This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസീറിയന്‍ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസീറിയന്‍ കല

Assyrian Art

പ്രാചീന അസീറിയന്‍ ജനപദത്തിലെ കലാസാംസ്കാരിക ചരിത്രം അതുമായി തൊട്ടുരുമ്മിക്കിടന്ന് ഒരൊറ്റ രാഷ്ട്രീയ സാമൂഹികസത്തയായി നിലകൊണ്ട ബാബിലോണിയയുടേതില്‍നിന്നു വ്യവച്ഛേദിച്ചെടുക്കുക ദുഷ്കരമാണ്. ഇവ രണ്ടും ചേര്‍ന്ന രാജ്യം പിന്നീട് മെസപ്പൊട്ടേമിയ എന്നും ആധുനികകാലത്ത് ഇറാക്ക് എന്നും അറിയപ്പെടുന്നു. രാഷ്ട്രീയശക്തികേന്ദ്രം പ്രാചീനകാലത്ത് ഇവയുടെ തലസ്ഥാനങ്ങളായിരുന്ന അഷൂറിലും ബാബിലോണിലും മാറിമാറി പ്രതിഷ്ഠിതമായിക്കൊണ്ടിരുന്നു. അസീറോ-ബാബിലോണിയന്‍ അല്ലെങ്കില്‍ അക്കേദിയന്‍ എന്ന ഭാഷയാണ് ഈ പ്രദേശങ്ങളില്‍ പുരാതനകാലത്ത് പ്രചരിച്ചിരുന്നത്.

ബി.സി. ഒന്നാം സഹസ്രാബ്ദത്തിലെ ആദ്യശതകങ്ങളില്‍ (സു. 1000-600) ആണ് അസീറിയ മെസപ്പൊട്ടേമിയന്‍ പ്രദേശത്തിലെ പ്രമുഖ ശക്തിയായിത്തീരുന്നത്. അക്കാലത്തെ രാജ്യചരിത്രം അറിയുന്നതിന് മുഖ്യമായും ബൈബിളിലെ പഴയനിയമമാണ് ജനങ്ങള്‍ക്കു സഹായകമായിരുന്നതെങ്കിലും 1842-ല്‍ ആരംഭിച്ച് ഏതാണ്ട് രണ്ടാം ലോകയുദ്ധകാലംവരെ വിവിധരാഷ്ട്രങ്ങള്‍ അവിടെ നടത്തിവന്ന ഉത്ഖനനങ്ങളുടെയും ഗവേഷണപഠനങ്ങളുടെയും ഫലമായി പുരാവസ്തുശാസ്ത്രപരമായും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സ്ഥിതിഗതികളെ സംബന്ധിച്ചും അമൂല്യമായ പല പുതിയ അറിവുകളും പുറത്തുവന്നിട്ടുണ്ട്.

അസീറിയന്‍ കലാകാരന്‍മാര്‍ തങ്ങളുടെ സൃഷ്ടികളില്‍ അയല്‍ രാജ്യങ്ങളിലെ മാതൃകകള്‍ പലതും കടംകൊണ്ടിട്ടുണ്ടെന്ന് ഇവ സ്പഷ്ടമാക്കുന്നു. എന്നാല്‍ 'റിലീഫ്' (relief) ശില്പങ്ങളില്‍ ഇവര്‍ക്കു തനതായ ഒരു വ്യക്തിത്വം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. തങ്ങളുടെ രാജാക്കന്‍മാരെയും അവരുടെ അപദാനവിശേഷങ്ങളേയും കലാരൂപങ്ങളില്‍ക്കൂടി ശാശ്വതീകരിക്കാനാണ് അസീറിയന്‍ കലാകാരന്‍മാര്‍ ശ്രമിച്ചിട്ടുള്ളതെന്നതിനു തെളിവാണ് അവിടെനിന്നും ലഭിച്ചിട്ടുള്ള ചിത്രശില്പമാതൃകകള്‍ മിക്കതും. കൊട്ടാരങ്ങളുടെ ഉള്‍ഭാഗങ്ങളിലെ കൊത്തുപണികള്‍ രാജാക്കന്മാര്‍ പങ്കെടുത്തിട്ടുള്ള യുദ്ധങ്ങളെയും മൃഗയാവിനോദങ്ങളെയും ചിത്രീകരിക്കുന്നു. പ്രവേശനദ്വാരങ്ങളുടെ ഇരുവശങ്ങളിലും മനുഷ്യശിരസ്സോടുകൂടിയ, ചിറകുകളുള്ള കൂറ്റന്‍ രാക്ഷസചിത്രശില്പങ്ങളും അങ്ങിങ്ങ് കാണാനുണ്ട്.

ഉയര്‍ന്നതും കുഴിഞ്ഞതും വളഞ്ഞതുമായ ശരീരഭാഗങ്ങളെ യാഥാതഥ്യബോധത്തോടുകൂടി അവതരിപ്പിക്കുന്ന മനുഷ്യജന്തുരൂപങ്ങളുടെ റിലീഫ് ശില്പങ്ങള്‍ അസീറിയന്‍ പ്രദേശങ്ങളില്‍ അനവധിയുണ്ട്. സകല വിശദാംശങ്ങളിലും നിഷ്കൃഷ്ടമായ സത്യസന്ധത പാലിക്കുന്ന ഈ ശില്പപരമ്പരകള്‍ പല ആഖ്യാനങ്ങളെയും അവതരിപ്പിക്കുന്നു. ആഷൂര്‍ബാനിപാള്‍ രാജാവിന്റെ (ബി.സി. 666-626) കൊട്ടാരത്തിനുള്ളില്‍ കാണുന്ന ഒരു നായാട്ടുശില്പം ഇവയ്ക്ക് ഒരു നല്ല മാതൃകയാണ്. ഏഴു മുതല്‍ ഒന്‍പതു വരെ അടിപൊക്കമുള്ള ഈ ശില്പങ്ങള്‍ പലതും ഒരുകാലത്ത് ചായം പൂശിയവയായിരുന്നു എന്നു കരുതാന്‍ ന്യായമുണ്ട്.

നിമ്ദൂദിനടുത്തുള്ള ബാലാവത് കൊട്ടാരത്തിലെ പ്രവേശനകവാടത്തില്‍ പതിച്ചിരിക്കുന്ന പ്രതിമകള്‍ അസീറിയന്‍മാര്‍ ലോഹശില്പകലയില്‍ എത്രവലിയ നൈപുണ്യമാണ് നേടിയിരുന്നതെന്നു തെളിയിക്കുന്നു. ഖൊറാസബാദ് കൊട്ടാരത്തിന്റെ ചുവരുകളും അതിലെ ആസ്ഥാനമണ്ഡപത്തിലെ സിംഹാസനങ്ങളും വര്‍ണസംയോജനത്തിന് വിശിഷ്ട നിദര്‍ശനങ്ങളാണ്. ഇതിഹാസകഥാപാത്രങ്ങളായ മൃഗങ്ങളെ വരച്ചും കൊത്തിയും ചേര്‍ത്തിരിക്കുന്ന മിനുസമേറിയ ഇഷ്ടികകള്‍കൊണ്ടും ശ്ലക്ഷ്ണശിലകള്‍കൊണ്ടും നിര്‍മിതമായ ദേവാലയങ്ങളും അസീറിയയില്‍ ധാരാളം കാണാം. സ്നിഗ്ധശിലാഖണ്ഡങ്ങള്‍കൊണ്ടുള്ള ശില്പവിദ്യ പ്രാചീനകാലത്ത് അസീറിയയിലും സമീപപ്രദേശങ്ങളിലും വ്യാപകമായി പ്രചാരത്തിലിരുന്നു.

രാഷ്ട്രീയശക്തിയുടെ പതനത്തോടുകൂടി അവിടത്തെ കലാസമ്പത്തും അപചയത്തിലേക്കു വഴുതിവീണതായി കരുതപ്പെടേണ്ടിയിരിക്കുന്നു. പക്ഷേ, അതിന്റെ സ്വാധീനത വളരെക്കാലത്തേക്ക് പേഴ്സ്യന്‍ കലാസംസ്കാരങ്ങളില്‍ ആധിപത്യം നിലനിര്‍ത്തിപ്പോന്നു. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഒന്നായിക്കിടക്കുന്ന ബാബിലോണിയയുടേതുമായി അസീറിയന്‍ കലയും കെട്ടുപിണഞ്ഞിരിക്കുകയാണ്. നോ: ബാബിലോണിയ; ബാബിലോണിയന്‍ കല

(ജയാ അപ്പാസ്വാമി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍