This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗ്സ്ബര്‍ഗ് സന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗ്സ്ബര്‍ഗ് സന്ധി

Peace of Augsberg

ജര്‍മനിയിലെ ഒരു നഗരമായ ആഗ്സ്ബര്‍ഗില്‍വച്ച് കത്തോലിക്കാമതവിശ്വാസത്തിനും മാര്‍ട്ടിന്‍ലൂഥര്‍ (1483-1546) പ്രചരിപ്പിച്ച ലൂഥറന്‍ (പ്രൊട്ടസ്റ്റന്റ്) വിശ്വാസത്തിനും സഹവര്‍ത്തിത്വം ഉറപ്പുവരുത്താന്‍ മത-രാഷ്ട്രനേതാക്കള്‍ അംഗീകരിച്ച ഒരു സന്ധിപ്രമാണം. ഈ സന്ധി നിലവില്‍വന്നത് 1555 സെപ്. 25-നാണ്.

വിശുദ്ധ റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ ചാള്‍സ് V (1519-56) മതസംബന്ധമായി രൂപംനല്കിയ താത്കാലികമായ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ പ്രൊട്ടസ്റ്റന്റ് മതവിഭാഗക്കാരായ സാക്സണിയിലെ മോറിസും അനുയായികളും തിരസ്കരിച്ചു; തുടര്‍ന്നു കത്തോലിക്കാ മതവിഭാഗത്തിന്റെ അനുകൂലികളും പ്രൊട്ടസ്റ്റന്റ് മതവിഭാഗത്തിന്റെ അനുകൂലികളും തമ്മില്‍ പാസുവില്‍വച്ചു വീണ്ടും ഒത്തുതീര്‍പ്പാലോചനകള്‍ ആരംഭിച്ചു. സ്ഥിരമായ സമാധാനനിര്‍ദേശങ്ങള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത കത്തോലിക്കാ മതവിഭാഗത്തിലെ പ്രഭുക്കന്‍മാര്‍ ഉന്നയിച്ചു; എന്നാല്‍ കത്തോലിക്കാ മതവിഭാഗത്തില്‍പ്പെട്ട ചക്രവര്‍ത്തി, പാശ്ചാത്യ ക്രൈസ്തവസഭയില്‍ ഭിന്നിപ്പുണ്ടെന്നുള്ള വസ്തുത അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ ഡയറ്റ് (ജര്‍മന്‍ജനപ്രതിനിധിസഭ) സമ്മേളിക്കുന്നതുവരെ പ്രാബല്യമുള്ള സമാധാനനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ മാത്രമേ സമ്മതിച്ചുള്ളു. ലൂഥറന്‍ മതവിശ്വാസികളെ ബലംപ്രയോഗിച്ചു നശിപ്പിക്കാനുള്ള ചക്രവര്‍ത്തിയുടെ ശ്രമങ്ങള്‍ ജര്‍മനിയില്‍ ആദ്യം സമരത്തിനിടയാക്കി. ഈ മത്സരങ്ങള്‍ അവസാനിച്ചത് 1555-ലെ സന്ധിവ്യവസ്ഥകള്‍ അനുസരിച്ചാണ്.

1553 ഫെ. 5-ന് ആരംഭിച്ച ഡയറ്റില്‍ ചാള്‍സ് V നേരിട്ടു പങ്കെടുക്കാതെ സഹോദരനായ ഫെര്‍ഡിനന്‍ഡിനെ പ്രതിനിധിയായി നിയോഗിച്ചു. കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് മതവിഭാഗത്തില്‍പ്പെട്ട രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഒഴിവാക്കണമെന്നു ഡയറ്റ് തീരുമാനിച്ചു; രണ്ടു മതവിഭാഗങ്ങളും യോജിക്കുന്നതുവരെ ഈ സമാധാനം നിലനിര്‍ത്തേണ്ടതാണെന്നും ഡയറ്റ് തീരുമാനമെടുത്തു. ഡയറ്റ് രണ്ടു മതവിഭാഗങ്ങള്‍ക്കു മാത്രമേ അംഗീകാരം നല്കിയുള്ളു; കത്തോലിക്കാ-ലൂഥറന്‍ വിഭാഗങ്ങള്‍ക്കു മാത്രം. ഭരണാധികാരിയുടെ മതവിശ്വാസം, ആ രാജ്യത്തിലെ മുഴുവന്‍ ജനതയുടെയും മതവിശ്വാസമായിരിക്കണമെന്നു വ്യവസ്ഥ ചെയ്യപ്പെട്ടു. അതല്ലാത്തവര്‍ക്ക് അവരുടെ സ്ഥാവരജംഗമസ്വത്ത് വിറ്റശേഷം അവര്‍ക്കിഷ്ടമുള്ള മതവിശ്വാസികളുടെ നാടുകളിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ വിരോധമില്ല. വലിയ നഗരങ്ങളെ ഈ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കി. അവിടത്തെ ജനങ്ങള്‍ ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാന്‍ അനുവദിക്കപ്പെട്ടിരുന്നു. ഈ സൗജന്യം മറ്റു ചില വിഭാഗക്കാര്‍ക്കു കൂടി വ്യാപകമാക്കിയത് കത്തോലിക്കര്‍ എതിര്‍ത്തു. ഈ എതിര്‍പ്പിനും ചില പരിഹാരങ്ങള്‍ ഫെര്‍ഡിനന്‍ഡ് കണ്ടെത്തി. ഇത് ഡിക്ലറേറ്റിയോ ഫെര്‍ഡിനാന്‍ഡിയ എന്നറിയപ്പെടുന്നു. ഈ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ കത്തോലിക്കരെയും ലൂഥറന്‍ വിഭാഗത്തില്‍പ്പെട്ട പ്രൊട്ടസ്റ്റന്റുകാരെയും തൃപ്തിപ്പെടുത്തിയില്ല. കത്തോലിക്കാ-പ്രൊട്ടസ്റ്റന്റു വിഭാഗത്തില്‍പ്പെട്ട ഭരണാധികാരികള്‍ തമ്മില്‍ യുദ്ധമുണ്ടാകാതെ സമാധാനം നിലനിര്‍ത്തണമെന്നുള്ള തീവ്രമായ ആഗ്രഹംമൂലം ചില ഒത്തുതീര്‍പ്പുകള്‍ ഉണ്ടായി എന്നുള്ളതാണ് ഈ സന്ധിയുടെ പ്രാധാന്യം. പ്രൊട്ടസ്റ്റന്റ് മതവിഭാഗത്തിനു ജര്‍മനിയില്‍ അംഗീകാരം നേടുന്നതിനും അടുത്ത ഏതാനും വര്‍ഷത്തേക്ക് സാമ്രാജ്യത്തിനുള്ളില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ആഗ്സ്ബര്‍ഗ് സന്ധി സഹായകമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍