This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ട്രോലേബ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ്ട്രോലേബ്

Astrolabe

ആകാശഗോളങ്ങളുടെ സ്ഥാനം നിരീക്ഷിച്ച് ജ്യോതിശ്ശാസ്ത്ര ഗണനം നടത്താന്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ഉപകരണം. ഖഗോളത്തെ സൂചിപ്പിക്കുന്ന അസ്ട്രോ (astro)എന്ന പദവും മാപനം എന്നര്‍ഥം വരുന്ന ലേബ് (labe) എന്ന പദവും കൂടി ചേര്‍ന്നാണ് 'അസ്ട്രോലേബ്' എന്ന പേര് രൂപപ്പെട്ടിട്ടുള്ളത്. ചരിത്ര പ്രാധാന്യമുള്ള ഈ ഉപകരണം മധ്യകാലഘട്ടത്തില്‍ ജ്യോതിശ്ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു.

ഗ്രീക്-റോമന്‍ കാലഘട്ടത്തില്‍ ആകാശഗോളങ്ങളുടെ കോണീയ സ്ഥാനങ്ങള്‍ കണക്കാക്കാന്‍ ജ്യോതിശ്ശാസ്ത്രജ്ഞരുപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ചെറിയ പതിപ്പാണ് അസ്ട്രോലേബ്. ആറിഞ്ച് വ്യാസം വരുന്ന പിത്തളകൊണ്ടുള്ള തളികയാണിതിന്റെ പ്രധാനഭാഗം. അതിന്റെ ഇരുവശങ്ങളിലുമായി കോണളവുകള്‍, ഖഗോളചക്രം അല്ലെങ്കില്‍ സമയചക്രം മുതലായവ രേഖപ്പെടുത്തിയിട്ടുണ്ടാകും. മധ്യത്തിലായി കറക്കാവുന്ന സൂചകങ്ങളും ഘടിപ്പിച്ചിരിക്കും. അസ്ട്രോലേബ് കുത്തനെതൂക്കിയിട്ട് സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിവ ദൃശ്യമാകുന്ന സ്ഥാനത്തിനുനേരെ സൂചകം തിരിച്ചുവച്ചാല്‍ അവയുടെ ഉന്നതി (altitude), അപക്രമം (declination) എന്നിവ കണ്ടെത്താം. സൂചകത്തിന്റെ സ്ഥാനത്തിന് തൊട്ടുള്ള തളികയിലെ അങ്കനങ്ങള്‍ വഴി മറ്റു ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും സ്ഥാനം മനസിലാക്കാവുന്നതാണ്. ഒപ്പം സമയവും ഭൂമിയില്‍ നാം നില്‍ക്കുന്ന രേഖാംശസ്ഥാനവും കണക്കുകൂട്ടിയെടുക്കാം.

കൈയിലൊതുങ്ങുന്ന പിത്തള അസ്ട്രോലേബുകള്‍ നിര്‍മിച്ചതും പ്രചരിപ്പിച്ചതും മധ്യകാലഘട്ടത്തിലെ അറബി ജ്യോതിശ്ശാസ്ത്രജ്ഞരാണ്. അ.ഉ 9-ാം നൂറ്റാണ്ടോടെ കൃത്യതയുള്ള ജ്യോതിര്‍ഗണനം നടത്താന്‍ സഹായകമായ അസ്ട്രോലേബുകള്‍ പ്രചാരത്തില്‍ വന്നു. ഗ്രഹനില, സമയം, രേഖാംശസ്ഥാനം മുതലായവ കണ്ടെത്താനായി വിവിധതരം പരിഷ്കാരങ്ങള്‍ പലരും ഇതില്‍ കൊണ്ടുവന്നു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്കും, ജ്യോതിഷികള്‍ക്കും, പുരോഹിതര്‍ക്കും, സഞ്ചാരികള്‍ക്കും കപ്പിത്താന്‍മാര്‍ക്കുമൊക്കെ അസ്ട്രോലേബ് അനുപേക്ഷണീയമായ ഉപകരണമായി മാറി. കപ്പലിന്റെ സ്ഥാനം കണക്കാക്കാന്‍ കപ്പിത്താന്മാര്‍ ഉപയോഗിച്ചുവന്ന സരളമായ ഉപകരണം 'മാരിനേഴ്സ് അസ്ട്രോലേബ്' എന്നറിയപ്പെടുന്നു. തുടര്‍ന്ന് ഭൂമിയിലെവിടെവച്ചും ഖഗോളസ്ഥാനം കണ്ടെത്താന്‍ സഹായിക്കുന്ന സാര്‍വത്രിക അസ്ട്രോലേബ് (Universal astrolabe), ഗോളാകാര അസ്ട്രോലേബ് (Spherical astrolabe) എന്നിവ നിര്‍മിക്കപ്പെട്ടു. തുടര്‍ച്ചയായുള്ള ഗണനം സാധ്യമാക്കുന്ന, പല്‍ച്ചക്രങ്ങള്‍ (gears) ഘടിപ്പിച്ച അസ്ട്രോലേബുകള്‍ സമയം കണ്ടെത്താന്‍ സഹായകമായി. ഇവയില്‍ നിന്നാണ് പിന്നീട് ഘടികാരങ്ങള്‍ രൂപകല്പന ചെയ്യപ്പെട്ടത്.

14-ാം നൂറ്റാണ്ടോടെ അസ്ട്രോലേബിന് നിയതമായ ഒരു രൂപം സിദ്ധിച്ചു. എന്നാല്‍ അതിനും ഒരു നൂറ്റാണ്ട് മുമ്പുതന്നെ യൂറോപ്പില്‍ ഇതിന് വലിയ പ്രചാരം ലഭിക്കുകയുണ്ടായി. 15, 16 ശതകങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാനനിരീക്ഷണാലയങ്ങളിലെല്ലാം അസ്ട്രോലേബ് വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍, 17-ാം നൂറ്റാണ്ടില്‍ ദൂരദര്‍ശിനിയുള്‍പ്പെടെയുള്ള നവീന ജ്യോതിശ്ശാസ്ത്രപഠനോപകരണങ്ങള്‍ പ്രചാരത്തില്‍ വന്നതോടെ അസ്ട്രോലേബിന്റെ ഉപയോഗവും പ്രചാരവും കുറഞ്ഞു. എന്നാല്‍ അറേബ്യയിലെ ചില വാനനിരീക്ഷണശാലകളില്‍ 18, 19 ശതകങ്ങളിലും അസ്ട്രോലേബ് ഉപയോഗിച്ചിരുന്നു. മൂന്നുതരം അസ്ട്രോലേബുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. 1. സമതലാകൃതിയിലുള്ള അസ്ട്രോലേബ്; 2. ദണ്ഡാകൃതിയുള്ള 'ലീനിയര്‍' അസ്ട്രോലേബ്. 3. ഗോളാകൃതിയുള്ള സ്ഫെറിക്കല്‍ അസ്ട്രോലേബ്. ഖഗോളത്തിന്റെ പ്രക്ഷേപം (Projection) ഒരു പ്രതലത്തില്‍ ചിത്രീകരിക്കുന്ന പ്ളാനിസ്ഫേറിയം അസ്ട്രോലേബുകള്‍ക്കായിരുന്നു ഇവയില്‍ ഏറ്റവും കൂടുതല്‍ പ്രചാരം. ഇവ കൈയില്‍ കൊണ്ടുനടക്കാന്‍ പാകത്തില്‍ ചെറുതാണ്. ഇവയ്ക്ക് നാല് മുതല്‍ എട്ടുവരെ ഇഞ്ച് മാത്രമേ വലുപ്പമുള്ളു.

Image:Astro1.png

അറബി ജ്യോതിശ്ശാസ്ത്രത്തിന്റെ ആഗമനത്തോടെയാണ് ഇന്ത്യയില്‍ അസ്ട്രോലേബ് പ്രചാരത്തില്‍ വരുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും ഔറംഗസീബിന്റെയുമൊക്കെ ഭരണകാലഘട്ടങ്ങള്‍ മുദ്രണം ചെയ്ത അസ്ട്രോലേബുകള്‍ ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ ഇപ്പോള്‍ ജയ്പൂരിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ അറിയപ്പെട്ടിരുന്ന അസ്ട്രോലേബ് നിര്‍മാതാവ് ലാഹോര്‍കാരനായ സായുദ്ദീനാണെന്നതിന് ചരിത്രരേഖകളുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന മഹേന്ദ്ര സൂരി ഇത്തരമൊരു ഉപകരണം ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് അസ്ട്രോലേബ് ഉപയോഗത്തിലില്ലെങ്കിലും ഈ മുന്‍കാല ജ്യോതിശ്ശാസ്ത്ര പഠനോപകരണത്തെ സംബന്ധിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഇന്റര്‍നാഷണലിലെ ദെ അസ്ട്രോലേബ് എന്ന സംഘടന അസ്ട്രോലേബുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് അസ്ട്രോലേബിക്ക (Astrolabica) എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം തന്നെ പുറത്തിറക്കുന്നുണ്ട്.

(മനോജ് കോമത്ത്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍