This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസേഗ്ലിയോ, മാസിമോ തപാരെല്ലി, മാര്‍ക്വിസ് ദ് (1798 - 1866)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസേഗ്ലിയോ, മാസിമോ തപാരെല്ലി, മാര്‍ക്വിസ് ദ് (1798 - 1866)

Azeglio,Massimo Taparelli,Marquis d'


ഇറ്റാലിയന്‍ ദേശീയവാദിയും സാഹിത്യകാരനും ചിത്രകാരനും. 1798 ഒ. 24-ന് ടൂറിനില്‍ ജനിച്ചു. വത്തിക്കാനിലെ സാര്‍ദിനിയന്‍ സ്ഥാനപതിയായ പിതാവിനോടൊപ്പം റോമില്‍ താമസിക്കുമ്പോഴാണ് അസേഗ്ളിയോയ്ക്ക് ചിത്രമെഴുത്തിലും സംഗീതത്തിലും താത്പര്യം ജനിച്ചത്. ക്രമേണ ഒരു ചിത്രകാരനെന്ന നിലയില്‍ പ്രശസ്തി നേടി; ഇദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ പാരിസിലും ലണ്ടനിലും പ്രദര്‍ശിപ്പിക്കപ്പെട്ടു.

1831 മുതല്‍ 1843 വരെ ടൂറിനിലെ അധികാരിവര്‍ഗം സൃഷ്ടിച്ച രാഷ്ട്രീയവും സാമൂഹികവുമായ അന്തരീക്ഷത്തില്‍നിന്നും രക്ഷപ്പെടാന്‍ ഇദ്ദേഹം താമസം മിലാനിലേക്കു മാറ്റി. അവിടെവച്ച് അലസെന്ദ്രോ മന്‍സോണിയുടെ പുത്രിയെ വിവാഹം കഴിച്ചു. മിലാനിലെ ജീവിതകാലത്ത് ഇദ്ദേഹം ലഘുലേഖകളും നോവലുകളും രചിച്ചിട്ടുണ്ട്. അവയിലെല്ലാം ഇറ്റലിയിലെ വൈദേശികാധിപത്യത്തിന്റെ തിന്‍മകള്‍ക്കെതിരായി ദേശീയ മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനു ശ്രദ്ധിച്ചിരുന്നു. ഈ രചനകള്‍ ഇംഗ്ളണ്ടിലും ഫ്രാന്‍സിലും ഗണ്യമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കി.

1848-ലെ ഇറ്റലിയുടെ സ്വാതന്ത്ര്യസമരത്തില്‍ ആസ്റ്റ്രിയയ്ക്കെതിരെ മാര്‍പ്പാപ്പയുടെ സൈന്യത്തിലെ ഒരു സേനാനിയായി അസേഗ്ളിയോ പങ്കെടുത്തു. 1849-ല്‍ വിക്ടര്‍ ഇമ്മാനുവേല്‍ II-ാമന്റെ കീഴില്‍ ആദ്യത്തെ മന്ത്രിസഭ ഇദ്ദേഹം രൂപവത്കരിക്കുകയും ആസ്റ്റ്രിയയുമായി രഞ്ജിപ്പിലെത്തുകയും ചെയ്തു. 1850-ല്‍ മതാധികാരികള്‍ നടത്തിവന്നിരുന്ന നീതിന്യായക്കോടതികള്‍ നിര്‍ത്തലാക്കുകയും കോടതികളില്‍ പുരോഹിതന്‍മാര്‍ക്കുണ്ടായിരുന്ന പ്രത്യേകാനുകൂല്യങ്ങള്‍ എടുത്തുകളയുകയും ചെയ്യുന്ന ഒരു നിയമം നടപ്പിലാക്കി. വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇദ്ദേഹത്തിന് ഈ കാലത്ത് സാധ്യമായി. ഇടതുപക്ഷത്തേക്കു മന്ത്രിസഭ നീങ്ങുന്നുവെന്ന തോന്നല്‍ ജനിപ്പിക്കത്തക്ക ചില പ്രഖ്യാപനങ്ങള്‍ ഒരു മന്ത്രിസഭാംഗമായ കാവൗറില്‍നിന്നും ഉണ്ടായതിനെത്തുടര്‍ന്ന് അസെഗ്ലിയോ 1852-ല്‍ രാജി സമര്‍പ്പിച്ചു. രാജാവിന്റെ നിര്‍ദേശാനുസരണം കാവൗറിനെ ഒഴിവാക്കിക്കൊണ്ട് മറ്റൊരു മന്ത്രിസഭ രൂപവത്കരിക്കുവാന്‍ അസേഗ്ലിയോ നിര്‍ബന്ധിതനായി.

1852 ഒ.-ല്‍ മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ചതോടെ കലാരംഗത്തേക്ക് അസേഗ്ലിയോ വീണ്ടും അടുക്കുകയും ചിത്രരചനയില്‍ ഏറിയ സമയം മുഴുകുകയും ചെയ്തു. കാവൗര്‍ വീണ്ടും അധികാരത്തില്‍ വരികയും ഭരണകാര്യങ്ങളില്‍ ഇദ്ദേഹത്തിന്റെ ഉപദേശം ആരായുകയും ചെയ്തുവന്നു. 1855-ല്‍ ടൂറിന്‍ ആര്‍ട്ട് ഗ്യാലറിയുടെ ഡയറക്ടറായി അസേഗ്ലിയോ നിയമിതനായി. 1859-ല്‍ പല രാഷ്ട്രതന്ത്രദൗത്യ സംഘടനകളുടെയും നേതൃത്വം ഇദ്ദേഹത്തിനു നല്കപ്പെട്ടു. ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ഇറ്റലിയുടെ പ്രശ്നം സംബന്ധിച്ച് വന്‍ശക്തികളുടെ സമ്മേളനം സംഘടിപ്പിക്കുന്നതിനു നിയുക്തമായ ദൌത്യസംഘമായിരുന്നു. റൊമാഞ്ഞയിലെ റോയല്‍ കമ്മീഷണര്‍, മിലാനിലെ ഗവര്‍ണര്‍ എന്നീ നിലകളിലും അസേഗ്ലിയോ സേവനം അനുഷ്ഠിച്ചു. സിസിലിയിലേക്കുള്ള ഗാരിബാള്‍ഡിയുടെ പടയോട്ടത്തെ സംബന്ധിച്ച് ഗവണ്‍മെന്റ് കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ഇദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവച്ച് രാഷ്ട്രീയ ജീവിതത്തില്‍നിന്നും പൂര്‍ണമായി വിരമിച്ചു.

ഇറ്റലിയുടെ ഏകീകരണം അസേഗ്ലിയോയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. മാര്‍പ്പാപ്പയ്ക്ക് സമ്പൂര്‍ണമായ ആധ്യാത്മിക പരമാധികാരവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കണമെന്നും എന്നാല്‍ റോമിന്റെമേല്‍ അദ്ദേഹത്തിന് നാമമാത്രമായ പരമാധികാരമേ പാടുള്ളുവെന്നും അസേഗ്ലിയോ അഭിപ്രായപ്പെട്ടു. ഇറ്റലിയുടെ തലസ്ഥാനം എവിടെ ആയിരുന്നാലും റോമിലുള്ളവര്‍ ഇറ്റലിയിലെ പൌരന്‍മാര്‍ തന്നെയായിരിക്കണമെന്നും ഏകീകൃത ഇറ്റലിയില്‍ നേപ്പിള്‍സിനും സിസിലിക്കും സ്ഥാനം നല്കാതെ അവര്‍ക്ക് സ്വാതന്ത്ര്യം നല്കണമെന്നും ഇദ്ദേഹം വാദിച്ചു.

1866 ജനു. 15-ന് കനറോയില്‍ വച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍