This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിബോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഫിബോള്‍

Amphibole

ശിലാകാരകധാതുക്കളില്‍ മുന്തിയ ഒരിനം. ഇരുണ്ടനിറമുള്ള ആംഫിബോളുകള്‍ രാസഘടനയില്‍ പൈറോക്‌സിനുകളുമായി സാദൃശ്യം പുലര്‍ത്തുന്നവയാണ്‌. അലുമിനിയം സിലിക്കേറ്റുമായി കലര്‍ന്നോ അല്ലാതെയോ കാണുന്ന ഇരുമ്പ്‌, മഗ്നീഷ്യം, കാല്‍സിയം എന്നിവയുടെയും, അപൂര്‍വമായി പൊട്ടാസിയം, സോഡിയം എന്നിവയുടെയും സിലിക്കേറ്റുകളാണിവ. സമചതുര്‍ഭുജീയമോ (orthorhombic), ഏകനതാക്ഷമോ (monoclinal), ത്രിനതാക്ഷമോ (triclinal) ആയ വ്യവസ്ഥകളില്‍ പരല്‍രൂപം ധരിക്കുന്നവയാണ്‌ ആംഫിബോളുകള്‍. പരല്‍രൂപത്തിലും ഫലകങ്ങളുടെ ചായ്‌വിലും ഇവ പൈറോക്‌സിനുകളില്‍നിന്നു വ്യത്യസ്‌തങ്ങളാണ്‌. പ്രിസ്‌മിക വിദളനം (prismatic cleavage) ആംഫിബോളുകളുടെ സവിശേഷതയാണ്‌; വിദളിത-ഫലകങ്ങള്‍ക്കിടയ്‌ക്കുള്ള കോണ്‌ ഏതാണ്ട്‌ 124º ക്കടുത്ത്‌ വരും.

ആംഫിബോളുകളുടെ പൊതുഫോര്‍മുല (Na, Ca)2-3 (Mg, Fe2+ Fe3+, Al)5 (Si, Al)8 O22 (OH, OF)2 എന്നോ, (Mg, Fe2+ Fe3+ Al)7 (Si Al)8 O22 (OH, OF)2 എന്നോ ആയിരിക്കും. ആംഫിബോള്‍ സമൂഹത്തിലെ പ്രധാന ഇനങ്ങള്‍ താഴെപറയുന്നവയാണ്‌:

ആംഫിബോള്‍

സമചതുര്‍ഭുജീയം: ആന്തോഫിലൈറ്റ്‌, ജെഡ്രൈറ്റ്‌; ഏകനതാക്ഷം: ഹോണ്‍ബ്ലെന്‍ഡ്‌, കമിംഗ്‌ടൊണൈറ്റ്‌, ട്രെമൊലൈറ്റ്‌, ആക്‌റ്റിനൊലൈറ്റ്‌, നെഫ്രൈറ്റ്‌, സ്‌മാരക്‌നൈറ്റ്‌, ഗ്ലൗക്കൊഫെയ്‌ന്‍, റീബക്കൈറ്റ്‌, എഡനൈറ്റ്‌.

ഘടന. രാസഘടനയില്‍ ആംഫിബോള്‍ സമൂഹത്തിലെ അംഗങ്ങള്‍ ഗണ്യമായ വൈവിധ്യം പുലര്‍ത്തുന്നു. കാല്‍സിയം ആംഫിബോളുകള്‍ക്കൊക്കെത്തന്നെ ഒരു ഫെറസ്‌-തുല്യമാനം (ferrous equivalent) ഉണ്ടായിരിക്കും; ട്രെമൊലൈറ്റിന്റെ ഫെറസ്‌ തുല്യമാനമാണ്‌. ഫെറോട്രെമൊലൈറ്റ്‌. ഫെറോആംഫിബോളുകളിലെ ഹൈഡ്രോക്‌സൈഡ്‌ അംശത്തിനുപകരം ഫെറിക്‌ ഇരുമ്പോ ഓക്‌സിജനോ ഉള്‍കൊളളുന്ന തുല്യമാനങ്ങളുമുണ്ട്‌. അവ ഫെറി, ഓക്‌സി എന്നീ വിശേഷണങ്ങള്‍ ചേര്‍ത്തു വിളിക്കപ്പെടുന്നു; ഫെറിട്രെമൊലൈറ്റ്‌ ഒരു ഉദാഹരണമാണ്‌. ഫെറിആംഫിബോളുകളെ സൂചിപ്പിക്കുന്നതിന്‌ ഓക്‌സിഹോണ്‍ബ്ലെന്‍ഡ്‌ എന്ന പൊതുനാമം ഉപയോഗിച്ചുവരുന്നു. ഫ്‌ളൂറിന്‍ അംശം താരതമ്യേന കൂടിയിരിക്കുമ്പോള്‍ "ഫ്‌ളൂറോ' എന്ന ഉപസര്‍ഗം ചേര്‍ക്കുക പതിവാണ്‌.

ഭൗതികഗുണങ്ങള്‍. അന്യോന്യം 124° കോണില്‍ ചരിഞ്ഞ പ്രിസ്‌മികവിദളനത്തിന്റെ രണ്ടു ഫലകങ്ങള്‍ എല്ലാ ആംഫിബോളുകളുടെയും സവിശേഷതയാണ്‌. മഗ്നീഷ്യത്തിന്റെ അംശം ധാരാളമുള്ള ആംഫിബോളുകള്‍ പൊതുവേ ഇളംനിറത്തിലുള്ളവയായിരിക്കും; വെളുപ്പ്‌ ധൂസരം, ഇളംപച്ച എന്നിവയാണ്‌ സാധാരണ നിറങ്ങള്‍. ഇരുമ്പിന്റെ അംശം കൂടുന്നതോടൊപ്പം ആംഫിബോളിന്റെ നിറം ഇരുണ്ട്‌ കടുംപച്ച, തവിട്ട്‌, കറുപ്പ്‌ എന്നിവയിലേക്കു സംക്രമിക്കുന്നു. സോഡിയത്തിന്റെ സാന്നിധ്യമുള്ളപ്പോള്‍ നീലിച്ചനിറമാവും ഉണ്ടായിരിക്കുക; നേര്‍ത്ത പടലങ്ങളില്‍ ഈ വര്‍ണവിശേഷം കൂടുതല്‍ പ്രകടമാവുന്നു.

മഗ്നീഷ്യത്തിന്റെ ആധിക്യമുള്ള ആംഫിബോളുകള്‍ക്ക്‌ സൂചിപോലെ കൂര്‍ത്തതോ തന്തുരൂപത്തിലുള്ളതോ ആയ പരല്‍രൂപമാണുള്ളത്‌; ഇരുമ്പ്‌, അലൂമിനിയം എന്നിവയുടെ തോത്‌ വര്‍ധിക്കുന്നതോടെ പരലുകള്‍ നീളം കുറഞ്ഞും സ്ഥൂലിച്ചും കാണുന്നു.

പരല്‍ഘടന. രാസിക സംഘടനത്തിലെ വൈവിധ്യങ്ങള്‍ വ്യക്തമാക്കുന്ന പരല്‍ഘടന ആംഫിബോളുകളുടെ മറ്റൊരു പ്രത്യേകതയാണ്‌. സിലിക്കേറ്റ്‌ ആംഫിബോളുകളില്‍ ഓരോ സിലിക്കണ്‍ അണു(സംയോജകത 4)വിനെയും ചുറ്റി നാല്‌ ഓക്‌സിജന്‍അണുക്കള്‍ ചതുഷ്‌ഫലകീയ(tetrahedral)മായി ക്രമീകൃതമാകുന്നു. സിലിക്കണ്‍ ടെട്രോക്‌സൈഡിന്റെ (Sio4) ഈ ചതുഷ്‌ഫലകത്തിന്‌ സമീപസ്ഥങ്ങളായ നാല്‌ സമാന ചതുഷ്‌ഫലകങ്ങളുമായി ഓരോ അനയോണു(anion)കള്‍ വീതം കൈമാറിക്കൊണ്ട്‌ ബന്ധം സ്ഥാപിക്കാം. ഈ രീതിയിലുള്ള തുടര്‍പ്രവര്‍ത്തനം ദ്വിശൃംഖലാ (double chain) രീതിയില്‍ തുടര്‍ന്നുപോകുന്നു. ഈ ശൃംഖലകള്‍ അവയോടു ബന്ധപ്പെട്ട (OH, FO) അണുക്കളുമായി ചേര്‍ന്ന്‌ ലോഹാണുക്കളുടെ ശൃംഖലകളുമായി ബദ്ധമാകുന്നു. മഗ്നീഷ്യം (Mg), ഫെറസ്‌അയണ്‍ (Fe2+), ഫെറിക്‌അയണ്‍ (Fe3+), അലൂമിനിയം (Al) എന്നിവയുടെ അണുക്കള്‍ ഒരേ ആകൃതിയുള്ളവയാകയാല്‍ പരസ്‌പരാദേശത്തിന്‌ വഴിപ്പെടുന്നു. ഇതുപോലെതന്നെ സോഡിയം (Na), കാല്‍സിയം (Ca) എന്നിവയുടെ അണുക്കളും ആകൃതിസാമ്യമുള്ളവയാണ്‌. ഹൈഡ്രോക്‌സൈഡ്‌ (OH), ഓക്‌സിജന്‍ (O), ഫ്‌ളൂറിന്‍ (F) എന്നിവയുടെ കാര്യത്തിലും പരസ്‌പരാദേശം സാധ്യമാണ്‌; സിലിക്കണ്‍ അണുക്കളുടെ സ്ഥാനത്ത്‌ അലൂമിനിയം കടന്നുകൂടുന്നതും വിരളമല്ല. മേല്‌പറഞ്ഞ അണുമിശ്രണീയത(miscibility)യാണ്‌ ആംഫിബോളുകളുടെ വൈവിധ്യംനിറഞ്ഞ രാസഘടനയ്‌ക്കു നിദാനം.

അവസ്ഥിതി. ആഗ്നേയ(igneous)വും കായാന്തരിത (metamorphic)വുമായ മിക്കശിലകളും അല്‌പമാത്രമായെങ്കിലും ആംഫിബോളുകള്‍ ഉള്‍ക്കൊണ്ടുകാണുന്നു. കായാന്തരിതശിലകളില്‍പെട്ട ഷിസ്റ്റ്‌, നയ്‌സ്‌ എന്നീ വിഭാഗങ്ങളിലെ ധാരാളം ഇനങ്ങളില്‍ ആംഫിബോളുകള്‍ മുഖ്യഘടകമെന്ന നിലയില്‍ കണ്ടുവരുന്നു; കമിംഗ്‌ടൊണൈറ്റ്‌ ഷിസ്റ്റ്‌, ഗ്ലൗക്കോഫെയ്‌ന്‍ ഷിസ്റ്റ്‌, ഹോണ്‍ ബ്ലെന്‍ഡ്‌ ഷിസ്റ്റ്‌ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. ചില അയിരുനിക്ഷേപങ്ങളില്‍ ഗാംഗ്‌ (gangue) ധാതുവായി ആംഫിബോള്‍ അവസ്ഥിതമായിരിക്കും. ഫെറി ആംഫിബോളുകള്‍ (ഓക്‌സിഹോണ്‍ ബ്ലെന്‍ഡ്‌) സാധാരണയായി ലാവാ പ്രവാഹങ്ങളിലെ ഹോണ്‍ ബ്ലെന്‍ഡിന്‌ ഓക്‌സിഡേഷന്‍ (oxidation) സംഭവിച്ചുണ്ടാകുന്നവയാണ്‌. അന്തര്‍യമളനം (intertwining) സംഭവിച്ച തന്തുരൂപത്തിലുള്ള ട്രെമൊലൈറ്റ്‌ പരലുകള്‍ നെഫ്രൈറ്റ്‌ എന്നറിയപ്പെടുന്നു. തന്തുരൂപത്തിലുള്ള റീബക്കൈറ്റിന്‌ ക്രോസിഡൊലൈറ്റ്‌ എന്നാണ്‌ പേര്‌. നെഫ്രൈറ്റും ക്രോസിഡൊലൈറ്റും ആഭരണക്കല്ലുകളുടെ കൂട്ടത്തില്‍പെടുന്നു. പൈറോക്‌സിനുകള്‍ പരിവര്‍ത്തിതമായും ആംഫിബോളുകളുണ്ടാകാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍