This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗമാനന്ദന്‍ (1896 - 1961)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗമാനന്ദന്‍ (1896 - 1961)

ആഗമാന്ദന്‍

കാലടി രാമകൃഷ്ണ-അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും മതപ്രചാരകനും വിദ്യാഭ്യാസചിന്തകനും. കൊല്ലം ജില്ലയിലെ ചവറയില്‍ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പന്മന ചോലയില്‍ പുതുമനമഠത്തില്‍ പരമേശ്വരന്‍ നമ്പ്യാതിരിയും ചവറ വടശ്ശേരി മഠത്തില്‍ ലക്ഷ്മീദേവി അന്തര്‍ജനവുമായിരുന്നു മാതാപിതാക്കള്‍. സന്ന്യാസം സ്വീകരിക്കുന്നതിനുമുന്‍പുള്ള പേര് കൃഷ്ണന്‍നമ്പ്യാതിരി എന്നായിരുന്നു. കുട്ടിക്കാലം മുതലേ ആധ്യാത്മികജീവിതത്തില്‍ കൃഷ്ണന് വലിയ താത്പര്യമായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഒരു സനാതനധര്‍മവിദ്യാര്‍ഥി സംഘം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടു. ബാംഗ്ളൂര്‍ ശ്രീരാമകൃഷ്ണമഠാധിപതിയും ശ്രീരാമകൃഷ്ണശിഷ്യനുമായിരുന്ന നിര്‍മലാനന്ദസ്വാമിയെ 1913-ല്‍ കണ്ടുമുട്ടിയതു കൃഷ്ണന്‍ നമ്പ്യാതിരിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി ഭവിച്ചു. ശ്രീരാമകൃഷ്ണമിഷന്റെ ഒന്നാമത്തെ പ്രസിഡന്റായിരുന്ന ബ്രഹ്മാനന്ദസ്വാമി തിരുവനന്തപുരത്തെത്തിയപ്പോള്‍ കൃഷ്ണന്‍ നമ്പ്യാതിരി അദ്ദേഹത്തില്‍ നിന്ന് ഉപദേശങ്ങള്‍ കൈക്കൊണ്ടു. സംസ്കൃതം ഐച്ഛികമായെടുത്ത് 1921-ല്‍ മദിരാശി സര്‍വകലാശാലയില്‍നിന്ന് ബി.എ. (ഓണേഴ്സ്) ബിരുദം നേടി. 1925-ല്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ ഒരംഗമായി ചേര്‍ന്നു. 1928-ലാണ് ബാംഗ്ളൂരില്‍ വച്ച് 'ആഗമാനന്ദന്‍' എന്ന സന്ന്യാസനാമം സ്വീകരിച്ചത്.

1936-ല്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ ജന്മശതാബ്ദിവര്‍ഷത്തില്‍ ആഗമാനന്ദസ്വാമി കാലടിയില്‍ രാമകൃഷ്ണ-അദ്വൈതാശ്രമം സ്ഥാപിച്ചു. കൂടാതെ പുതുക്കാട്ട് മറ്റൊരാശ്രമവുംകൂടി സ്ഥാപിച്ചിട്ടുണ്ട്. അധഃസ്ഥിതോദ്ധാരണത്തിനും ജാതിനിര്‍മാര്‍ജനത്തിനുംവേണ്ടി ആഗമാനന്ദ സ്വാമികള്‍ ഗണ്യമായി പ്രയത്നിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളില്‍ മതപ്രസംഗങ്ങള്‍ക്ക് സ്ഥാനംകൊടുത്തത് ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ്. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് ഭാരതത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ആഗമാനന്ദന്‍ നിര്‍വഹിച്ച സേവനം ശ്രദ്ധേയമാണ്. കാലടിയിലെ ശ്രീശങ്കരാ കോളജിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. ആശ്രമത്തോട് അനുബന്ധിച്ച് ഒരു സംസ്കൃത സ്കൂള്‍, അഗതിമന്ദിരം, 'ഹരിജനഹോസ്റ്റല്‍', ഗ്രന്ഥശാല എന്നിവയും സ്ഥാപിക്കപ്പെട്ടു. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിരുന്നു. വിവേകാനന്ദസന്ദേശം, ശ്രീശങ്കരഭഗവദ്ഗീതാനിരൂപണം, വിഷ്ണുപുരാണം (തര്‍ജുമ) എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനപ്പെട്ടവ.

1961-ല്‍ സ്വാമി സമാധി അടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍