This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്കര്‍മാന്‍, റുഡോള്‍ഫ് (1764 - 1834)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആക്കര്‍മാന്‍, റുഡോള്‍ഫ് (1764 - 1834)

Ackermann,Rudolf

വര്‍ണചിത്രത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയ ജര്‍മന്‍ കലാകാരന്‍. 1764 ഏ. 20-ന് സാക്സണിലെ സ്റ്റോള്‍ ബര്‍ഗില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ ജര്‍മനിയിലെ നഗരങ്ങളും പാരിസും ഇദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. ലണ്ടനില്‍ താമസിച്ചുകൊണ്ട് യാത്രാവാഹനങ്ങളുടെ രൂപമാതൃകകള്‍ സംവിധാനം ചെയ്യുന്നതില്‍ വ്യാപൃതനായി. വാഹനങ്ങള്‍ക്ക് പുതിയരീതിയിലുള്ള അച്ചുതണ്ടു കണ്ടുപിടിച്ചത് ഇദ്ദേഹമാണ്.

1795-ല്‍ ഒരു ഇംഗ്ലീഷ് വനിതയെ വിവാഹം കഴിച്ചു ഇദ്ദേഹം. ലണ്ടനില്‍ ഒരു മുദ്രണാലയവും ചിത്രകലാശാലയും സ്ഥാപിച്ചു. 1801-ല്‍ കടലാസും തുണിത്തരങ്ങളും വെള്ളം വീണാല്‍ കേടുകൂടാതെയിരിക്കുന്നതിനുള്ള ചില നൂതന കൗശലങ്ങള്‍ കണ്ടുപിടിച്ചു. അക്വാടിന്റ് കലയിലും ഇദ്ദേഹം വിദഗ്ധനായിരുന്നു. ഇംഗ്ലണ്ടില്‍ ശിലാമുദ്രണം ഒരു സുകുമാരകലയാക്കി വളര്‍ത്തിയെടുത്തവരില്‍ പ്രധാനിയാണ് ആക്കര്‍മാന്‍. ഇതിനുവേണ്ടിത്തന്നെ ഇദ്ദേഹം 1817-ല്‍ ഒരു പ്രസ് ആരംഭിച്ചു. ദി റിപ്പോസിറ്ററി ഒഫ് ആര്‍ട്ട് എന്ന തന്റെ മാസികയില്‍ക്കൂടി ഈ കലയ്ക്ക് ഇദ്ദേഹം പ്രചാരം നല്കി. 1822-ല്‍ ജര്‍മനിയില്‍നിന്ന് കലാപരമായുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വാര്‍ഷിക പ്രസിദ്ധീകരണം ഇദ്ദേഹം ആരംഭിച്ചു. 1825-ല്‍ ഫര്‍ഗറ്റ് മീ നോട്ട് എന്നൊരു വാര്‍ഷികപ്രസിദ്ധീകരണത്തിന്റെ അധിപരായി ജോലി നോക്കി. ദേശവിവരണങ്ങളും യാത്രാവിവരണങ്ങളും ഉള്‍ക്കൊള്ളുന്ന സചിത്രഗ്രന്ഥങ്ങള്‍ ഇദ്ദേഹം പ്രസിദ്ധം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഓക്സ്ഫഡിലെയും കേംബ്രിജിലെയും കോളജുകളുടെ ചരിത്രവും ഉള്‍പ്പെടുന്നു.

1834 മാ. 30-ന് ഫിന്‍ഷ്ലേയില്‍ ആക്കര്‍മാന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍