This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിയോക്‌സസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഫിയോക്‌സസ്‌

Amphioxus

പ്രോട്ടോകോര്‍ഡേറ്റാജന്തുവര്‍ഗത്തിലെ ഒരു വിഭാഗമായ കെഫലോകോര്‍ഡേറ്റായില്‍പ്പെട്ടതും, പരന്ന്‌ അര്‍ധതാര്യമായ ശരീരഘടനയുള്ളതുമായ ഒരു കടല്‍ജീവി. മത്സ്യം പോലെയാണ്‌ ഇതിന്റെ ആകൃതി. ബ്രാങ്കിയോസ്റ്റോമ ലാന്‍സെലേറ്റസ്‌ (Branchiostoma lanceolatus)എന്ന ശാസ്‌ത്രനാമം. നട്ടെല്ലുള്ള ജീവികളുടെ ആദിമരൂപമായി ഇത്‌ കണക്കാക്കപ്പെടുന്നു. വ്യതിരിക്തമായ ഒരു തലയോ ഹനുക്കുളോ പക്ഷങ്ങളോ ശല്‌കങ്ങളോ ഇല്ലാത്തതിനാല്‍ ഇത്‌ മത്സ്യങ്ങളില്‍നിന്നും വേറിട്ടുനില്‌ക്കുന്നു. ഇതിന്‌ ഇരുപത്തിയെട്ട്‌ സ്‌പീഷീസുകളുണ്ട്‌. കടലില്‍ നീന്താനും മണലില്‍ കുഴികുഴിച്ചിരിക്കാനും കഴിയുന്നു; മണലില്‍ കഴിയുമ്പോള്‍ മുന്നറ്റം ഒഴിച്ച്‌ മറ്റെല്ലാഭാഗങ്ങളും കുഴിക്കുള്ളിലായിരിക്കും.

ആംഫിയോക്‌സസ്‌

ഇതിന്‌ ഏകദേശം അഞ്ചു സെ.മീ.നീളം വരും. ശരിയായ തലയും പറയത്തക്ക മറ്റവയവങ്ങളും ഇല്ലെങ്കിലും മുതുകിന്റെ മധ്യഭാഗത്തോടുമുഴുവനും നീളത്തില്‍ തൊലികൊണ്ടുള്ള ഒരു ചെറിയ മടക്കുപാളി (പൃഷ്‌ഠപത്രം) ഉണ്ട്‌. ഇത്‌ വാലറ്റംചുറ്റി അടിഭാഗത്തെത്തുന്നു. വാലറ്റത്ത്‌ ഇതിന്‌ നല്ല വിസ്‌തൃതിയുണ്ട്‌ (വാല്‍ചിറക്‌). ഇത്‌ അടിഭാഗത്തുകൂടെ തുടര്‍ന്ന്‌ ജീവിയുടെ മൂന്നിലൊരുഭാഗംവരെ എത്തുന്നു (അധരപത്രം). ഇതവസാനിക്കുന്നതിനു മുന്നിലായി ഒരു ദ്വാരമുള്ളതിനെ പരികോഷ്‌ഠരന്ധ്രം (atriopore) എന്നുവിളിക്കുന്നു. ഇതിനു മുന്നിലുള്ള ഭാഗം മുഴുവനും പരന്നിരിക്കും. ഈ ഭാഗത്തിന്‌ അധിപാര്‍ശ്വകം (epipleur) എന്നാണ്‌ പേര്‍. ഇവിടെ കുറുകേ മുറിച്ചാല്‍ കിട്ടുന്ന ഭാഗം ത്രികോണാകൃതിയിലായിരിക്കും; അതിനു പിന്നിലുള്ള ഭാഗമാകട്ടെ അണ്ഡാകൃതിയിലും. അധിപാര്‍ശ്വകത്തിന്റെ ഇരുവശങ്ങളും കീഴോട്ടുവളര്‍ന്നു നില്‌ക്കുന്നു (അനുപാര്‍ശ്വകപുടം). വാല്‍ച്ചിറകിന്റെ മുന്നിലായി ഇടതുവശത്താണ്‌ ഗുദദ്വാരം.

ജീവിയുടെ മുന്നറ്റത്ത്‌ ഒരു മുഖ-ഛദവും (oral hood) മുകളില്‍ മുന്നോട്ടുതള്ളിനില്‌ക്കുന്ന ഒരു റോസ്‌ട്രവും ഉണ്ട്‌. മുഖ-ഛദം ഉള്‍ക്കൊള്ളുന്ന ചോര്‍പ്പിന്റെ ആകൃതിയിലുള്ള ഭാഗത്തെ ആന്ത്രമുഖം (enterostome) എന്നു പറയുന്നു. മുഖ-ഛദത്തിന്റെ വിളുമ്പില്‍നിന്നും ബലമുള്ളതും സ്‌പര്‍ശക (tentacle) സമാനവുമായ ഇരുപതോളം മുഖപ്രതാനങ്ങള്‍ (oral cirri) ഉന്തിനില്‌ക്കുന്നു. മുഖ-ഛദം ജീവിയുടെ അടിഭാഗത്തുള്ള അനുപാര്‍ശ്വകപുടമായിത്തീരുന്നു.

മത്സ്യം മുതല്‍ മനുഷ്യന്‍വരെയുള്ള എല്ലാ കശേരുകികളുടെയും ഭ്രൂണത്തില്‍ കാണുന്ന നിദാനസൂചകഘടകങ്ങളെല്ലാംതന്നെ ആംഫിയോക്‌സസിലുമുണ്ട്‌. ഉദാ. നട്ടെല്ലിന്റെ സ്ഥാനത്ത്‌ ജീവാവസാനം വരെ നിലനില്‌ക്കുന്ന ലഘുകോശദണ്ഡ്‌ അഥവാ പ്രാക്‌കശേരു (notochord) ജീവിയുടെ അക്ഷമായിനിന്ന്‌ മാംസപേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആധാരമായി വര്‍ത്തിക്കുന്നു. പ്രാക്‌കശേരുവിന്റെ ഇരുവശങ്ങളിലും സഖണ്ഡപേശികള്‍ സ്ഥിതിചെയ്യുന്നു. V-ആകൃതിയിലുള്ള ഈ ആദിപേശീഖണ്ഡങ്ങള്‍ ഒന്നിനുപുറകില്‍ ഒന്നായി ശരീരത്തിലടുക്കിയിരിക്കുന്നു. ശരീരത്തിന്റെ ഇരുവശത്തുമുള്ള പേശീ ഖണ്ഡങ്ങള്‍ ഏകാന്തരക്രമത്തിലാണ്‌ വിന്യസിച്ചിരിക്കുന്നത്‌. ഇവയുടെ എണ്ണം 50-90 വരെ ആവാറുണ്ട്‌. രണ്ട്‌ പേശീഖണ്ഡങ്ങളെ തമ്മില്‍ മയോസെപ്‌റ്റകള്‍ വേര്‍തിരിക്കുന്നു. ഈ മാംസപേശികളുടെ പ്രവര്‍ത്തനംമൂലം വെള്ളത്തില്‍ തരംഗിതരൂപത്തില്‍ സഞ്ചരിക്കാന്‍ ഇവയ്‌ക്കു കഴിയുന്നു. മറ്റൊരു നിദാനസൂചകഘടകമായ കുഴലുപോലുള്ള നാഡി (nerve cord) പ്രാക്‌ കശേരുവിന്റെ തൊട്ടുമുകളില്‍ സ്ഥിതിചെയ്യുന്നു. എന്നാല്‍ കശേരുകി വര്‍ഗത്തില്‍ കാണുന്നതുമാതിരി, നാഡീവ്യൂഹത്തിന്റെ മുന്‍ഭാഗത്തായി മസ്‌തിഷ്‌കമില്ല. ദര്‍ശന-ഘ്രാണേന്ദ്രിയങ്ങളും കാണാറില്ല. സൂചകഘടകങ്ങളില്‍ മൂന്നാമത്തേത്‌ തൊണ്ടയുടെ ഇരുവശങ്ങളിലായി കാണുന്ന ശകുലരന്ധ്രങ്ങളാണ്‌ (gill clefts).

വായിലുടെ നിരന്തരം ഉള്ളിലേക്കെടുത്ത്‌ ശകുലരന്ധ്രങ്ങള്‍വഴി പുറത്തേക്കുവിട്ടുകൊണ്ടിരിക്കുന്ന ജലത്തിന്റെ പരിസഞ്ചരണം വഴിയാണ്‌ ഓക്‌സിജനും ഭക്ഷണപദാര്‍ഥങ്ങളും ലഭ്യമാകുന്നത്‌. അന്നനാളം ഒരു അരിപ്പപോലെ പ്രവര്‍ത്തിച്ച്‌ വെള്ളത്തില്‍നിന്നും ഭക്ഷ്യപദാര്‍ഥങ്ങളെ ശേഖരിക്കുന്നു. തൊണ്ടയുടെ ഘടന സങ്കീര്‍ണമാണ്‌; വലിയ വിസ്‌തൃതി, ശകുലരന്ധ്രങ്ങളുടെ ആധിക്യം, ഉള്‍ഭാഗത്തിന്റെ ലോമാവൃതത്വം, എന്‍ഡോസ്റ്റെല്‍ മുതലായ പാത്തിപോലുള്ള മാര്‍ഗങ്ങള്‍ എന്നിവയാണ്‌ ഈ സങ്കീര്‍ണതയ്‌ക്കു കാരണം.

ആംഫിയോക്‌സ്‌സില്‍ ശകുലരന്ധ്രങ്ങള്‍ നേരിട്ട്‌ പുറത്തേക്കു തുറക്കുന്നില്ല. അവ, അടിയിലും പാര്‍ശ്വങ്ങളിലും മുഴുവന്‍ ചൂഴ്‌ന്ന പരികോഷ്‌ഠഗഹ്വരത്തിലേക്ക്‌ തുറന്നിരിക്കുന്നു. ശകുലരന്ധ്രംവഴി വരുന്ന വെള്ളം ഇതിലൂടെ കടന്ന്‌ പരികോഷ്‌ഠരന്ധ്രം വഴി പുറത്തേക്കു പോകുന്നു.

ഭക്ഷണം സ്വീകരിക്കുന്നതില്‍ കാണുന്ന ആദിമസ്വഭാവം ഈ ജീവിയുടെ ശരീരഘടനയിലും ശരീരധര്‍മത്തിലും വ്യാപിച്ചിരിക്കുന്നു. ഉദാഹരണമായി രക്തചംക്രമണത്തിനുതകുന്ന ഹൃദയത്തിനുപകരം ആ സ്ഥാനത്ത്‌ സങ്കോചവികാസങ്ങളുള്ള ഒരു കുഴലേ ഉള്ളൂ. പുഴു, മണ്ണിര, ശംഖ്‌, എന്നിവയിലേതുപോലെയാണ്‌ വിസര്‍ജനേന്ദ്രിയം; ഇതിനെ പ്രോട്ടോനെഫ്രിഡിയം എന്നു വിളിക്കുന്നു. വൃക്കകളില്ല. ജനനഗ്രന്ഥിയിലുള്ള വ്യത്യാസമല്ലാതെ ഈ ജന്തുക്കളില്‍ ലിംഗഭേദവും വ്യക്തമല്ല. ജനനഗ്രന്ഥികളാകട്ടെ തൊണ്ടയുടെ ഇരുവശങ്ങളിലും വരിയായി പരികോഷ്‌ഠഗഹ്വരത്തിലേക്കു തള്ളിനില്‌ക്കുന്നു; ഓരോ വരിയിലും ഏതാണ്ട്‌ 26 ഗ്രന്ഥികള്‍ കാണാം. വളര്‍ച്ചയെത്തുന്ന അണ്ഡവും ബീജവും ഗ്രന്ഥിയില്‍നിന്നു വേര്‍പെട്ട്‌ പരികോഷ്‌ഠഗഹ്വരത്തിലെത്തി അതിലെ രന്ധ്രംവഴി പുറത്തുപോകുന്നു. ഇങ്ങനെ പുറത്തു കടക്കുന്ന അണ്ഡങ്ങളും ബീജങ്ങളും വെള്ളത്തില്‍വച്ച്‌ തമ്മില്‍ ചേര്‍ന്ന്‌ ബീജസങ്കലനം നടക്കുന്നു. ഈ ജീവി ഇണചേരാറില്ല. മുട്ടവിരിയുന്നതിന്‌ ഒരു ദിവസം മതിയാകും. ഇതിന്‌ പല ലാര്‍വാവസ്ഥകളും തരണം ചെയ്യാനുണ്ട്‌.

ആംഫിയോക്‌സസ്‌ അകശേരുകികളുടേയും കശേരുകികളുടേയും ചില പ്രത്യേകതകള്‍ പ്രകടമാക്കുന്നു. അഗ്നാത്ത (agnatha) വിഭാഗത്തില്‍നിന്നും അപചയം സംഭവിച്ച്‌ താഴേനിലയിലേക്കുവന്ന ഒരു വര്‍ഗമാണ്‌ ഇതെന്നും ഒരു പക്ഷമുണ്ട്‌.

(പ്രെഫ. എം.പി. മധുസൂദനന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍