This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ട്രോണമിക്കല്‍ സോഫ്റ്റ് വെയറുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസ്ട്രോണമിക്കല്‍ സോഫ്റ്റ് വെയറുകള്‍

Astronomical Softwares

ജ്യോതിശ്ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങളും ഗവേഷണങ്ങളും കൂടുതല്‍ വേഗത്തില്‍ നിര്‍വഹിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപകല്പന ചെയ്തിട്ടുള്ള കംപ്യൂട്ടര്‍ സോഫ്റ്റ് വെയറുകള്‍. കൃത്രിമോപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും പ്രദാനം ചെയ്യുന്ന ദത്തങ്ങളെ (data) അതിവേഗം വിശകലനം ചെയ്ത് അപഗ്രഥിക്കാന്‍ ഇവ ജ്യോതിശ്ശാസ്ത്രജ്ഞരെ സഹായിക്കുന്നു.

ജ്യോതിശ്ശാസ്ത്രരംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ചു തുടങ്ങിയതോടെ അവ ഉത്പാദിപ്പിക്കുന്ന വിവരങ്ങളും വര്‍ധിച്ചു. അതോടെ അവ വിശകലനം ചെയ്യാനും നിഗമനങ്ങളില്‍ എത്തിച്ചേരാനും മനുഷ്യപ്രയത്നംകൊണ്ട് മാത്രം സാധ്യമല്ലാതായി. ഈ പശ്ചാത്തലത്തിലാണ്, സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചുള്ള വിവരങ്ങളുടെ അപഗ്രഥനം ജ്യോതിശ്ശാസ്ത്രത്തില്‍ പരീക്ഷിക്കപ്പെട്ടത്. ഇത്തരം സോഫ്റ്റ്വെയറുകള്‍ ജ്യോതിശ്ശാസ്ത്ര പരീക്ഷണങ്ങള്‍ എളുപ്പമാക്കുന്നതിനും സമയം ലാഭിക്കുന്നതിനും സഹായകമായി.

ആധുനിക ജ്യോതിശ്ശാസ്ത്രരംഗത്ത് ഗവേഷണങ്ങളിലും പഠനങ്ങളിലുമെല്ലാം ഇന്ന് സോഫ്റ്റ് വെയറുകള്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. വാനനിരീക്ഷണകേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ദൂരദര്‍ശിനികളെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഇവയാണ്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, നെബുലകള്‍ തുടങ്ങിയ ഖഗോള വസ്തുക്കളുടെ റൈറ്റ് അസന്‍ഷനും ഡെക്ളിനേഷനും നല്‍കിയാല്‍ ദൂരദര്‍ശിനികളെ അവയ്ക്കുനേരെ തിരിക്കുന്ന ജോലി ഈ സോഫ്റ്റ് വെയറുകള്‍ നിര്‍വഹിച്ചുകൊള്ളും.

Image:Astro soft.png

ജ്യോതിശ്ശാസ്ത്ര നിരീക്ഷണ പഠനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അപഗ്രഥനത്തിനും ക്രോഡീകരണത്തിനുമാണ് ഇന്ന് ജ്യോതിശ്ശാസ്ത്ര സോഫ്റ്റ് വെയറുകള്‍ ധാരാളമായി ഉപയോഗിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങളിലൂടെയും വിദൂര സംവേദനത്തിലൂടെയും ലഭിക്കുന്ന ചിത്രങ്ങളുടെ കോഡിങ്ങിനും ഇമേജ് പ്രോസസ്സിങ്ങിനുമാണ് (Image Processing) ഇത്തരം സോഫ്റ്റ് വെയറുകള്‍ ഏറ്റവും സഹായകരം. ദ് ഫ്ളക്സിബിള്‍ ഇമേജ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (The Flexible Image Transport System,FITS) ഇത്തരത്തില്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഫ്റ്റ് വെയറുകള്‍ക്ക് ഒരു ഉദാഹരണമാണ്. വിവരങ്ങളുടെ ക്രോഡീകരണത്തിനും വിശകലനത്തിനും സഹായകമായ സോഫ്റ്റ് വെയറുകളും ഇപ്പോള്‍ ലഭ്യമാണ്. ഇവ, അസ്ട്രോണമിക്കല്‍ ഡാറ്റാ റിഡക്ഷന്‍ സോഫ്റ്റ് വെയറുകള്‍ (Astronomical Data Reduction Softwares) എന്ന പേരില്‍ അറിയപ്പെടുന്നു. ഇമേജ് റിഡക്ഷന്‍ ആന്‍ഡ് അനാലിസിസ് ഫെസിലിറ്റി (Image Reduction and Analysis Facility), മ്യൂണിച്ച് ഇമേജ് ഡാറ്റാ അനാലിസിസ് സിസ്റ്റം (Munich Image Data Analysis System ,MIDAS), അസ്ട്രോണമിക്കല്‍ ഇമേജ് പ്രോസസ്സിങ് സിസ്റ്റം (Astronomical Image Processing System,AIPS) തുടങ്ങിയവയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ള ചില പ്രധാന അസ്ട്രോണമിക്കല്‍ ഡാറ്റാ റിഡക്ഷന്‍ സോഫ്റ്റ് വെയറുകള്‍.

ഇന്ന് അമേച്വര്‍ ജ്യോതിശ്ശാസ്ത്രരംഗത്തും നിരവധി സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു വരുന്നു. സ്വതന്ത്രസോഫ്റ്റ് വെയറുകള്‍ വ്യാപകമായതോടെ ഇത്തരം സോഫ്റ്റ് വെയറുകളുടെ പ്രചാരവും വര്‍ധിച്ചു. ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സ്വതന്ത്ര അസ്ട്രൊണമിക്കല്‍ സോഫ്റ്റ് വെയറാണ് സ്റ്റെല്ലേറിയം (Stellarium). കംപ്യൂട്ടറിനെ ഒരു പ്രതീതി പ്ലാനറ്റേറിയമാക്കി (Virtual Planetarium) മാറ്റാന്‍ പര്യാപ്തമാണ് ഈ സോഫ്റ്റ് വെയര്‍. അതേസമയം, ഒരു പ്ലാനറ്റേറിയത്തിന്റെ പരിമിതികള്‍ക്കപ്പുറത്താണ് സ്റ്റെല്ലേറിയത്തിന്റെ സാധ്യതകള്‍. നക്ഷത്ര നിരീക്ഷകരെ സഹായിക്കാന്‍ ഏറ്റവും അനുയോജ്യമായ സോഫ്റ്റ് വെയറാണ് സ്റ്റെല്ലേറിയം. ആറ് ലക്ഷത്തിലധികം നക്ഷത്രങ്ങളുടെ വിശദാംശങ്ങള്‍ ഇതിലുണ്ട്. മനോഹരമായി രൂപകല്പനചെയ്തിട്ടുളള ഈ സേഫ്റ്റ് വെയറില്‍ വേറെയും ചില സൗകര്യങ്ങള്‍ ഉണ്ട്. ഭൂമിയില്‍ നിന്നുള്ള ആകാശക്കാഴ്ചയ്ക്ക് പുറമേ ചൊവ്വയില്‍ നിന്നും ചന്ദ്രനില്‍ നിന്നുമുള്ള ആകാശക്കാഴ്ചകളും ഇതില്‍ ലഭ്യമാണ്. http://www.stellarium.org എന്ന പോര്‍ട്ടലില്‍ നിന്നും ഈ സോഫ്റ്റ് വെയര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഗ്നു-ലിനക്സ് (Gnu-Linux) പാക്കേജുകള്‍ക്കൊപ്പം ലഭിക്കുന്ന മറ്റൊരു ജ്യോതിശ്ശാസ്ത്ര സോഫ്റ്റ് വെയര്‍ ആണ് കെ സ്റ്റാര്‍ (k star). സ്റ്റെല്ലേറിയത്തിന്റെ അത്രതന്നെ മികവുറ്റതല്ലെങ്കിലും വളരെ കുറഞ്ഞ പ്രോസസ്സിങ് ശേഷിയുള്ള കംപ്യൂട്ടറുകളില്‍പ്പോലും പ്രവര്‍ത്തിപ്പിക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ഭൂമിയില്‍ നാം നില്‍ക്കുന്ന സ്ഥലം, സമയം എന്നിവ നല്‍കിയാല്‍ അതിനനുസൃതമായ ഒരു നക്ഷത്രമാപ്പ് ഔട്ട്പുട്ടായി ഈ സോഫ്റ്റ് വെയറില്‍ നിന്നും ലഭിക്കും. ഇതുകൂടാതെ നിരവധി നക്ഷത്രങ്ങളുടെയും മറ്റു ഖഗോള വസ്തുക്കളുടെയുമെല്ലാം വിശദാംശങ്ങളും ഇതില്‍ നിന്നു ലഭിക്കും.

ഗ്രഹാന്തര യാത്രകളുടെ പ്രതീതി ഉളവാക്കുന്ന ഒരു സോഫ്റ്റ്വെയറാണ് സെലസ്റ്റിയ (Celestia). പ്രപഞ്ചത്തിന്റെ ഒരു ചെറിയപതിപ്പാണ് ഈ പ്രോഗ്രാം നമുക്ക് മുമ്പില്‍ തുറന്നു വയ്ക്കുന്നത്. ഒരു കംപ്യൂട്ടര്‍ ഗെയിം പോലെ, ഗാലക്സികളിലേക്കും ഗ്രഹങ്ങളിലേക്കുമെല്ലാം 'യാത്ര' നടത്താന്‍ ഇതിലൂടെ സാധിക്കും. http://www.celetiamotherlode.net എന്ന സൈറ്റില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

(നവനീത് കൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍