This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹല്യാബായി (1735 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹല്യാബായി (1735 - 95)

മഹാരാഷ്ട്ര രാജ്ഞി. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ വംശത്തിന്റെ സ്ഥാപകനായ മല്‍ഹര്‍റാവു ഹോള്‍ക്കറിന്റെ മരണശേഷം 1766-ല്‍ അദ്ദേഹത്തിന്റെ പൗത്രനായ മല്ലീറാവു ഭരണാധികാരം കൈയേറ്റു. ഒന്‍പതുമാസത്തിനുശേഷം അദ്ദേഹവും അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പത്നിയായ അഹല്യാബായി അധികാരത്തില്‍ വന്നു. ദിവാനായ ഗംഗാധര്‍യശ്വന്ത് ഒരു ദത്തുപുത്രനെ സിംഹാസനത്തിലിരുത്തി ഭരണം കൈയേല്ക്കുവാന്‍ അവരെ ഉപദേശിച്ചുവെങ്കിലും അത്തരം നടപടി അരാജകത്വം സൃഷ്ടിക്കുമെന്നു മനസ്സിലാക്കിക്കൊണ്ട് അഹല്യാബായി അത് സ്വീകരിച്ചില്ല. തുടര്‍ന്നുണ്ടായ ആഭ്യന്തരകലഹത്തില്‍ പ്രജകളും തുക്കോജി ഹോള്‍ക്കറുടെ നേതൃത്വത്തിലുള്ള സൈന്യവും അഹല്യാബായിയെ സഹായിക്കുകയും ദിവാനെ ഒറ്റപ്പെടുത്തുകയും ചെയ്തു.

അഹല്യബായി

ഒരു ഭരണതന്ത്രജ്ഞയെന്ന പേരില്‍ ഖ്യാതിനേടിയ അഹല്യാബായി രാജ്യത്തിന്റെ റവന്യു വര്‍ധിപ്പിക്കുകയും ചെലവുചുരുക്കുകയും ചെയ്തുകൊണ്ട് വെറും ഗ്രാമപ്രദേശമായിരുന്ന ഇന്‍ഡോറിനെ സമ്പന്നമായ ഒരു പട്ടണമാക്കിത്തീര്‍ത്തു. വിന്ധ്യാപര്‍വതപ്രദേശങ്ങളെ അധിവസിച്ചിരുന്ന ഭീലന്മാരെയും ഗോണ്ടുകളെയും ഇവര്‍ അമര്‍ച്ചചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോട്ടകള്‍ നിര്‍മിക്കുകയും പ്രത്യേകം സേനയെ നിലനിര്‍ത്തുകയും ചെയ്തു. നീതിന്യായനിര്‍വഹണത്തില്‍ ശ്രദ്ധപതിപ്പിച്ചു. ഇവര്‍ രാജദര്‍ബാറില്‍ നേരിട്ട് ഹാജരായിരുന്നു. ധാരാളം ക്ഷേത്രങ്ങളും ധര്‍മശാലകളും പണികഴിപ്പിച്ചു. കാശി, ദ്വാരക, കേദാരനാഥം തുടങ്ങിയ പല ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും അവര്‍ വന്‍പിച്ച തുക ദാനം ചെയ്തു. ആര്‍ഭാട പൂര്‍ണമായ രാജദര്‍ബാര്‍ നിലനിര്‍ത്തിയെങ്കിലും ലളിതമായ ജീവിതമായിരുന്നു ഇവര്‍ നയിച്ചിരുന്നത്. കല, സാഹിത്യം ആദിയായവയെ പ്രോത്സാഹിപ്പിച്ചു.

1767-ല്‍ ഇന്‍ഡോര്‍ ഡിവിഷനിലെ മഹേശ്വര്‍ തന്റെ ആസ്ഥാനമാക്കി. രാജ്യത്തിനു സമാധാനവും ഐശ്വര്യവും നേടിക്കൊടുത്തുകൊണ്ട് 28 വര്‍ഷത്തെ ഭരണത്തിനുശേഷം 1795 ആഗ. 13-ന് അഹല്യാബായി അന്തരിച്ചു.

(കെ.കെ.എന്‍. കുറുപ്പ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍