത്തിന്റെ ബ്രാഹ്മമുഹൂര്‍ത്തമായി കരുതപ്പെടുന്ന ധനുമാസത്തില്‍ തിരുപ്പാവൈ പാടുന്നത് പുണ്യമാണത്രെ. വൈഷ്ണവ സാഹിത്യത്തിലെ ഉപനിഷത് സംഗ്രഹമായിട്ടാണ് ഇതു ഗണിക്കപ്പെട്ടുപോരുന്നത്.

(അമ്പലത്തറ ഉണ്ണിക്കൃഷ്ണന്‍ നായര്‍; എം. ഇളയപെരുമാള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍