This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്തിത്വവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ്തിത്വവാദം

Existentialism

ഒന്നാം ലോകയുദ്ധത്തിനുശേഷം ജര്‍മനിയില്‍ ഉടലെടുത്ത ഒരു പ്രത്യേക ജീവിതവീക്ഷണം. വ്യക്തിത്വത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാധാന്യം കല്പിക്കയും യുക്തിയെക്കാള്‍ ഇച്ഛയ്ക്കു മുന്‍തൂക്കം നല്കുകയും ഇച്ഛാനുസരണം വിധിയെ നിയന്ത്രിക്കാന്‍ കഴിയും എന്നു വിശ്വസിക്കയും ചെയ്യുക എന്നതാണ് ഈ വീക്ഷണത്തിന്റെ കാതല്‍. അസ്തിത്വവാദികള്‍ മനുഷ്യന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നതോടൊപ്പം ഭാവിയെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ കഴിയും എന്ന വാദത്തെ നിരാകരിക്കയും ചെയ്യുന്നു. ഇവര്‍ അസ്തിത്വത്തിന്റെ നിസ്സാരതയെപ്പറ്റി ഊന്നിപ്പറയുകയും പ്രപഞ്ചം അര്‍ഥശൂന്യമാണെന്നു വാദിക്കുകയും സാന്‍മാര്‍ഗികമൂല്യങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു.

പ്രകൃതിനിയമങ്ങളുടെയും ചരിത്രസംഭവങ്ങളുടെയും മുന്‍പില്‍ നിസ്സഹായത പ്രകടമാക്കുന്ന കോമരങ്ങളായി മനുഷ്യരെ കണക്കാക്കുന്നതിനെതിരെ രൂപംകൊണ്ട ചിന്താഗതിയാണിത്. യുക്തിയാണ് യഥാര്‍ഥമായിട്ടുള്ളതെന്ന ഹെഗലിന്റെ ദര്‍ശനത്തെ അസ്തിത്വവാദികള്‍ ചോദ്യം ചെയ്യുന്നു. ഡന്‍മാര്‍ക്കിലെ കീര്‍ക്കഗോര്‍ (Kierkegaard, 1813-55), ഫ്രാന്‍സിലെ ഴാങ് പോള്‍ സാര്‍ത്ര് (Jean Paul Sartre, 1905), അല്‍ബേര്‍ കാമ്യു (Albert Camus, 191360), സ്പെയിനിലെ മീഗേല്‍ ദേ ഊനാ മൂനോ (Miguel De Una Muno), ജര്‍മനിയിലെ ജൊഹാന്‍ ഹാമാന്‍ (Johann Hamann), നിക്കൊളായ് ബര്‍ദിയായേഫ് (Nicholai Berdyaev), ഫ്രഡറിക് നീത്സ്ഷെ (Friedrich Nietzsche), ആര്‍. എഫ്. കാഫ്കാ (R.F.Kafka) തുടങ്ങിയവരാണ് പ്രമുഖ അസ്തിത്വവാദികള്‍. രണ്ടാം ലോകയുദ്ധത്തിനുശേഷം ഈ ചിന്താഗതികള്‍ക്കു കലാസാഹിത്യമേഖലകളിലും വലിയ പ്രചാരം സിദ്ധിച്ചു.

അസ്തിത്വം. ഡാനിഷ് ചിന്തകനായ കീര്‍ക്കഗോര്‍ അസ്തിത്വവാദത്തിന്റെ പിതാവായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃതികള്‍ മിക്ക അസ്തിത്വവാദികളെയും സ്വാധീനിച്ചിട്ടുണ്ട്. ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഈ കൃതികള്‍ക്കു വലിയ വില കല്പിക്കപ്പെട്ടിരുന്നില്ലെങ്കിലും 1909-14-ല്‍ ഇവയുടെ ജര്‍മന്‍ പരിഭാഷ പുറത്തു വന്നതോടുകൂടി ഇവയുടെ സ്വാധീനം വര്‍ധിച്ചുതുടങ്ങി. വൈപരീത്യങ്ങളും തിന്മകളും നിറഞ്ഞ ലോകത്തില്‍ താന്‍ ഒറ്റപ്പെട്ടവനാണെന്നു കീര്‍ക്കഗോറിന് തോന്നി. ഈ പരിതഃസ്ഥിതിയില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗത്തെക്കുറിച്ച് ഇദ്ദേഹം ആലോചിച്ചു. ഭയവും ഉത്കണ്ഠയുംമൂലം മനുഷ്യന്റെ അസ്തിത്വം പീഡിതമാണ്. ഈ അവസ്ഥയില്‍നിന്നു രക്ഷ നേടുന്നതിന് അദ്ദേഹം ഈശ്വരസത്തയില്‍ വിശ്വസിക്കുന്നു. മീന്‍, മരം, കല്ല്, മനുഷ്യന്‍ തുടങ്ങിയവയെല്ലാം അസ്തിത്വമുള്ളവയാണ്. എന്നാല്‍ പുതിയ അര്‍ഥത്തില്‍ അസ്തിത്വം മനുഷ്യനുമാത്രമേ ഉള്ളു. ഒരു ഉദാഹരണംകൊണ്ട് കീര്‍ക്കഗോര്‍ ഇതു വ്യക്തമാക്കുന്നു. കുതിരവണ്ടിയില്‍ സവാരിചെയ്യുന്ന രണ്ടു തരത്തിലുള്ള വ്യക്തികളാണ് താരതമ്യത്തിനു നിദാനം. ഒരാള്‍ കടിഞ്ഞാണ്‍ കൈയില്‍ പിടിച്ചിട്ടുണ്ടെങ്കിലും ഉറക്കമാണ്; അയാളുടെ യാത്രയെക്കുറിച്ച് അയാള്‍ ബോധവാനല്ല. പരിചയംമൂലം കുതിര നിര്‍ദിഷ്ടമാര്‍ഗത്തിലൂടെ പോകുന്നു. രണ്ടാമന്‍ കുതിരയുടെ ഗതിയെ (തന്റെ യാത്രയെ) അനുനിമിഷം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ രണ്ടു സവാരിക്കാര്‍ക്കും ഒരുവിധത്തില്‍ അസ്തിത്വം അവകാശപ്പെടാമെങ്കിലും കീര്‍ക്കഗോര്‍ വിവരിക്കുന്ന രീതിയിലുള്ള അസ്തിത്വം ഇതില്‍ രണ്ടാമനു മാത്രമേ ഉള്ളു. ഈ അസ്തിത്വം ബോധപൂര്‍വം ഒരു പ്രവൃത്തിയില്‍ മുഴുകിയിരിക്കുന്ന വ്യക്തിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ശാസ്ത്രീയമായോ അതിഭൌതികമായോ മനുഷ്യനെ മനസ്സിലാക്കുക സാധ്യമല്ലെന്നും അവന്‍ ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും സ്വതന്ത്രനാണെന്നും അതുകൊണ്ടുതന്നെ ദുഃഖിതനുമാണെന്നും അസ്തിത്വവാദം സമര്‍ഥിക്കുന്നു. അവന്റെ ഭാവി അവന്റെ സ്വതന്ത്രമായ ഇച്ഛയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് മുന്‍വിധി സാധ്യമല്ല.

നാസ്തിക-അസ്തിത്വവാദം. അസ്തിത്വവാദം നാസ്തികമെന്നും ക്രൈസ്തവമെന്നും രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. പ്രപഞ്ചോത്പത്തി ഈശ്വരനില്‍നിന്നാണെന്നുള്ള വിശ്വാസത്തെ ഫ്രഞ്ച് അസ്തിത്വവാദികള്‍ പാടേ നിഷേധിക്കുന്നു. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതിനും മനുഷ്യനെ സംരക്ഷിക്കുന്നതിനും ആയി ദൈവം എന്നൊരു ശക്തി ഇല്ലെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു. സാര്‍വലൌകികമായ മനുഷ്യപ്രകൃതിയെയും സാര്‍വത്രികമായ മാനുഷികമൂല്യങ്ങളെയും അവര്‍ അംഗീകരിക്കുന്നില്ല. മനുഷ്യാവസ്ഥ (Human Condition) എന്ന് ഒന്നുമാത്രമേയുള്ളു എന്നാണ് സാര്‍ത്ര് കരുതുന്നത്. മേല്പറഞ്ഞ രണ്ടു വിഭാഗത്തിലെയും അസ്തിത്വവാദികള്‍ പൊതുവേ വിശ്വസിക്കുന്ന ഒരു കേന്ദ്രതത്ത്വമുണ്ട്: 'സത്തയ്ക്കു മുന്‍പ് അസ്തിത്വം' (Existence precedes). മനുഷ്യന്‍ ജീവിക്കുന്നതിനു മുന്‍പ് അവനെ സംബന്ധിക്കുന്ന യാതൊരു സത്തയുമില്ല; യാതൊരര്‍ഥവുമില്ല. മനുഷ്യപ്രകൃതിയെക്കുറിച്ചോ മനുഷ്യന്‍ എന്തായിത്തീരുമെന്നതിനെക്കുറിച്ചോ മുന്‍കൂട്ടി ഒന്നും വിധിക്കുക സാധ്യമല്ല. മനുഷ്യന്‍ ആദ്യം ജീവിക്കുന്നു. പിന്നീട് എന്തെങ്കിലും ആയിത്തീരുന്നു. തന്നെത്താന്‍ നിര്‍വചിക്കുന്നു. ഇതാണ് 'സത്തയ്ക്കുമുന്‍പ് അസ്തിത്വം' എന്നതിന്റെ അര്‍ഥം. സാര്‍ത്രിന്റെ വാദവും ഇതുതന്നെ.

ഈശ്വരന്റെയും മനുഷ്യസത്തയെ മുന്‍കൂട്ടി അറിയുന്ന ഒരു മനസ്സിന്റെയും അഭാവത്തില്‍ മനുഷ്യന്‍ തന്റെ സത്തയെ സ്വയം വളര്‍ത്തിയെടുക്കണം. സ്വന്തം ഇച്ഛയനുസരിച്ച് അവന്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നു. അതുകൊണ്ട് അവന്റെ പ്രവൃത്തിയെ സംബന്ധിച്ചിടത്തോളം അവന്‍ സ്വതന്ത്രനാണ്. എന്നാല്‍ മാനവരാശിക്കു മുഴുവന്‍ അവന്‍ ഒരു മാതൃകയായിരിക്കണം. ഒരുദാഹരണംകൊണ്ട് സാര്‍ത്ര് ഇതു വ്യക്തമാക്കുന്നു. ഒരു കത്രികകൊണ്ടുള്ള പ്രയോജനത്തെപ്പറ്റിയുള്ള ബോധം അതിന്റെ നിര്‍മാണത്തെ സാധ്യമാക്കുന്നു; അതായത് കത്രികയുടെ സത്തയ്ക്ക് അതിന്റെ ഉത്പത്തിക്കു മുന്‍പുതന്നെ അസ്തിത്വമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ അസ്തിത്വത്തിനു മുന്‍പ് സത്ത എന്നാണ് പറയേണ്ടത്. എന്നാല്‍ മനുഷ്യരുടെ കാര്യത്തില്‍ നേരേ മറിച്ചാണ് ക്രമം. മനുഷ്യന്‍ എന്താണ്, എങ്ങനെയാണ്, എന്തിനാണ് എന്നൊക്കെ കത്രിക നിര്‍മിക്കുന്നവനെപ്പോലെ ആരും കാലേകൂട്ടി ചിന്തിച്ച് തിട്ടപ്പെടുത്തുന്നില്ല. സ്വയം എന്തായിത്തീരുന്നുവോ അതാണ് മനുഷ്യന്‍. ഈ ചിന്താഗതി ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍ക്കും റോമന്‍ കത്തോലിക്കാ വിശ്വാസങ്ങള്‍ക്കും വിരുദ്ധമാണ്.

ക്രൈസ്തവ-അസ്തിത്വവാദം. ഈശ്വരന്‍ സ്ഥിതിചെയ്യുന്നില്ലെന്ന് നാസ്തിക-അസ്തിത്വവാദികള്‍ വാദിക്കുന്നതിനെതിരെ ക്രൈസ്തവ-അസ്തിത്വവാദികള്‍ സത്തയ്ക്കുമുന്‍പ് അസ്തിത്വം എന്ന പൊതുതത്ത്വത്തിന്റെ പശ്ചാത്തലത്തില്‍ പുതിയൊരു ചിന്താഗതി അവതരിപ്പിക്കുന്നു. ഈശ്വരന്‍ സ്ഥിതി ചെയ്യുന്നില്ലെന്നു പറയുകയാണെങ്കില്‍ സത്തയ്ക്കുമുന്‍പ് ഒരു ഭാവം (being) എങ്കിലും ഉണ്ടായിരിക്കണം. ഈ ഭാവം മനുഷ്യനോ, ഹൈഡഗ്ഗര്‍ വ്യവഹരിക്കുന്നതുപോലെ, മാനുഷികതത്ത്വമോ (Human reality) ആയിരിക്കും. സ്വയം നിര്‍മിക്കുന്നതല്ലാതെ മറ്റൊന്നുമല്ല മനുഷ്യന്‍. അവന്റെ ജീവിതം മാത്രമാണ് അവന്‍. എത്രമാത്രം അവന്‍ സ്വയം ഭാവിയിലേക്കു പ്രക്ഷേപണം (project) ചെയ്യുന്നുവോ അതിനനുസരണമായി അവന് അസ്തിത്വമുണ്ടാകുന്നു. ചുരുക്കത്തില്‍ സ്വന്തം പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് അവന്‍. തന്‍മൂലം അവന്റെ പ്രവൃത്തികള്‍ക്ക് ഉത്തരവാദിയും അവന്‍ തന്നെയാകുന്നു. അതുകൂടാതെ അവനു മനുഷ്യവര്‍ഗത്തോടും ഉത്തരവാദിത്വമുണ്ട്. അവന്‍ തിരഞ്ഞെടുക്കുന്ന സംഗതികള്‍ അവനുവേണ്ടി മാത്രമല്ല, പ്രത്യുത മനുഷ്യവര്‍ഗത്തിനുകൂടി വേണ്ടിയാകുന്നു. നാം തിരഞ്ഞെടുക്കുമ്പോള്‍ തിന്‍മയല്ല, നന്‍മയായിരിക്കും സ്വീകരിക്കുന്നത്. അന്യര്‍ക്കു ഗുണപ്രദമായതു മാത്രമേ നമുക്കും ഗുണകരമായിരിക്കുകയുള്ളു. അതിനാല്‍ മനുഷ്യക്ഷേമത്തിനുവേണ്ടിയാകുമ്പോള്‍ തിരഞ്ഞെടുക്കുന്ന പ്രവൃത്തിയില്‍ നമ്മുടെ ഉത്തരവാദിത്ത്വം നാം ധരിക്കുന്നതിലേറെ വര്‍ധിക്കുന്നു. തിരഞ്ഞെടുപ്പിന്റെ ഏക മാനദണ്ഡം മൂല്യങ്ങളല്ല; പ്രാമാണികത (Authenticity) യാകുന്നു. ഈശ്വരന്‍ ഇല്ലെന്നുവന്നാല്‍ നിയമങ്ങളെയും ശാസനകളെയും അനുസരിക്കുകയോ അന്യര്‍ക്കുവേണ്ടി അവയെ മാനിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മനുഷ്യന്‍ പൂര്‍ണസ്വതന്ത്രനായിത്തീരുന്നു. വാസ്തവത്തില്‍ നമുക്ക് പൂര്‍ണസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കാരണം മനുഷ്യനെ അവന്റെ ഇഷ്ടവും അഭിപ്രായവും ആരായാതെ ലോകത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. ഈ കാര്യത്തില്‍ അവനു യാതൊരു നിയന്ത്രണവും ഇല്ല. എങ്കിലും ഒന്നുപേക്ഷിച്ചു മറ്റൊന്നു തിരഞ്ഞെടുക്കുവാനുള്ള ഇച്ഛാസ്വാതന്ത്ര്യമുള്ളതിനാല്‍ അവന്റെ സ്വന്തം പ്രവൃത്തിയില്‍ അവന് ഉത്തരവാദിത്ത്വമുണ്ട്. കാള്‍ബാര്‍ത് (Karlbarth), കാള്‍ യാസ്പേഴ്സ് (Karl Jaspers), ഗബ്രിയേല്‍ മാര്‍സെല്‍ (Gabriel Marcel), റൂഡോള്‍ഫ് ബള്‍ട്ട്മാന്‍ (Rudolf Bultman), മാര്‍ട്ടിന്‍ ബൂബര്‍ (Martin Buber), പോള്‍ ടിലിച് (Paul Tillich) എന്നീ ആധുനിക ചിന്തകര്‍ ഈ വീക്ഷണത്തിനു വലിയ പ്രചാരം നല്കി.

ആധുനികകാലം. 20-ാം ശ.-ത്തില്‍ അസ്തിത്വവാദത്തെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയത് ജര്‍മനിയിലെ കാള്‍ യാസ്പേഴ്സ് (1883-1973) ആണ്. മാര്‍ട്ടിന്‍ ഹൈഡഗ്ഗര്‍ (Martin Heidegger, 1889-1976) ആണ് മറ്റൊരു പ്രമുഖ അസ്തിത്വവാദി. എഡ്മണ്ഡ് ഹുസേളി (Edmund Cussert) (1859-1938) ന്റെ ശിഷ്യനാണ് ഇദ്ദേഹം. ഹുസേളിന്റെ അഭിപ്രായം ദാര്‍ശനികര്‍ പ്രകൃതിയില്‍ നിന്ന് പിന്തിരിഞ്ഞ് ആന്തരികാനുഭവങ്ങളിലേക്കു ശ്രദ്ധ തിരിക്കണമെന്നാണ്. അസ്തിത്വവാദത്തിന്റെ പ്രമുഖ ഉപജ്ഞാതാക്കളിലൊരാളായ ഴാങ് പോള്‍ സാര്‍ത്ര് ലാനോസേ (Lanausee) എന്ന തത്ത്വശാസ്ത്ര നോവല്‍ കൂടാതെ നിലനില്പും നിശൂന്യതയും (Being and Nothingness), അസ്തിത്വവാദവും മാനവതാവാദവും (Existentialism and Humanism) തുടങ്ങിയ പല ദാര്‍ശനിക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ നിരവധി നാടകങ്ങളും പ്രബന്ധങ്ങളും കഥകളും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്.

ഒരു അസ്തിത്വവാദി ക്രിസ്ത്യാനിയോ നിരീശ്വരവാദിയോ ആകാം എന്ന് സാര്‍ത്ര് അഭിപ്രായപ്പെടുന്നു. സാര്‍ത്ര് ഒരു നിരീശ്വരവാദിയാണെങ്കിലും 1948 വരെ അദ്ദേഹത്തിന്റെ അനുയായികളില്‍ കത്തോലിക്കരും ഉള്‍പ്പെട്ടിരുന്നു. മനുഷ്യബന്ധങ്ങളെപ്പറ്റി വിവിധ അസ്തിത്വവാദികള്‍ക്കു ഭിന്നാഭിപ്രായങ്ങളാണുള്ളത്. കീര്‍ക്കഗോര്‍, സാര്‍ത്ര് തുടങ്ങിയവര്‍ മനുഷ്യന്റെ ഏകാന്തതയെപ്പറ്റി ഊന്നിപ്പറയുന്നു. കാള്‍ യാസ്പേഴ്സ്, ഗബ്രിയേല്‍ മാര്‍സെല്‍ തുടങ്ങിയവരുടെ അഭിപ്രായത്തില്‍ ജീവിതലക്ഷ്യം മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരധാരണയാണ്.

ആധുനികകാലത്തു യൂറോപ്പില്‍ പൊതുവേ അസ്തിത്വവാദത്തിന് നല്ല സ്വാധീനം ഉണ്ടായി. എന്നാല്‍ ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ ഇതിന് അത്രമേല്‍ പ്രചാരം സിദ്ധിച്ചില്ല. എങ്കിലും സാഹിത്യമണ്ഡലത്തില്‍ സാര്‍ത്ര്, സിമോണ്‍ ദ് ബോവ്വാര്‍, അല്‍ബേര്‍ കാമ്യു തുടങ്ങിയവരുടെ കൃതികള്‍ക്ക് ഗണ്യമായ പ്രചാരം ലഭിച്ചു. അസ്തിത്വവാദത്തിനു പുതിയ വ്യാഖ്യാനങ്ങള്‍ നല്കിക്കൊണ്ട് സ്വന്തം കൃതികള്‍ അസ്തിത്വവാദത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു പല സാഹിത്യകാരന്മാരും അവകാശപ്പെടാറുണ്ട്. കാള്‍ ഹൈം (Karl Heim) എന്ന ജര്‍മന്‍ സാഹിത്യകാരന്‍ ഊര്‍ജതന്ത്രത്തിന്റെ തത്ത്വശാസ്ത്രത്തെ വിശദീകരിക്കുന്നതിനിടയില്‍ അസ്തിത്വവാദത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ പരിധിയില്‍ കര്‍ശനമായി പെടാത്ത ഏതു വിഷയവും അസ്തിത്വവാദത്തിന്റെ പഠനവിഷയമായി അദ്ദേഹം കണക്കാക്കുന്നു. അസ്തിത്വവാദം ദൈവശാസ്ത്രത്തിലെന്നപോലെ രാഷ്ട്രതന്ത്രത്തിലും മനഃശാസ്ത്രത്തിലും സാഹിത്യത്തിലും വിവിധതലത്തില്‍ സ്വാധീനം ചെലുത്തിവരുന്നു.

അസ്തിത്വവാദത്തിന്റെ സ്വാധീനം സാഹിത്യത്തില്‍. സാഹിത്യമണ്ഡലത്തില്‍ സര്‍ഗാത്മക പ്രക്രിയയ്ക്കു പ്രചോദനം നല്കിയ അസ്തിത്വവാദികളില്‍ പ്രധാനി ആല്‍ബേര്‍ കാമ്യു (1913-60)വാണ്. ലെത്രാന്‍ഷേര്‍ (അപരിചിതന്‍) എന്ന പ്രഥമ നോവലില്‍ പ്രപഞ്ചം അവ്യവസ്ഥിതവും അയുക്തികവും അജ്ഞേയവും ആണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം തെളിഞ്ഞുകാണാം. ലാ ഷൂത് (പതനം), ലാ പെസ്ത് (പ്ളേഗ്) എന്നീ നോവലുകളും ലെ മിത്ത് ദ് സിസിഫസ് (സിസിഫസ് പുരാണം) ലോം റെവോല്‍ത് (ദ് റെബല്‍) എന്നീ ഉപന്യാസങ്ങളും ആണ് കാമ്യുവിന്റെ മികച്ച സംഭാവനകള്‍. ലെതാംപ്സ് മോഡേണ്‍സ് എന്ന എക്സിസ്റ്റന്‍ഷ്യലിസ്റ്റ് മാസികയുടെ നടത്തിപ്പില്‍ സാര്‍ത്രിന്റെ വലംകൈയായിരുന്ന സീമോങ് ദ് ബുവ്വാ (1908-)യുടെ ലിന്‍വിറ്റിയെ (അവള്‍ താമസിക്കാനായി വന്നു), ല്സാങ് ദെ ഓത്ര്സ് (മറ്റുള്ളവരുടെ ചോര) എന്നീ നോവലുകളും യൂജിന്‍ അയനെസ്കോ (1912-) യുടെ അമീദില്റ്വസ് മ്യൂര്‍ത്ത് (രാജാവു നാടുനീങ്ങുന്നു), ല് റിനോസെറോസ് (കാണ്ടാമൃഗം), ലാ ലെസൊന്‍ (പാഠം), ല് ചെയ്സെ (കസേരകള്‍) എന്നീ നാടകങ്ങളും ഫ്രഞ്ച് സാഹിത്യത്തിലെ അസ്തിത്വവാദപരമായ പ്രമുഖകൃതികളാണ്.

കഥാസാഹിത്യത്തിനു പുതിയ കൂമ്പുകള്‍ പൊടിപ്പിച്ച ജര്‍മന്‍ സാഹിത്യകാരനായ ഫ്രാന്‍സ് കാഫ്ക (1833-1924) ഈ രംഗത്ത് സവിശേഷശ്രദ്ധയര്‍ഹിക്കുന്നു. 20-ാം ശ.-ത്തിലെ ഏറ്റവും മികച്ച കഥകളില്‍ ഒന്നായ ഇദ്ദേഹത്തിന്റെ ദീ വെര്‍വാന്‍ദ് ലുങ് (രൂപാന്തരപ്രാപ്തി) അസ്തിത്വത്തെക്കുറിച്ചുള്ള ഭീകരദര്‍ശനം ഉള്‍ക്കൊള്ളുന്നു ഭൂമിയില്‍ തന്റെ സ്ഥാനമെന്തെന്നു നിര്‍ണയിക്കാനുള്ള ആധുനിക മനുഷ്യന്റെ വൃഥാശ്രമത്തെ അന്യാപദേശരൂപത്തില്‍ ചിത്രീകരിക്കുന്ന രണ്ട് ഉത്കൃഷ്ട കൃതികളാണ് ദെര്‍ പ്രോസെസ് (വിചാരണ), ദാസ് ഷ്ളോസ് എന്നീ നോവലുകള്‍. ജര്‍മന്‍ സാഹിത്യത്തില്‍ ഈ പ്രസ്ഥാനത്തിനു ലഭിച്ച മികച്ച സംഭാവനകളില്‍ മാക്സ്‍ഫ്രിഷി (1911-)ന്റെ സ്റ്റില്ലര്‍ (ശാന്തത കൈവരുത്തുന്നവന്‍), ഫ്രീഡ്റിഹ് ഡ്യൂറന്‍മറ്റി (1921-)ന്റെ ദെര്‍ റിഷ്തെര്‍ ഉണ്‍ഡ് സയിന്‍ ഹെന്‍കര്‍ (ജഡ്ജിയും ആരാച്ചാരും), ദെര്‍ ഫെര്‍ദാഷ്ത് (ഇര), ദെര്‍ ബ്യൂഷ് ദെര്‍ ആള്‍ടെന്‍ ഡെയിം (സന്ദര്‍ശനം), ദീ പിസിക്കര്‍ (ഭൗതികശാസ്ത്രജ്ഞന്‍) എന്നീ നാടകങ്ങളും ഹെര്‍മന്‍ ഹെസ്സി(1877-1962)ന്റെ ദെര്‍ സ്റ്റെപ്പന്‍വുര്‍ഫ്, സിദ്ധാര്‍ഥ, നാര്‍സിസ് ഉണ്‍ഡ് ഗോള്‍ഡ്‍മണ്ഡ് എന്നീ നോവലുകളും ഉള്‍പ്പെടുന്നു.

സാഹിത്യസൃഷ്ടിയിലെ വീക്ഷണം എന്തായാലും അതിന്റെ ബാഹ്യസംയോജകം വിശ്വാസ്യവും ആന്തരികഭദ്രതയുള്ളതും ആയിരിക്കണമെന്നു വാദിച്ച ഇംഗ്ളീഷ് കവി ടി.എസ്. എലിയട്ടി (1888-1965)ന്റെ ദ് വേസ്റ്റ് ലാന്‍ഡ് (തരിശുഭൂമി), ദ് ഹോളൊമെന്‍ (പൊള്ളയായ മനുഷ്യന്‍) എന്നീ കവിതകളില്‍ ആധുനിക മനുഷ്യജീവിതത്തിലെ ഭയത്തിന്റെയും ശൂന്യതയുടെയും ആത്മസംഘര്‍ഷമാണ് ആവിഷ്കരിച്ചിട്ടുള്ളത്. ജീവിതനിരര്‍ഥകതയും സംഭ്രാന്തിയും പ്രതിഫലിപ്പിക്കുന്ന കലാശില്പങ്ങളാണ് സാമുവല്‍ ബെക്കറ്റി(1906-89)ന്റെ വെയ്റ്റിങ് ഫോര്‍ ഗോദൊ (ഗോദൊയെ കാത്ത്), എന്‍ഡ്ഗെയിം (കടശ്ശിക്കളി) എന്നീ നാടകങ്ങള്‍. അമേരിക്കന്‍ സാഹിത്യത്തില്‍ സോള്‍ ബെല്ലൊയുടെ ഹെര്‍സോഗ്, ജെ.ഡി. സലിംഗറുടെ ദ കാച്ചര്‍ ഇന്‍ ദ റൈ (റൈയിലെ മീന്‍ പിടുത്തക്കാരന്‍), നോര്‍മന്‍ മെയ്ലറുടെ ആന്‍ അമേരിക്കന്‍ ഡ്രീം (ഒരു അമേരിക്കന്‍ സ്വപ്നം) എന്നീ നോവലുകളും എഡ്വേര്‍ഡ് ആല്‍ബിയുടെ ദി അമേരിക്കന്‍ ഡ്രീം (അമേരിക്കന്‍ സ്വപ്നം) എന്ന നാടകവും അസ്തിത്വവാദപരമായ കൃതികളില്‍പ്പെടുന്നു.

ആധുനിക ഭാരതീയ പരിതോവസ്ഥയില്‍ സ്വന്തം പ്രസക്തി അന്വേഷിച്ച സാഹിത്യകാരന്മാരെ പാശ്ചാത്യ അസ്തിത്വദര്‍ശനം ആകര്‍ഷിക്കുകയും ഭാരതീയ പശ്ചാത്തലത്തില്‍ അവര്‍ അതിന്റെ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ കാലഘട്ടത്തോടെ അല്പാല്പമായി അതിന്റെ നിഴല്‍ വീണു തുടങ്ങി. സാങ്കേതികമായ അര്‍ഥത്തില്‍ അസ്തിത്വാനുഭൂതിയുടെ ലക്ഷണങ്ങള്‍ എല്ലാം ഒത്തവയായിരുന്നില്ല ആ സാഹിത്യസൃഷ്ടികള്‍; ചില അംശങ്ങളില്‍ ആ വിചാരശൈലി കാണാമെന്നേയുള്ളൂ. ഭാരതീയ സാഹിത്യങ്ങളില്‍ അസ്തിത്വവാദകാലഘട്ടം ആരംഭിക്കുന്നത് അറുപതികളിലാണ്. അസ്തിത്വദാര്‍ശനികരെ ഏറെ ചിന്തിപ്പിച്ചിട്ടുള്ള പ്രതിഭാസമാണ് മരണം. മരണം സര്‍വവിനാശമല്ലെന്നും ഉണ്മയുടെ ഒരു വകഭേദമാണെന്നും പറഞ്ഞവരുണ്ട്. ഇത്തരം ഒരു മനോഭാവം മലയാളത്തിലെ കാല്പനിക കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'അതിമാനുഷന്‍' (1944) എന്ന കവിതയില്‍ കാണാം. ജി. ശങ്കരക്കുറുപ്പി(1901-77)ന്റെ 'പാണനാര്‍', വൈലോപ്പിള്ളി (1911-85)യുടെ 'ഉണ്ണികള്‍' എന്നീ കവിതകളില്‍ മൂല്യച്യുതിയെക്കുറിച്ചുള്ള ആശങ്കയാണ് സ്ഫുരിക്കുന്നത്. നിരര്‍ഥകമായ നഗര ജീവിതാവസ്ഥ ചിത്രീകരിക്കുന്ന എന്‍.വി. കൃഷ്ണവാരിയരുടെ 'അവസാനത്തെ ആസ്പത്രി', 'കൊച്ചുതൊമ്മന്‍' തുടങ്ങിയ കവിതകളില്‍ ഈ ഭാവത്തിന്റെ വളര്‍ച്ച കാണാം. ആധുനിക നാഗരികതയും ശാസ്ത്രപുരോഗതിയും മനുഷ്യനെ സ്വന്തം കര്‍മമണ്ഡലങ്ങളില്‍ അന്യനാക്കിയിരിക്കുന്നു എന്ന ദുഃഖസത്യത്തെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കാവ്യത്തിലൂടെ അക്കിത്തം വികാരതീവ്രമായി ആവിഷ്കരിച്ചിരിക്കുന്നു. അസ്തിത്വവ്യഥ, ശോകം, തിരസ്കാരം, ശൂന്യത, ഭീതി, ഏകാന്തത, നിസ്സഹായത, മൃത്യുപൂജ, വിരസത തുടങ്ങിയ പല ഭാവങ്ങള്‍ സങ്കീര്‍ണരൂപത്തില്‍ ആവിഷ്കരിക്കാനാണ് പുതിയ കവികള്‍ ശ്രമിക്കുന്നത്. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ 'രാമന്‍ നായര്‍ മരിച്ചു', അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം', എന്‍.എന്‍. കക്കാടിന്റെ 'പാതാളത്തിന്റെ മുഴക്കം', മാധവന്‍ അയ്യപ്പത്തിന്റെ 'മണിയറയിലേക്ക്', സുഗതകുമാരിയുടെ 'അമ്പലമണി', എം.എന്‍. പാലൂരിന്റെ 'അനാസിന്‍', സച്ചിദാനന്ദന്റെ 'ആത്മഗീത' മുതലായവ ഉദാഹരണങ്ങളാണ്.

അസ്തിത്വദര്‍ശനം കവികളെക്കാള്‍ കൂടുതല്‍ സ്വാധീനിച്ചത് നോവലിസ്റ്റുകളെയും ചെറുകഥാകൃത്തുകളെയുമാണ്. മലയാളത്തിലെ ആദ്യത്തെ അസ്തിത്വവാദപരമായ കൃതി വൈക്കം മുഹമ്മദ്ബഷീറി(1910-)ന്റെ ശബ്ദങ്ങളാണെന്നു ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ഇതിലെ പ്രധാന കഥാപാത്രത്തിന്റെ ജീവിതം മൃതിയെക്കാള്‍ ഭയാനകമാണ്. വ്യര്‍ഥതാബോധം പ്രകാശിപ്പിക്കുന്ന നോവലുകളില്‍ ഒ.വി. വിജയ(1931-)ന്റെ ഖസാക്കിന്റെ ഇതിഹാസം മികച്ചു നില്ക്കുന്നു. കാക്കനാട(1935-)ന്റെ വസൂരി, ഉഷ്ണമേഖല, ആനന്ദിന്റെ (1936-) ആള്‍ക്കൂട്ടം, സി. രാധാകൃഷ്ണന്റെ (1939-) താരനിശ, എം. മുകുന്ദന്റെ (1943-) ഹരിദ്വാരില്‍ മണിമുഴങ്ങുന്നു, മാടമ്പു കുഞ്ഞുക്കുട്ടന്റെ (1946-) അശ്വത്ഥാമാവ് തുടങ്ങിയവ ഈയിനത്തില്‍പ്പെട്ട പ്രധാന നോവലുകളില്‍പ്പെടുന്നു. മൂല്യങ്ങള്‍ തകര്‍ന്ന ആധുനിക യാന്ത്രികലോകത്തില്‍ ലക്ഷ്യരഹിതമായി അസ്തിത്വം തേടി അലയുന്ന മനുഷ്യരുടെ അവസ്ഥയാണ് ഈ നോവലുകളിലെ ചിന്താവിഷയം. സക്കറിയ (1931-), സേതു (1935-), പദ്മരാജന്‍ (1945-91) മുതലായവരുടെ ചില ചെറുകഥകളിലും അസ്തിത്വദുഃഖം പ്രമേയമാക്കിയിട്ടുണ്ട്. ഡോ. കെ. രാഘവന്‍പിള്ള രചിച്ച സാര്‍ത്രിന്റെ അസ്തിത്വദര്‍ശനം എന്ന കൃതി ശ്രദ്ധേയമായ ഒരു പഠനമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍