This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസിഡോളിസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസിഡോളിസിസ്

Acidolysis

കാര്‍ബണിക യൗഗികങ്ങള്‍ അമ്ലീയാംശത്തിന്റെ വിനിമയത്തോടുകൂടി (exchange of the acid part) വിഘടിക്കുന്ന രാസപ്രക്രിയ. ഇതിന് അസൈല്‍-വിനിമയം (acyl exchange) എന്നും പറയാറുണ്ട്. ഈഥൈല്‍ അസറ്റേറ്റ് (CH3COOC2H5) എന്ന ഓര്‍ഗാനിക് യൗഗികത്തിലെ അമ്ളീയാംശം CH3CO എന്ന അസറ്റൈല്‍ ഗ്രൂപ്പ് ആണ്. ഈ യൗഗികത്തെ കപ്രോയിക് അമ്ലം (C5H11COOH) ചേര്‍ത്തു ചൂടാക്കിയാല്‍ ഈഥൈല്‍ കപ്രോയേറ്റ് (C5H11COOC2H5) എന്ന യൗഗികം ലഭിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ സാന്ദ്രസള്‍ഫ്യൂറിക് അമ്ലം ഉത്പ്രേരകമായി ഉപയോഗിക്കുന്നു. സിങ്ക് ഫ്ളൂറൈഡ്, ബോറോണ്‍ ട്രൈഫ്ളൂറൈഡ് എന്നിവയും അസിഡോളിസിസില്‍ ഉത്പ്രേരകങ്ങളായി ഉപയോഗിക്കാറുണ്ട്.


ഇവിടെ അസറ്റൈല്‍ അംശവും കപ്രോയില്‍ അംശവും തമ്മില്‍ വിനിമയം നടന്നിരിക്കുന്നതിനാല്‍ പുതിയ എസ്റ്ററും പുതിയ അമ്ളവും ഉണ്ടായിരിക്കുന്നു. ഒരു അമ്ല എസ്റ്ററിനെ മറ്റൊരു അമ്ള എസ്റ്ററാക്കി മാറ്റാന്‍ ഈ പ്രക്രിയ ഉപകരിക്കുന്നു.

അസിഡോളിസിസ് പ്രക്രിയകളില്‍ ഏതാണ്ടെല്ലാം ഉഭയപ്രവര്‍ത്തനങ്ങളാകയാല്‍ ഉത്പന്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ജാതമാത്രയില്‍ത്തന്നെയോ എത്രയും വേഗത്തിലോ നീക്കം ചെയ്താല്‍ മാത്രമേ ഉത്പന്നം വേര്‍തിരിക്കാനാവൂ. സ്വേദനംകൊണ്ടോ ഉചിതമായ രാസപരിവര്‍ത്തനംകൊണ്ടോ അതു സാധിക്കാം.

തീവ്ര അമ്ലങ്ങളും അസറ്റിക് അന്‍ഹൈഡ്രൈഡും തമ്മില്‍ ഉത്പ്രേരകസാന്നിധ്യത്തില്‍ അസിഡോളിസിസിനു വിധേയമാക്കിയാല്‍ ഉയര്‍ന്ന ആസിഡ് അന്‍ഹൈഡ്രൈഡുകളും അസറ്റിക് അമ്ലവും ഉണ്ടാകുന്നു. അതുപോലെ എസ്റ്ററുകളും അമ്ല ഹാലൈഡുകളും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മറ്റ് എസ്റ്ററുകളും അമ്ല ഹാലൈഡുകളും ലഭിക്കുന്നു.

എസ്റ്ററുകള്‍, അന്‍ഹൈഡ്രൈഡുകള്‍, അമ്ല ഹാലൈഡുകള്‍ മുതലായവയുടെ നിര്‍മാണത്തിന് അനുയോജ്യമായ ഒരു രാസപ്രക്രിയയാണ് അസിഡോളിസിസ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍