This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്റ്റണ്‍, ജോണ്‍ എമറിച് എഡ്വേഡ് ഡാല്‍ബര്‍ഗ് ആക്റ്റണ്‍ (1834 - 1902)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആക്റ്റണ്‍, ജോണ്‍ എമറിച് എഡ്വേഡ്ഡാല്‍ബര്‍ഗ് ആക്റ്റണ്‍ (1834 - 1902)

Acton,John Emerich Edward Dalberg Action

ബ്രിട്ടീഷ് ചരിത്രകാരന്‍. 1834 ജനു. 10-ന് ആക്റ്റണ്‍ നേപ്പിള്‍സില്‍ ജനിച്ചു. പിതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന് മാതാവ് വിഗ് കക്ഷി നേതാവായ ലെവ്സണ്‍ പ്രഭുവിനെ വിവാഹം ചെയ്തതിനാല്‍ (1840) ആക്റ്റണ് ബാല്യം മുതല്‍ വിഗ് കക്ഷിക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സന്ദര്‍ഭം ലഭിച്ചിരുന്നു. വൊറിക്ക് ഷയറി(Warwick Shire) ലെ ഓസ്കോട്ട് കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഇദ്ദേഹം മ്യൂണിക്കിലെത്തി. പ്രശസ്ത ജര്‍മന്‍ ചരിത്രകാരനായ ഡോളിങ്കറുടെ (1799-1890) കീഴില്‍ ചരിത്രപഠനവും ഗവേഷണവും ആരംഭിച്ചു.

യു.എസ്സിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും ആക്റ്റണ്‍ പര്യടനം നടത്തി. 1859-ല്‍ കാര്‍ലോയില്‍നിന്നു കോമണ്‍സ് സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു; ആ വര്‍ഷം തന്നെ, ഹെന്‍റി ന്യൂമാനെ തുടര്‍ന്ന് റാംബ്ളര്‍ എന്ന കത്തോലിക്കാമാസികയുടെ പത്രാധിപത്യം ഏറ്റെടുത്തു. ക്രൈസ്തവ വിശ്വാസപ്രമാണങ്ങള്‍ ശാസ്ത്രീയമായ ചരിത്രവീക്ഷണവുമായി യോജിച്ചുപോകുമെന്നും അത് റോമന്‍ കത്തോലിക്കാസഭയുടെ പ്രസക്തി വര്‍ധിപ്പിക്കുമെന്നും ആക്റ്റണ്‍ വിശ്വസിച്ചിരുന്നു. അഞ്ചാം പീയൂസ് മാര്‍പ്പാപ്പ (1792-1878) ഈ ധാരണ തെറ്റാണെന്നു പ്രസ്താവിച്ചപ്പോള്‍, ആക്റ്റണ്‍ അതിന് വഴങ്ങുകയാണുണ്ടായത്. 1870-ല്‍ റോമന്‍ കത്തോലിക്കാസഭയില്‍ പോപ്പിന്റെ അപ്രമാദിത്വത്തെപ്പറ്റിയുണ്ടായ വാദകോലാഹലങ്ങളില്‍ ആക്റ്റണ്‍ സജീവമായി പങ്കെടുത്തു.

1865-ല്‍ ഇദ്ദേഹം പാര്‍ലമെന്റില്‍ നിന്നു വിരമിച്ചു; പ്രധാനമന്ത്രി ഗ്ളാഡ്സ്റ്റണുമായി സൗഹാര്‍ദം തുടങ്ങിയത് പാര്‍ല. പ്രവര്‍ത്തനകാലത്തായിരുന്നു. ഒരു ബവേറിയന്‍ പ്രഭുവിന്റെ പുത്രിയായ മേരി വോണ്‍ ആര്‍ക്കൊ-വാലെറിയെ ഇദ്ദേഹം വിവാഹം ചെയ്തു (1865). 1869-ല്‍ ആക്റ്റണ് പ്രഭു പദവി ലഭിച്ചു. അയര്‍ലണ്ടിലെ സ്വയം ഭരണപ്രസ്ഥാനത്തിന്റെ (Irish Home Rule Movement) ആദ്യകാലപ്രയോക്താക്കളില്‍ ഒരാള്‍ ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു.

1878 ജനു.-യില്‍ ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ (Quarterly Review) പ്രകാശിതമായ 'യൂറോപ്പിലെ ജനാധിപത്യം' എന്ന ലേഖനത്തോടെയാണ് ആക്റ്റണ്‍ ശ്രദ്ധേയനായത്. മറ്റൊരു പ്രസിദ്ധീകരണവും (English Historical Review) ഇദ്ദേഹം ആരംഭിച്ചു; അതിന്റെ ആദ്യലക്കത്തില്‍ ആധുനിക ജര്‍മന്‍ ചരിത്രകാരന്‍മാരെപ്പറ്റി ഇദ്ദേഹം എഴുതിയ ലേഖനവും പ്രശസ്തി നേടി. സര്‍ ജോണ്‍ സീലിയുടെ നിര്യാണ(1895)ത്തെത്തുടര്‍ന്ന് കേംബ്രിജില്‍ ആധുനിക ചരിത്രപ്രൊഫസറായി ആക്റ്റണ്‍ നിയമിതനായി. ചരിത്രപഠനത്തെക്കുറിച്ച് ഇദ്ദേഹം നടത്തിയ ഉദ്ഘാടനപ്രസംഗം ശ്രദ്ധേയമായിരുന്നു. 1902 ജൂണ്‍ 19-ന് ബവേറിയയിലെ ടെഗേണ്‍സീയില്‍വച്ച് ആക്റ്റണ്‍ അന്തരിച്ചു.

പ്ളേറ്റോ, എഡ്മണ്‍ഡ് ബര്‍ക്ക് തുടങ്ങിയവരുടെ കൃതികളില്‍ അവഗാഹം നേടിയ ആക്റ്റണ്‍, ദേശീയത, വര്‍ണവിവേചനം എന്നിവയ്ക്കെതിരായിരുന്നു. അദ്ദേഹത്തിന്റെ കത്തുകളുടെ

ഒരു സമാഹാരവും, ലക്ചേഴ്സ് ഇന്‍ മോഡേണ്‍ ഹിസ്റ്ററി (1906), ഹിസ്റ്ററി ഒഫ് ഫ്രീഡം ആന്‍ഡ് അദര്‍ എസെയ്സ് (1907), ഹിസ്റ്റോറിക്കല്‍ എസെയ്സ് ആന്‍ഡ് സ്റ്റഡീസ് (1907), ലക്ചേഴ്സ് ഓണ്‍ ദ് ഫ്രഞ്ച് റെവല്യൂഷന്‍ (1910) എന്നിവയും ജെ.എന്‍. ഫിഗിസും ആര്‍.വി. ലോറന്‍സും കൂടി പ്രസാധനം ചെയ്തു. എസെയ്സ് ഓണ്‍ ചര്‍ച്ച് ആന്‍ഡ് സ്റ്റെയ്റ്റ് എന്ന കൃതി ഡഗ്ലസ് വൂഡ്രഫ് ഒരു അവതാരികയോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട് (1952).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍