This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡ്‍ലര്‍, ആല്‍ഫ്രഡ് (1870 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡ്‍ലര്‍, ആല്‍ഫ്രഡ് (1870 - 1937)

Adler,Alfrred

വ്യക്തിഗതമനഃശാസ്ത്ര (Individual Psychology) ത്തിന്റെ ഉപജ്ഞാതാവായ ആസ്റ്റ്രിയന്‍ മനഃശാസ്ത്രജ്ഞന്‍. ഫ്രോയിഡിന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ഇദ്ദേഹം ഫ്രോയിഡിന്റെ പല ആശയങ്ങളെയും ചോദ്യം ചെയ്യുകയും സ്വന്തമായി ഒരു സിദ്ധാന്തം കെട്ടിപ്പടുക്കുകയും ചെയ്തു.

ആഡ്‍ലര്‍ 1870 ഫെ. 17-നു വിയന്നയില്‍ ജനിച്ചു. വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം ഇദ്ദേഹം മാനസികരോഗ ചികിത്സയിലേക്കും മനഃശാസ്ത്രപഠനത്തിലേക്കും തിരിഞ്ഞു.

ഒരാളെ മറ്റൊരാളില്‍നിന്നും വേര്‍തിരിച്ചുകാണിക്കുന്ന പേഴ്സണാലിറ്റിയുടെ (personality) വളര്‍ച്ചയെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍, വിദ്യാഭ്യാസരീതികളെക്കുറിച്ചുള്ള നിഗമനങ്ങള്‍, മനോരോഗചികിത്സയില്‍ ഒരു പ്രത്യേക സമീപനരീതി ഇവയാണ് ആഡ്‍ലറുടെ മുഖ്യസംഭാവനകള്‍.

ആഡ്‍ലറുടെ സിദ്ധാന്തം അഹന്തയ്ക്കും (Ego) സാമൂഹികകാര്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. ശാരീരികവും മാനസികവും സാമൂഹികവുമായ അപകര്‍ഷതാബോധമാണ് മനുഷ്യരെ ജീവിതത്തില്‍ ഉയരണമെന്ന പ്രേരണ നല്കി മുന്നേറാന്‍ ഉത്തേജിപ്പിക്കുന്നത്. വ്യക്തികളുടെയും സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ക്കു പരിഹാരമായി ആഡ്‍ലര്‍ നിര്‍ദേശിക്കുന്നത് സാമൂഹിക മനഃസ്ഥിതിയാണ്. മറ്റുള്ളവര്‍ക്ക് നന്‍മ ചെയ്യാനുള്ള പ്രവണതയിലാണ് മാനസികാരോഗ്യം സ്ഥിതിചെയ്യുന്നത്. സാമൂഹികമായ ഈ മനോഭാവം തൊഴില്‍, സാമൂഹികജീവിതം, ദാമ്പത്യജീവിതം എന്നീ മൂന്നു തുറകളിലും ഉണ്ടായിരിക്കേണ്ടതാണ്.

ആഡ്‍ലറുടെ മനോരോഗചികിത്സാപദ്ധതിയില്‍ മനഃശാസ്ത്രജ്ഞന്‍ ഒരു സ്നേഹിതന്റെ മനോഭാവത്തോടുകൂടി രോഗിയോട് പെരുമാറുകയും തെറ്റായ ജീവിതരീതികളെപ്പറ്റി സ്വയം ബോധവാനാകാന്‍ അയാളെ പ്രാപ്തനാക്കുകയും ചെയ്യുന്നു. അധ്യാപനംകൊണ്ട് അധ്യാപകര്‍ കുട്ടികളില്‍ സ്വാശ്രയശീലവും പരസഹായമനഃസ്ഥിതിയും വളര്‍ത്താന്‍ ശ്രമിക്കേണ്ടതാണ് എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍ സാമൂഹിക താത്പര്യം-മാനവരാശിക്ക് ഒരു വെല്ലുവിളി (Social Interest A Challenge to Mankind), ജീവിതശാസ്ത്രം (Science of Living) വ്യക്തിഗതമനശ്ശാസ്ത്രം (Individual Psychology) എന്നിവയാകുന്നു. സ്കോട്ട്‍ലന്‍ഡിലെ ആബര്‍ഡീനില്‍ 1937 മേയ് 28-നു നിര്യാതനായി. നോ: അപകര്‍ഷതാബോധം

(ഡോ. ജോര്‍ജ് മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍