This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസീറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അസീറിയ

Assyria


ബി.സി. മൂന്നും രണ്ടും സഹസ്രാബ്ദങ്ങളില്‍ പശ്ചിമേഷ്യയിലെ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളില്‍ വര്‍ത്തിച്ചിരുന്ന സംസ്കാരസമ്പന്നമായ ഒരു സെമിറ്റിക് ജനവര്‍ഗത്തിന്റെ അധിവാസഭൂമി. നിനവെ പട്ടണത്തെ കേന്ദ്രമാക്കിക്കൊണ്ടു പ്രസരിച്ച ഈ സാംസ്കാരികപ്രവാഹത്തിന്റെ ചരിത്രം ബാബിലോണിയയുടേതുമായി വേര്‍തിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അസീറിയയില്‍നിന്നാണ് സിറിയ രൂപംകൊണ്ടത്.

ആമുഖം

മാനവസംസ്കാരം പിറന്നത് ഈജിപ്തിലോ ചൈനയിലോ ടൈഗ്രീസ്-യൂഫ്രട്ടീസ് നദീതടങ്ങളിലോ സിന്ധുഗംഗാസമതലങ്ങളിലോ എന്ന പ്രശ്നത്തിനു ഉത്തരം എന്തുതന്നെ ആയിരുന്നാലും ബി.സി. 3000-600 കാലഘട്ടത്തില്‍ സാംസ്കാരികവും രാഷ്ട്രീയവുമായ വികാസം ബാബിലോണിയയുമൊത്ത് അസീറിയയില്‍ ആകെപ്പാടെ വ്യാപിച്ചിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ബി.സി. ഏഴാം ശ.-ത്തിന്റെ അവസാനവര്‍ഷങ്ങളില്‍ നബൊ പൊലസ്സര്‍ രാജാവ് അസീറിയയുടെ ആധിപത്യം നിശ്ശേഷം തകര്‍ത്തതോടുകൂടിയാണ് ഈ പ്രാചീനജനപദം ബാബിലോണിയന്‍ സംസ്കാരപ്രവാഹത്തില്‍ ആമൂലാഗ്രം ലയിക്കുന്നത്. പതിനഞ്ചോളം നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അസീറിയന്‍ കാലഘട്ടത്തില്‍ അക്ഷരവിദ്യ, ഇനാമല്‍ വേല, ചിത്രരചന, പ്രതിമാശില്പം, വേഷവിധാനം, വൈദ്യശാസ്ത്രം, സംഗീതം, സൈന്യഘടന തുടങ്ങിയ മനുഷ്യപ്രവര്‍ത്തനമേഖലകളുടെ എല്ലാ ശാഖകളിലും ഈ പ്രദേശം അത്യുന്നതമായ നിലവാരം പുലര്‍ത്തിയിരുന്നു.

അസീറിയയുടെ തലസ്ഥാനനഗരിയായിരുന്ന അസൂര്‍ (അശ്ശൂര്‍, അഷൂര്‍, അസ്ഹൂര്‍, ആധുനിക ഖലാത്ത് ഷര്‍ക്കത്ത്) ടൈഗ്രീസ് നദിയുടെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്നു. ഇതിനു 96 കി.മീ. വടക്കാണ് നിനവെ (ആധുനിക കുയൂന്‍ജിക്) എന്ന പ്രാചീന നഗരത്തിന്റെ ആസ്ഥാനം. ഈ നഗരങ്ങള്‍ക്കിടയില്‍ കലാക്ക് (നിമ്റുദ്) സ്ഥിതിചെയ്യുന്നു. നിനവെയ്ക്കു വ.കിഴക്കായി അസീറിയന്‍ രാജാവായിരുന്ന സാര്‍ഗണിന്റെ ആസ്ഥാനമായ ദുര്‍ഷാറുക്കിന്‍ (ആധുനിക ഖൊര്‍സാബാദ്) സ്ഥിതിചെയ്തിരുന്നു. പ്രാചീനനഗരങ്ങളായ അര്‍ബേല, ഹറാന്‍ എന്നിവയും ഈ പ്രദേശത്തുള്‍പ്പെട്ടിരുന്നു.

പ്രാകൃതഗോത്രങ്ങളുടെയും അലഞ്ഞുതിരിഞ്ഞു കഴിഞ്ഞുവന്ന ജനവിഭാഗങ്ങളുടെയും ആക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിന് അസീറിയയിലെ ജനങ്ങള്‍ പ്രാചീനകാലം മുതല്‍ പല പ്രതിരോധമാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. കാലാവസ്ഥയും ഇവിടത്തെ ജനങ്ങളുടെ സ്വഭാവരൂപവത്കരണത്തില്‍ ഗണ്യമായ പങ്കുവഹിച്ചു. നിരന്തരം യുദ്ധങ്ങളിലേര്‍പ്പെട്ടിരുന്ന അസീറിയന്‍ ജനത സാംസ്കാരിക വളര്‍ച്ചയില്‍ സമീപസ്ഥിതരായിരുന്ന ബാബിലോണിയരെക്കാള്‍ പിന്നിലായിരുന്നു. അസീറിയക്കാരുടെ പ്രാചീനശിലാലിഖിതങ്ങളില്‍ സൈനികപ്രവര്‍ത്തനങ്ങളെയാണ് അധികവും പരാമര്‍ശിച്ചിട്ടുള്ളത്.

ചരിത്രം

പുരാവസ്തുഗവേഷകരുടെ ഉത്ഖനനങ്ങളുടെ ഫലമായി ഈ പ്രദേശത്തിന്റെ പ്രാചീനചരിത്രം-ഗ്രാമങ്ങളായിരുന്ന കാലം മുതല്‍ ബി.സി. 3000-ത്തില്‍ എഴുത്തുവിദ്യ നിലവില്‍ വരുന്ന കാലം വരെ-മനസ്സിലാക്കുവാന്‍ കഴിയുന്നു. ബി.സി. 4750-ല്‍ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിനുശേഷമുള്ള കാലഘട്ടങ്ങളിലെ സംസ്കാരസമ്പന്നരായ ജനവിഭാഗങ്ങളുടെ ജീവിതരീതി പ്രതിഫലിപ്പിക്കുന്ന പുരാവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുനിന്നു ലഭിച്ചിട്ടുണ്ട്.

സുമേറിയന്‍-ബാബിലോണിയന്‍ സംസ്കാരങ്ങളുമായി അസീറിയയ്ക്കു ബന്ധങ്ങളുണ്ടായിരുന്നുവെന്നതിനു തെളിവുകളുണ്ട്. അസീറിയ, അക്കാദിലെ സാര്‍ഗണിന്റെയും അനന്തരാവകാശികളുടെയും സാമ്രാജ്യത്തിന്റെ (ബി.സി. 2300-2200) ഭാഗമായിരുന്നുവെന്നതിനും തെളിവുകളുണ്ട്. ബാബിലോണിയയുടെ കീഴില്‍ അസീറിയ ഏതാണ്ട് ഒരു നൂറ്റാണ്ടു കാലത്തോളം കഴിഞ്ഞു (ബി.സി. 2050-1950).

പ്രാചീന അസീറിയന്‍ സാമ്രാജ്യം

ബി.സി. 1950-നോടടുത്ത കാലഘട്ടത്തില്‍ അസീറിയ ഭരിച്ചിരുന്ന പുസൂര്‍-ആശ്ശൂര്‍ I-ന്റെയും അനന്തരഗാമികളുടെയും കാലത്ത് അസീറിയ വിപുലമായ ഒരു സാമ്രാജ്യമായി വളര്‍ന്ന്, വിദേശവാണിജ്യംകൊണ്ട് സാമ്പത്തികമായി വളരെ അഭിവൃദ്ധിപ്പെട്ടിരുന്നു. ബാബിലോണിയ ഈ സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. അസീറിയയും വിദേശരാജ്യങ്ങളും തമ്മില്‍ വാണിജ്യാധിഷ്ഠിതമായ സുദൃഢബന്ധങ്ങള്‍ അക്കാലത്തു നിലനിന്നു. ബി.സി. 1950-നും 1750-നും ഇടയ്ക്കുള്ള രണ്ടു ശതകങ്ങളില്‍ ജനവാസമുണ്ടായിരുന്ന തെക്കുപടിഞ്ഞാറന്‍ ഏഷ്യ പടിഞ്ഞാറന്‍ സെമൈറ്റുകളുടെ ആക്രമണത്തിനു വിധേയമായി. പില്ക്കാലത്ത് ഇവര്‍ അമോറൈറ്റുകള്‍ എന്നറിയപ്പെട്ടു. 1748-ല്‍ ഒരു അമോറൈറ്റ് തലവന്‍ ഷംഷി അദാദ് എന്ന പേരില്‍ അസീറിയന്‍ രാജാവായി. ഈ വംശത്തിന്റെ ഭരണകാലത്ത് അസീറിയ ഒരു പ്രബലരാഷ്ട്രമായി. തെ.പടിഞ്ഞാറന്‍ ഇറാന്‍ മുതല്‍ മെഡിറ്ററേനിയന്‍ കടല്‍വരെ അന്ന് അസീറിയന്‍ സാമ്രാജ്യം വ്യാപിച്ചു. ഷംഷി അദാദിന്റെ പുത്രനായ ഇഷ്മെ ദഗാന്‍ I-ന്റെ മരണത്തോടുകൂടി അസീറിയയുടെ പ്രശസ്തിയും വളര്‍ച്ചയും കുറഞ്ഞുതുടങ്ങി; സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും സ്വതന്ത്രങ്ങളായി. പിന്നീട് അസീറിയ ബാബിലോണിയയിലെ ഹമ്മുറാബിയുടെ അധീശാധികാരത്തിന്‍കീഴിലായി (ബി.സി. 1696). ഹമ്മുറാബി നിര്യാതനായതോടുകൂടി അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ ഉത്തരഭാഗത്ത് പ്രാകൃതവര്‍ഗങ്ങളുടെ ആക്രമണമുണ്ടായി. അവര്‍ മെസപ്പൊട്ടേമിയയില്‍ എത്തി. ബി.സി. 1700-1500 കാലത്ത് അസീറിയ ബലഹീനമായ ഒരു രാഷ്ട്രമായി കഴിഞ്ഞിരുന്നിരിക്കണം. ഹൂറിയന്‍മാരും ഇന്തോ-ആര്യന്‍മാരും വടക്കും കിഴക്കും പ്രദേശങ്ങളില്‍നിന്ന് അസീറിയയിലും പലസ്തീനിലും വാസമുറപ്പിച്ചു. അസീറിയ കുറേക്കാലം ഈ വര്‍ഗക്കാരുടെ അധികാരത്തിന്‍ കീഴിലായിരുന്നു. ബി.സി. 17-ാം ശ.-ത്തിന്റെ മധ്യകാലത്ത് ബല്‍ബാനി എന്ന രാജാവ് അസീറിയ ഭരിച്ചിരുന്നതായി രേഖകളുണ്ട്.

മധ്യ അസീറിയന്‍ സാമ്രാജ്യം

ബി.സി. 1500-നോടടുത്ത് അഷൂര്‍മിരാരി I അസീറിയ ഭരിച്ചു. അടുത്ത നൂറ്റാണ്ടില്‍ അസീറിയയുടെ പ്രതാപം വീണ്ടും നഷ്ടപ്പെട്ടു. അന്നു പല വിദേശരാജ്യങ്ങളുമായി യുദ്ധങ്ങളും പല സമാധാനസന്ധികളും ഉണ്ടായി. ഇന്തോ-ആര്യന്‍ രാജ്യമായ മിതാന്നിയുടെ അധീശാധികാരവും അസീറിയയ്ക്ക് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. തുത്മോസ് III (ഈജിപ്തിലെ രാജാവ്) അസീറിയ ആക്രമിച്ച് മിതാന്നിയന്‍ സേനയെ തോല്പിച്ചപ്പോള്‍ (1450), അസീറിയന്‍ രാജാവ് തുത്മോസിനു സമ്മാനങ്ങള്‍ അയച്ചുകൊടുത്തു. ഹിറ്റൈറ്റുകള്‍ മിതാന്നിയെ പരാജയപ്പെടുത്തിയതോടുകൂടി അസീറിയയിലെ എറിബാ-അദാദിന് (ബി.സി. 1383-57) അസീറിയന്‍ സാമ്രാജ്യം പുനരുദ്ധരിക്കുവാന്‍ സന്ദര്‍ഭം ലഭിച്ചു. അദ്ദേഹത്തിന്റെ പുത്രനായ ആഷൂര്‍ ഉബാല്ലിത് I (ബി.സി. 1356-21) അസീറിയയെ ഒരു സൈനികശക്തിയായി വളര്‍ത്തി. അന്നു സാമ്രാജ്യത്തിന്റെ അതിരുകള്‍ വിപുലമാക്കുകയും ബാബിലോണിയയുടെമേല്‍ അധീശാധികാരം ഉറപ്പിക്കുകയും ചെയ്തു. അദ്ദേഹം ഈജിപ്തിലെ അഖ്നതെനു(ഇഖ്നാത്തന്‍)മായി നടത്തിയ കത്തിടപാടുകള്‍ ചരിത്രവസ്തുതാണ്. അടുത്ത രണ്ടു രാജവംശങ്ങളുടെ ഭരണകാലത്ത് (ബി.സി. 1320-1299) അസീറിയ ശക്തമായ ഒരു രാഷ്ട്രമായി; അവര്‍ക്കു പല സൈനികവിജയങ്ങളും നേടാന്‍ കഴിഞ്ഞു. ഈ കാലഘട്ടത്തിലെ മുഖ്യ രാജാക്കന്മാര്‍ അദാദ്നിരാരി I (ബി.സി. 1298-1266), ശല്‍മനേസര്‍ I (ബി.സി. 1265-1236), തുകുല്‍തി നിനൂര്‍ത I (ബി.സി. 1235-1199) തുടങ്ങിയവരായിരുന്നു. അക്കാലത്തു മിതാന്നിയെ ആക്രമിച്ച് യൂഫ്രട്ടീസ് നദിക്കു മറുകര വരെ അസീറിയയുടെ അതിര്‍ത്തി വ്യാപിപ്പിച്ചു. ബി.സി. 1270-ല്‍ ഈജിപ്തുകാരും ഹിറ്റൈറ്റുകളും സന്ധി ഉണ്ടാക്കിയതോടുകൂടി അവര്‍ തമ്മിലുള്ള ശത്രുത അവസാനിച്ചു. അസീറിയയുടെ വളര്‍ച്ചയെ വിഘാതപ്പെടുത്താന്‍ ഈ സൗഹൃദം അവര്‍ ഉപയോഗിച്ചു. എങ്കിലും അസീറിയന്‍ രാജാവായ തുകുല്‍തി നിനുര്‍ത I ബാബിലോണിയ കീഴടക്കി തന്റെ സാമ്രാജ്യം അര്‍മീനിയ മുതല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വരെ വ്യാപിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രന്റെ ഭരണകാലത്ത് അസീറിയ ബാബിലോണിയയുടെ സാമന്ത രാജ്യമായിത്തീര്‍ന്നു. തിഗ്ലത്ത് പിലീസര്‍ I (ബി.സി. 1116-1078)-ന്റെ കാലത്ത് അസീറിയ വീണ്ടും ശക്തമായ രാഷ്ട്രമായി. അദ്ദേഹം ബാബിലോണിയയെ ആക്രമിച്ചു കീഴ്പ്പെടുത്തി.

മധ്യകാല അസീറിയന്‍ സാമ്രാജ്യത്തിന്റെ ഭരണസംവിധാനത്തെപ്പറ്റിയും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമാണ്. അന്നത്തെ നിയമസംവിധാനവും ശിക്ഷാസമ്പ്രദായങ്ങളും കര്‍ശനമായിരുന്നു. തിഗ്ലത്ത് പിലീസര്‍ I-ന്റെ അനന്തരഗാമികളുടെ കാലത്ത് അസീറിയയുടെ പ്രതാപം നഷ്ടപ്പെട്ടു. ആഷൂര്‍ദാന്‍ II (ബി.സി. 934-912)-ന്റെ ശിലാശാസനങ്ങളില്‍ നിന്ന് അന്നത്തെ അസീറിയന്‍ ജനതയുടെ ദാരിദ്ര്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍ മനസ്സിലാക്കാം.

ആഷുര്‍ദാന്‍ II-ഉം, പുത്രനായ അദാദ്നിരാരി II-ഉം (ബി.സി. 911-891) അസീറിയയെ വീണ്ടും ശക്തമായ രാഷ്ട്രമാക്കാന്‍ യത്നിച്ചു. അടുത്ത രാജാവായ തുകുല്‍തി നിനുര്‍ത II-ഉം (ബി.സി. 890-884) പുത്രനായ ആഷുര്‍ നാസിര്‍ പാള്‍ II-ഉം (ബി.സി. 884-859) അര്‍മീനിയരെ ആക്രമിച്ചു; അവിടത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു. അസീറിയര്‍ നടത്തിയ മര്‍ദനങ്ങളുടെ വിവരങ്ങള്‍ ശിലാലിഖിതങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ട്. അടുത്ത അസീറിയന്‍ രാജാവായ ശല്‍മനേസര്‍ III (ബി.സി. 858-824) അര്‍മീനിയന്‍-ഫിനീഷ്യന്‍-പലസ്തീനിയന്‍ സഖ്യസേനയെ കര്‍കര്‍ യുദ്ധത്തില്‍ (ബി.സി. 853) നേരിട്ടു. സഖ്യകക്ഷികളുടെ ഐക്യം നഷ്ടപ്പെട്ടെങ്കിലും അസീറിയയ്ക്കു വിജയിക്കാന്‍ സാധിച്ചില്ല; സഖ്യസേനകളുടെ ആസ്ഥാനമായ ദമാസ്കസ് പിടിച്ചെടുക്കുവാന്‍ ശല്‍മനേസര്‍ IIIനു കഴിഞ്ഞുമില്ല. ബാബിലോണിയ കീഴടക്കാന്‍ സാധിച്ചെങ്കിലും പിന്നീട് ആഭ്യന്തരയുദ്ധത്തിന് അസീറിയ സാക്ഷ്യം വഹിക്കേണ്ടിവന്നു. ഷംഷി അദാദ് V (ബി.സി. 823-811) രാജാവായതോടുകൂടി രാജ്യത്ത് സമാധാനം പുനഃസ്ഥാപിതമായെങ്കിലും സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും സ്വതന്ത്രമായി. ഷംഷി അദാദിന്റെ നിര്യാണാനന്തരം അദ്ദേഹത്തിന്റെ പുത്രന്‍ രാജാവായി. അതോടുകൂടി, അസീറിയ സാമ്രാജ്യശക്തിയായി വീണ്ടും വളര്‍ന്നു. തെ.പടിഞ്ഞാറെ ഏഷ്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രമായി അസീറിയ കരുതപ്പെട്ടിരുന്നെങ്കിലും യഥാര്‍ഥത്തില്‍ ഇക്കാലത്ത് അതിന്റെ ശക്തി ക്ഷയോന്‍മുഖമായി.

ബി.സി. 745-ല്‍ തിഗ്ലത്ത് പിലീസര്‍ III രാജാവായി; അദ്ദേഹം അസീറിയന്‍ പ്രതാപം വീണ്ടെടുക്കുകയും ബാബിലോണിയയിലെ കാല്‍ദിയരെ അമര്‍ച്ചവരുത്തുകയും ചെയ്തു. കിഴക്കും പടിഞ്ഞാറും അതിര്‍ത്തികളിലും സമാധാനം സ്ഥാപിച്ചു; ബി.സി. 740-ല്‍ അര്‍പഡ് കീഴടക്കി; ബി.സി. 734-ല്‍ ഗാസ പിടിച്ചെടുത്തു. ഇസ്രയേലും ദമാസ്കസും തിഗ്ലത്ത് പിലീസര്‍ III-ന് അധീനമായി. ബാബിലോണ്‍ കീഴടക്കി അവിടത്തെയും രാജാവായി. രാഷ്ട്രത്തിനെതിരായി കലാപം നയിക്കുന്നവരെ കൂട്ടക്കൊല ചെയ്യുകയോ അടിമകളാക്കുകയോ ചെയ്യാതെ, അവരുടെ നേതാക്കന്മാരെ മാത്രം വധിച്ചശേഷം മറ്റുള്ളവരെ ഇതര പ്രദേശങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചു. തിഗ്ലത്ത് പിലീസറിന്റെ പുത്രനായ ശല്‍മനേസര്‍ V (ബി.സി. 726-722)നുശേഷം സാര്‍ഗണ്‍ II (ബി.സി. 721-705) രാജാവായി. അദ്ദേഹം ഉറാര്‍ത്തു (അര്‍മീനിയ) ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ആക്രമിച്ചു കീഴടക്കി. ബാബിലോണിയയിലെ കാല്‍ദിയന്‍ തലവനായ മൊര്‍ദേക്കയെ (ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള) കീഴടക്കുന്നതില്‍ സാര്‍ഗണ്‍ വീജയിച്ചില്ല.

സാര്‍ഗണിന്റെ പുത്രനായ സെനക്കെരിബ് (ബി.സി. 704-681) ഭരണാധികാരിയായപ്പോള്‍ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ വിപ്ലവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അവ അമര്‍ച്ച ചെയ്യുവാനും സമീപരാജ്യങ്ങളെ ആക്രമിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തെ രണ്ടു പുത്രന്മാര്‍ ചേര്‍ന്നു വധിച്ചു. മറ്റൊരു പുത്രനായ എസാര്‍ഹഡന്‍ (ബി.സി. 680-669) പിതാവിനെ വധിച്ച സഹോദരന്മാരെ രാജ്യത്തുനിന്നു നിഷ്കാസനം ചെയ്തു ഭരണം ഏറ്റെടുത്തു. അദ്ദേഹം ബാബിലോണിയയെ തന്റെ തലസ്ഥാനങ്ങളിലൊന്നാക്കുകയും മീഡിയ, അറേബ്യ എന്നീ പ്രദേശങ്ങള്‍ തന്റെ സാമ്രാജ്യത്തിലുള്‍പ്പെടുത്തുകയും ചെയ്തു. ഈജിപ്തിന്റെ ചില പ്രദേശങ്ങളും ഇദ്ദേഹം കൈവശപ്പെടുത്തി. ബാര്‍ബേറിയന്‍ ആക്രമണങ്ങളില്‍നിന്നു രാജ്യത്തെ രക്ഷിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. എസാര്‍ഹഡന്‍ തന്റെ സാമ്രാജ്യം രണ്ടു പുത്രന്മാര്‍ക്കായി വിഭജിച്ചുകൊടുത്തു.

എസാര്‍ഹഡന്റെ പുത്രനായ ആഷൂര്‍ബാനിപാള്‍ (ബി.സി. 668-663) അസീറിയന്‍ സാമ്രാജ്യത്തിന്റെ അവസാനകാലത്തെ ഏറ്റവും പ്രമുഖനായ രാജാവായിരുന്നു. ഗ്രീക്കുചരിത്രത്തില്‍ സര്‍ദാനപാലസ് എന്ന പേരിലാണ് ഈ ചക്രവര്‍ത്തി അറിയപ്പെടുന്നത്. ഈജിപ്ത്, നുബിയ, തീബ്സ് എന്നീ പ്രദേശങ്ങള്‍ അദ്ദേഹം കീഴടക്കി. ബാബിലോണിലെ രാജാവും ആഷൂര്‍ബാനിപാളിന്റെ സഹോദരനുമായ ഷംഷ്ഷുമുകിനും ആഷൂര്‍ബാനിപാളും തമ്മില്‍ നടന്ന യുദ്ധത്തില്‍ നിരവധി ബാബിലോണിയര്‍ വധിക്കപ്പെട്ടു. നീണ്ട ഒരു യുദ്ധത്തിനുശേഷം ആഷൂര്‍ബാനിപാള്‍ അറേബ്യയും കീഴടക്കി. ലിഡിയയെയും അര്‍മീനിയയെയും തന്റെ ആധിപത്യത്തിന്‍കീഴിലാക്കാനും ആഷൂര്‍ബാനിപാളിനു കഴിഞ്ഞു.

ആഷൂര്‍ബാനിപാളിന്റെ ഭരണകാലത്ത് അസീറിയന്‍ സംസ്കാരം വളരെ അഭിവൃദ്ധിപ്പെട്ടു. ക്യൂനിഫോം രീതിയിലുള്ള ലേഖനവിദ്യയുടെ വികാസവും തന്‍മൂലമുണ്ടായ വിജ്ഞാനവര്‍ധനവും ആഷൂര്‍ബാനിപാളിന്റെ കാലത്തെ പ്രത്യേകതകളാണ്. സുമേരിയന്‍-അക്കേദിയന്‍ ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ശാസനങ്ങള്‍ ശേഖരിക്കാന്‍ അദ്ദേഹം പണ്ഡിതന്‍മാരെ ബാബിലോണിയ ഉള്‍പ്പെടെയുള്ള പല പ്രാചീന നഗരങ്ങളിലേക്കും അയച്ചു. നിനവെയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥശാലയില്‍ ആയിരക്കണക്കിന് ലിഖിതഫലകങ്ങള്‍ ഉണ്ടായിരുന്നു (അവയില്‍ പലതും ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്). ബി.സി. 633-ല്‍ അദ്ദേഹം നിര്യാതനായതോടുകൂടി അസീറിയന്‍ സാമ്രാജ്യം നാശോന്‍മുഖമായി; ആഷൂര്‍ബാനിപാളിന്റെ അനന്തരഗാമികള്‍ തമ്മിലുള്ള അധികാരമത്സരംമൂലം സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും സ്വതന്ത്രങ്ങളായി. ബി.സി. 614-ല്‍ മീഡുകള്‍ തലസ്ഥാനമായ ആഷൂര്‍ ആക്രമിച്ചു നശിപ്പിച്ചു; രണ്ടു കൊല്ലത്തിനുശേഷം നിനവെയും ആക്രമണവിധേയമായി. ആഷൂര്‍ ഉബാലിത് II, ഹറാന്‍ തലസ്ഥാനമാക്കിക്കൊണ്ടു ഭരണം തുടര്‍ന്നു. ബി.സി. 608-നും 606-നും മധ്യേ ഹറാനും മീഡുകള്‍ നശിപ്പിച്ചു. അതോടുകൂടി അസീറിയന്‍ സാമ്രാജ്യം നാമാവശേഷമായി.

അസീറിയന്‍ സംസ്കാരം

അസീറിയന്‍ രാജാവായ ആഷൂര്‍ബാനിപാളിന്റെ ഗ്രന്ഥശേഖരത്തില്‍നിന്ന് ഒരു പ്രാചീനവൈദ്യശാസ്ത്രകൃതി കണ്ടുകിട്ടിയിട്ടുണ്ട്. കളിമണ്‍ ഫലകങ്ങളില്‍ കൊത്തിവച്ച അക്ഷരങ്ങളോടുകൂടിയതും സുമേറിയനും അസീറിയനും ഭാഷകളില്‍ എഴുതപ്പെട്ടതുമായ ഈ ഇഷ്ടിക ഗ്രന്ഥത്തില്‍ പല പച്ചമരുന്നുകളെയും അവയുടെ പ്രയോഗവിധങ്ങളെയുംപറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ഇനാമല്‍ പ്രയോഗത്തിലും അസീറിയര്‍ അദ്വിതീയരായിരുന്നു. വിവിധ ലോഹങ്ങളില്‍ നിര്‍മിതമായ ആഭരണങ്ങളില്‍ മാത്രമല്ല, കെട്ടിടങ്ങള്‍ക്കുള്ള ചുടുകട്ടകളില്‍പ്പോലും നല്ലപോലെ തിളങ്ങുന്ന ഇനാമല്‍ പ്രയോഗം നടത്തുന്നതില്‍ ഇവര്‍ വൈദഗ്ധ്യം നേടി. ഇങ്ങനെ തിളക്കംവരുത്തിയ ചുടുകട്ടകള്‍കൊണ്ടു കെട്ടിയ കൊട്ടാരങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെയും ചുമരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ച് ഇവര്‍ അലങ്കരിച്ചിരുന്നു. അവര്‍ക്കു പരിചിതമായ ജീവിതവ്യവഹാരരംഗങ്ങളാണ് ഈ ചിത്രരചനകള്‍ക്കു വിഷയമായത്. ഇവരുടെ ലേഖനവിദ്യയെ ഉദാഹരിക്കുന്ന പല പ്രതിമാശില്പങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഒരു 'ലേഖകന്‍' തന്റെ നാരായമോ തൂവലോ കൊണ്ടു കളിമണ്‍കട്ടകളില്‍ അക്ഷരങ്ങള്‍ കൊത്തിവയ്ക്കുന്നതും പാപ്പിറസ് ചുരുളുകളിലുള്ള എഴുത്തു വായിക്കുന്നതുമായ പ്രതിമകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കൃഷിജോലികള്‍, നായാട്ട്, ഗാര്‍ഹികരംഗങ്ങള്‍, യുദ്ധം, വീട്ടുമൃഗങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്ന ബാസ്-റിലീഫ് (Bas-Relief) ശില്പങ്ങളും ഒട്ടും കുറവല്ല.

അയഞ്ഞു നീണ്ടുകിടക്കുന്ന വസ്ത്രങ്ങളും കഞ്ചുകങ്ങളുമായിരുന്നു ഇവരുടെ സാധാരണ വേഷവിധാനം. ഞൊറിവുകളും മടക്കുകളും ധാരാളമായുള്ള കമ്പിളിവസ്ത്രങ്ങളായിരുന്നു ഇവര്‍ ഉപയോഗിച്ചുവന്നത്.

ഇവര്‍ സംഗീതകലയില്‍ സാരമായ നൈപുണ്യം നേടിയിരുന്നുവെന്നതിന് ഈ പ്രദേശത്തുനിന്നു കിട്ടിയ പലവിധവാദ്യോപകരണങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അവനദ്ധതന്ത്രി-സുഷിരവാദ്യങ്ങള്‍ പലതും ഇവയില്‍ ഉള്‍പ്പെടുന്നു.

പ്രാചീനകാലത്തെ സൈനികസംഘാടനത്തില്‍ ഏറ്റവും മാതൃകായോഗ്യമായിരുന്ന ഒന്നാണ് അസീറിയര്‍ക്കുണ്ടായിരുന്നത്. വാളുകളും പരിചകളും കുന്തങ്ങളും ലോഹപ്പടച്ചട്ടകളും ആയിരുന്നു മുഖ്യയുദ്ധായുധങ്ങള്‍. കുതിരകളെ പൂട്ടിയ രഥങ്ങളില്‍ ഇരുന്നുകൊണ്ട് അമ്പും വില്ലും ഉപയോഗിക്കുന്ന കാര്യത്തില്‍, ഭാരതീയ പുരാണ നായകന്മാരെപ്പോലെ, അസീറിയരും അസാമാന്യസാമര്‍ഥ്യം പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തടവുകാരെ അടിമകളാക്കി, പിന്നീട് ദേശീയ യുദ്ധമുറകളില്‍ പരിശീലനം നല്കി സ്വന്തം സൈനികശക്തി വര്‍ധിപ്പിക്കുന്നതില്‍ അസീറിയര്‍ ശ്രദ്ധിച്ചിരുന്നു.

പുരാവസ്തു ഗവേഷണങ്ങള്‍

ഒരു കാലഘട്ടത്തില്‍ മെസപ്പൊട്ടേമിയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അസീറിയ-ബാബിലോണിയാ പ്രദേശങ്ങളെപ്പറ്റി ബൈബിള്‍ പഴയനിയമ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. ഈ പ്രദേശം ആദ്യകാല യൂറോപ്യന്‍ സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിച്ചിരുന്നത് ബൈബിള്‍ കഥകളുടെ പൂര്‍വരംഗം എന്ന നിലയ്ക്കായിരുന്നു. എന്നാല്‍ 16-ാം ശ.-ത്തിനുശേഷം ഇവിടത്തെ പ്രാചീന സംസ്കാരാവശിഷ്ടങ്ങള്‍ കണ്ടുപിടിക്കാനുള്ള ഉദ്യമങ്ങള്‍ പലതും നടക്കുന്നു. പണ്ഡിതന്മാരും പുരോഹിതന്‍മാരും പുരാവസ്തു ഗവേഷകരും വ്യാപാരികളും നയതന്ത്രപ്രതിനിധികളും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരും ഈ പ്രദേശങ്ങളുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കാനും കൂടുതല്‍ അറിവ് നേടാനും ഇവിടം സന്ദര്‍ശിച്ചുകൊണ്ടിരുന്നെങ്കിലും മൊസൂളിലെ ഫ്രഞ്ചു പ്രതിനിധിയായ പാള്‍ എമില്‍ ബോത്ത (Paul Emile Botta) ആണ് നിനവെയില്‍ ആദ്യത്തെ (എ.ഡി. 1842) ശാസ്ത്രീയോത്ഖനനങ്ങള്‍ ആരംഭിച്ചത്. അദ്ദേഹം അനാവരണം ചെയ്ത പാത വിസ്തൃതമാക്കാന്‍ പുരാവസ്തു ശാസ്ത്രജ്ഞന്മാരുടെ ഒരു പരമ്പരതന്നെ ഇവിടം തങ്ങളുടെ പ്രധാന പ്രവര്‍ത്തനരംഗമാക്കി. ഭാഷയുടെ വ്യാപനവും രാഷ്ട്രീയ സാമ്പത്തിക വ്യതിയാനങ്ങളും സാംസ്കാരിക മൂല്യാന്തരങ്ങളുംകൊണ്ട് വിദലിതമായ രണ്ടുമൂന്നുസഹസ്രാബ്ദകാലത്തെ സംസ്കാരചരിത്രമാണ് മെസപ്പൊട്ടേമിയന്‍ പുരാവസ്തു വിജ്ഞാനീയത്തിന്റെ വിഷയമായിരിക്കുന്നത്. നോ: പുരാതത്ത്വവിജ്ഞാനീയം; ബാബിലോണിയ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B5%80%E0%B4%B1%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍