This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹിംസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹിംസ

ജീവജാലങ്ങളെ ഹിംസിക്കാതിരിക്കല്‍. ഈ സിദ്ധാന്തത്തെപ്പറ്റി ഇന്ത്യയില്‍ ഛാന്ദോഗ്യോപനിഷത്തിലാണ് ആദ്യമായി പരാമര്‍ശം കാണുന്നത്. എന്നാല്‍ ബുദ്ധമതമാണ് അഹിംസാ സിദ്ധാന്തത്തെ ഒരു നൈതിക മൂല്യം എന്ന നിലയില്‍ ലോകം മുഴുവന്‍ പ്രചരിപ്പിച്ചത്. ശ്രീബുദ്ധന്‍ ഉപദേശിച്ച പഞ്ചശീലതത്ത്വങ്ങളില്‍ പ്രഥമസ്ഥാനമാണ് അഹിംസക്കുള്ളത്. അഞ്ചു നൈതികമൂല്യങ്ങളില്‍ ഒന്നായി ഇതിനെ ബി.സി. 7-ാം ശ. മുതല്‍ തന്നെ പരിഗണിച്ചുവന്നിട്ടുണ്ട്. മിക്കവാറും ഈ കാലഘട്ടത്തില്‍ തന്നെ ജൈനര്‍ നിരുപദ്രവസിദ്ധാന്തം ആവിഷ്കരിച്ചതായി കാണുന്നു (ആചാരാംഗസുത്ത 1:4-2). ജൈനസന്ന്യാസിമാരുടെ അഞ്ചു ശപഥങ്ങളില്‍ ഒന്നാണ് അഹിംസ.

ഹിംസ ചെയ്യാതിരിക്കല്‍ എന്നാണ് അഹിംസ എന്ന പദത്തിന്റെ അര്‍ഥം. ഒരു ജീവിയെ കൊല്ലുന്നതുമാത്രമല്ല 'ഹിംസ'; ഏതെങ്കിലും പ്രകാരത്തില്‍ അതിനെ ദ്രോഹിക്കുന്നതും വേദനപ്പെടുത്തുന്നതും (ഇതു ശാരീരികമോ മാനസികമോ ആകാം) ഹിംസയാണ്. യഥാര്‍ഥത്തില്‍ അഹിംസയുടെ തത്ത്വം ധര്‍മത്തിന്റെ തത്ത്വംപോലെ നിഷ്കൃഷ്ടമായ ഒരു വ്യാഖ്യാനത്തിനു വിധേയമല്ല. ധര്‍മാധര്‍മങ്ങള്‍ പരസ്പരം ആപേക്ഷികങ്ങളാകുന്നതുപോലെ ഹിംസയും അഹിംസയും പരസ്പരം ആപേക്ഷികങ്ങളാണ്. പ്രത്യക്ഷത്തില്‍ ഹിംസയായി തോന്നുന്നത് യഥാര്‍ഥത്തില്‍ അഹിംസയായും പ്രത്യക്ഷത്തില്‍ അഹിംസയായി ധരിക്കപ്പെടുന്നത് വാസ്തവത്തില്‍ ഹിംസയായും തീരാന്‍ ഇടയുണ്ട്. രജസ്തമഃ പ്രേരിതമായ ഹിംസ ഹിംസയായും സത്വഗുണപ്രേരിതമായ ഹിംസ അഹിംസയായും കലാശിക്കുന്നു. ഹിംസയുടെയും അഹിംസയുടെയും അതിര്‍വരമ്പു നിശ്ചയിക്കേണ്ടത് ആ കര്‍മം ചെയ്യുന്നവന്റെ മാനസികമായ അവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും. ഒരു ജീവിയുടെ നന്‍മയ്ക്കുവേണ്ടി ചിലപ്പോള്‍ അതിനെ വേദനപ്പെടുത്തേണ്ടിവരും. കഠിനരോഗം ബാധിച്ചിരിക്കുന്ന ഒരാള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിവന്നേക്കാം. കത്തികൊണ്ടു കീറുന്നതു ഹിംസയാണെങ്കിലും രോഗിയെ സുഖപ്പെടുത്താനായി ചെയ്യുന്ന ശസ്ത്രക്രിയ ഹിംസയാണെന്നു പറഞ്ഞുകൂടാ. ശസ്ത്രക്രിയ ആവശ്യമായിരിക്കെ അതു ചെയ്യാതിരിക്കുന്നത് രോഗിയുടെ ജീവനെ അപകടപ്പെടുത്തുകയാണ്. മറ്റൊരു പ്രകാരത്തില്‍ പറയുന്നതായാല്‍ അത് ഹിംസയ്ക്ക് വഴിവയ്ക്കുകയാണ്. ഈ വക സന്ദര്‍ഭങ്ങളില്‍ വേദനപ്പെടുത്തുവാന്‍ ഒരുങ്ങാതിരിക്കുന്നത് അഹിംസയായി കണക്കാക്കിക്കൂടാ.

അഹിംസയുടെ അടിസ്ഥാനം അങ്ങേയറ്റത്തെ നിസ്സ്വാര്‍ഥത-നമ്മുടെ സുഖസൗകര്യങ്ങളെയോ ശരീരരക്ഷയെയോ പരിഗണിക്കാതെ പ്രവര്‍ത്തിക്കുന്നതിനുളള സന്നദ്ധത - ആണ്. ഋഷികള്‍ക്കോ സന്ന്യാസിമാര്‍ക്കോ മാത്രം സ്വീകരിക്കുവാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് അഹിംസ എന്ന ധാരണ ശരിയല്ല. അഹിംസ സാധാരണക്കാരനും സ്വീകരിക്കാവുന്ന ഒരു ലക്ഷ്യമാണ്. മനുഷ്യവര്‍ഗത്തിന്റെ സംസ്കാരത്തിന് യോജിച്ച മാര്‍ഗമാണ് ഇത്.

അഹിംസ പാലിക്കുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും ദുരിതാനുഭവങ്ങള്‍ സ്വയം ക്ഷണിച്ചുവരുത്തുക ആയിരിക്കും. ഒരു വ്രതമായി അഹിംസ സ്വീകരിച്ചിട്ടുള്ള ഒരാള്‍ക്ക് വല്ലവരും തന്നെ ദ്രോഹിച്ചാല്‍കൂടി അവരോടു വെറുപ്പോ ദ്വേഷമോ തോന്നുകയില്ല. തന്നെ ദ്രോഹിച്ചവര്‍ക്ക് നല്ലതുവരുവാനേ അയാള്‍ ആഗ്രഹിക്കുകയുള്ളു. ദ്രോഹം ചെയ്ത ആളോടു പകരം വീട്ടുവാന്‍ അയാള്‍ തുനിയുകയില്ല. ശത്രുവിനെപ്പോലും സ്നേഹിക്കണമെന്നുള്ള യേശുദേവന്റെ ഉപദേശത്തില്‍ അഹിംസയുടെ പാരമ്യം ദൃശ്യമാകുന്നു.

സ്വാര്‍ഥരാഹിത്യം. അഹിംസ പരിശുദ്ധ സ്നേഹത്തിന്റെ പര്യായമായി കരുതാം. സര്‍വസദാചാരമൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പൂര്‍ണാവസ്ഥയായി അഹിംസയെ ഗണിക്കാം. യുദ്ധമില്ലാത്തതും അക്രമരഹിതവുമായ ഒരു സ്ഥിതിയെപ്പറ്റിയുളള വിഭാവനതന്നെ അഹിംസയുടെ മാഹാത്മ്യം ഉദ്ഘോഷിക്കയാകുന്നു. നിസ്സ്വാര്‍ഥതയുടെ പരമകാഷ്ഠയാണ് അഹിംസയില്‍ കാണുന്നത്. സുഖസൌകര്യങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യന് പരിപൂര്‍ണ നിസ്സ്വാര്‍ഥത കൈവരിക്കുക സാധ്യമല്ല. യാതൊരു പ്രകാരത്തിലും തന്നെ ഭയപ്പെടേണ്ടതില്ല എന്ന വിശ്വാസം മറ്റു ജീവജന്തുക്കളില്‍ ഉണ്ടാകണമെങ്കില്‍ മനുഷ്യന്‍ തികഞ്ഞ അഹിംസാവ്രതക്കാരനായിരിക്കണം. യാതൊരു ദ്രോഹവിചാരവും തന്റെ മനസ്സിനെ തീണ്ടുവാന്‍ അനുവദിക്കാതെ വളരെ ദിവസം വനപ്രദേശത്തു കഴിച്ചുകൂട്ടിയ അമേരിക്കയിലെ ഹെന്‍റി ഡേവിഡ് തോറോവിന്റെ കഥ ഇതിന് ഉദാഹരണമാണ്. കാട്ടില്‍ വീണുകിടക്കുന്ന വല്ല മരത്തടിയിന്‍മേലുമായിരിക്കും തോറോ രാത്രി കിടന്നുറങ്ങുക. പാമ്പുകളും മൃഗങ്ങളും പലപ്പോഴും അദ്ദേഹത്തിന്റെ അരികത്തു വന്നുകിടക്കും. ചിലപ്പോള്‍ മേല്‍ക്കയറി കളിക്കുകയും ചെയ്യും. തങ്ങള്‍ക്ക് യാതൊരു ദ്രോഹവും ആ മനുഷ്യനില്‍നിന്നും ഉണ്ടാവില്ല എന്ന ബോധമാണ് അവയെ അതിന് പ്രേരിപ്പിക്കുന്നത്. തോറോവിന്റെ മനസ്സിന്റെ സ്ഥിതി ജന്തുക്കള്‍ക്ക് അവയുടെ വാസനാശക്തികൊണ്ട് അറിയുന്നതിന് സാധിച്ചിരുന്നു. ശരിയായ അഹിംസകൊണ്ടു മാത്രമേ അത്തരം വിചാരം മറ്റു ജീവികളില്‍ ഉണ്ടാക്കുന്നതിനു സാധിക്കുകയുള്ളു.

സത്യവും അഹിംസയും. മോഷണം നടത്തുന്നവന്‍ ശിക്ഷിക്കപ്പെടുന്നു. അങ്ങനെ ശിക്ഷിക്കപ്പെടുന്നതുകൊണ്ട് മേലില്‍ അവന്‍ മോഷണത്തില്‍നിന്നു പിന്‍വാങ്ങുമെന്നാണ് സാധാരണ ധാരണ. പക്ഷേ, ശിക്ഷ കൊണ്ടു മോഷണത്തിനുളള ആഗ്രഹം അവനില്‍ ഇല്ലാതാകണമെന്നില്ല. വേറൊരു പ്രകാരത്തില്‍ മോഷണം നടത്തുന്നതിന് അവന്‍ പുതിയ മാര്‍ഗം കണ്ടുപിടിച്ചേക്കാം. ശിക്ഷകൊണ്ട് ഉദ്ദേശിച്ചത്ര പ്രയോജനമില്ലെന്നാണ് അതു തെളിയിക്കുന്നത്. ശിക്ഷിക്കുന്നതിനെക്കാള്‍ നല്ലത് ആ കള്ളന്റെ മനസ്സില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തന്റെ പ്രവൃത്തികൊണ്ടു സമുദായത്തിനുണ്ടാകാനിടയുള്ള ദോഷത്തെ ഹൃദയത്തില്‍ തട്ടത്തക്കവണ്ണം വിവരിച്ചുകൊടുക്കുമ്പോള്‍ ഒരു പക്ഷേ അയാളിലുള്ള സദാചാരബോധം ഉണര്‍ന്നേക്കാം. അയാള്‍ പശ്ചാത്തപിച്ചേക്കാം. ഏതായാലും ശിക്ഷയെക്കാള്‍ ഈ മാര്‍ഗം നല്ല ഫലം ഉണ്ടാക്കുമെന്നാണു കരുതേണ്ടത്. വെറുപ്പും വിരോധവും അയാളോട് ഭാവിക്കുകയല്ല, ദയയും അനുതാപവും പ്രകടമാക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ അത് അഹിംസാമാര്‍ഗം സ്വീകരിക്കുക ആയിരിക്കും. സര്‍വോദയനേതാക്കളായ വിനോബാജി, ജയപ്രകാശ് നാരായണന്‍ എന്നിവരുടെ അഹിംസാപരമായ സമീപനവും സദുപദേശവുംകൊണ്ടു ചമ്പല്‍കാടുകളിലെ കൊള്ളക്കാര്‍ തങ്ങളുടെ ആയുധങ്ങള്‍ അടിയറവച്ച് ദുഷ്കൃത്യങ്ങളില്‍നിന്നു പിന്തിരിഞ്ഞ ചരിത്രസംഭവം ഇതിനൊരു ദൃഷ്ടാന്തമത്രെ.

അഹിംസയെ അപ്രായോഗികമായ വെറും ഒരു സിദ്ധാന്തമായി ചിലര്‍ ചിത്രീകരിക്കാറുണ്ട്. ഇതു ശരിയല്ല. ഒരു ജീവിയെയും ഉപദ്രവിക്കാതിരിക്കുന്നത് അഹിംസയുടെ ഒരു ഭാഗമാണ്. എന്നാല്‍ താരതമ്യേന അപ്രധാനമായ ഭാഗം മാത്രമാണ് അത്. ദുര്‍വിചാരം മനസ്സില്‍ ഉണ്ടാകുമ്പോഴും കളവു പറയുമ്പോഴും ആരോടെങ്കിലും വെറുപ്പു തോന്നുമ്പോഴും ആര്‍ക്കെങ്കിലും ദോഷം വരട്ടെ എന്ന് വിചാരിക്കുമ്പോഴും അഹിംസാവ്രതത്തിന് ക്ഷതം തട്ടുന്നു. ലൗകിക സുഖങ്ങള്‍ക്കായുള്ള അടങ്ങാത്ത ആഗ്രഹം അഹിംസയോടുള്ള മമത ഇല്ലാതാക്കും. അഹിംസയില്‍ നിഷ്ഠയില്ലാത്തവന് പരമസത്യം കണ്ടുപിടിക്കുക പ്രയാസമായിരിക്കും. അഹിംസയേയും സത്യത്തെയും വേര്‍തിരിച്ചു നിര്‍ത്തുക സാധ്യമല്ല. അവ തമ്മിലുള്ള ബന്ധം അത്രമേല്‍ അടുത്തതാണ്. ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് സത്യവും അഹിംസയും. ഏതാണ് അകം ഏതാണ് പുറം എന്നു പറയുക വയ്യ. സത്യമാണ് ലക്ഷ്യം. അഹിംസ അതിനുള്ള മാര്‍ഗവും. ഒരാള്‍ സ്വീകരിക്കുന്നത് ശരിയായ മാര്‍ഗമാകണമെങ്കില്‍ അതു പ്രായോഗികമാക്കുവാന്‍ കഴിയുന്നതായിരിക്കണം. മാര്‍ഗം തിരഞ്ഞെടുക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചാല്‍ വേഗത്തിലോ അല്ലെങ്കില്‍ അല്പം വൈകിയോ ലക്ഷ്യത്തില്‍ എത്തുന്നതിനു കഴിയും. ഈ വസ്തുത വേണ്ടപോലെ മനസ്സിലാക്കിയാല്‍ അവസാനം വിജയം കൈവരാതിരിക്കില്ല.

രാഷ്ട്രീയത്തില്‍. അഹിംസയെപ്പറ്റി പറയുമ്പോള്‍ മഹാത്മാഗാന്ധിയുടെ മഹത്തായ സംഭാവനയെപ്പറ്റി ഓര്‍ക്കാതിരിക്കുവാന്‍ തരമില്ല. വെറും ഒരു സദാചാരം എന്ന നിലയില്‍നിന്നു സ്വാതന്ത്ര്യസമരത്തിനുള്ള ആയുധമായി അഹിംസയെ ഉപയോഗപ്പെടുത്തിയത് അദ്ദേഹത്തിന്റെ വലിയൊരു നേട്ടമാണ്. അഹിംസാമാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം നേടിയതിനുള്ള ഉത്തമോദാഹരണമാണ് ഇന്ത്യയുടെ സ്വതാന്ത്ര്യസമരം. തിന്‍മയെ എതിര്‍ക്കാതിരിക്കുക എന്നതില്‍നിന്ന് നന്‍മയ്ക്കുവേണ്ടി പരിശ്രമിക്കുക എന്നതിലേക്കുളള ഒരു ഊന്നലാണ് ഗാന്ധി കാണിച്ച അഹിംസാമാര്‍ഗം. ഇന്ത്യ വിദേശാധിപത്യം അകറ്റിയത് ഒരു വലിയ ചരിത്രസംഭവമാണെങ്കില്‍ അഹിംസാമാര്‍ഗം സ്വീകരിച്ചാണ് അതു സാധിച്ചത് എന്ന വസ്തുത അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വിദേശിയര്‍ അത്യധികം താത്പര്യം പ്രകടമാക്കിയതിനുള്ള കാരണവും അതുതന്നെയാണ്. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേല, ഡെസ്മണ്ട് ടുട്ടു, അമേരിക്കന്‍ ഐക്യനാടുകളിലെ ആഫ്രോ-അമേരിക്കക്കാരുടെ പൌരാവകാ‍‍‍ശങ്ങള്‍ക്കുവേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍കിങ് തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ അഹിംസയില്‍ അടിയുറച്ചുള്ളതായിരുന്നു.

(കെ.പി. കേശവമേനോന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B9%E0%B4%BF%E0%B4%82%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍