This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലോ-ജപ്പാന്‍ സഖ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗ്ലോ-ജപ്പാന്‍ സഖ്യം

Anglo-Japanese Alliance

1902 ജനു. 30-ന് ഗ്രേറ്റ്ബ്രിട്ടനും ജപ്പാനും തമ്മില്‍ ഒപ്പുവച്ച സൗഹാര്‍ദസന്ധി. റഷ്യയുടെ ആക്രമണഭീഷണിയെയും പൂര്‍വേഷ്യയിലേക്കുള്ള അവരുടെ സ്വാധീനതാവ്യാപനത്തെയും തടയുന്നതിനാണ്, ഗ്രേറ്റ് ബ്രിട്ടനും ജപ്പാനും തമ്മില്‍ പരസ്പരസഹായത്തില്‍ അധിഷ്ഠിതമായ ഈ പ്രതിരോധസന്ധിയില്‍ ഒപ്പുവച്ചത്. ഗ്രേറ്റ്ബ്രിട്ടനു ചൈനയിലും, ജപ്പാന് കൊറിയയിലും ചൈനയിലും ഉണ്ടായിരുന്ന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരസ്പരസഹകരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ ഈ സന്ധിയില്‍ ഉള്‍​പ്പെടുത്തിയിരുന്നു. 1904-ല്‍ റഷ്യാ-ജപ്പാന്‍ യുദ്ധകാലത്ത് ഈ സന്ധി ജപ്പാനു വളരെ സഹായകരമായിത്തീര്‍ന്നു. 1905-ല്‍ ഈ സന്ധി നവീകരിച്ചു; ഇന്ത്യയുള്‍​പ്പെടെയുള്ള പൗരസ്ത്യരാജ്യങ്ങളെ ഈ സന്ധിയുടെ പരിധിയില്‍​പ്പെടുത്തുകയും കൊറിയയുടെമേലുള്ള ജപ്പാന്റെ ആധിപത്യം വ്യക്തമാക്കപ്പെടുകയും ചെയ്തു. 1910-ല്‍ കൊറിയയെ ജപ്പാന്റെ സാമ്രാജ്യവിഭാഗമാക്കിയതോടുകൂടി ആംഗ്ലോ-ജപ്പാന്‍സഖ്യം വീണ്ടും നവീകരിച്ചു (1911 ജൂല. 13); ഈ സഖ്യത്തിന്റെ കാലാവധി 10 വര്‍ഷമായി വ്യവസ്ഥ ചെയ്തിരുന്നു. സന്ധിയുടെ കാലാവധി അവസാനിപ്പിക്കുവാന്‍ ഗ്രേറ്റ് ബ്രിട്ടനോ ജപ്പാനോ ആവശ്യപ്പെടുന്നില്ലെങ്കില്‍ കാലാവധിക്കുശേഷവും സന്ധി നിലവിലിരിക്കുമെന്നും ഇതില്‍ വ്യവസ്ഥ ചെയ്യപ്പെട്ടു. ഈ സന്ധിവ്യവസ്ഥയനുസരിച്ച് ഒന്നാം ലോകയുദ്ധത്തില്‍ ജപ്പാന്‍ പങ്കെടുത്തു (1914 ആഗ. 23); വേഴ്സായ് സമാധാനസന്ധി, ലീഗ് ഒഫ് നേഷന്‍സിന്റെ രൂപീകരണത്തിനു വഴിതെളിച്ചതോടെ, ആംഗ്ലോ-ജപ്പാന്‍ സഖ്യത്തിന്റെ പ്രസക്തിയെപ്പറ്റി സന്ദേഹങ്ങള്‍ ഉയര്‍ന്നു. യു.എസ്സിലും ചൈനയിലും ഈ സന്ധി പല വിമര്‍ശനങ്ങള്‍ക്കും കാരണമായി. 1921 ഡി-ല്‍ വാഷിങ്ടണ്‍ കോണ്‍ഫറന്‍സ്, ഒരു ചതുര്‍ശക്തിസന്ധി (Four Power Pacific Treaty) ഒപ്പുവയ്ക്കുന്നതിനു തീരുമാനിച്ചു. ഈ സന്ധിയില്‍ യു.എസ്., ഗ്രേറ്റ് ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ നാലു രാഷ്ട്രങ്ങള്‍ ഒപ്പുവച്ചതോടെ, ആംഗ്ലോ-ജപ്പാന്‍ സന്ധി നിലവിലില്ലാതായി. 21 വര്‍ഷം വിദൂരപൗരസ്ത്യദേശത്ത് ഈ സൗഹാര്‍ദസന്ധി വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍