This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹത്തള്ള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹത്തള്ള

17-ാം ശ.-ത്തിന്റെ മധ്യഘട്ടത്തില്‍ കേരള ക്രൈസ്തവരുടെ മേലധ്യക്ഷനായിരുന്ന ആര്‍ച്ച് ഡീക്കന്‍ തോമ്മയുടെ (തോമസ് പറമ്പില്‍; ലത്തീനില്‍: തോമസ് ദ് കാംപോ) അപേക്ഷപ്രകാരം കേരളത്തിലേക്ക് അയയ്ക്കപ്പെട്ട മെത്രാന്‍.

കേരള ക്രൈസ്തവസഭ (മലങ്കരസഭ) പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു (1498) മുന്‍പുവരെ തികച്ചും സ്വതന്ത്രമായിരുന്നു. അതിനുശേഷം പോര്‍ച്ചുഗീസുകാര്‍ കുറെ കേരളക്രൈസ്തവരില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. ഭൂരിഭാഗം ക്രൈസ്തവര്‍ക്കും പോര്‍ച്ചുഗീസ് ആധിപത്യം സ്വീകാര്യമായി തോന്നിയില്ല. തങ്ങളുടെ പരമ്പരാഗതമായ ആരാധനാരീതിയും അതിനുപയോഗിച്ചുവന്ന സുറിയാനിഭാഷയും വിട്ട് പോര്‍ച്ചുഗീസ് വിശ്വാസാചാരങ്ങളും ലത്തീന്‍ഭാഷയും സ്വീകരിക്കാന്‍ കേരള ക്രൈസ്തവരില്‍ പലരും കൂട്ടാക്കിയില്ല. പോര്‍ച്ചുഗീസ് സമ്മര്‍ദത്തെത്തുടര്‍ന്ന് 1648-49-ല്‍ അലക്സാണ്ട്രിയായിലെ കോപ്ടിക് പാത്രിയാര്‍ക്കീസ്, അന്ത്യോഖ്യയിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ്, ബാബിലോണിലെ നെസ്തോറിയന്‍ പാത്രിയാര്‍ക്കീസ് എന്നിവര്‍ക്കു കേരള ക്രൈസ്തവരുടെ നിസ്സഹായവസ്ഥ വിവരിച്ചുകൊണ്ടും വിശ്വാസസംരക്ഷണാര്‍ഥം സഹായമെത്തിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടും ആര്‍ച്ച് ഡീക്കന്‍ തോമ്മാ കത്തുകള്‍ അയച്ചു. തത്ഫലമായിട്ടാണ് 'അഖിലേന്ത്യയുടെയും ചൈനയുടെയും പാത്രിയാര്‍ക്കീസായ ഇഗ്നാത്തിയോസ്' എന്ന അഭിധാനത്തോടുകൂടി അഹത്തള്ള ഇന്ത്യയില്‍ എത്തിയത്.

അഹത്തള്ള അന്ത്യോഖ്യയിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസായിരുന്ന മാര്‍ ഇഗ്നാത്തിയോസ് തന്നെയായിരുന്നെന്നും, അതല്ല ബാബിലോണില്‍നിന്ന് അയയ്ക്കപ്പെട്ട ഒരു മെത്രാനോ, ഒരു നെസ്തോറിയന്‍ മെത്രാനോ ആയിരുന്നെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. അലക്സാണ്ട്രിയായിലെ കോപ്ടിക് പാത്രിയാര്‍ക്കീസിനാല്‍ നിയുക്തനായിട്ടാണ് അഹത്തള്ള ഇന്ത്യയില്‍ വന്നതെന്നും പറയപ്പെടുന്നു. ഇദ്ദേഹം 1652-ല്‍ കപ്പല്‍മാര്‍ഗം സൂറത്തില്‍ വന്നുചേര്‍ന്നു. അവിടെനിന്നും കേരളത്തിലേക്കുള്ള യാത്രാമധ്യേ മൈലാപ്പൂരില്‍വച്ച് പോര്‍ച്ചുഗീസുകാരുടെ പിടിയിലകപ്പെട്ടു. കേരളത്തില്‍ നിന്നും തീര്‍ഥാടകരായി വന്നുചേര്‍ന്ന മൂന്നു സെമിനാരി വിദ്യാര്‍ഥികളായിരുന്ന ശെമ്മാശന്‍മാര്‍ മുഖേന അഹത്തള്ള തന്റെ താത്കാലികസ്ഥിതി ആര്‍ച്ച് ഡീക്കന്‍ തോമ്മായെ അറിയിച്ചു. എങ്കിലും അദ്ദേഹത്തിനു കേരളത്തില്‍ നിന്ന് യാതൊരു സഹായവും എത്തിക്കാന്‍ കഴിഞ്ഞില്ല. പോര്‍ച്ചുഗീസുകാര്‍ ഇദ്ദേഹത്തെ കേരളത്തിലേക്കു കൊണ്ടുവന്ന് കൊച്ചിക്കോട്ടയില്‍ ബന്ധനസ്ഥനാക്കി പാര്‍പ്പിച്ചു. ഈ വസ്തുത ഗ്രഹിച്ച കുറെ ക്രൈസ്തവര്‍ ഇദ്ദേഹത്തെ മോചിപ്പിക്കുന്നതിനായി ലത്തീന്‍ സഭാമേലധ്യക്ഷനായിരുന്ന ഗാര്‍ഷ്യയെ സമീപിച്ചെങ്കിലും അവരുടെ ശ്രമവും വിജയിച്ചില്ല. അതിനുശേഷം അവര്‍ കൊച്ചി രാജാവിന്റെ പക്കല്‍ പരാതി ബോധിപ്പിച്ചെങ്കിലും അതും ഫലവത്തായില്ല. തുടര്‍ന്ന് പ്രക്ഷുബ്ധരായ അയ്യായിരത്തോളം ക്രൈസ്തവര്‍ സംഘടിതരായി കൊച്ചിക്കോട്ടയിലേക്കു മാര്‍ച്ച് ചെയ്തു. സംഭീതരായ പോര്‍ച്ചുഗീസുകാര്‍ കോട്ടവാതിലുകള്‍ ബന്ധിച്ചു പ്രതിരോധനടപടികള്‍ സ്വീകരിച്ചു. ഇതിനിടെ അഹത്തള്ളയെ അവര്‍ രഹസ്യമായി ഗോവയിലേക്ക് കൊണ്ടുപോയി അവിടെവച്ച് മതപീഡനക്കോടതി (Inquisition) തീരുമാനപ്രകാരം ജീവനോടെ ദഹിപ്പിച്ചു എന്ന് ലത്തീന്‍ ചരിത്രകാരന്‍മാരായ ജറിയും പവലോയും രേഖപ്പെടുത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ അഹത്തള്ളയെ കൊച്ചിക്കായലില്‍ മുക്കിക്കൊന്നു എന്ന വാര്‍ത്തയാണ് കേരളത്തില്‍ പ്രചരിച്ചത്. വാസ്തവത്തില്‍ എന്താണ് സംഭവിച്ചതെന്നതിന് അനിഷേധ്യമായ ചരിത്രരേഖകള്‍ ലഭ്യമല്ല.

അഹത്തള്ളയുടെ ദുരന്തം അറിഞ്ഞു അമര്‍ഷംപൂണ്ട ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികള്‍ പോര്‍ച്ചുഗീസ് ആര്‍ച്ചു ബിഷപ്പിനെ അംഗീകരിക്കുകയോ പോര്‍ച്ചുഗീസുകാരുമായി സഹകരിക്കുകയോ ചെയ്യുകയില്ലെന്നു മട്ടാഞ്ചേരിയില്‍ വച്ച് കുരിശു സാക്ഷിയാക്കി ശപഥം ചെയ്തു. 'കൂനന്‍ കുരിശുസത്യം' എന്ന പേരില്‍ ചരിത്രപ്രസിദ്ധമായിത്തീര്‍ന്ന ഈ സംഭവം കേരള ക്രൈസ്തവ സഭാചരിത്രത്തിലെ ഒരു നാഴികക്കല്ലാകുന്നു.

അഹത്തള്ളയുടെ നാമത്തില്‍ തുമ്പമണ്‍, മാവേലിക്കര എന്നീ സ്ഥലങ്ങളിലെ ഓര്‍ത്തഡോക്സ് സുറിയാനിസഭാ പള്ളികളില്‍ പെരുന്നാള്‍ നടത്തപ്പെടാറുണ്ട്. നോ: ക്രൈസ്തവസഭകള്‍ - കേരളത്തിലെ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍