This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസിമോവ്, ഐസക് (1920 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസിമോവ്, ഐസക് (1920 - 92)

Asimov,Issac

അമേരിക്കന്‍ ശാസ്ത്രകഥാകാരനും നോവലിസ്റ്റും. 1920 ജനു. 2-ന് റഷ്യയിലെ പെട്രോവിച്ചില്‍ ജനിച്ചു. 1923-ല്‍ ന്യൂയോര്‍ക്കിലെത്തി വിദ്യാഭ്യാസം ആരംഭിച്ചു. 1939-ല്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്തശേഷം സൈന്യത്തില്‍ ചേര്‍ന്നു. സൈന്യത്തില്‍ നിന്നു പിരിഞ്ഞ അസിമോവ് വീണ്ടും കൊളംബിയയിലെത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രവിഭാഗത്തില്‍ കുറേക്കാലം സേവനമനുഷ്ഠിക്കുകയുണ്ടായി.

ശാസ്ത്ര-സാഹിത്യ വിഭാഗങ്ങളിലായി ഇരുനൂറിലധികം കൃതികളുടെ കര്‍ത്താവാണ് അസിമോവ്. 18-ാം വയസ്സില്‍ ഒരു ശാസ്ത്രകഥ എഴുതി പ്രസിദ്ധീകരിച്ചതു മുതല്‍ അനുസ്യൂതം തുടര്‍ന്നു വന്ന ഒരു പ്രക്രിയയാണ് അസിമോവിന്റെ ഗ്രന്ഥരചന. അമെയ്സിങ് സ്റ്റോറീസ് എന്ന പേരില്‍ പിന്നീട് ഇത്തരം കഥകള്‍ സമാഹരിക്കുകയുണ്ടായി. 30-ാം വയസ്സില്‍ പെബ്ള്‍ ഇന്‍ ദ് സ്കൈ പുറത്തു വന്നതോടെയാണു ഗ്രന്ഥരചനയില്‍ താത്പര്യം ഏറിയത്. ഫൗണ്‍ഡെയ്ഷന്‍ (1951), ഫൗണ്‍ഡെയ്ഷന്‍ ആന്‍ഡ് എമ്പയര്‍ (1952), സെക്കന്‍ഡ് ഫൗണ്‍ഡെയ്ഷന്‍ (1953) എന്ന നോവല്‍ ത്രയം (Trilogy) അസിമോവിന്റെ കീര്‍ത്തി വര്‍ധിപ്പിച്ചു. ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന കൃതികള്‍, ചരിത്രപരമായ രചനകള്‍, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ എന്നിവയും ശ്രദ്ധേയങ്ങളാണ്. കുട്ടികളെ ഉദ്ദേശിച്ചു രചിച്ച നര്‍മകഥകളും വിചിത്രാദ്ഭുതകഥകളും ആരെയും ആകര്‍ഷിക്കുന്നവയാണ്. ഇന്‍ മെമ്റി യെറ്റ് ഗ്രീന്‍ 1979-ല്‍ പുറത്തുവന്നു. ഗ്രന്ഥകാരന്റെ 34-ാം വയസ്സുവരെയുള്ള ജീവിതാനുഭവങ്ങളാണ് ഇതിലുള്ളത്. പില്ക്കാലാനുഭവങ്ങള്‍ ഇന്‍ ജോയ് സ്റ്റില്‍ ഫെല്‍റ്റ് (1980) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൗണ്ടേഷന്‍സ് എഡ്ജ് (1982), ദ് റൊബോട്ട്സ് ഒഫ് ഡോണ്‍ (1983), റൊബോട്ട്സ് ആന്‍ഡ് എമ്പയര്‍ (1985) എന്നീ നോവലുകളും ശ്രദ്ധേയമാണ്. 1992 ഏ. 6-ന് ന്യൂയോര്‍ക്കില്‍ അസിമോവ് അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍