This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിയോക്‌സസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:02, 6 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആംഫിയോക്‌സസ്‌

Amphioxus

പ്രാട്ടോകോർഡേറ്റാജന്തുവർഗത്തിലെ ഒരു വിഭാഗമായ കെഫലോകോർഡേറ്റായിൽപ്പെട്ടതും, പരന്ന്‌ അർധതാര്യമായ ശരീരഘടനയുള്ളതുമായ ഒരു കടൽജീവി. മത്സ്യം പോലെയാണ്‌ ഇതിന്റെ ആകൃതി. ബ്രാങ്കിയോസ്റ്റോമ ലാന്‍സെലേറ്റസ്‌ (Branchiostoma lanceolatus)എന്ന ശാസ്‌ത്രനാമം. നട്ടെല്ലുള്ള ജീവികളുടെ ആദിമരൂപമായി ഇത്‌ കണക്കാക്കപ്പെടുന്നു. വ്യതിരിക്തമായ ഒരു തലയോ ഹനുക്കുളോ പക്ഷങ്ങളോ ശല്‌കങ്ങളോ ഇല്ലാത്തതിനാൽ ഇത്‌ മത്സ്യങ്ങളിൽനിന്നും വേറിട്ടുനില്‌ക്കുന്നു. ഇതിന്‌ ഇരുപത്തിയെട്ട്‌ സ്‌പീഷീസുകളുണ്ട്‌. കടലിൽ നീന്താനും മണലിൽ കുഴികുഴിച്ചിരിക്കാനും കഴിയുന്നു; മണലിൽ കഴിയുമ്പോള്‍ മുന്നറ്റം ഒഴിച്ച്‌ മറ്റെല്ലാഭാഗങ്ങളും കുഴിക്കുള്ളിലായിരിക്കും.

ആംഫിയോക്‌സസ്‌

ഇതിന്‌ ഏകദേശം അഞ്ചു സെ.മീ.നീളം വരും. ശരിയായ തലയും പറയത്തക്ക മറ്റവയവങ്ങളും ഇല്ലെങ്കിലും മുതുകിന്റെ മധ്യഭാഗത്തോടുമുഴുവനും നീളത്തിൽ തൊലികൊണ്ടുള്ള ഒരു ചെറിയ മടക്കുപാളി (പൃഷ്‌ഠപത്രം) ഉണ്ട്‌. ഇത്‌ വാലറ്റംചുറ്റി അടിഭാഗത്തെത്തുന്നു. വാലറ്റത്ത്‌ ഇതിന്‌ നല്ല വിസ്‌തൃതിയുണ്ട്‌ (വാൽചിറക്‌). ഇത്‌ അടിഭാഗത്തുകൂടെ തുടർന്ന്‌ ജീവിയുടെ മൂന്നിലൊരുഭാഗംവരെ എത്തുന്നു (അധരപത്രം). ഇതവസാനിക്കുന്നതിനു മുന്നിലായി ഒരു ദ്വാരമുള്ളതിനെ പരികോഷ്‌ഠരന്ധ്രം (atriopore) എന്നുവിളിക്കുന്നു. ഇതിനു മുന്നിലുള്ള ഭാഗം മുഴുവനും പരന്നിരിക്കും. ഈ ഭാഗത്തിന്‌ അധിപാർശ്വകം (epipleur) എന്നാണ്‌ പേർ. ഇവിടെ കുറുകേ മുറിച്ചാൽ കിട്ടുന്ന ഭാഗം ത്രികോണാകൃതിയിലായിരിക്കും; അതിനു പിന്നിലുള്ള ഭാഗമാകട്ടെ അണ്ഡാകൃതിയിലും. അധിപാർശ്വകത്തിന്റെ ഇരുവശങ്ങളും കീഴോട്ടുവളർന്നു നില്‌ക്കുന്നു (അനുപാർശ്വകപുടം). വാൽച്ചിറകിന്റെ മുന്നിലായി ഇടതുവശത്താണ്‌ ഗുദദ്വാരം.

ജീവിയുടെ മുന്നറ്റത്ത്‌ ഒരു മുഖ-ഛദവും (oral hood) മുകളിൽ മുന്നോട്ടുതള്ളിനില്‌ക്കുന്ന ഒരു റോസ്‌ട്രവും ഉണ്ട്‌. മുഖ-ഛദം ഉള്‍ക്കൊള്ളുന്ന ചോർപ്പിന്റെ ആകൃതിയിലുള്ള ഭാഗത്തെ ആന്ത്രമുഖം (enterostome) എന്നു പറയുന്നു. മുഖ-ഛദത്തിന്റെ വിളുമ്പിൽനിന്നും ബലമുള്ളതും സ്‌പർശക (tentacle) സമാനവുമായ ഇരുപതോളം മുഖപ്രതാനങ്ങള്‍ (oral cirri) ഉന്തിനില്‌ക്കുന്നു. മുഖ-ഛദം ജീവിയുടെ അടിഭാഗത്തുള്ള അനുപാർശ്വകപുടമായിത്തീരുന്നു. മത്സ്യം മുതൽ മനുഷ്യന്‍വരെയുള്ള എല്ലാ കശേരുകികളുടെയും ഭ്രൂണത്തിൽ കാണുന്ന നിദാനസൂചകഘടകങ്ങളെല്ലാംതന്നെ ആംഫിയോക്‌സസിലുമുണ്ട്‌. ഉദാ. നട്ടെല്ലിന്റെ സ്ഥാനത്ത്‌ ജീവാവസാനം വരെ നിലനില്‌ക്കുന്ന ലഘുകോശദണ്ഡ്‌ അഥവാ പ്രാക്‌കശേരു (notochord) ജീവിയുടെ അക്ഷമായിനിന്ന്‌ മാംസപേശികളുടെ പ്രവർത്തനങ്ങള്‍ക്ക്‌ ആധാരമായി വർത്തിക്കുന്നു. പ്രാക്‌കശേരുവിന്റെ ഇരുവശങ്ങളിലും സഖണ്ഡപേശികള്‍ സ്ഥിതിചെയ്യുന്നു. ഢആകൃതിയിലുള്ള ഈ ആദിപേശീഖണ്ഡങ്ങള്‍ ഒന്നിനുപുറകിൽ ഒന്നായി ശരീരത്തിലടുക്കിയിരിക്കുന്നു. ശരീരത്തിന്റെ ഇരുവശത്തുമുള്ള പേശീ ഖണ്ഡങ്ങള്‍ ഏകാന്തരക്രമത്തിലാണ്‌ വിന്യസിച്ചിരിക്കുന്നത്‌. ഇവയുടെ എച്ചം 50-90 വരെ ആവാറുണ്ട്‌. രണ്ട്‌ പേശീഖണ്ഡങ്ങളെ തമ്മിൽ മയോസെപ്‌റ്റകള്‍ വേർതിരിക്കുന്നു. ഈ മാംസപേശികളുടെ പ്രവർത്തനംമൂലം വെള്ളത്തിൽ തരംഗിതരൂപത്തിൽ സഞ്ചരിക്കാന്‍ ഇവയ്‌ക്കു കഴിയുന്നു. മറ്റൊരു നിദാനസൂചകഘടകമായ കുഴലുപോലുള്ള നാഡി (nerve cord) പ്രാക്‌ കശേരുവിന്റെ തൊട്ടുമുകളിൽ സ്ഥിതിചെയ്യുന്നു. എന്നാൽ കശേരുകി വർഗത്തിൽ കാണുന്നതുമാതിരി, നാഡീവ്യൂഹത്തിന്റെ മുന്‍ഭാഗത്തായി മസ്‌തിഷ്‌കമില്ല. ദർശന-ഘ്രാണേന്ദ്രിയങ്ങളും കാണാറില്ല. സൂചകഘടകങ്ങളിൽ മൂന്നാമത്തേത്‌ തൊണ്ടയുടെ ഇരുവശങ്ങളിലായി കാണുന്ന ശകുലരന്ധ്രങ്ങളാണ്‌ (gill clefts). വായിലുടെ നിരന്തരം ഉള്ളിലേക്കെടുത്ത്‌ ശകുലരന്ധ്രങ്ങള്‍വഴി പുറത്തേക്കുവിട്ടുകൊണ്ടിരിക്കുന്ന ജലത്തിന്റെ പരിസഞ്ചരണം വഴിയാണ്‌ ഓക്‌സിജനും ഭക്ഷണപദാർഥങ്ങളും ലഭ്യമാകുന്നത്‌. അന്നനാളം ഒരു അരിപ്പപോലെ പ്രവർത്തിച്ച്‌ വെള്ളത്തിൽനിന്നും ഭക്ഷ്യപദാർഥങ്ങളെ ശേഖരിക്കുന്നു. തൊണ്ടയുടെ ഘടന സങ്കീർണമാണ്‌; വലിയ വിസ്‌തൃതി, ശകുലരന്ധ്രങ്ങളുടെ ആധിക്യം, ഉള്‍ഭാഗത്തിന്റെ ലോമാവൃതത്വം, എന്‍ഡോസ്റ്റെൽ മുതലായ പാത്തിപോലുള്ള മാർഗങ്ങള്‍ എന്നിവയാണ്‌ ഈ സങ്കീർണതയ്‌ക്കു കാരണം.

ആംഫിയോക്‌സ്‌സിൽ ശകുലരന്ധ്രങ്ങള്‍ നേരിട്ട്‌ പുറത്തേക്കു തുറക്കുന്നില്ല. അവ, അടിയിലും പാർശ്വങ്ങളിലും മുഴുവന്‍ ചൂഴ്‌ന്ന പരികോഷ്‌ഠഗഹ്വരത്തിലേക്ക്‌ തുറന്നിരിക്കുന്നു. ശകുലരന്ധ്രംവഴി വരുന്ന വെള്ളം ഇതിലൂടെ കടന്ന്‌ പരികോഷ്‌ഠരന്ധ്രം വഴി പുറത്തേക്കു പോകുന്നു.

ഭക്ഷണം സ്വീകരിക്കുന്നതിൽ കാണുന്ന ആദിമസ്വഭാവം ഈ ജീവിയുടെ ശരീരഘടനയിലും ശരീരധർമത്തിലും വ്യാപിച്ചിരിക്കുന്നു. ഉദാഹരണമായി രക്തചംക്രമണത്തിനുതകുന്ന ഹൃദയത്തിനുപകരം ആ സ്ഥാനത്ത്‌ സങ്കോചവികാസങ്ങളുള്ള ഒരു കുഴലേ ഉള്ളൂ. പുഴു, മച്ചിര, ശംഖ്‌, എന്നിവയിലേതുപോലെയാണ്‌ വിസർജനേന്ദ്രിയം; ഇതിനെ പ്രാട്ടോനെഫ്രിഡിയം എന്നു വിളിക്കുന്നു. വൃക്കകളില്ല. ജനനഗ്രന്ഥിയിലുള്ള വ്യത്യാസമല്ലാതെ ഈ ജന്തുക്കളിൽ ലിംഗഭേദവും വ്യക്തമല്ല. ജനനഗ്രന്ഥികളാകട്ടെ തൊണ്ടയുടെ ഇരുവശങ്ങളിലും വരിയായി പരികോഷ്‌ഠഗഹ്വരത്തിലേക്കു തള്ളിനില്‌ക്കുന്നു; ഓരോ വരിയിലും ഏതാണ്ട്‌ 26 ഗ്രന്ഥികള്‍ കാണാം. വളർച്ചയെത്തുന്ന അണ്ഡവും ബീജവും ഗ്രന്ഥിയിൽനിന്നു വേർപെട്ട്‌ പരികോഷ്‌ഠഗഹ്വരത്തിലെത്തി അതിലെ രന്ധ്രംവഴി പുറത്തുപോകുന്നു. ഇങ്ങനെ പുറത്തു കടക്കുന്ന അണ്ഡങ്ങളും ബീജങ്ങളും വെള്ളത്തിൽവച്ച്‌ തമ്മിൽ ചേർന്ന്‌ ബീജസങ്കലനം നടക്കുന്നു. ഈ ജീവി ഇണചേരാറില്ല. മുട്ടവിരിയുന്നതിന്‌ ഒരു ദിവസം മതിയാകും. ഇതിന്‌ പല ലാർവാവസ്ഥകളും തരണം ചെയ്യാനുണ്ട്‌. ആംഫിയോക്‌സസ്‌ അകശേരുകികളുടേയും കശേരുകികളുടേയും ചില പ്രത്യേകതകള്‍ പ്രകടമാക്കുന്നു. അഗ്നാത്ത (agnatha) വിഭാഗത്തിൽനിന്നും അപചയം സംഭവിച്ച്‌ താഴേനിലയിലേക്കുവന്ന ഒരു വർഗമാണ്‌ ഇതെന്നും ഒരു പക്ഷമുണ്ട്‌. (പ്രാഫ. എം.പി. മധുസൂദനന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍