This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗോള-ആര്‍ദ്രോഷ്ണാവസ്ഥാ നിരീക്ഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗോള-ആര്‍ദ്രോഷ്ണാവസ്ഥാ നിരീക്ഷണം

World Weather Watch

ലോക അന്തരീക്ഷ നിരീക്ഷണ സംഘടന (World Meteorological Organisation)യുടെ ആഭിമുഖ്യത്തില്‍ ആഗോളവ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുള്ള കാലാവസ്ഥാനിരീക്ഷണപദ്ധതി. സംഗ്രഹരൂപത്തില്‍ W W W എന്നറിയപ്പെടുന്ന ഈ സംഘടന അന്തരീക്ഷവിജ്ഞാനരംഗത്ത് ശാസ്ത്ര-സാങ്കേതിക വികാസങ്ങള്‍ മൂലമുണ്ടായിട്ടുള്ള നേട്ടങ്ങളുടെ പ്രയോജനം ലോകമെമ്പാടും ലഭ്യമാക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അന്തരീക്ഷത്തെ സംബന്ധിച്ച് മാനവരാശിക്കുള്ള അറിവുകള്‍ വര്‍ധിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ഈ പദ്ധതി പ്രയത്നിച്ചുവരുന്നു.

അന്തരീക്ഷപ്രക്രിയകള്‍ക്കു ഹേതുവായിത്തീരുന്ന വായു പിണ്ഡങ്ങള്‍ക്കും (air mass) അതുപോലുള്ള ആര്‍ദ്രോഷ്ണഘടകങ്ങള്‍ക്കും (weather factors) മനുഷ്യന്‍ നിര്‍ണയിച്ചിട്ടുള്ള അതിരുകളും വിഭജനരേഖകളും ബാധകമല്ലാത്തതിനാല്‍, ലോകത്തുള്ള ഒരു രാഷ്ട്രത്തിനും തന്നെ പരസ്പരസഹായം കൂടാതെയുള്ള കാലാവസ്ഥാനിര്‍ണയനം സാധ്യമല്ല. സഞ്ചാരപഥത്തില്‍ അപ്പോഴപ്പോഴുണ്ടാകുന്ന ഗുണവ്യതിയാനങ്ങള്‍ അനുസരിച്ച് ആര്‍ദ്രോഷ്ണഘടകങ്ങളുടെ സ്വഭാവവും തത്ഫലമായുണ്ടാവുന്ന അന്തരീക്ഷ പ്രക്രിയകളും മാറുന്നു. തന്നിമിത്തം കാലാവസ്ഥാ പ്രവചനം (Weather forecasting) കൃത്യമായി നിര്‍വഹിക്കുന്നതിന് ആഗോളവ്യാപകമായ നിരീക്ഷണം ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തരീക്ഷനിരീക്ഷണരംഗത്ത് സാര്‍വലൌകികമായ വ്യവസ്ഥകള്‍ ഒരു ശ.-ത്തിനു മുന്‍പു മുതല്‍ത്തന്നെ നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഈ രംഗത്തുണ്ടായ വമ്പിച്ച സാങ്കേതികവികാസം ഇക്കാര്യത്തില്‍ പുതിയ ഒരു സമീപനം ആവശ്യമാക്കിത്തീര്‍ത്തു. കൃത്രിമോപഗ്രഹങ്ങള്‍, ഇലക്ട്രോണിക് കംപ്യൂട്ടറുകള്‍, ആള്‍സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരീക്ഷണയന്ത്രങ്ങള്‍, സമുദ്രോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന പൊങ്ങുകള്‍ (meteorological buoys) തുടങ്ങിയവയുടെ സഹായത്തോടെ കൃത്യമായി കാലാവസ്ഥാപ്രവചനം നടത്തുന്ന ഒരു സ്ഥിതി സംജാതമായിട്ടുണ്ട്. പക്ഷേ, ഇവയിലൂടെ ഗ്രഹിക്കപ്പെടുന്ന വിവരങ്ങള്‍ ലോകത്തിന്റെ ഏതു കോണിലേക്കും അപ്പപ്പോള്‍ വിനിമയം ചെയ്തെത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുവേണ്ട അന്താരാഷ്ട്ര സഹകരണവും വിനിമയവ്യവസ്ഥയും ആണ് ആഗോള ആര്‍ദ്രോഷ്ണാവസ്ഥാനിരീക്ഷണത്തിന് പ്രചോദകമായിത്തീര്‍ന്നത്.

ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നായി വിഭജിക്കാം.

1. ആഗോള നിരീക്ഷണ വ്യവസ്ഥ

2. ആഗോള വാര്‍ത്താവിനിമയ വ്യവസ്ഥ

3. ആഗോള നിരീക്ഷണ കേന്ദ്രങ്ങള്‍

1. ആഗോള നിരീക്ഷണവ്യവസ്ഥ. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി ആര്‍ദ്രോഷ്ണാവസ്ഥയെ സംബന്ധിച്ച് ആകാവുന്നിടത്തോളം സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുകയും അവയുടെ സഹായത്തോടെ കൃത്യമായ പ്രവചനം സാധ്യമാക്കുകയുമാണ് ആദ്യത്തെ ലക്ഷ്യം. നിലവിലുള്ള അന്തരീക്ഷനിരീക്ഷണ കേന്ദ്രങ്ങള്‍ ഭൂതലത്തിന്റെ ഏതാണ്ട് നാലിലൊരു ഭാഗത്തെ മാത്രമേ നിരീക്ഷണവിധേയമാക്കുന്നുള്ളു. ഉപര്യന്തരീക്ഷത്തെ സംബന്ധിച്ചു ഗ്രഹിക്കപ്പെടുന്ന വിവരങ്ങള്‍ നന്നേ അപര്യാപ്തവുമാണ്. ഈ കുറവു പരിഹരിക്കുവാന്‍ ആഗോള-ആര്‍ദ്രോഷ്ണാവസ്ഥാനിരീക്ഷണത്തിന്റെ ഭാഗമായി വിവിധയിനത്തിലുള്ള പുതിയ നിരീക്ഷണകേന്ദ്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ സ്ഥാപിക്കുവാനുള്ള ശ്രമം നടന്നുവരുന്നു.

ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന പ്രത്യേക കൃത്രിമോപഗ്രഹങ്ങള്‍വഴി ആര്‍ദ്രോഷ്ണാവസ്ഥയെ സംബന്ധിച്ച സ്ഥിതിവിവരങ്ങള്‍ ഗ്രഹിക്കുകയാണ് മറ്റൊരു പരിപാടി. ഈ ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ക്യാമറകള്‍ വഴി ലഭിക്കുന്ന മേഘാവരണത്തിന്റെ ഛായ ഭൂമിയിലെ വിവിധകേന്ദ്രങ്ങളില്‍ പകര്‍ത്തപ്പെടുന്നതിനെത്തുടര്‍ന്ന്, മേഘാവരണത്തിന്റെ ആഗോളസ്ഥിതിയും അതോടനുബന്ധിച്ച് രൂപംകൊള്ളാവുന്ന അന്തരീക്ഷപ്രക്രിയകളും നിരീക്ഷകര്‍ക്ക് ബോധ്യമാവുന്നു. ആര്‍ദ്രോഷ്ണഘടകങ്ങളുടെ ഊര്‍ധ്വ (vertical) ദിശയിലുള്ള സ്ഥിതിവിവരം ശേഖരിക്കുന്നതിന് കൃത്രിമോപഗ്രഹങ്ങളില്‍ ലേസറുകള്‍ ഘടിപ്പിക്കുന്നു. അന്തരീക്ഷത്തിന്റെ ലംബദിശയിലുള്ള വിധാനം മനസ്സിലാക്കുന്നതിന് കാലാവസ്ഥാനിരീക്ഷണത്തിനായുദ്ദേശിച്ചുള്ള പ്രത്യേകയിനം റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന പതിവും നിലവില്‍ വന്നിട്ടുണ്ട്.

2. ആഗോള വാര്‍ത്താവിനിമയ വ്യവസ്ഥ. കാലാവസ്ഥാപ്രവചനത്തെ സംബന്ധിച്ച് ആര്‍ദ്രോഷ്ണ ഘടകങ്ങളുടെ സ്ഥിതിവിവരങ്ങള്‍ എത്രമാത്രം കിട്ടുന്നുവെന്നതിനല്ല, എത്ര എളുപ്പം കിട്ടുന്നുവെന്നതിനാണ് പ്രസക്തി. സന്ദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനും ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ എത്രയും വേഗം വിനിമയം ചെയ്യുന്നതിനും പോന്ന ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം ഉണ്ടായിരിക്കേണ്ടത് ഒരു അന്തരീക്ഷ നിരീക്ഷണ കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. ആഗോളവാര്‍ത്താവിനിമയ വ്യവസ്ഥയുടെ പ്രധാനഘടകം ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന മൂന്നു നിരീക്ഷണകേന്ദ്രങ്ങളെ പരസ്പരം ബന്ധിക്കുന്ന ട്രങ്ക് സര്‍ക്യൂട്ട് (trunk circuit) ആണ്; ടെലികമ്മ്യൂണിക്കേഷന്‍ രീതിയില്‍ മിനിറ്റില്‍ 3,600 വാക്കുകളെന്ന തോതില്‍ വാര്‍ത്താവിനിമയം നടത്തുവാനുള്ള സംവിധാനമാണിത്. ഇതിനോടു ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ നാനാകേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് കംപ്യൂട്ടറുകളുടെ ഒരു വ്യൂഹമുണ്ട്. ഇവയിലോരോന്നും അതതു രാജ്യത്തെ വിവിധ ഭാഗങ്ങളിലായുള്ള ചെറിയ നിരീക്ഷണ കേന്ദ്രങ്ങളുമായി സദാ ബന്ധം പുലര്‍ത്തുന്നവയാണ്. ആഗോള വാര്‍ത്താവിനിമയ വ്യവസ്ഥയുടെ മറ്റൊരു മെച്ചം അക്കങ്ങളിലും അക്ഷരങ്ങളിലുമുള്ള വാര്‍ത്താവിതരണത്തിനു പുറമേ, ചിത്രവിനിമയംകൂടി നടത്തുന്നുവെന്നതാണ്. ഉപഗ്രഹാന്തരീക്ഷവിജ്ഞാനീയ(Satellite Meteorology)ത്തിന്റെ വികാസം ആഗോള വാര്‍ത്താവിനിമയ വ്യവസ്ഥയുടെ കാര്യക്ഷമത ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

III.ആഗോളനിരീക്ഷണകേന്ദ്രങ്ങള്‍. മേല്പറഞ്ഞ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ സങ്കീര്‍ണവും സൂക്ഷ്മവുമായ അനേകം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. വികസ്വരരാജ്യങ്ങളുടെ സാമ്പത്തികശേഷിക്കു നിരക്കാത്തത്ര വിലപിടിപ്പുള്ള യന്ത്രസംവിധാനമാണ് ആവശ്യമായി വന്നിരിക്കുന്നത്. ആഗോളവ്യാപകമായി അറിയിപ്പുകള്‍ പകര്‍ന്നുകൊടുക്കുന്നതിനു കഴിവുള്ള മൂന്നു നിരീക്ഷണ കേന്ദ്രങ്ങള്‍ മോസ്കോ, വാഷിങ്ടണ്‍, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ സ്ഥാപിതമായിരിക്കുന്നു. സുസജ്ജമായ സാങ്കേതികസംവിധാനം ഈ കേന്ദ്രങ്ങളുടെ സവിശേഷതയാണ്. ആര്‍ദ്രോഷ്ണഘടകങ്ങളുടെ സ്ഥിതിവിവരങ്ങള്‍ ശേഖരിച്ച് സംഗ്രഹിക്കുന്നതിനു പുറമേ, അവയുടെ വിശ്ലേഷണവും (analysis) വിനിമയവും സാധിക്കുന്നതില്‍ ലോകവ്യാപകമായ സമീപനം നടത്തുവാന്‍ ഈ കേന്ദ്രങ്ങള്‍ക്കു കഴിയുന്നു. ഇവയുമായി ബന്ധപ്പെട്ട് മേഖലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു കേന്ദ്രങ്ങളുണ്ട്: മോസ്കോ, ന്യൂഡല്‍ഹി, ന്യൂയോര്‍ക്ക്, ഓഫന്‍ബാക്ക് (ജര്‍മനി), ടോക്കിയോ എന്നിവിടങ്ങളിലുള്ള ഈ സ്ഥാപനങ്ങള്‍ ആഗോളനിരീക്ഷണകേന്ദ്രങ്ങളെ ഓരോ രാഷ്ട്രത്തിലെയും പ്രധാനനിരീക്ഷണ കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവര്‍ത്തിക്കുന്നു.

(പി.എ. ജോര്‍ജ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍