This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലോ-സാക്സന്‍മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആംഗ്ലോ-സാക്സന്‍മാര്‍

Anglo-Saxons

അഞ്ചാം ശ. മുതല്‍ പതിനൊന്നാം ശ. വരെ ഇംഗ്ലണ്ടില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ജനത.

ഇംഗ്ലീഷ് ജനതയുടെ പ്രപൂര്‍വികത്വം വഹിക്കുന്നതും അവരുടെ ജീവിതരീതിക്കും ഭരണസംവിധാനത്തിനും അടിസ്ഥാനമിട്ടതും ആംഗ്ലോ-സാക്സന്മാരായിരുന്നു. ആംഗിള്‍മാര്‍, സാക്സന്‍മാര്‍, ജ്യൂട്ടുകള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവര്‍ ട്യൂട്ടോണിക്ക് ഗോത്രത്തില്‍​പ്പെട്ടവരാണ്. ജര്‍മനിയില്‍ എല്‍ബെ (Elbe) നദിയുടെ ഉദ്ഭവസ്ഥലത്തിനു തൊട്ടുകിടക്കുന്ന പ്രദേശമായിരുന്നു ഇവരുടെ പുരാതന വാസസ്ഥലം. ക്രൂരസ്വഭാവമുള്ളവരും കടല്‍​ക്കൊള്ള തൊഴിലായി സ്വീകരിച്ചിരുന്നവരുമായിരുന്നു ഈ കൂട്ടര്‍.

ആംഗ്ലോ-സാക്സന്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചു കാണുന്നത് 9-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തിലാണ്. ഇംഗ്ലണ്ടില്‍ കുടിയേറിപ്പാര്‍ത്ത സാക്സന്‍മാരെ ആംഗ്ലോ-സാക്സന്‍മാര്‍ എന്നും, നാടുവിട്ട് എങ്ങും പോകാതെ ജര്‍മനിയില്‍ തന്നെ കഴിഞ്ഞുകൂടിയിരുന്നവരെ പഴയ സാക്സന്‍മാര്‍ എന്നും വിളിച്ചുതുടങ്ങിയത് ഈ കാലഘട്ടത്തിലായിരുന്നു. ഇംഗ്ലണ്ട് ആക്രമിച്ച ആംഗിള്‍മാരും സാക്സന്‍മാരും ഭിന്നവര്‍ഗങ്ങളില്‍​പ്പെട്ടവരും ആദ്യകാലങ്ങളില്‍ പരസ്പരം ശത്രുതയില്‍ കഴിഞ്ഞുവന്നവരുമായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ ശത്രുത കൈവെടിഞ്ഞ് ഒന്നിച്ചു ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും ഇരുകൂട്ടര്‍ക്കും സാധിച്ചു. തത്ഫലമായി ഉണ്ടായ സംയോജനത്തെക്കുറിക്കുന്നതിനും, ആംഗ്ലോ-സാക്സന്‍ എന്ന പദം ഉപയോഗിക്കാറുണ്ട്. മഹാനായ ആല്‍ഫ്രഡ് (848-899) ആംഗ്ലോ-സാക്സന്‍മാരുടെ രാജാവ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ ചിലര്‍കൂടി ഈ സ്ഥാനപ്പേര് സ്വീകരിച്ചിരുന്നു.

ആദ്യത്തെ ആക്രമണം.

വില്‍റ്റ്ഷയറില്‍ ബ്രാഡ്ഫോഡ്-ഓണ്‍-എയ് വനിലെ സെന്റ് ലോറന്‍സ് പള്ളി. ആംഗ്ലോ-സാക് സന്‍ വാസ് തുവിദ്യാശൈലിയുടെ മാതൃക. 7-ാം ശ.-ത്തിന്‍റെ അന്ത്യത്തിലോ 8-ാം ശ.-ത്തിന്റെ ആരംഭത്തിലോ പണികഴിപ്പിച്ചത്

ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ 5-ാം ശ.-ത്തില്‍ ആരംഭിച്ച്, 11-ാം ശ.-ത്തില്‍ അവസാനിക്കുന്ന (449-1066) കാലയളവിനെയാണ് ആംഗ്ലോ-സാക്സന്‍മാരുടെ കാലഘട്ടമെന്നു പറയുന്നത്. അഞ്ചാം ശ.-ത്തില്‍ ഇംഗ്ലണ്ടില്‍ ഉണ്ടായ ആക്രമണ പരമ്പരയില്‍ ആദ്യത്തേത് ജ്യൂട്ടുകളുടേതാണ്. എ.ഡി. 449-ല്‍ ആണ് അവര്‍ ആദ്യമായി ഇംഗ്ലണ്ടില്‍ എത്തിയതെന്നു വിശ്വസിക്കപ്പെടുന്നു. ഇംഗ്ലണ്ടുമായി അന്ന് ആരംഭിച്ച ബന്ധം കാലക്രമത്തില്‍ ശക്തിപ്പെട്ടുവരികയും ആംഗ്ലോ-സാക്സന്‍മാര്‍ അവരുടെ ആധിപത്യം ഇംഗ്ലണ്ടില്‍ ഉറപ്പിക്കയും ചെയ്തു. നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ ശക്തിയും പ്രതാപവും ക്രമേണ നശിച്ചു. 1066-ല്‍ വില്യം പ്രഭുവിന്റെ നേതൃത്വത്തില്‍ നോര്‍മന്‍കാര്‍ ഇംഗ്ലണ്ട് ആക്രമിച്ചു; ഹേസ്റ്റിംഗ്സ് യുദ്ധത്തില്‍ ആക്രമണകാരികള്‍ ആംഗ്ലോ-സാക്സന്‍മാരുടെ ഒടുവിലത്തെ രാജാവായ ഹെറാള്‍ഡിനെ തോല്പിക്കുകയും ഇംഗ്ലണ്ടില്‍ അവരുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഇതോടുകൂടി ആംഗ്ലോ-സാക്സന്‍മാരുടെ രാജപരമ്പര അവസാനിക്കുകയും നോര്‍മന്‍ രാജാക്കന്‍മാരുടെ ഭരണം ആരംഭിക്കുകയും ചെയ്തു.

ഹെപ്റ്റാര്‍ക്കി.

ആദ്യഘട്ടത്തില്‍ ആംഗ്ലോ-സാക്സന്‍മാര്‍ അവര്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ ചെറിയ രാജ്യങ്ങള്‍ സ്ഥാപിച്ചു. ഏതാനും ഭരണാധികാരികള്‍ അയല്‍ രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി സ്വന്തം രാജ്യങ്ങളെ വിസ്തൃതമാക്കുകയും ചെയ്തു. അങ്ങനെ രാജ്യങ്ങളുടെ എണ്ണത്തിലും വലുപ്പത്തിലും സാരമായ മാറ്റങ്ങള്‍ ഉണ്ടായി. ഈ സംയോജനപ്രക്രിയയില്‍ക്കൂടി സാമാന്യം വലുപ്പമുള്ള ഏഴു രാജ്യങ്ങള്‍-മേര്‍സിയ, നോര്‍ത്തംബ്രിയ, വെസിക്സ്, കെന്റ്, സസെക്സ്, എസിക്സ്, ഈസ്റ്റാംഗ്ലിയ-ഉയര്‍ന്നുവന്നു. 'ഹെപ്റ്റാര്‍ക്കി' (Heptarchy) എന്ന പേരില്‍ ഇവ അറിയപ്പെട്ടിരുന്നു.

7-11 ശ.-ങ്ങള്‍ക്കിടയില്‍ മൂന്നു വന്‍ശക്തികള്‍ ഒന്നിനു പുറകെ ഒന്നായി ഇംഗ്ലണ്ടില്‍ ആധിപത്യം സ്ഥാപിച്ചു. ഇവയില്‍ ആദ്യത്തേത് നോര്‍ത്തംബ്രിയയായിരുന്നു. 7-ാം ശ. മുഴുവന്‍ അതിന്റെ ആധിപത്യം നിലനിന്നു. ക്രമേണ ഈ രാജ്യത്തിന്റെ ശക്തി ക്ഷയിച്ചതോടുകൂടി മേര്‍സിയ ഒരു വന്‍ശക്തിയായി വളര്‍ന്നു. മേര്‍സിയ ഭരിച്ചിരുന്ന ഓഫ രാജാവിന്റെ ഭരണകാല(757-796)ത്തായിരുന്നു ഈ രാജ്യത്തിന്റെ വളര്‍ച്ച അതിന്റെ ഉച്ചകോടിയിലെത്തിയത്. 9-ാം ശ.-ത്തിന്റെ ആരംഭത്തില്‍ മേര്‍സിയയുടെ ആധിപത്യം അവസാനിക്കുകയും ആ സ്ഥാനം വെസിക്സിലെ രാജാക്കന്മാര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടില്‍ ആംഗ്ലോ-സാക്സന്‍മാരുടെ കാലം അവസാനിക്കുന്നതുവരെ വെസിക്സിന്റെ ആധിപത്യം നിലനിന്നിരുന്നു.

ഡാനിഷ് ആക്രമണം.

787-ല്‍ ഉണ്ടായ ഡെയിന്‍കാരുടെ ആക്രമണം നാട്ടില്‍ ഒരു പ്രതിസന്ധി സൃഷ്ടിച്ചു. അവരുടെ ആഗമനത്തോടുകൂടി ആംഗ്ലോ-സാക്സന്‍മാര്‍ക്ക് ഒരു പുതിയ ശത്രുവിനെ നേരിടേണ്ടതായി വന്നു. ആദ്യകാലങ്ങളില്‍ കവര്‍ച്ചയും കൊള്ളയടിക്കലുമായിരുന്നു ഡെയിന്‍കാരുടെ ഉദ്ദേശ്യം. 851-ല്‍ ഡെയിന്‍കാരുടെ സൈന്യവ്യൂഹങ്ങള്‍ ഇംഗ്ലണ്ടില്‍ എത്തുകയും രാജ്യം ആക്രമിച്ചു പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മേര്‍സിയയും നോര്‍ത്തംബ്രിയയും കീഴടക്കിയശേഷം ആക്രമണകാരികള്‍ വെസിക്സില്‍ പ്രവേശിച്ച് വളരെയധികം പ്രദേശങ്ങള്‍ കൈക്കലാക്കി. ഈ പ്രതിസന്ധിയിലാണ് പ്രസിദ്ധനായ ആല്‍ഫ്രഡ് രാജാവ് വെസിക്സിന്റെ ഭരണം എറ്റെടുത്തത്.

ആല്‍ഫ്രഡ് (848-899).

ഒരു ആംഗ്ലോ-സാക്സന്‍ പെയിന്‍റിങ്

ആംഗ്ലോ-സാക്സന്‍ ഭരണാധിപന്‍മാരില്‍ ഏറ്റവും പ്രഗല്ഭനായിരുന്നു മഹാനായ ആല്‍ഫ്രഡ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞിരുന്ന ഡെയിന്‍കാരോടു പടപൊരുതുവാനും ഒടുവില്‍ അവരുമായി ഒരു സന്ധി ഉണ്ടാക്കുവാനും അദ്ദേഹത്തിനു സാധിച്ചു. വെഡ്മോര്‍ ഉടമ്പടി (Peace of Wedmore: 878) അനുസരിച്ച് രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു; തെക്കും പടിഞ്ഞാറും ഭാഗങ്ങള്‍ ആംഗ്ലോ-സാക്സന്‍മാര്‍ക്കും വടക്കും കിഴക്കും ഭാഗങ്ങള്‍ ഡെയിന്‍കാര്‍ക്കും ലഭിച്ചു. ഡെയിന്‍കാരുടെ ആധിപത്യത്തിന്‍ കീഴില്‍ വന്ന പ്രദേശങ്ങള്‍ ഡെയിന്‍ ലാ (Dane Law) എന്നറിയപ്പെട്ടിരുന്നു. ഭരണകാര്യങ്ങളിലും സാംസ്കാരിക രംഗത്തും മികവു പുലര്‍ത്തിയ ഒരു രാജാവായിരുന്നു ആല്‍ഫ്രഡ്. ഇംഗ്ലീഷ് ചരിത്രരചനയില്‍ ഒരു അടിസ്ഥാന പ്രമാണമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ആംഗ്ലോ-സാക്സന്‍ ക്രോണിക്കിള്‍ എഴുതിത്തുടങ്ങിയത് ആല്‍ഫ്രഡ് രാജാവിന്റെ കാലത്ത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നുവെന്നു കരുതപ്പെടുന്നു.

ആംഗ്ലോ-സാക്സന്‍മാര്‍ ആദ്യകാലങ്ങളില്‍ പ്രാകൃതരും ക്രിസ്തുമതവിരോധികളുമായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ റോമില്‍നിന്നും എത്തിയ മിഷനറിമാരുടെ സ്വാധീനശക്തിക്കു വിധേയരായി അവര്‍ ക്രിസ്തുമതം സ്വീകരിച്ചു. 597-ല്‍ ഇംഗ്ലണ്ടില്‍ വന്നുചേര്‍ന്ന വിശുദ്ധ അഗസ്റ്റിന്‍ എന്ന മിഷനറിയാണ് മതപരിവര്‍ത്തനത്തിന്റെ തുടക്കംകുറിച്ചത്. കെന്റ്, നോര്‍ത്തംബ്രിയ, മേര്‍സിയ എന്നീ രാജ്യങ്ങളിലെ നാടുവാഴികള്‍ ക്രിസ്തുമതം സ്വീകരിക്കുകയും ജനങ്ങളെ മതപരിവര്‍ത്തനത്തിനു വിധേയരാക്കുകയും ചെയ്തതോടുകൂടി ആംഗ്ലോ-സാക്സന്‍മാരുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടായി. പ്രാകൃതസ്വഭാവം ഉപേക്ഷിച്ച് അടുക്കും ചിട്ടയുമുള്ള ജീവിതം നയിക്കാന്‍ അവര്‍ പഠിച്ചു.

സാമൂഹിക ജീവിതം.

കൃഷി പ്രധാനതൊഴിലായി സ്വീകരിച്ചുപോന്ന ഒരു ജനതയായിരുന്നു ആംഗ്ലോ-സാക്സന്‍മാര്‍. ഗ്രാമങ്ങളിലായിരുന്നു അവര്‍ അധികവും പാര്‍ത്തിരുന്നത്. തൊട്ടുകിടന്നിരുന്നതും കുറ്റിക്കാടുകളാല്‍ വലയം ചെയ്യപ്പെട്ടിരുന്നതുമായ പാര്‍പ്പിടക്കൂട്ടങ്ങളായിരുന്നു അവരുടെ ഗ്രാമങ്ങള്‍. ഓരോ ഗ്രാമവും തികച്ചും സ്വയംപര്യാപ്തത നേടിയിരുന്നു. ഒരു ഗ്രാമത്തിനു ചുറ്റും കിടന്നിരുന്ന സ്ഥലം പുറംപോക്കായി കണക്കാക്കിവന്നു. മാര്‍ക്ക് (Mark) എന്നറിയപ്പെട്ടിരുന്ന ഈ പൊതുസ്ഥലത്തെ ആര്‍ക്കും കൈവശപ്പെടുത്താന്‍ അധികാരമുണ്ടായിരുന്നില്ല. ഓരോ ഗ്രാമത്തിലും സ്വകാര്യ ഉടമയിലുള്ള ഭൂമിക്കു പുറമേ പൊതുസ്വത്തായി ഉപയോഗിച്ചുപോന്നിരുന്ന തുറസ്സായ വളരെയധികം സ്ഥലങ്ങളുമുണ്ടായിരുന്നു. പൊതുമേച്ചില്‍ സ്ഥലങ്ങളില്‍ കന്നുകാലികളെ തീറ്റുന്നതിനും പൊതു ഉടമയിലുള്ള കാട്ടുപ്രദേശങ്ങളില്‍ നിന്നും ആവശ്യാനുസരണം വിറകു ശേഖരിക്കുന്നതിനും ഉള്ള അവകാശം എല്ലാവരും തുല്യമായി അനുഭവിച്ചിരുന്നു.

ആംഗ്ലോ-സാക്സന്‍മാരുടെ സമൂഹത്തെ ഈയോള്‍സ്, സിയോള്‍സ്, തീയോസ് എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഭൂമി കൈവശമുള്ള സ്വതന്ത്രനായ മനുഷ്യനായിരുന്നു സമൂഹത്തിലെ പ്രധാനഘടകം. ആംഗ്ലോ-സാക്സന്‍മാരുടെ സാമൂഹിക വ്യവസ്ഥിതി തന്നെ ഇങ്ങനെയുള്ള ഒരു ജനതയെ ആശ്രയിച്ചാണ് സ്ഥിതിചെയ്തിരുന്നത്. ഇംഗ്ലണ്ടില്‍ ഫ്യൂഡല്‍ വ്യവസ്ഥിതിക്കു തുടക്കം കുറിച്ചത് ആംഗ്ലോ-സാക്സന്‍മാരായിരുന്നു. ചെയ്തസേവനത്തിനു പ്രതിഫലമായി രാജാവ് തന്റെ അനുയായികള്‍ക്കു ഭൂമി നല്കുന്ന പതിവ് അന്നുണ്ടായിരുന്നു. യുദ്ധത്തില്‍ പിടിച്ചെടുത്ത ഭൂമിയായിരുന്നു ഇപ്രകാരം വിതരണം ചെയ്യപ്പെട്ടിരുന്നത്. രാജാവും അദ്ദേഹത്തിന്റെ അനുയായികളും തമ്മിലുള്ള ബന്ധം അങ്ങനെ ഭൂമി കൈമാറുകയും വച്ചനുഭവിക്കുകയും ചെയ്യുന്ന രീതിയില്‍ക്കൂടി സ്ഥാപിക്കപ്പെട്ടു. ഭൂമി സ്വന്തമായി ഇല്ലാത്ത ആളുകള്‍ തങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി പ്രബലനായ ഏതെങ്കിലും പ്രഭുവിന്റെ മേധാവിത്വം അംഗീകരിക്കുകയും അദ്ദേഹത്തിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ചെയ്യുന്ന ഏര്‍പ്പാട് അന്നുണ്ടായിരുന്നു. അങ്ങനെ പ്രഭുവിന്റെ അനുയായി ആയിത്തീരുന്ന ഒരാള്‍ ആ പ്രഭുവിനുവേണ്ടി പടവെട്ടുകയും മറ്റു സേവനങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാന്‍ ബാധ്യസ്ഥനായിരുന്നു; തന്റെ അനുയായിയെ സംരക്ഷിക്കേണ്ടത് പ്രഭുവിന്റെ ചുമതലയും. ഇംഗ്ലണ്ടില്‍ നോര്‍മന്‍ രാജാക്കന്മാരുടെ ഭരണകാലത്ത് (1066-1254) രൂപംകൊണ്ട ഫ്യൂഡലിസത്തിന് ആംഗ്ലോ-സാക്സന്‍മാരുടെ സാമൂഹിക ഘടനയുമായി വളരെയേറെ സാമ്യമുണ്ട്.

ഭരണസംവിധാനം.

ഇംഗ്ലണ്ടില്‍ ഇന്നു നിലവിലുള്ളതും ലോകമൊട്ടുക്ക് പ്രശസ്തി ആര്‍ജിച്ചതുമായ ജനായത്ത ഭരണസമ്പ്രദായത്തിന് അടിസ്ഥാനമിട്ടതും ആംഗ്ലോ-സാക്സന്‍മാരായിരുന്നു. സ്വയംഭരണസ്ഥാപനങ്ങള്‍ ഇംഗ്ലണ്ടില്‍ ആദ്യം രൂപംകൊണ്ടത് ആംഗ്ലോ-സാക്സന്മാരുടെ കാലത്താണ്. നാടുവാഴിത്തം നിലനിന്ന ആ കാലഘട്ടത്തില്‍ പരമാധികാരം സ്വാഭാവികമായും രാജാവിലാണ് നിക്ഷിപ്തമായിരുന്നത്. പിതാവിന്റെ മരണാനന്തരം പിന്തുടര്‍ച്ചാവകാശം പുത്രനുതന്നെയായിരുന്നു. ഭരണകാര്യങ്ങളില്‍ രാജാവിനെ ഉപദേശിക്കാനും സഹായിക്കാനും വിറ്റനേജ് മൂട്ട് (Witenage Mot) എന്ന ഒരു സമിതിയുണ്ടായിരുന്നു. നിയമനിര്‍മാണം, യുദ്ധപ്രഖ്യാപനം, ഉടമ്പടിയുണ്ടാക്കാല്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ എടുക്കുന്ന ഏതു തീരുമാനത്തിനും ഈ സമിതിയുടെ അംഗീകാരം ആവശ്യമായിരുന്നു.

നീതിന്യായഭരണം.

ആംഗ്ലോ-സാക്സന്മാരുടെ നിയമസംഹിതകളുടെയും നീതിനിര്‍വഹണരീതികളുടെയും അടിസ്ഥാനപ്രമാണങ്ങള്‍ കെന്റിലെ ഏതല്‍ബെര്‍ട്ട് രാജാവില്‍നിന്നും വെസക്സിലെ അയിന്‍ രാജാവില്‍നിന്നും ലഭിച്ച രണ്ട് ധര്‍മശാസ്ത്രങ്ങളായിരുന്നു. ജര്‍മനിയില്‍ അവരുടെ പൂര്‍വികന്മാര്‍ അനുവര്‍ത്തിച്ചുപോന്ന ആചാരാനുഷ്ഠാനങ്ങളെയും ജീവിതരീതിയെയും ആസ്പദമാക്കി എഴുതിയുണ്ടാക്കപ്പെട്ട നിയമസംഹിതകളായിരുന്നു ഇവ.

കുറ്റവാളികള്‍ക്കു പലതരം ശിക്ഷകള്‍ നല്കിയിരുന്നു. സാധാരണഗതിയില്‍ കുറ്റവാളി പിഴയൊടുക്കാന്‍ ബാധ്യസ്ഥനാണ്. പിഴയൊടുക്കേണ്ട തുക കുറ്റത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചല്ല പ്രത്യുത കുറ്റകൃത്യത്തിന്റെ ഫലം അനുഭവിച്ച ആളിന്റെ നിലയും വിലയും അനുസരിച്ചാണ് നിര്‍ണയിക്കപ്പെടുന്നത്. കൊലപാതകക്കുറ്റത്തിനും പിഴയൊടുക്കിയാല്‍ മതിയായിരുന്നു. ഈ ഇനത്തില്‍ ഒടുക്കുന്ന പിഴയ്ക്ക് വെര്‍ഗില്‍ഡ് (Wergild) എന്നാണ് പറഞ്ഞുവന്നിരുന്നത്. കൊലപാതകി കൊലചെയ്യപ്പെട്ട ആളിന്റെ ബന്ധുക്കള്‍ക്കു കൊടുക്കേണ്ട തുകയാണിത്. കൊല ചെയ്യപ്പെട്ട ആളിനു സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനത്തിനനുയോജ്യമായി തുക കൂടുകയോ കുറയുകയോ ചെയ്യും. കഠിനകുറ്റങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്ന കുറ്റവാളികള്‍ക്കുള്ള ശിക്ഷ വേറൊരു രീതിയിലായിരുന്നു. പതിവായി നിയമം ലംഘിക്കുകയും കോടതികളെ ധിക്കരിക്കുകയും ചെയ്യുന്ന കുറ്റവാളിയെ നിയമഭ്രഷ്ടനാക്കി (out law) നിയമത്തിന്റെ സംരക്ഷണത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുകയും പരസ്യം മുഖേന അക്കാര്യം പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യുന്നതാണ്. ഇപ്രകാരം ഒഴിച്ചുനിറുത്തപ്പെടുന്ന ആളിനെ ഏതുവിധത്തില്‍ നശിപ്പിക്കുവാനും അയാളുടെ വസ്തുവകകള്‍ കൊള്ളയടിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. രഹസ്യമായി ഒരാളെ കൊലപ്പെടുത്തുക, ഗുരുതരമായ മോഷണങ്ങള്‍ നടത്തുക, രാജാവിനെതിരായി ദ്രോഹകൃത്യങ്ങളില്‍ ഏര്‍പ്പെടുക മുതലായ കുറ്റങ്ങള്‍ക്കു വധശിക്ഷ നല്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു.

പ്രതിരോധ സംവിധാനം.

ആംഗ്ലോ-സാക്സന്മാരുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. സ്ഥിരമായ ഒരു പട്ടാളം അവര്‍ക്ക് ഇല്ലായിരുന്നു. യുദ്ധം അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ രാജാക്കന്‍മാര്‍ ഫെര്‍ഡ് (fyrd) എന്നറിയപ്പെട്ടിരുന്ന ദേശീയസേനയെ ആശ്രയിച്ചുവന്നു. യുദ്ധമുറ അഭ്യസിച്ചിരുന്ന എല്ലാവരും ഈ സേനയില്‍​പ്പെട്ടവരാണ്. ദൈനംദിനകാര്യങ്ങളില്‍ വ്യാപൃതരായി കഴിയുന്ന ഒരു കൂട്ടം ആളുകള്‍ ശത്രുവിന്റെ ആക്രമണം ഉണ്ടാകുമ്പോള്‍ പടച്ചട്ടയണിഞ്ഞ് ആയുധങ്ങളുമേന്തി ഓള്‍ഡര്‍മെന്‍മാരുടെ കീഴില്‍ അണിനിരന്ന് രാജ്യത്തിനുവേണ്ടി പടപൊരുതുവാന്‍ പോകുമായിരുന്നു. അങ്ങനെ രാജാവിന്റെ അധീനതയില്‍ സ്ഥിരമായി ഒരു പട്ടാളം ഇല്ലാതിരിക്കുകയും രാജ്യരക്ഷയ്ക്കു പ്രജകളെ ആശ്രയിക്കുകയും ചെയ്യേണ്ടിവരുന്ന ഒരു വ്യവസ്ഥിതിയില്‍ സ്വേച്ഛാധിപത്യ പ്രവണതയ്ക്കുള്ള സാധ്യത കുറവായിരുന്നു.

(പ്രൊഫ. പി.ജി. എഡ്വിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍