This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹികാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹികാര്‍

Ahikar

അസീറിയന്‍ രാജാവായിരുന്ന സെന്നാചെറിബിന്റെ മന്ത്രി. ബുദ്ധിമാനും ധര്‍മിഷ്ഠനും ആയിരുന്ന ഇദ്ദേഹത്തെക്കുറിച്ചുളള കഥകള്‍ക്ക് വിശ്വസാഹിത്യത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. അഹികാറിന്റെ ബുദ്ധിസാമര്‍ഥ്യത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളുടെ ഒരു സമാഹാരം തന്നെയുണ്ട്. ബി.സി. 5-ാം ശ.-ത്തില്‍ത്തന്നെ ഈ കഥകള്‍ അരാമിക ഭാഷയില്‍ ക്രോഡീകരിക്കപ്പെട്ടു തുടങ്ങിയതായി പറയപ്പെടുന്നു. യഹൂദസാഹിത്യത്തിലും ഇതേക്കുറിച്ചു പരാമര്‍ശമുണ്ട്. തോബിയാസിന്റെയും ദാനിയലിന്റെയും കഥകള്‍ രചിച്ച എഴുത്തുകാരന് ഇവയും സുപരിചിതമായിരുന്നുവെന്നാണു കരുതപ്പെടുന്നത്. ബൈബിള്‍ പുതിയ നിയമത്തിലും ഖുര്‍ആനിലും അഹികാര്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്; ആയിരത്തൊന്നു രാവുകളിലും ഇവയില്‍ ചിലത് പ്രത്യക്ഷപ്പെടുന്നു. പുരാതനവും ആധുനികവും ആയ നിരവധി കഥകളില്‍ ഇദ്ദേഹം കഥാപാത്രമാണ്.

അഹികാറിന് 60-ാം വയസ്സില്‍ 60 സ്ഥലങ്ങളിലായി 60 ഭാര്യമാരുണ്ടായിരുന്നുവത്രെ. എന്നാല്‍ ഇവരിലാരിലും ഇദ്ദേഹത്തിനു സന്താനങ്ങള്‍ ഉണ്ടായില്ല. സന്താനലബ്ധിക്കായി ഈശ്വരന്‍മാരോടു പ്രാര്‍ഥിച്ചുവെങ്കിലും അവ വിഫലമായതേയുള്ളു. തന്റെ അനന്തരവനായ നാദാമിനെ സ്വീകരിക്കുവാന്‍ ദൈവം നിര്‍ദേശിച്ചതനുസരിച്ച് അഹികാര്‍ അപ്രകാരം ചെയ്തുവെന്നാണ് കഥ. നാദാമിന്റെ വളര്‍ച്ചയില്‍ അഹികാര്‍ വളരെയധികം ശ്രദ്ധ പതിപ്പിച്ചു. എന്നാല്‍ അഹികാറിന്റെ പ്രതീക്ഷകള്‍ക്കു കടകവിരുദ്ധമായിട്ടായിരുന്നു നാദാമിന്റെ വളര്‍ച്ച. അഹികാറിന്റെ സ്വത്തുക്കള്‍ അനന്തരവന്‍ ധൂര്‍ത്തടിച്ചു നശിപ്പിച്ചു. പല കുറ്റകൃത്യങ്ങളും നാദാം നടത്തി. ഇതേക്കുറിച്ചു ചോദ്യംചെയ്ത അഹികാറിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ നാതാം പരിശ്രമിച്ചു. അഹികാറിനെ ഒരു വഞ്ചകനായി അയാള്‍ രാജാവിന്റെ മുന്‍പില്‍ ചിത്രീകരിച്ചു. രാജാവ് നാദാമിന്റെ വാക്കുകള്‍ വിശ്വസിച്ച് അഹികാറിനെ വധിക്കുവാന്‍ ആജ്ഞാപിച്ചു. അഹികാറും ഭാര്യയും ആരാച്ചാരുടെ ദയാദാക്ഷിണ്യത്തിന് അപേക്ഷിക്കുകയും ആരാച്ചാര്‍ അദ്ദേഹത്തെ രഹസ്യമായി മോചിപ്പിക്കുകയും ചെയ്തു. അഹികാറിന്റെ മരണവാര്‍ത്ത സെന്നാചെറിബിന്റെ ശത്രുവായിരുന്ന ഈജിപ്തിലെ ഫറോവയുടെ ചെവികളിലെത്തി. അതിബുദ്ധിമാനായിരുന്ന അഹികാറിന്റെ അഭാവം മനസ്സിലാക്കി ഫറോവ സെന്നാചെറിബിനെ സമീപിച്ച് സ്വര്‍ഗത്തിനും ഭൂമിക്കും ഇടയ്ക്ക് ഒരു കൊട്ടാരം തനിക്കു പണിതുതരണമെന്നാവശ്യപ്പെട്ടു. ഈ ആവശ്യം നിറവേറ്റാത്ത പക്ഷം സെന്നാചെറിബ് തന്റെ സാമ്രാജ്യത്തിന്റെ മൂന്നു വര്‍ഷത്തെ വരുമാനം ഫറോവയ്ക്കും അല്ലാത്തപക്ഷം ഫറോവ തന്റെ രാജ്യത്തിന്റെ മുതലെടുപ്പ് സെന്നചെറിബിനും നല്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ നാദാം ഉള്‍പ്പെടെ ആര്‍ക്കും ഫറോവയുടെ ഈ ആവശ്യം നിറവേറ്റാന്‍ കഴിഞ്ഞില്ല. അഹികാര്‍ നഷ്ടപ്പെട്ടതില്‍ സെന്നാചെറിബ് അതിയായി ദുഃഖിച്ചു. അഹികാര്‍ മരിച്ചിട്ടില്ലെന്ന വിവരം ആരാച്ചാര്‍ രാജാവിനെ അറിയിച്ചു. രാജാവ് സന്തുഷ്ടനായി; അഹികാറിനെ വരുത്തി ഈജിപ്തിലേക്കയച്ചു. അദ്ദേഹം എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതിന്റെ ഫലമായി ഫറോവയ്ക്ക് സെന്നാചെറിബിന് മുന്‍വ്യവസ്ഥയനുസരിച്ച് തന്റെ രാജ്യത്തിന്റെ മൂന്നുവര്‍ഷത്തെ വരുമാനം നല്കേണ്ടതായും വന്നു. അഹികാര്‍ പഴയ സ്ഥാനത്തു നിയമിക്കപ്പെട്ടു. മാത്രമല്ല, നാദാമിനെ നിരുപാധികം അദ്ദേഹത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. നാദാമിന്റെ ദുഷ്പ്രവൃത്തികളെ അഹികാര്‍ കഠിനമായി വിമര്‍ശിക്കുകയും നാദാം ആരോപണങ്ങള്‍ താങ്ങാനാവാതെ സ്വയം വീര്‍ത്തു പൊട്ടി മരണമടയുകയും ചെയ്തു എന്നാണ് ഐതിഹ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍