This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡിറ്റിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആഡിറ്റിങ്

Auditing

ഒരു വ്യാപാരസ്ഥാപനത്തിന്റെയോ പൊതുസ്ഥാപനത്തിന്റെയോ ധനപരമായ പ്രവര്‍ത്തനങ്ങള്‍, ലാഭനഷ്ടക്കണക്കുകള്‍, ബാക്കിപത്രം എന്നിവയുടെ നിജസ്ഥിതി അറിയുന്നതിനുവേണ്ടി അത്തരം സ്ഥാപനങ്ങളുടെ കണക്കുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കുന്ന സമ്പ്രദായം. ഇത്തരം പരിശോധന നടത്തുന്നതിന് നിയുക്തനാകുന്ന ഉദ്യോഗസ്ഥനെ 'ആഡിറ്റര്‍' എന്നു വിളിക്കുന്നു. ഇന്ത്യന്‍ കമ്പനിനിയമത്തിലെ 224-231 വകുപ്പുകളില്‍ ആഡിറ്റിങ്ങിനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ'യുടെ പരീക്ഷകള്‍ പാസായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് ഇന്ത്യയില്‍ ആഡിറ്റ് നടത്തുന്നത്. യു.എസ്സില്‍ 'അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സി'ന്റെ സര്‍ട്ടിഫിക്കറ്റ് നേടിയ സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റുമാരാണ് ഈ ജോലി നിര്‍വഹിക്കുന്നത്.

ചരിത്രം

മുന്‍കാലങ്ങളില്‍ ബിസിനസ് സ്ഥാപനങ്ങളുടെ കണക്കുകളില്‍ സംശയം തോന്നുമ്പോള്‍ ബിസിനസ് ഉടമകള്‍ തങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനു ചിലയാളുകളെ നിയോഗിച്ചിരുന്നു. അങ്ങനെ നിയോഗിക്കപ്പെട്ട ആളുകള്‍ അക്കൗണ്ടന്റുമാരെ കാണുകയും കണക്കിനെപ്പറ്റി അവര്‍ക്കു പറയാനുള്ളത് കേള്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ 'കേള്‍ക്കുക' എന്നര്‍ഥം വരുന്ന audire എന്ന ലാറ്റിന്‍പദത്തില്‍നിന്നാണ് ആഡിറ്റിങ് എന്ന പദത്തിന്റെ നിഷ്പത്തി. ആദ്യകാലങ്ങളില്‍ ബിസിനസ് സംരംഭങ്ങള്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രമേ നടന്നിരുന്നുള്ളു. അക്കാലത്തു മുടക്കുമൂലധനത്തിന്റെ അളവ് വളരെ പരിമിതമായിരുന്നതുകൊണ്ട് ആഡിറ്റിങ്ങിന്റെ ആവശ്യകതയും വളരെ കുറവായിരുന്നു. 18-ാം ശ.-ത്തിലെ വ്യവസായവിപ്ലവത്തിന്റെ ഫലമായി വന്‍കിട ഉത്പാദനം ഉണ്ടായതോടെയാണ് ആഡിറ്റിങ് വികാസം പ്രാപിക്കാന്‍ തുടങ്ങിയത്. വ്യവസ്ഥാപിത ഗവണ്‍മെന്റുകള്‍, ബാങ്കിങ് സൗകര്യങ്ങള്‍, ആധുനികവിനിമയ സൗകര്യങ്ങള്‍ എന്നിവയുടെ ആവിര്‍ഭാവത്തോടെ ബിസിനസ്സിന്റെ വ്യാപ്തി വളരെ വര്‍ധിച്ചു. മുതല്‍മുടക്ക് സുരക്ഷിതമാകണമെന്നു വന്നതോടെ കണക്കുകള്‍ കൂടെക്കൂടെ പരിശോധിക്കേണ്ടത് അത്യാവശ്യമായിത്തീര്‍ന്നു. ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ തുടക്കവും ആഡിറ്റിങ്ങിന്റെ പരിധി വിപുലമാക്കി. ഇത്തരം വന്‍കിട സംരംഭങ്ങളുടെ ഉടമകള്‍ക്ക് അക്കൗണ്ടിംഗില്‍ വലിയ വൈദഗ്ധ്യം ഉണ്ടായിരുന്നില്ല. മൂലധനം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോ എന്നറിയാന്‍ ചില പരിശോധനകള്‍ ആവശ്യമായി വന്നു. അങ്ങനെയാണ് ആഡിറ്റിങ് ഒരു പ്രത്യേക അക്കൗണ്ടിങ് ശാഖയായി വികാസം പ്രാപിച്ചത്. 1494-ല്‍ ഇറ്റലിക്കാരനായ ലൂക്കാ പസിയാലോ എന്ന ആള്‍ 'ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിങ്ങി'നെപ്പറ്റി എഴുതിയ ഗ്രന്ഥത്തില്‍ ആഡിറ്ററുടെ ചുമതലകളെയും ഉത്തരവാദിത്വങ്ങളെയും പറ്റി ചര്‍ച്ച ചെയ്തിട്ടുണ്ട്. പിന്നീട് ആഡിറ്റിങ്മേഖല വളരെക്കൂടുതല്‍ നവീകരണങ്ങള്‍ക്കു വിധേയമായി.

ആഡിറ്റിങ്ങിന്റെ ലക്ഷ്യങ്ങള്‍

ലാഭനഷ്ടക്കണക്ക്, ബാക്കിപത്രം എന്നിവ കമ്പനി നിയമമനുസരിച്ചാണോ തയ്യാറാക്കുന്നതെന്നും അവ ബിസിനസ് സ്ഥാപനത്തിന്റെ യഥാര്‍ഥസാമ്പത്തികസ്ഥിതി വ്യക്തമാക്കുന്നതാണോ എന്നും പരിശോധിക്കുക ആഡിറ്റിങ്ങിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. അങ്ങനെയുള്ള പരിശോധനകളിലൂടെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാനും പണാപഹരണം ഉണ്ടായിട്ടുണ്ടോ എന്നറിയാനും കഴിയുന്നു. പണമിടപാടിന്റെ വിവരങ്ങള്‍ മൊത്തത്തിലോ ഭാഗികമായോ കണക്കില്‍ രേഖപ്പെടുത്താതെ പോകാറുണ്ട്. ഒരു വര്‍ഷത്തെ കണക്കുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഒരു മാസത്തെ കണക്കുകള്‍ വിട്ടുപോയെന്നു വരാം. ഭാഗികമായി വിട്ടുപോകുന്നതിന് ഉദാഹരണമാണ് ഇത്. ക്രയവിക്രയവിവരങ്ങള്‍ ചിലപ്പോള്‍ മൊത്തത്തില്‍ വിട്ടുപോകാറുണ്ട്. ഇങ്ങനെയുള്ള വിട്ടുപോകലുകള്‍ ലാഭനഷ്ടക്കണക്കില്‍ വലിയ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നു. ഇടപാടുകളുടെ രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ ഇത്തരം തെറ്റുകുറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അറിയാന്‍ കഴിയും. ഇടപാടുകളുടെ വിവരങ്ങള്‍ ബുക്കില്‍ ചേര്‍ക്കുമ്പോള്‍ അക്കങ്ങള്‍ തെറ്റുന്നതിലൂടെയും കണക്കില്‍ വ്യത്യാസങ്ങള്‍ വരാം. (ഉദാ. 1910 എന്നതിനുപകരം 1190 എന്നു ചേര്‍ക്കുക). ഇങ്ങനെയുള്ള തെറ്റുകള്‍ അറിയാതെ വരുന്നതും ബോധപൂര്‍വം വരുത്തുന്നതുമുണ്ട്. ഇവയെ മൊത്തത്തില്‍ 'ക്ലെറിക്കല്‍ പിശകുകള്‍' (clerical errors) എന്നു പറയുന്നു. അക്കൗണ്ടന്‍സിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്കനുസൃതമല്ലാതെ കണക്കുകള്‍ രേഖപ്പെടുത്തുന്നതിലൂടെയും തെറ്റുകള്‍ കടന്നുകൂടാറുണ്ട്. ബോധപൂര്‍വം വരുത്തുന്ന തെറ്റുകള്‍ പണാപഹരണം ലക്ഷ്യമാക്കിക്കൊണ്ടുള്ളതായിരിക്കും.

രേഖകളില്‍ കാണിക്കുന്ന കൃത്രിമങ്ങള്‍ കണ്ടുപിടിക്കുക ആഡിറ്റിങ്ങിന്റെ മറ്റൊരു ലക്ഷ്യമാണ്. ഒരു സ്ഥാപനത്തിലെ ആഭ്യന്തരപരിശോധന ഇത്തരം കൃത്രിമം ഒഴിവാക്കുന്നതിനുവേണ്ടിയുള്ളതാണ്. ആഭ്യന്തരപരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത തെറ്റുകള്‍ ആഡിറ്റിങ്ങിലൂടെ കണ്ടുപിടിക്കപ്പെടുന്നു. സ്ഥാപനത്തിനു കിട്ടിയ തുക കണക്കില്‍ ചേര്‍ക്കാതിരിക്കുക, കുറച്ചു ചേര്‍ക്കുക, സ്ഥാപനം കൊടുത്ത തുക കൂടുതലായി കാണിക്കുക, കള്ളപ്പേരുകളില്‍ തുക കൊടുത്തതായി കാണിക്കുക, സാധനങ്ങളുടെ സ്റ്റോക്കില്‍ വ്യത്യാസം വരുത്തുക എന്നീ മാര്‍ഗങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്.

ബിസിനസ് സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ ചിലപ്പോള്‍ മനഃപൂര്‍വമായി കണക്കില്‍ കൃത്രിമം കാണിക്കാറുണ്ട്. ഇങ്ങനെയുള്ള കൃത്രിമങ്ങള്‍ കണ്ടുപിടിക്കുക സാധാരണ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെ കൃത്രിമം കാണിക്കുന്നതിനു ചില ലക്ഷ്യങ്ങളുണ്ട്. ലാഭത്തിന്‍മേലുള്ള കമ്മീഷന്‍ കൂടുതല്‍ കിട്ടുന്നതിനുവേണ്ടി ലാഭം പെരുപ്പിച്ചുകാണിക്കുക, ഉദ്യോഗസ്ഥരുടെ കഴിവുകൊണ്ടാണ് കൂടുതല്‍ ലാഭമുണ്ടായതെന്നുവരുത്തി ഓഹരിയുടമകളുടെ പ്രീതി സമ്പാദിക്കുന്നതിനുവേണ്ടി ലാഭം കൂടുതല്‍ കാണിക്കുക, ഉയര്‍ന്ന ഡിവിഡന്റുകള്‍ പ്രഖ്യാപിച്ച് കൈവശമുള്ള ഓഹരികള്‍ വില്ക്കുക, നിലവിലുള്ളതിനെക്കാള്‍ ധനഃസ്ഥിതി വ്യക്തമാക്കി വായ്പാസൗകര്യങ്ങള്‍ നേടുക, ഓഹരി വാങ്ങുവാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങുന്നതിനുവേണ്ടിയും ആദായനികുതി കൊടുക്കാതിരിക്കുന്നതിനുവേണ്ടിയും ബിസിനസ്സിന്റെ വിജയത്തെപ്പറ്റി തെറ്റായ വിവരണം നല്കുന്നതിനുവേണ്ടിയും ലാഭം കുറച്ചുകാണിക്കാറുണ്ട്. ഇങ്ങനെയുളള കൃത്രിമങ്ങള്‍ കണ്ടുപിടിക്കുക, അവ തടയുന്നതിനുവേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നിവ ആഡിറ്റിങ്ങിന്റെ ഭാഗമാണ്.

ആഡിറ്റിങ്‍കൊണ്ടുള്ള പ്രയോജനങ്ങള്‍

തെറ്റുകളും കൃത്രിമങ്ങളും കണ്ടുപിടിക്കുന്നതുവഴി പില്ക്കാലത്ത് അവ ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ഒഴിവാക്കപ്പെടുന്നു. അക്കൗണ്ടിംങ് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ അവരുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നതിനും ആഡിറ്റിങ് ഉപകരിക്കുന്നു. അങ്ങനെ ചെയ്യാതിരുന്നാല്‍ ആഡിറ്റ് വഴി അവരുടെ കുറ്റകൃത്യങ്ങള്‍ വെളിയില്‍ വരുമെന്നും അതുമൂലം അവരുടെ ജോലിതന്നെ നഷ്ടപ്പെടുമെന്നുമുള്ളതാണ് ഇതിനു കാരണം. മുന്‍വര്‍ഷങ്ങളിലെ ആഡിറ്റ് റിപ്പോര്‍ട്ടനുസരിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ അഗ്നി ഇന്‍ഷുറന്‍സ് സംബന്ധിച്ച തീര്‍പ്പുകള്‍ ഉണ്ടാക്കുന്നത്. തലേ വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വായ്പാസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും കമ്പനിക്കു കഴിയുന്നു. ഒരു ബിസിനസ് സ്ഥാപനം വില്ക്കാനുദേശിക്കുന്നുവെങ്കില്‍ അതിന്റെ ആസ്തികളും മതിപ്പുവിലയും കണക്കാക്കുന്നതിനും ആഡിറ്റ് റിപ്പോര്‍ട്ട് സഹായിക്കുന്നു. വിശദവിവരങ്ങളിലേക്കു കടക്കാതെതന്നെ ആഡിറ്റിനു വിധേയമായ ലാഭനഷ്ടക്കണക്ക് ആദായനികുതിവകുപ്പുകാര്‍ അംഗീകരിക്കാറുണ്ട്. ചില സാങ്കേതിക രംഗങ്ങളെപ്പറ്റി ആഡിറ്റര്‍മാര്‍ മാനേജ്മെന്റിനെ ഉപദേശിക്കാറുണ്ടെങ്കിലും ആഡിറ്റിങ്ങിന്റെ ഒരു സവിശേഷതയായി കണക്കാക്കപ്പെടുന്നു. വര്‍ഷംതോറുമുള്ള ആഡിറ്റിങ് കൊണ്ട് ഓരോ വര്‍ഷത്തെയും ബിസിനസ്സിന്റെ ജയാപജയങ്ങള്‍ മറ്റു വര്‍ഷങ്ങളിലേതുമായി താരതമ്യപ്പെടുത്താനും കഴിയുന്നു. പങ്കാളിത്തബിസിനസ്സുകളില്‍ പങ്കാളിത്തം അവസാനിപ്പിച്ച ആളിന്റെ കണക്കുകള്‍ തീര്‍ക്കുന്നതിനും ആഡിറ്റിങ് സഹായകമാണ്.

ആഡിറ്റിങ്ങിന്റെ വിവിധ വിഭാഗങ്ങള്‍

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ കണക്കുകള്‍ ആഡിറ്റിങ്ങിനു വിധേയമാക്കാറുണ്ട്. കക്ഷിയുടെ നിര്‍ദേശം അനുസരിച്ചാണ് ആഡിറ്റര്‍ കണക്കുകള്‍ പരിശോധിക്കുന്നത്. ഇത്തരം ആഡിറ്റിങ്ങില്‍ ആഡിറ്റര്‍, സ്ഥാപനം ആവശ്യപ്പെടുന്ന ജോലികള്‍ മാത്രം ചെയ്യുന്നു. ചിലപ്പോള്‍ ആദായനികുതി അധികൃതര്‍ക്കു സമര്‍പ്പിക്കാനുള്ള കണക്കുകള്‍ തയ്യാറാക്കുന്നതിനുവേണ്ടി മാത്രമായി ആഡിറ്റര്‍മാരെ നിയോഗിക്കാറുണ്ട്. കണക്കുകള്‍ ശരിയായവിധത്തില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നു ബോധ്യം വരുത്താന്‍ ഇത്തരം ആഡിറ്റിങ് സഹായകമാണ്. മരിച്ചുപോയ ഒരാളിന്റെ മരണനികുതി കണക്കാക്കുന്നതിനും ആഡിറ്റിങ് ഉപകരിക്കുന്നു. ഏജന്റുമാരെ ഏര്‍പ്പെടുത്തിയിട്ടുള്ള ബിസിനസ് സ്ഥാപനങ്ങളില്‍ കൃത്രിമം ഉണ്ടാകുന്നത് തടയാനും ഇതു സഹായകമാണ്. ധനനികുതി ഈടാക്കുന്നതിനും ആഡിറ്റ് റിപ്പോര്‍ട്ട് ഉപയോഗിച്ചുവരുന്നു.

പ്രായേണ അക്കൗണ്ടിങ് സമ്പ്രദായങ്ങള്‍ പരിചയമില്ലാത്തവരായിരിക്കും വന്‍കിട സ്ഥാപനങ്ങളിലെ ഓഹരിയുടമകള്‍.ഇവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ജോയിന്റ് സ്റ്റോക്ക് സ്ഥാപനങ്ങളില്‍ ആഡിറ്റിങ് ഏര്‍പ്പെടുത്തണമെന്ന് കമ്പനിനിയമം അനുശാസിക്കുന്നു. ട്രസ്റ്റ് അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനും ആഡിറ്റര്‍മാരെ ഏര്‍പ്പെടുത്താറുണ്ട്. ചില സ്റ്റേറ്റുകളില്‍ ട്രസ്റ്റ് അക്കൗണ്ടുകള്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ആഡിറ്റ് ചെയ്യിക്കണമെന്നു പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. (ഉദാ. ബോംബെ പബ്ലിക് ട്രസ്റ്റ് ആക്റ്റ്, 1950). ഗവണ്‍മെന്റ് അക്കൗണ്ടുകളും ആഡിറ്റിങ്ങിനു വിധേയമാക്കാറുണ്ട്. ഗവണ്‍മെന്റ് ഇടപാടുകള്‍ ആഡിറ്റ് ചെയ്യുന്നത് 'ആഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ്' വിഭാഗമാണ്. സഹകരണസ്ഥാപനങ്ങള്‍, ബാങ്കിങ് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയുടെ അക്കൗണ്ടുകളും ആഡിറ്റിങ്ങിനു വിധേയമാണ്.

ആഡിറ്റ് നടത്തിപ്പ്

അനുസ്യൂത-ആഡിറ്റ്

Continuous Audit

അക്കൗണ്ട് ബുക്കുകള്‍ നിശ്ചിത കാലങ്ങളില്‍-അതായത് മാസത്തിലൊരിക്കലോ മൂന്നു മാസത്തിലൊരിക്കലോ-പരിശോധിക്കുന്ന വ്യവസ്ഥ. ആഡിറ്റര്‍ സാമ്പത്തികവര്‍ഷത്തില്‍ പലതവണ കക്ഷികളെ കാണുകയും കണക്കുകള്‍ പരിശോധിക്കുകയും ചെയ്യുന്നു. ബാങ്കുകള്‍, ഇടപാടുകളുടെ വ്യാപ്തി വളരെക്കൂടുതലായ സ്ഥാപനങ്ങള്‍, മാസാവസാനമോ മൂന്നു മാസത്തിലൊരിക്കലോ കണക്കുകള്‍ മാനേജ്മെന്റിന് സമര്‍പ്പിക്കേണ്ട സ്ഥാപനങ്ങള്‍ എന്നിവയാണ് ഇത്തരം ആഡിറ്റ് നടത്തിവരുന്നത്. ഇതുമൂലം തെറ്റുകളും കൃത്രിമങ്ങളും എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും. ബിസിനസ്സുമായി എപ്പോഴും ബന്ധപ്പെടുന്നതുകൊണ്ട് സ്ഥാപനത്തിന്റെ സാങ്കേതികതത്ത്വങ്ങളുമായി പരിചയപ്പെടാനും ആഡിറ്റര്‍ക്കു കഴിയുന്നു. ഈ ആഡിറ്റിങ്‍കൊണ്ട് വര്‍ഷാവസാനകണക്കുകള്‍ പെട്ടെന്നു തയ്യാറാക്കാന്‍ കഴിയും. ഒരു കമ്പനിക്ക് ഇടക്കാല ഡിവിഡന്റുകള്‍ പ്രഖ്യാപിക്കേണ്ടിവരികയാണെങ്കില്‍ അതിനും ഇത്തരം ആഡിറ്റിങ് പ്രയോജനപ്പെടുന്നു.

വാര്‍ഷിക ആഡിറ്റ്

Annual Audit

സാമ്പത്തിക വര്‍ഷത്തിന്റെ (വ്യാപാരകാലഘട്ടത്തിന്റെയും ആകാം) അവസാനം നടത്തുന്ന ആഡിറ്റ്. കണക്കുകളുടെ പരിശോധന കഴിഞ്ഞ് ബാക്കിപത്രവും ലാഭനഷ്ടക്കണക്കും തയ്യാറാക്കുന്നു. ഒരു സാമ്പത്തികവര്‍ഷത്തിന്റെ അവസാനം അനേകം സ്ഥാപനങ്ങളുടെ കണക്കുകള്‍ ഒരേ സമയം തീര്‍ക്കണമെന്നുള്ളതുകൊണ്ട് ഒരു ആഡിറ്റര്‍ക്ക് എല്ലാ കക്ഷികളുടെയും കണക്കുകള്‍ ഒരേസമയം ആഡിറ്റ് ചെയ്തുതീര്‍ക്കാന്‍ കഴിയാതെ വരുമെന്നുള്ളത് ഇതിന്റെ ഒരു ന്യൂനതയാണ്.

ഇടക്കാല-ആഡിറ്റ്

Interim Audit

രണ്ടു വാര്‍ഷിക ആഡിറ്റുകള്‍ക്കിടയില്‍ നടത്തുന്ന ആഡിറ്റ്. ഇടക്കാല ഡിവിഡന്റുകള്‍ പ്രഖ്യാപിക്കുന്നതിനുവേണ്ടി ഇടക്കാലലാഭം കണക്കുകൂട്ടുകയാണ് ഇതിന്റെ ഉദ്ദേശ്യം.

താത്കാലിക-ആഡിറ്റ്

Occasional Audit

സ്ഥാപനം ആവശ്യപ്പെടുന്ന അവസരങ്ങളില്‍ നടത്തുന്ന ആഡിറ്റ്. പങ്കാളിത്തവ്യവസ്ഥയിലുള്ള ബിസിനസ്സുകളിലാണ് ഇത്തരം ആഡിറ്റിങ് സാധാരണയായി കാണുന്നത്. ജോയിന്റ് സ്റ്റോക്ക് സംരംഭങ്ങള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയില്‍ വര്‍ഷത്തില്‍ ഒരിക്കലോ രണ്ടു തവണയോ ആഡിറ്റ് നടത്തേണ്ടതുണ്ടെന്ന് കമ്പനി നിയമം അനുശാസിക്കുന്നു.

ഭാഗിക-ആഡിറ്റ്

Partial Audit

ഇതനുസരിച്ച് കണക്കിലെ ചില ഭാഗങ്ങള്‍ മാത്രം പരിശോധിക്കാന്‍ ആഡിറ്റര്‍ നിയുക്തനാകുന്നു.


ബാലന്‍സ്ഷീറ്റ് ആഡിറ്റ്

ബാലന്‍സ്ഷീറ്റ് ആഡിറ്റ് സാധാരണയായി നടത്തിവരുന്നത് യു.എസ്സിലാണ്. ബാക്കിപത്രം ആദ്യം പരിശോധിച്ചശേഷം പിന്നീട് കണക്കുകളിലേക്കും രേഖകളിലേക്കും പോകുന്ന സമ്പ്രദായമാണിത്. ആഭ്യന്തര-ആഡിറ്റിങ് ഉള്ള സ്ഥാപനങ്ങളിലാണ് ഇതു കൂടുതല്‍ ഫലപ്രദമായി കാണുന്നത്. നിര്‍ദിഷ്ടയോഗ്യതകള്‍ ഉള്ള അക്കൗണ്ടന്റുമാര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും യന്ത്രങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ടിങ് നടത്തുന്ന സ്ഥാപനങ്ങളിലും ഇതു കൂടുതല്‍ ഉപയോഗിച്ചുവരുന്നു.

ആഡിറ്റിന്റെ രീതി

കണക്കുകള്‍ കൂട്ടുന്നതിനും അവ എടുത്തെഴുതുന്നതിനും ലെഡ്ജര്‍ബാക്കികള്‍ക്കും മറ്റും പ്രത്യേകനിറങ്ങളുപയോഗിച്ച് 'ടിക്ക്' അടയാളങ്ങള്‍ നല്കുന്നു. കക്ഷികളുടെ ഗുമസ്തര്‍ക്ക് അറിയാന്‍ കഴിയാത്ത രീതിയിലാണ് ഇതു സംവിധാനം ചെയ്തിട്ടുള്ളത്. ഓരോ സ്ഥാപനത്തിന്റെയും കണക്കുകള്‍ക്ക് പ്രത്യേക അടയാളങ്ങളുണ്ടായിരിക്കും. ഒരു കണക്കുപുസ്തകത്തിലെ കണക്കുകള്‍ കഴിയുന്നിടത്തോളം ഒരു സന്ദര്‍ഭത്തില്‍ത്തന്നെ പൂര്‍ത്തിയാക്കും. കക്ഷികളുടെ നിയന്ത്രണത്തിലുള്ള ആളുകള്‍ ഈ ബുക്കുകളില്‍ കൃത്രിമങ്ങള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കും.

ആഭ്യന്തര പരിശോധന

ഒരു സ്ഥാപനത്തിലെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ അതേ സ്ഥാപനത്തിലെ വേറൊരു കൂട്ടം ആളുകള്‍ പരിശോധിക്കുന്ന രീതിയാണ് ഇത്. ഇതിന്റെ ഫലമായി തെറ്റുകളും കൃത്രിമങ്ങളും കണ്ടുപിടിക്കാന്‍ കഴിയും. ഇതനുസരിച്ച് ആദ്യകണക്കുകള്‍ രേഖപ്പെടുത്തുന്ന ആളിന് ലെഡ്ജര്‍ പരിശോധിക്കുവാനും ലെഡ്ജര്‍ തയ്യാറാക്കുന്ന ആളിന് ആദ്യകണക്കുകള്‍ പരിശോധിക്കുവാനും സൗകര്യം കിട്ടുകയില്ല. ഒരുവര്‍ഷം മുഴുവന്‍ ഒരേ ജോലി ചെയ്യുന്നതിന് ഒരാളെ ചുമതലപ്പെടുത്തുകയുമില്ല. വില്പനയുള്ള സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ കൊടുക്കുന്നതിനും ബില്ലെഴുതുന്നതിനും പണം വാങ്ങുന്നതിനും പ്രത്യേകം പ്രത്യേകം ആളുകളെ നിയോഗിക്കുന്നത് ഇതിനുവേണ്ടിയാണ്. കള്ളരേഖകള്‍ ഉണ്ടാക്കി കൃത്രിമം കാണിക്കുന്നതും പണാപഹരണം നടത്തുന്നതും തടയുകയാണ് ഇതിന്റെ ഉദ്ദേശ്യം. വന്‍കിട സംരംഭങ്ങളില്‍ ഇത്തരം തൊഴില്‍വിഭജനം സര്‍വസാധാരണമാണ്.


ആഭ്യന്തര-ആഡിറ്റിങ്

Internal Auditing

ചില സ്ഥാപനങ്ങളിലെ കണക്കുകള്‍ പരിശോധിക്കുന്നതിന് ആ സ്ഥാപനത്തിലെതന്നെ ആഡിറ്റര്‍മാര്‍ ഉണ്ടായിരിക്കും. പുറമേനിന്നു വരുന്ന ആഡിറ്റര്‍മാര്‍ ചെയ്യുന്ന ജോലിതന്നെയാണ് ഇവരും ചെയ്യുന്നത്. സ്ഥാപനത്തിനു നഷ്ടം ഉണ്ടാകാതിരിക്കാനും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചമായ രീതിയില്‍ നടത്താനും ഇവര്‍ ശ്രദ്ധിക്കുന്നു. മാനേജ്മെന്റിന്റെ തീരുമാനങ്ങള്‍ അനുസരിച്ചാണോ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു. ബാങ്കിങ്-ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കു പ്രത്യേകം ആഭ്യന്തര-ആഡിറ്റിങ് വകുപ്പുകള്‍ ഉണ്ട്. ആഭ്യന്തര ആഡിറ്റിങ്ങിന് 'ഓപ്പറേഷണല്‍ ആഡിറ്റിങ്' എന്നും പറയുന്നു.

സ്റ്റാറ്റ്യൂട്ടറി ആഡിറ്റിങ്

കമ്പനിനിയമത്തിലെ വകുപ്പുകളനുസരിച്ച് ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ ആഡിറ്റിങ് നടത്തുന്നതിന് 'സ്റ്റാറ്റ്യൂട്ടറി ആഡിറ്റിങ്' എന്നു പറയുന്നു. കമ്പനികളുടെ ഓഹരി ഉടമകളാണ് സ്റ്റാറ്റ്യൂട്ടറി ആഡിറ്ററെ നിയമിക്കുന്നത്. ചില അവസരങ്ങളില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡോ ഗവണ്‍മെന്റോ ആഡിറ്ററെ നിയമിക്കാറുണ്ട്. സ്റ്റാറ്റ്യൂട്ടറി ആഡിറ്ററുടെ യോഗ്യതകള്‍ കമ്പനിനിയമം 226-ാം വകുപ്പില്‍ പ്രതിപാദിക്കുന്നു. കമ്പനിയുടെ അവസാന കണക്കുകള്‍ തയ്യാറാക്കിയതിനുശേഷമാണ് സ്റ്റാറ്റ്യൂട്ടറി ആഡിറ്റിങ് നടത്തപ്പെടുന്നത്. ബാക്കിപത്രം, ലാഭനഷ്ടക്കണക്ക് എന്നിവ കമ്പനി നിയമവ്യവസ്ഥകളനുസരിച്ചാണോ തയ്യാറാക്കുന്നതെന്നു പരിശോധിക്കുക സ്റ്റാറ്റ്യൂട്ടറി ആഡിറ്ററുടെ ചുമതലയാണ്. സ്റ്റാറ്റ്യൂട്ടറി ആഡിറ്ററാണ് ആഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. സ്റ്റാറ്റ്യൂട്ടറി ആഡിറ്ററെ പിരിച്ചുവിടാന്‍ മാനേജ്മെന്റിന് അധികാരമില്ല; അതിനുള്ള അധികാരം ഓഹരിയുടമകള്‍ക്കാണ്. സ്റ്റാറ്റ്യൂട്ടറി ആഡിറ്ററുടെ പ്രതിഫലം നിശ്ചയിക്കുന്നത് ഓഹരിയുടമകളാണ്. ഓഹരിയുടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചുമതല സ്റ്റാറ്റ്യൂട്ടറി ആഡിറ്ററിലാണ് നിക്ഷിപ്തമായിരിക്കുന്നത്. സ്റ്റാറ്റ്യൂട്ടറി ആഡിറ്റര്‍ക്ക് കമ്പനിയുടെ വാര്‍ഷിക മീറ്റിംങ്ങുകളില്‍ പങ്കെടുക്കാം.

ടെസ്റ്റ് ചെക്ക്

Test Check

ഒരു സ്ഥാപനത്തിലെ ഇടപാടുകളുടെ എണ്ണം വളരെ കൂടുതലാകുമ്പോള്‍ ആഡിറ്റര്‍ ഏതാനും ഇടപാടുകള്‍ തിരഞ്ഞെടുത്ത് പരിശോധിക്കുന്ന പതിവുണ്ട്. ഇതിന് 'ടെസ്റ്റ് ചെക്ക്' എന്നു പറയുന്നു. ഇങ്ങനെ തിരഞ്ഞെടുത്തു നടത്തുന്ന പരിശോധനയില്‍ തെറ്റുകളും കൃത്രിമങ്ങളും ഇല്ലെങ്കില്‍ എല്ലാ ഇടപാടുകളും ശരിയാണെന്നു കരുതും. ടെസ്റ്റ് ചെക്ക് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു നടപടിയാണ്. ആഭ്യന്തര ആഡിറ്റിങ് തൃപ്തികരമാണെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ ആഡിറ്റര്‍ ടെസ്റ്റ് ചെക്കിനു മുതിരാറുള്ളു. ടെസ്റ്റ് ചെക്ക് നടത്തുന്നതുമൂലം കണക്കില്‍ എന്തെങ്കിലും പിശകുണ്ടായാല്‍ ആഡിറ്റര്‍ ഉത്തരവാദിയാകും.

ആഡിറ്റര്‍

ആഡിറ്റര്‍ക്ക് അക്കൗണ്ടിങ്ങിന്റെ അടിസ്ഥാനതത്ത്വങ്ങളെയും സിദ്ധാന്തങ്ങളെയുംപറ്റി നല്ല അറിവുണ്ടായിരിക്കണം. ഉദാ. പൊതു അക്കൗണ്ടിങ്, കോസ്റ്റ് അക്കൗണ്ടിങ്, ആദായനികുതി. അക്കൗണ്ടിങ് സമ്പ്രദായങ്ങളെപ്പറ്റി പരിജ്ഞാനം സിദ്ധിക്കാത്ത ഒരാളിന് ശരിയായി ആഡിറ്റ് നടത്താന്‍ കഴിയുകയില്ല. ആഡിറ്റര്‍ അക്കൗണ്ടിങ്ങിന്റെ ആധുനികരീതികളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ആഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനത്തിന്റെ സാങ്കേതികതത്ത്വങ്ങളുമായി ആഡിറ്റര്‍ പരിചയപ്പെട്ടിരിക്കണം; ആഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനം കൂടെക്കൂടെ സന്ദര്‍ശിക്കുകയും വേണം; കമ്പനിനിയമം, മര്‍ക്കന്റയില്‍ നിയമം എന്നിവയെപ്പറ്റിയും അറിവുണ്ടായിരിക്കണം. ആഡിറ്റര്‍ മറ്റുള്ളവരുടെ സ്വാധീനതയ്ക്കു വിധേയനാകരുത്. സത്യസന്ധത ആഡിറ്റിങ്ങിന്റെ അനിവാര്യഘടകമാണ്; കക്ഷികളെ സംബന്ധിച്ച രഹസ്യങ്ങള്‍ ആഡിറ്റര്‍ പുറത്തുവിടുകയുമരുത്. ആഡിറ്റര്‍ ചില തൊഴില്‍ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിയമ(1949)ത്തില്‍ ആഡിറ്റര്‍മാര്‍ പാലിക്കേണ്ട തത്ത്വങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ആഡിറ്റര്‍ നല്കുന്ന വിവരങ്ങള്‍ ശരിയായിരിക്കണം. ആഡിറ്ററുടെ ശ്രദ്ധക്കുറവുകൊണ്ട് സ്ഥാപനത്തിനു നഷ്ടമോ സ്ഥാപനത്തിന്റെ സത്കീര്‍ത്തിക്കു കളങ്കമോ ഉണ്ടായാല്‍ അത്തരം നഷ്ടത്തിന് ആഡിറ്റര്‍ ഉത്തരവാദിയാകുന്നതാണ്. ആഡിറ്ററുടെ ക്രമലംഘനം സംബന്ധിച്ച വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 21-22 വകുപ്പുകളില്‍ വിവരിച്ചിട്ടുണ്ട്. ആഡിറ്റര്‍ക്ക് കക്ഷികളോടു മാത്രമല്ല ഉത്തരവാദിത്വമുള്ളത്; അവര്‍ കാണുകയോ അവരുടെ നിയമനവുമായി ബന്ധപ്പെടുകയോ ചെയ്യാത്ത മൂന്നാം കക്ഷികളോടും ഉത്തരവാദിത്വമുണ്ട്. അശ്രദ്ധ, കൃത്രിമം, അധികാരദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ക്ക് ആഡിറ്റര്‍ ശിക്ഷാര്‍ഹനാണ്. കൃത്യനിര്‍വഹണത്തില്‍ അശ്രദ്ധ കാണിച്ചാല്‍ അവര്‍ക്കെതിരായി സിവില്‍ക്കോടതികളില്‍ കേസുകൊടുക്കാം. കൃത്യലംഘനത്തിന് ആഡിറ്റര്‍ ശിക്ഷിക്കപ്പെടുന്നു. ബോധപൂര്‍വം തെറ്റായി പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിക്കുക, സ്ഥാപനത്തിന്റെ രേഖകളില്‍ കൃത്രിമം കാണിക്കുക, രേഖകള്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ക്ക് ആഡിറ്റര്‍ക്കു തടവുശിക്ഷ നല്കാറുണ്ട്.

ആഡിറ്റിങ്ങിന്റെ തുടക്കത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കമ്പനിനിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണോ ആഡിറ്ററെ നിയമിച്ചതെന്നു നോക്കണം. ആഡിറ്റര്‍ ചെയ്തുതീര്‍ക്കേണ്ട ജോലിയെന്താണെന്നു വ്യക്തമാക്കിയിരിക്കണം. കക്ഷി ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടിങ് സമ്പ്രദായങ്ങളും പരിശോധിക്കേണ്ടതുണ്ട്. സ്ഥാപനം സൂക്ഷിക്കുന്ന കണക്കുപുസ്തകങ്ങളുടെ ലിസ്റ്റും അവ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ പേരും ഒപ്പിന്റെ മാതൃകയും ആവശ്യമാണ്. കമ്പനിനിയമമനുസരിച്ചുള്ള അക്കൗണ്ടുബുക്കുകള്‍ സ്ഥാപനം സൂക്ഷിക്കുന്നുണ്ടോ എന്നു നോക്കേണ്ടതുണ്ട്. ആഭ്യന്തരപരിശോധന ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങളാണെങ്കില്‍ അതും പരിശോധിക്കണം. സാങ്കേതികസ്വഭാവം ഉള്ള സ്ഥാപനങ്ങളുടെ ആഡിറ്റ് നടത്തുമ്പോള്‍ അവയിലെ സാങ്കേതികത്വങ്ങളും ആഡിറ്റര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മുന്‍വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ടും ബാക്കിപത്രവും പരിശോധിക്കുകയും നടപ്പുവര്‍ഷത്തെ രേഖകള്‍ അതിന്റെ തുടര്‍ച്ചയാണോ എന്നു പരിശോധിക്കുകയും വേണം. കമ്പനിയുടെ 'മെമൊറാണ്ട'വും 'ആര്‍ട്ടിക്കിളുകളും' പരിശോധിച്ചുവേണം ആഡിറ്റ് ആരംഭിക്കാന്‍.

ആഡിറ്റ് പരിപാടി

ഒരു സ്ഥാപനത്തിലെ ആഡിറ്റിങ് ഏറ്റെടുത്തതിനുശേഷം ആഡിറ്ററുടെ നിര്‍ദേശാനുസരണം സീനിയര്‍ ആഡിറ്റ് ക്ലാര്‍ക്ക് തന്റെ സഹായികള്‍ക്കു ജോലി വിവരിച്ചുകൊടുക്കുന്നു. അവര്‍ ജോലി ചെയ്തുതീര്‍ക്കേണ്ട സമയവും ക്ലിപ്തപ്പെടുത്തിയിരിക്കും. ഇതിനുവേണ്ടി ആസൂത്രണംചെയ്യുന്ന പരിപാടിക്ക് ആഡിറ്റ് പരിപാടി എന്നു പറയുന്നു. ഇതിനു ചില മേന്‍മകളുണ്ട്. എല്ലാ ജോലികളും ചെയ്തുതീര്‍ന്നുവോ എന്നറിയാനും ഓരോരുത്തരും ചെയ്തുതീര്‍ത്ത ജോലിയുടെ പുരോഗതി എത്രയെന്ന് അറിയാനും കഴിയുന്നു.

ആഡിറ്റിന്റെ ഘട്ടങ്ങള്‍

ആഡിറ്റിങ്ങിന് മൂന്നു ഘട്ടങ്ങളുണ്ട്: സാക്ഷ്യപ്പെടുത്തല്‍ (Vouching), പ്രമാണീകരണം (Verification), വിലനിര്‍ണയിക്കല്‍ (Valuation). രേഖകളുടെയോ മറ്റു തെളിവുകളുടെയോ അടിസ്ഥാനത്തില്‍ ഒരു സ്ഥാപനത്തിന്റെ കണക്കുബുക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ ശരിയാണെന്നു മനസ്സിലാക്കുന്നതിന് സാക്ഷ്യപ്പെടുത്തല്‍ എന്നു പറയുന്നു. കണക്കുകളിലെ വിവരങ്ങള്‍ സത്യമാണെന്ന് തെളിയിക്കുകയാണ് പ്രമാണീകരണത്തിന്റെ ലക്ഷ്യം. സ്വത്തുക്കളും ബാധ്യതകളും വിലവച്ച്, അവ ഓരോന്നും പരിശോധിച്ച് ഒത്തുനോക്കുക ആഡിറ്ററുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ്. വസ്തു പരിശോധന നടത്തുന്ന പതിവുമുണ്ട്. അതിനുപറ്റാത്ത അവസരങ്ങളില്‍ മറ്റുമാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ചില സ്ഥാപനങ്ങളുടെ സാങ്കേതികസ്വഭാവങ്ങള്‍ക്കനുസൃതമായി പരിശോധന നടത്താന്‍ കഴിയാതെ വരുമ്പോള്‍ ആഡിറ്റര്‍ എന്‍ജിനീയറുടെയും മറ്റു സാങ്കേതികവിദഗ്ധരുടെയും സഹായം സ്വീകരിക്കുന്നു. ഇങ്ങനെ സാക്ഷ്യപ്പെടുത്തല്‍, പ്രമാണീകരണം, വിലനിര്‍ണയിക്കല്‍ എന്നീ പ്രക്രിയകള്‍ നടത്തിയതിനുശേഷമേ ആഡിറ്റ് പൂര്‍ണമായി എന്നു പറയാന്‍ കഴിയൂ. ഇതിനുശേഷം സ്ഥാപനത്തിന്റെ യഥാര്‍ഥസ്ഥിതി വ്യക്തമാക്കുന്ന ബാക്കിപത്രവും ലാഭനഷ്ടക്കണക്കും ആഡിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

ലിമിറ്റഡ് കമ്പനികളുടെ ആഡിറ്റ്

ലിമിറ്റഡ് കമ്പനികളുടെ കണക്കുകള്‍ ആഡിറ്റ് ചെയ്യുന്ന ആഡിറ്ററുടെ യോഗ്യതകള്‍ കമ്പനിനിയമം 226-ാം വകുപ്പില്‍ വിവരിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (1949) നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനു മാത്രമേ ലിമിറ്റഡ് (പ്രൈവറ്റും പബ്ലിക്കും) കമ്പനികളുടെ കണക്ക് ആഡിറ്റ് ചെയ്യാന്‍ അധികാരമുള്ളു. കമ്പനിനിയമം 226(2) വകുപ്പനുസരിച്ച് പ്രത്യേക യോഗ്യതകള്‍ നേടിയിട്ടുള്ളവര്‍ക്കും കമ്പനികളുടെ കണക്കുകള്‍ പരിശോധിക്കാം.

കമ്പനിയുടെ ഉദ്യോഗസ്ഥനോ, കമ്പനിയുടെ പങ്കാളിത്തം വഹിക്കുന്ന ആളിനോ, കമ്പനി ഉദ്യോഗസ്ഥന്റെ കീഴ്ജീവനക്കാരനോ, കമ്പനി ഡയറക്ടര്‍ക്കോ, ഓഹരിയുടമയ്ക്കോ, കമ്പനിക്കു തുക കൊടുക്കാനുള്ള ആളിനോ കമ്പനി ആഡിറ്ററാകാന്‍ പാടില്ല. ആദ്യ ആഡിറ്റര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നിയമിക്കുന്ന ആളായിരിക്കും. കമ്പനി രജിസ്റ്റര്‍ ചെയ്ത് ഒരുമാസത്തിനകം ആദ്യ ആഡിറ്ററെ നിയമിച്ചിരിക്കണം. ആദ്യ വാര്‍ഷികപൊതുയോഗത്തിന്റെ അവസാനം വരെ ആഡിറ്റര്‍ ജോലിയില്‍ തുടരും. ഓരോ വാര്‍ഷികപൊതുയോഗത്തിലും അടുത്ത ആഡിറ്റര്‍ നിയമിക്കപ്പെടുന്നു. ആഡിറ്ററായി നിയമനം ലഭിച്ചുകൊണ്ടുള്ള അറിയിപ്പു കിട്ടായാലുടന്‍ ആഡിറ്റര്‍ ആ വിവരം കമ്പനി രജിസ്റ്റ്രാറെ അറിയിക്കേണ്ടതാണ്. വാര്‍ഷികയോഗത്തില്‍ ആഡിറ്ററെ നിയമിക്കാതിരുന്നാല്‍ ഗവണ്‍മെന്റ് ആ സ്ഥാനത്ത് ആഡിറ്ററെ നിയമിക്കും. ആദ്യ ആഡിറ്റര്‍ക്ക് മറ്റ് അയോഗ്യതകള്‍ കല്പിച്ചിട്ടില്ലെങ്കില്‍ പിന്‍വര്‍ഷങ്ങളിലും ആഡിറ്ററായി തുടരാം. ഡയറക്ടര്‍ ബോര്‍ഡാണ് ആഡിറ്ററെ നിയമിക്കുന്നതെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡും, ഗവണ്‍മെന്റാണ് നിയമിക്കുന്നതെങ്കില്‍ ഗവണ്‍മെന്റും ആഡിറ്ററുടെ പ്രതിഫലം നിശ്ചയിക്കുന്നു. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ആഡിറ്റര്‍മാരെ നിയമിക്കുന്നത് 'കംപ്‍ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലി'ന്റെ ഉപദേശമനുസരിച്ചാണ്.

കമ്പനിയുടെ പ്രവര്‍ത്തനപരിധി വിപുലമാക്കുമ്പോള്‍ ഒന്നില്‍ക്കൂടുതല്‍ ആഡിറ്റര്‍മാരെ നിയമിക്കാറുണ്ട്. അവരെ 'ജോയിന്റ് ആഡിറ്റേഴ്സ്' എന്നു പറയുന്നു. കൂട്ടുത്തരവാദിത്വത്തില്‍നിന്ന് ഒഴിവാകാന്‍വേണ്ടി അവര്‍ തങ്ങളുടെ ജോലി വിഭജിച്ചെടുക്കാറുണ്ട്. കമ്പനിനിമയം 228-ാം വകുപ്പനുസരിച്ച് ബ്രാഞ്ചുകളുള്ള സ്ഥാപനങ്ങള്‍ക്കു പ്രത്യേകം ബ്രാഞ്ച് ആഡിറ്റര്‍മാരെ നിയമിക്കാം. ലിമിറ്റഡ് കമ്പനികളുടെ ആഡിറ്റര്‍ക്ക് ആഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനത്തിന്റെ കണക്കുകളും രേഖകളും എപ്പോഴും പരിശോധിക്കാം. ആഡിറ്റിങ്ങിനാവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്പനി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാം. കമ്പനിയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും ആഡിറ്റിങ് സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും സ്ഥാപനത്തിന്റെ ശാഖകള്‍ സന്ദര്‍ശിക്കുന്നതിനും ആഡിറ്റര്‍ക്കധികാരമുണ്ട്. നിയമപരവും സാങ്കേതികവുമായ ഉപദേശങ്ങള്‍ തേടുന്നതിനും ആഡിറ്റര്‍ക്കു സ്വാതന്ത്ര്യമുണ്ട്.

ആഡിറ്റ് റിപ്പോര്‍ട്ട്

ആഡിറ്ററാണ് ആഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. താഴെപ്പറയുന്ന കാര്യങ്ങള്‍ ആഡിറ്റ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കണം.

(1) ആഡിറ്റിങ്ങിനാവശ്യമായ എല്ലാ വിവരങ്ങളും കിട്ടിയിട്ടുണ്ടോ; (2) ആഡിറ്ററുടെ അഭിപ്രായത്തില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ലാഭനഷ്ടക്കണക്കുകള്‍ സ്ഥാപനത്തിന്റെ ലാഭനഷ്ടങ്ങളെപ്പറ്റി ശരിയായ വിവരങ്ങള്‍ നല്കുന്നുണ്ടോ; (3) ആഡിറ്റ് റിപ്പോര്‍ട്ടിലെ ബാക്കിപത്രം കമ്പനിയുടെ നടപ്പു ധനഃസ്ഥിതി കാണിക്കാന്‍പറ്റിയ രീതിയില്‍ തയ്യാറാക്കിയതാണോ; (4) സ്ഥാപനം നിയമം അനുശാസിക്കുന്ന രീതിയിലുള്ള അക്കൗണ്ടുബുക്കുകള്‍ സൂക്ഷിക്കുന്നുണ്ടോ; (5) ബ്രാഞ്ച് ആഫീസുകളുടെ ആഡിറ്റ് വിവരങ്ങള്‍ കമ്പനി ആഡിറ്റര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; (6) കമ്പനി നിയമത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള രീതിയിലാണോ ബാക്കിപത്രം, ലാഭനഷ്ടക്കണക്ക് എന്നിവ തയ്യാറാക്കിയിട്ടുള്ളത്. ഇതിലേതെങ്കിലും ശരിയായിട്ടല്ല ചെയ്തിട്ടുള്ളതെങ്കില്‍ അതിന്റെ വിവരങ്ങള്‍ ആഡിറ്റ് റിപ്പോര്‍ട്ടില്‍ ചേര്‍ക്കേണ്ടതുണ്ട്. കണക്കിന്റെ നിജസ്ഥിതി റിപ്പോര്‍ട്ടു ചെയ്യുക മാത്രമല്ല ആഡിറ്ററുടെ ജോലി; ബാക്കിപത്രം പരിശോധിക്കുന്നതിലൂടെ കമ്പനിയുടെ നടത്തിപ്പിനെ സംബന്ധിച്ച വ്യക്തവും യഥാര്‍ഥവുമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നും നോക്കേണ്ടതുണ്ട്. സ്റ്റാറ്റ്യൂട്ടറി റിപ്പോര്‍ട്ട് സര്‍ട്ടിഫൈ ചെയ്യേണ്ടതും പ്രോസ്പെക്റ്റസിലെ ലാഭനഷ്ടക്കണക്കുകള്‍ സാക്ഷ്യപ്പെടുത്തേണ്ടതും മാനേജിങ് ഏജന്റുമാര്‍ രാജിവയ്ക്കുമ്പോള്‍ ലാഭനഷ്ടക്കണക്കുകള്‍ സാക്ഷ്യപ്പെടുത്തേണ്ടതും ആഡിറ്ററാണ്. കമ്പനി ഭേദഗതിനിയമം (1965) അനുസരിച്ച് ആഡിറ്റര്‍ക്ക് മറ്റു ചില ചുമതലകള്‍കൂടിയുണ്ട്.

ബാങ്കിങ് കമ്പനികള്‍

1949-ലെ ബാങ്കിങ് റഗുലേഷന്‍ ആക്റ്റില്‍ ബാങ്കിങ് കമ്പനികളുടെ ആഡിറ്റിങ്ങിനെ സംബന്ധിച്ച വിവരങ്ങള്‍ ഉണ്ട്. കമ്പനി നിയമത്തിലെ വകുപ്പുകളും ബാങ്കിങ് കമ്പനികള്‍ക്കു ബാധകമാണ്. ബാങ്കിങ് ഇടപാടുകള്‍ എണ്ണത്തില്‍ കൂടുതലായതുകൊണ്ട് എല്ലാ ഇടപാടുകളും വ്യക്തമായി പരിശോധിക്കുക സാധ്യമല്ല. ആഡിറ്റ് ചെയ്തു മൂന്നുമാസത്തിനകം റിപ്പോര്‍ട്ടിന്റെ പ്രതികള്‍ റിസര്‍വ് ബാങ്കിനും കമ്പനി രജിസ്റ്റ്രാര്‍ക്കും അയക്കേണ്ടതുണ്ട്. അതുകൊണ്ട് സാമ്പത്തികവര്‍ഷം മുഴുവന്‍ ബാങ്കിലെ കണക്കുകള്‍ പരിശോധിക്കുന്നതിന് ആഭ്യന്തര ആഡിറ്റിങ് ഏര്‍പ്പെടുത്തുന്നു. ആഡിറ്റര്‍ ആഭ്യന്തര ആഡിറ്റിങ്ങിനെ ആശ്രയിക്കുകയാണ് പതിവ്. ആഭ്യന്തര ആഡിറ്റിങ്ങിനെ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ചില നിര്‍ദേശങ്ങള്‍ വച്ചിട്ടുണ്ട്. വെളിയില്‍നിന്നുള്ള ആഡിറ്ററുമായി ചര്‍ച്ചചെയ്തശേഷം വേണം ആഭ്യന്തര ആഡിറ്റര്‍ ആഡിറ്റ് പരിപാടി നിശ്ചയിക്കേണ്ടത് എന്നത് ഒരു പ്രധാന വ്യവസ്ഥയാണ്. ഇന്ത്യന്‍ ബാങ്കിങ് കമ്പനികളുടെ കണക്കുകള്‍ ആഡിറ്റ് ചെയ്യേണ്ടത് ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. വിദേശബാങ്കുകളുടെ ആഡിറ്റിനും പ്രത്യേക വ്യവസ്ഥകളുണ്ട്.

സഹകരണസ്ഥാപനങ്ങള്‍

സഹകരണാടിസ്ഥാനത്തിലുള്ള സ്ഥാപനത്തിലെ കണക്കുകള്‍ സഹകരണവകുപ്പിലെ ഉദ്യോഗസ്ഥരാണ് ആഡിറ്റു ചെയ്യുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയും ഇതിനു നിയോഗിക്കാറുണ്ട്. കമ്പനിനിയമവ്യവസ്ഥകള്‍ സഹകരണസ്ഥാപനങ്ങള്‍ക്കു ബാധകമല്ല. 1912-ലെ സഹകരണസംഘ നിയമം അനുസരിച്ചാണ് കണക്കുകള്‍ ആഡിറ്റ് ചെയ്യപ്പെടുന്നത്. സഹകരണസംഘം രജിസ്റ്റ്രാറോ ഇദ്ദേഹം ഏര്‍പ്പെടുത്തുന്ന ആളുകളോ ആണ് സഹകരണസംഘങ്ങളും സഹകരണബാങ്കുകളും ആഡിറ്റ് ചെയ്യുന്നത്. വെളിയില്‍നിന്നുള്ള ആഡിറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കി ആ പാനലില്‍നിന്നുള്ളവരെയും ആഡിറ്റിങ്ങിനു നിയോഗിക്കുന്നു.

ഇന്‍ഷുറന്‍സ് കമ്പനികള്‍

ഇന്‍ഷുറന്‍സ് കമ്പനികളുടെ ആഡിറ്റിങ്ങിന് പ്രത്യേക വ്യവസ്ഥകള്‍ ഉണ്ട്. ഇന്‍ഷുറന്‍സ് നിയമത്തിലെ 117-ാം വകുപ്പില്‍ ഈ വ്യവസ്ഥകളുണ്ട്. കമ്പനി നിയമവകുപ്പുകളും ഇവിടെ ബാധകമാണ്.

പങ്കാളിത്ത ബിസിനസ്സുകള്‍

ഇന്ത്യന്‍ പാര്‍ട്ട്നര്‍ഷിപ്പ് ആക്റ്റ് (1932) അനുസരിച്ച് പങ്കാളിത്ത ബിസിനസ്സുകള്‍ ആഡിറ്റ് ചെയ്യണമെന്നില്ല. എങ്കിലും ചില പങ്കാളിത്ത സ്ഥാപനങ്ങള്‍ തങ്ങളുടെ കണക്കുകള്‍ ആഡിറ്റിംഗിനു വിധേയമാക്കാറുണ്ട്. പങ്കാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും ബിസിനസ്സിന്റെ നടത്തിപ്പിനെ സംബന്ധിച്ച ശരിരായ വിവരങ്ങള്‍ അറിയുന്നതിനും ഇതു സഹായിക്കുന്നു. ഒരു പങ്കാളി വിട്ടുപോകുകയോ പുതിയ പങ്കാളികള്‍ ചേരുകയോ ചെയ്യുമ്പോള്‍ കണക്കുകള്‍ തിട്ടപ്പെടുത്തുന്നതിനും ആഡിറ്റിങ് ഉപകരിക്കുന്നു.

കോസ്റ്റ് ആഡിറ്റിങ്

കോസ്റ്റ് അക്കൗണ്ടുകളുടെ ആഡിറ്റിങ്ങിനും ആഡിറ്റര്‍മാരെ നിയോഗിക്കാറുണ്ട്. കമ്പനിനിയമത്തില്‍ ആവശ്യമായ ഭേദഗതി (1965) വരുത്തിയാണ് (209 ഡി. 233 ബി) കോസ്റ്റ് ആഡിറ്റിങ് പ്രാബല്യത്തില്‍ വരുത്തിയത്. ഏതെങ്കിലും വ്യവസായത്തിന്റെ വികസനത്തിനു സബ്സിഡി നല്കണമോ എന്നു നിശ്ചയിക്കുക, ഒരു സ്ഥാപനത്തിന്റെ ഉത്പന്നങ്ങള്‍ക്കു വിവിധ വിലകള്‍ നിശ്ചയിക്കേണ്ടിവരുമോ എന്നു നോക്കുക, ഏതെങ്കിലും വ്യവസായത്തിനു സംരക്ഷണം ആവശ്യമാണോ എന്നു നോക്കുക, ഒരേ സാധനം നിര്‍മിക്കുന്ന രണ്ടുസ്ഥാപനങ്ങള്‍ തമ്മിലുള്ള താരതമ്യപഠനം നടത്തുക, ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി വില ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടാണ് കോസ്റ്റ് ആഡിറ്റിങ് ഏര്‍പ്പെടുത്തുന്നത്. കോസ്റ്റ് ആഡിറ്റര്‍ക്ക് കമ്പനിനിയമം 227-ാം വകുപ്പനുസരിച്ചുള്ള അധികാരങ്ങളാണുള്ളത്. നോ: കമ്പനിനിയമം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍