This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹ് ലുസ്സുന്നഃ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹ്ലുസ്സുന്നഃ

ഇസ്ലാമിലെ 'സുന്നി'കള്‍ എന്നറിയപ്പെടുന്ന വിഭാഗം. അഹ്ലുസ്സുന്നതി വല്‍ജമാഅഃ എന്നാണിതിന്റെ പൂര്‍ണമായ പേര്. 'അഹ്ല്' എന്നാല്‍ ബന്ധപ്പെട്ടവര്‍ എന്നും 'സുന്നത്' എന്നാല്‍ പ്രവാചകചര്യ എന്നും 'ജമാഅഃ' എന്നാല്‍ സംഘടന എന്നുമാണര്‍ഥം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തെയും ചര്യയെയും ചോദ്യം ചെയ്യാതെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ അനുചരന്മാരുടെ (സ്വഹാബികള്‍) നയനിലപാടുകളെ പിന്തുടരുകയും ചെയ്യുന്നവര്‍ എന്നാണ് ഈ പ്രയോഗംകൊണ്ട് വിവക്ഷിക്കുന്നത്.

ഇസ്ലാമിലെ മൂന്നാം ഖലീഫ ഉസ്മാന്‍ബ്നു അഫാന്‍ വധിക്കപ്പെടുന്നതോടെയാണ് മുസ്ലിം സമൂഹത്തില്‍ ഖവാരിജുകള്‍, ശിയാക്കള്‍, ഖാദരികള്‍ തുടങ്ങിയ അവാന്തര വിഭാഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. രാഷ്ട്രീയമായ അഭിപ്രായഭിന്നതകളായിരുന്നു ഇത്തരമൊരു വേര്‍തിരിവിന് കാരണമെങ്കിലും പിന്നീട് ഇവര്‍ക്കെല്ലാം ഇവരുടേതായ വിശ്വാസപ്രമാണങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെട്ടു. അതോടെ ഓരോ കക്ഷിയും ഒരു വിഷയത്തിലല്ലെങ്കില്‍ മറ്റൊരു വിഷയത്തില്‍ പ്രവാചകചര്യയില്‍ നിന്നും മുസ്ലിം സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും വ്യതിചലിച്ചു. ഈ സാഹചര്യത്തില്‍ അത്തരം വ്യതിചലനങ്ങളില്‍ നിന്നെല്ലാം മുക്തവും നബിചര്യയും അദ്ദേഹത്തിന്റെ അനുചരന്‍മാരുടെ പാരമ്പര്യവും മുറുകെ പിടിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഭൂരിപക്ഷം മുസ്ലിങ്ങള്‍ അഹ്ലുസ്സുന്നതി വല്‍ജമാഅഃ എന്നറിയപ്പെട്ടു. ഇവര്‍ ഏതെങ്കിലുമൊരു നേതൃത്വത്തിന്റെ കീഴിലുള്ള സംഘടിത പ്രസ്ഥാനമല്ല.

പതിനൊന്നാം ശ.-ത്തില്‍ അബ്ബാസി ഖലീഫ മുതവക്കിലിന്റെ ഭരണകാലത്ത് അബുല്‍ ഹസനില്‍ അശ്അരിയുടെ ദൈവശാസ്ത്ര ചിന്താസരണി രൂപമെടുത്തതിന് ശേഷമാണ് ഈ സംജ്ഞ ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ഇസ്ലാമിക സമൂഹത്തെ ഭിന്നിപ്പില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനുളള ശ്രമമെന്ന നിലയ്ക്കാണ് ഈ പ്രയോഗത്തിന് അക്കാലത്തെ മുസ്ലിം പരിഷ്കര്‍ത്താക്കള്‍ പ്രചാരം നല്‍കിയത്.

അഹ് ലുസ്സുന്നതി വല്‍ജമാഅഃത്തില്‍ നിരവധി അവാന്തര വിഭാഗങ്ങള്‍ ഉണ്ട്. ഒരുപക്ഷെ, ഈ അവാന്തര വിഭാഗങ്ങളാണ് മുഖ്യധാരാ മുസ്ലിം സമൂഹത്തില്‍ കൂടുതലായി പ്രചാരം നേടിയിട്ടുള്ളത്. ശാഫിഇകള്‍, ഹനഫീകള്‍, മാലികികള്‍, ഹന്‍ബലികള്‍, അശ്അരികള്‍, അഹ്ലു ഹദീസ്, മാതുരിദികള്‍ തുടങ്ങിയവയെല്ലാം ഇത്തരം അവാന്തര വിഭാഗങ്ങളില്‍പ്പെടുന്നു. ഇവര്‍ക്ക് ഇസ്ലാമിന്റെ കര്‍മശാസ്ത്രവിഷയങ്ങളിലും മറ്റും അഭിപ്രായാന്തരമുങ്കിണ്ടെലും അടിസ്ഥാന വിശ്വാസപ്രമാണങ്ങളില്‍ പൊതുവേ ഏകകണ്ഠമായ അഭിപ്രായമാണുള്ളത്.

അബൂഹനീഫ, മാലിക്, ശാഫിഈ, അഹമ്മദ്, അശ്അരി, മാതുരിദി തുടങ്ങിയവര്‍ അഹ്ലുസ്സുന്നയിലെ ആദ്യകാല പണ്ഡിതന്‍മാരാണ്. അബൂഹനീഫയുടെ അല്‍-ഫിഖ്ഹുല്‍ അക്ബര്‍, അശ്അരിയുടെ അല്‍-ഇബാന, ത്വഹാവിയുടെ അല്‍-അഖീദത്തുല്‍ ത്വഹാവിയ്യ, നസഫിയുടെ അല്‍-അഖാഇദുല്‍ നസഫീയ്യ, അബ്ദുല്‍ ഖാദിരില്‍ ജീലാനിയുടെ ഗുന്‍യതുത്ത്വാലിബീന്‍, ഇബനുതൈമിയ്യയുടെ മിന്‍ഹാജുസുന്നതിന്നബവിയ്യ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അഹ് ലുസുന്നഃയുടെ വിശ്വാസപ്രമാണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ട്. അശ്അരിയുടെ മാഖാലാതുല്‍ ഇസ്ലാമിയ്യീന്‍, ബാഗ്ദാദിയുടെ അല്‍-ഫര്‍ഖു ബൈനല്‍ഫിറഖ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അഹ് ലുസ്സുന്നഃയുടെയും ഇതര പ്രസ്ഥാനങ്ങളുടെയും ആശയങ്ങളെയും പ്രമാണങ്ങളെയും കുറിച്ചുള്ള താരതമ്യപഠനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍